23 April Tuesday

"പ്രിയ മലപ്പുറമെ, നമുക്ക് ഒരാകാശം നിറയെ സ്നേഹത്തോടെ മനുഷ്യപക്ഷ നന്മയുടെ കരങ്ങളെ, ചോദ്യങ്ങളെ ആശ്ലേഷിക്കാം': ജെയ്ക്ക് സി തോമസ് എഴുതുന്നു...

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

മതരാഷ്ട്രീയത്തിനു ബദലായി മാനവികതയുടെ രാഷ്ട്രീയം ആണ് സാനുവിലൂടെ വോട്ട് ചോദിക്കുന്നത്.യാഥാസ്ഥികതയുടെ ഇരുളടഞ്ഞ മുറികളിൽ വിദ്യാഭ്യാസത്തിന്റെയും വിമോചന ചിന്തയുടെയും വെള്ളിവെളിച്ചം വീഴ്ത്തിയ പുരോഗമനപരതയുടെ രാഷ്ട്രീയമാണ് മലപ്പുറത്തോടു വോട്ട് ചോദിക്കുന്നത്. ജെയ്ക്ക് സി തോമസ് എഴുതുന്നു...

ചരിത്രത്തിലെ ഗതകാല ഉദാഹരണങ്ങൾക്കപ്പുറം സ്വയം ചരിത്രം ആകാൻ പോകുന്ന സാനുവിന് വേണ്ടിയാണു ആണ് നമ്മൾ വോട്ട് ചോദിക്കുന്നത്.

സാനുവിന് വേണ്ടി എഴുതാൻ ഇരിക്കുമ്പോൾ കണ്ട വീഡിയോ ദൃശ്യങ്ങളിൽ വിജയ് സേതുപതി ആണ്. തമിഴകത്ത് നിന്ന് വിജയ് സേതുപതി സഹജമായ ഊർജ്ജസ്വലതയോടു കൂടെ വിളിച്ചു പറയുകയാണ് നിങ്ങളുടെ സുഹൃത്തുകൾക്ക്, കലാലയങ്ങൾക്ക്, ഗ്രാമ നഗരാന്തരങ്ങൾക്കായി ഓടിവരുന്നവർ തിരഞ്ഞെടുക്കപ്പെടട്ടെ .എന്നാൽ മതവും ജാതിയും പറഞ്ഞു വോട്ട് ചോദിക്കുന്നവർ തഴയപ്പെടട്ടെ എന്ന് പറഞ്ഞവസാനിപ്പിക്കുമ്പോൾ നിലക്കാത്ത കരഘോഷവുമായിട്ടാണ് യുവത തിങ്ങി നിറഞ്ഞ സദസ്സ് പ്രതികരിക്കുന്നത് .

മതരാഷ്ട്രീയത്തിനു ബദലായി മാനവികതയുടെ രാഷ്ട്രീയം ആണ് സാനുവിലൂടെ വോട്ട് ചോദിക്കുന്നത് .
യാഥാസ്ഥികതയുടെ ഇരുളടഞ്ഞ മുറികളിൽ വിദ്യാഭ്യാസത്തിന്റെയും വിമോചന ചിന്തയുടെയും വെള്ളിവെളിച്ചം വീഴ്ത്തിയ പുരോഗമനപരതയുടെ രാഷ്ട്രീയമാണ് മലപ്പുറത്തോടു വോട്ട് ചോദിക്കുന്നത് .

സർക്കാർ സ്കൂളുകളെ ഇടിച്ചു നിരത്തിയ രാഷ്ട്രീയത്തിനെതിരെ സമരം ചെയ്ത് ആദിവാസി സമൂഹത്തിൽ നിന്ന് സിവിൽ സർവീസുകാരിയെ സൃഷ്‌ടിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ക്രിയാത്മക രാഷ്ട്രീയമാണ് സാനുവിലൂടെ കരങ്ങൾ നീട്ടുന്നത് . പിന്നോട്ടേക്ക് നടക്കുവാനല്ല തൊണ്ണൂറ്റിയാറാം വയസ്സിൽ പരീക്ഷ എഴുതി ഒന്നാം റാങ്കിൽ പാസ്സായ കാർത്യായനിയമ്മമാരുടെ വനിതാ മുന്നേറ്റത്തിന്റെ പതാക വാഹകനാണ് നമ്മോടു വോട്ട് ചോദിക്കുന്നത് .

ജുനൈദിന്റെ മാതാവ് കിലോമിറ്ററുകൾക്ക് അപ്പുറം വർഗീയതയ്ക്ക് എതിരെ തോൽക്കാത്ത പ്രതിരോധമായി വന്നു കണ്ട കേരള മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പ്രതിനിധി ആയിട്ടാണ് നജീബിന്റെ ഉമ്മയോടൊപ്പം ദില്ലിയിൽ സമരം നയിച്ച സാനുവാണ് നമ്മോടു വോട്ട് ചോദിക്കുന്നത് .

അബ്രാഹ്മണാ സമുദായങ്ങളുടെ കഴുത്തറുത്ത വാർത്തകൾക്കിടയിൽ അധസ്ഥിത ജനവിഭാഗങ്ങളെ ശ്രീകോവിലിലേക്ക് ആനയിച്ച ചരിത്ര പരിവർത്തനത്തിന്റെ രാഷ്ട്രീയമാണ് നമ്മോടു വോട്ട് ചോദിക്കുന്നത് .

ആർഎസ്എസ് നു എതിരെ വോട്ട് ചെയ്യാൻ മറന്നു പോയവരുടെ പ്രതിനിധി അല്ല വർഗീയതയുടെ പേടി സ്വപ്നം ആയ സംഘപരിവാരം തലക്ക് വിലയിട്ട മുഖ്യമന്ത്രിയുടെ മുതൽ സാധാരണ പ്രവർത്തകന്റെ വരെ പ്രതിനിധിയാണ് നമ്മോടു വോട്ട് ചോദിക്കുന്നത് .

പൊതുമേഖലാ സ്ഥാപനങ്ങളെ നഷ്ടത്തിലാക്കിയ വ്യവസായ മന്ത്രി അല്ല നാല്പത്തിനാല് പൊതുമേഖലാ സ്ഥാപനങ്ങൾ ഇന്ന് കോടികളുടെ ലാഭം കൊയ്യുന്ന വ്യവസായ മന്ത്രിയുടെ പ്രതിനിധി ആണ് മലപ്പുറത്തോടു വിധി തേടുന്നത് .

പള്ളി തകർത്തപ്പോൾ നിശബ്ദത ഭുജിച്ചവരല്ല പള്ളിക്ക് സംരക്ഷണമേകവേ രക്തസാക്ഷിത്വം വരിച്ച യൂ കെ കുഞ്ഞിരാമനാണ് സാനുവിലൂടെ നമ്മോടു വിധി തേടുന്നത് .

കെ ടി ‘കാഫറിൽ ’ എഴുതുന്നുണ്ട് മനുഷ്യരുടെ മതങ്ങൾക്കപ്പുറം മതങ്ങളിലെ മനുഷ്യരെ കുറിച്ചാണ് ഞാൻ ചിന്തിച്ചത് എന്ന് . വിജയ് സേതുപതി അസാധരണമായ സമയ ക്ലിപ്തതയോടെ പറഞ്ഞുവെച്ച ആ മനുഷ്യ നന്മയുടെ പ്രതിനിധി നമുക്ക് മുൻപിൽ ശിരസ്സിൽ ചൂടിയ വെളിച്ചവുമായി കരങ്ങൾ നീട്ടുകയാണ് .

പ്രിയപ്പെട്ട മലപ്പുറമെ, നമുക്ക് ഒരാകാശം നിറയെ സ്നേഹത്തോടെ മനുഷ്യപക്ഷ നന്മയുടെ കരങ്ങളെ, ചോദ്യങ്ങളെ ആശ്ലേഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top