24 September Sunday

പൊളിച്ചെഴുതേണ്ടത് ശിവസേനയെ മാത്രമല്ല, പൊതുബോധത്തെ കൂടിയാണ്: ജയ്‌ക് സി തോമസ്

വെബ് ഡെസ്‌ക്‌Updated: Friday Mar 10, 2017
ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് സദാചാര വ്യതിയാനവും ധാര്‍മികത നേരിടുന്ന യുദ്ധ സമാനമായ മൂല്യച്യുതിയും ആയി കാണുന്ന ഭൂരിപക്ഷ മനസ്സുകളൊക്കെയും അടിയന്തിരമായ ചികത്സയ്ക്ക് വിദേയമാക്കപ്പെടേതുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജയ്‌ക് സി തോമസ്. പ്രണയത്തിന്റെ മഴവില്‍ വര്‍ണങ്ങളോക്കെയും ഉള്ളിലൊളിപ്പിച്ചു മൂല്യധര്‍മ സംരക്ഷണത്തിന്റെ പടവാളുമേന്തി ആങ്ങള പൊലിസുകാരാവാനാണ് മലയാളിയുടെ ‘ഭൂരിപക്ഷ മനസ്സിന് താല്‍പര്യം. പ്രായം തികയാത്ത കുട്ടിയെ രതി വൈകൃതങ്ങള്‍ക്കു ഉപയോഗിച്ച റോബിന്‍ വടക്കുംചേരിമാരും, കുറുവടികളുമായി കൊച്ചി മറൈന്‍ ഡ്രൈവില്‍ അഴിഞ്ഞാടിയ ശിവസേനക്കാരും ഒരേ പൊതുബോധത്തിന്റെ തന്നെ ഉല്‍പ്പന്നങ്ങളാണെന്ന് ജയ്‌ക് ചൂണ്ടിക്കാട്ടുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:

'സംസാരിക്കാന്‍ പെണ്ണാവുന്നതാണ് നല്ലത്,സംസാരിക്കാന്‍ മാത്രം.
സെക്സിലേര്‍പ്പെടാനും മറ്റെന്തിനും ആണാവണം' ആണാവുന്നതോ,പെണ്ണാവുന്നതോ ഏതാണ് നല്ലതുയെന്ന ചോദ്യത്തെ 'നര്‍ക്കോപോളിസി'ല്‍ ഡിംപിള്‍ നേരിടുന്നത് ഇങ്ങനെയാണ് .2003ല്‍ ദക്ഷിണേന്ത്യന്‍ സാഹിത്യത്തിനുള്ള ഡി.എസ്.സി.പ്രൈസ് നേടിയ ജീത് തയ്യലിന്റെ നോവലാണ് നര്‍ക്കോപോളിസ്.ശുക്ലാജി സ്ട്രീറ്റ് എന്ന ചുവന്ന തെരുവിന്റെ പശ്ചാത്തലത്തില്‍ പറയുന്ന കഥയിലെ ഡിംപിള്‍,ഭിന്നലിംഗ വിഭാഗത്തില്‍പ്പെടുന്നയാളാണ്.പക്ഷെ ഡിംപിളിന്റെ വാക്കുകള്‍ സദാചാര വ്യാജ നിര്‍മ്മിതകളാല്‍ സമ്പന്നമായ മലയാളി പൊതുബോധത്തിനു പലവിധത്തില്‍ ചേര്‍ത്തുവെയ്ക്കാവുന്നതാണ്.

ഒളിച്ചു കടത്തപെട്ട രതിവൈക്രതങ്ങളില്‍ അറപ്പും,ഞെട്ടലും ഉളവാക്കുന്ന റോബിന്‍ വടക്കുംചേരിമാരും,ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്റ് നേതാവും വിക്രിതമാവിധം വെളിവാക്കപെട്ടത്
വനിതാ ദിനത്തിന്റെ പരിസരങ്ങളില്‍ വെച്ചായിരുന്നുവെന്നത് വിരോധാഭാസമാവം.കൊട്ടിയൂരിലും,വയനാട്ടിലും ഉള്‍ച്ചേര്‍ന്ന ആ ചെങ്ങലയുടെ കണ്ണികളില്‍ തന്നെയാണ് എണ്ണിയെടുക്കാന്‍ കൈവിരലുകള്‍ തന്നെ ധാരാളമാവുന്ന ഒരു ശിവ 'സംരക്ഷണ' സേന നമ്മുടെ നാട്ടിലുമുണ്ടെന്നു വെളിവാക്കിയ പേക്കൂത്തുകള്‍ക്കു മറൈന്‍ ഡ്രൈവിനെ വേദിയാക്കിയ സംഭവവും.പ്രായം തികയാത്തെ കുട്ടിയെ രതി വൈകൃതങ്ങള്‍ക്കു ഉപയോഗിച്ച റോബിന്‍ വടക്കുംചേരിമാരും,ശിവ സംരക്ഷിക്കാണാര്‍ത്ഥം കുറുവടികളുമായി കൊച്ചി മറൈന്‍ ഡ്രൈവിലെ ആണ്‍പെണ്‍ പ്രണയങ്ങളെയും ,സൗഹൃദങ്ങളെയും അടിച്ചോടിച്ച പരമ പരിശുദ്ധന്മാരും ഒരേ പൊതുബോധത്തിന്റെ തന്നെ ഉല്‍പ്പന്നങ്ങളാണ്. ലൈംഗികത മറച്ചു വെയ്ക്കപ്പെടേണ്ടതാണ് എന്ന മനുഷ്യരാശിയോളം പഴക്കം ചെന്ന അബദ്ധജടിലമായ പൊതുബോധം തന്നെയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്കു ജന്മമേകുന്നത്.

പീഡനവാര്‍ത്തകള്‍ വരുമ്പോഴും,സദാചാര പൊലീസിങ് അവര്‍ത്തിക്കപ്പെടുമ്പോഴും ഒക്കെ സ്ഥിരം പ്രത്യക്ഷ്യപ്പെടുന്ന മാനം രക്ഷിക്കുന്ന ആങ്ങളമാരുടെ അവതാരപ്പിറവികളും പങ്കുവെയ്ക്കുന്ന പൊതുബോധം മറ്റൊന്നല്ല,അത് പീഡനങ്ങളെയും,സദാചാര ഗുണ്ടായിസത്തെയും സാധ്യമാക്കുന്ന അതേ സ്ത്രീ വിരുദ്ധതയുടെ ബോധ പരിസരം തന്നെയാണ്.സ്ത്രീ സംരക്ഷണം എന്ന പരികല്പന തന്നെ ഇത്തരത്തിലുള്ള ഒന്നത്രേ,പുരുഷനാല്‍ സംരക്ഷിക്കപ്പെടേണ്ടതാണ് സ്ത്രീ എന്ന പുരുഷ കേന്ദ്രീകൃത കാഴ്ചപ്പാട് തന്നെയാണ് അതൂട്ടിയുറപ്പിക്കുന്നത്,ആങ്ങളമാരുടെ രക്ഷക സേനയും ഉല്പാദിപ്പിക്കുന്ന ബോധം മറിച്ചുള്ളതല്ല.മാനം രക്ഷിക്കുന്ന ആങ്ങളമാരും,സദാചാര പരിരക്ഷണത്തിനു കുറുവടിയേന്തിയ സദാചാര പോലീസുകാരും തമ്മിലുള്ള ദൂരം നേര്‍ത്തതും,സാദൃശ്യം വിശാലവുമാണ്.സ്ത്രീ സംരക്ഷണ ബോധം സ്ത്രീ വിമോചനത്തിന് സൂക്ഷമര്‍ത്ഥത്തിലും വഴി മാറുമ്പോള്‍ മാത്രമാണ് സ്ത്രീ ശരീരത്തെ ബലപ്രയോഗത്തില്‍ അതിക്രമിക്കുന്ന പുരുഷന്‍ യഥാര്‍ത്ഥത്തില്‍ മാനത്തിനു ഭംഗം നേരിടുന്നവനും,കുറ്റവാളിയുമാകുന്നത്.

അതുകൊണ്ടു തന്നെ ആണും,പെണ്ണും തോളോരല്പവും,അധികവും ചേര്‍ന്നിരിക്കുന്നത് സദാചാര വ്യതിയാനവും,ധാര്‍മികത നേരിടുന്ന യുദ്ധ സമാനമായ മൂല്യച്യുതിയുമായി കാണുന്ന ഭൂരിപക്ഷ മനസ്സുകളൊക്കെയും അടിയന്തിരമായ ചികത്സയ്ക്ക് വിദേയമാക്കപ്പെടേണ്ടതുണ്ട്.പ്രണയം തോന്നാത്തവരായി ഉള്ള അത്ഭുത അമാനുഷിക ജന്മങ്ങള്‍ കുറവാണു എന്ന് തന്നെയാണ് ഒരു കണക്കിന്റെയും പിന്‍ബലമില്ലാതെ ഇപ്പോഴും വിശ്വസിക്കാനിഷ്ട്ടം.പ്രണയത്തില്‍ പങ്കാളിയെ ഹൃദയത്തോടോന്നു ചേര്‍ത്തുവെയ്ക്കാന്‍ അഭംഗുരമായ അഭിവാഞ്ചയില്ലാതെ വരട്ടുജന്മങ്ങള്‍ അക്കങ്ങളിലെങ്കിലും തുല്യതപ്പെടുത്താനാവുക ചിലപ്പോള്‍ നമ്മുടെ നാട്ടിലെ ശിവസേനയോട് മാത്രമാവും.പക്ഷെ പ്രണയത്തിന്റെ മഴവില്‍ വര്‍ണങ്ങളോക്കെയും ഉള്ളിലൊളിപ്പിച്ചു മൂല്യധര്‍മ സംരക്ഷണത്തിന്റെ പടവാളുമേന്തി ആങ്ങള പൊലിസുകാരാവാനാണ് മലയാളിയുടെ ഭൂരിപക്ഷ മനസ്സിന് താല്പര്യം.

ആ താല്പര്യമാണ് ഞെട്ടലുളവാക്കിയ സൂര്യനെല്ലിയുടെ അവസ്ഥാന്തരങ്ങള്‍ ഒന്നൊന്നായി വെളിയില്‍വന്നപ്പോഴും എന്തിനാണ് അര്‍ദ്ധരാത്രിയില്‍ കോട്ടയത്ത് നിന്നുള്ള കെ.എസ്.ആര്‍.ടി.ബസ്സില്‍ യാത്രയ്ക്ക് പോയത് എന്ന ചോദ്യം ചോദിയ്ക്കാന്‍ അറപ്പില്ലാത്ത,ഉളുപ്പില്ലാത്ത മനുഷ്യരുള്ള നാടായി നമ്മുടെ നാടിനെ മാറ്റിയത്. ഡല്‍ഹിയില്‍ 'നിര്‍ഭയ ' ഓര്‍മ്മിക്കാന്‍ ഭയക്കുവിധം ക്രൂരമായി ചീന്തിയെറിയപെട്ടപ്പോഴും,സ്ത്രീ ജന്മങ്ങള്‍ക്കു മാത്രമായി 'അസമയം' എന്ന് പകുത്തു വെച്ച സമയമാപിനിയുടെ അക്കങ്ങളില്‍ ആണ്‍സുഹൃത്തിനൊപ്പം എന്തിനു പോയി എന്ന് തിരക്കിയ പരമപണ്ഡിതന്മാരും മറ്റൊന്നിന്റേയും ഉല്പന്നമായിരുന്നില്ല.

ആങ്ങളപോലീസു സേനമാരെയും,സ്ത്രീ സംരക്ഷണ വാദങ്ങളെയും ഒരേപോലെ ദയാരഹിതമായി അപനിര്‍മിച്ചു കൊണ്ട് മാത്രമേ സ്ത്രീ നീതിയെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍ക്കു തെല്ലും സാധുതയുള്ളൂ.

അതുകൊണ്ടു തന്നെ ഒരുകാലത്ത് സ്ത്രീകള്‍ പുറത്തിറങ്ങാന്‍ പാടില്ലായിരുന്ന്നുവെന്നു കരുതിയവര്‍ക്കിടയിലേക്കു സ്ത്രീകള്‍ ഇറങ്ങി വന്നപ്പോഴും,മാറ് മറയ്‌ക്കാന്‍ പാടില്ലായെന്ന വ്യവസ്ഥിതയില്‍ മാറ് മറച്ചു ഇറങ്ങിയപ്പോഴും അമ്പരപ്പും,അസഹിഷ്ണതയും പൂണ്ടിറങ്ങിയവരാണ് ഇന്നു ആണ്‍പെണ്‍ ഇടങ്ങളിലേക്കു ആക്രമണം നടത്തുന്നത്.

ആണും പെണ്ണും ചേര്‍ന്നിരുന്നാല്‍ ചിന്നഭിന്നമാവുന്ന ഭൂമികയും ആകാശങ്ങളും ഉണ്ടെങ്കില്‍, അതത്രയും കല്ലിന്മേല്‍ കല്ല്‌ ശേഷിക്കാത്ത വിധം തകര്‍ന്നടിയട്ടെ എന്ന് ആദ്യം മുദ്രാവാക്യം വിളിച്ചതും സമരം തീര്‍ത്തതും പക്ഷെ എസ്എഫ്ഐ ആയിരുന്നു..സമര സദസ്സില്‍ നിന്ന്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top