20 August Saturday

രക്തസാക്ഷ്യത്തിനു ആരാണ് ഔദ്യോഗികത നൽകേണ്ടത് ദയവായി പറഞ്ഞാലും..!

വെബ് ഡെസ്‌ക്‌Updated: Thursday Apr 6, 2017

കൊച്ചി> ജിഷ്ണു എസ്എഫ് ഐയുടെ ഔദ്യോഗിക രക്തസാക്ഷി അല്ലെന്നു പറഞ്ഞതായി ഓണ്‍ ലൈന്‍ മാധ്യമമായ നാരദാ ന്യുസ് നടത്തുന്ന പ്രചാരണത്തിന് ജയ്‌ക് സി തോമസിന്റെ മറുപടി.

ഈ വിഷയത്തില്‍ ജെയ്‌കിന്റെ കുറിപ്പ് ചുവടെ:

രക്തസാക്ഷ്യത്തിനു ആരാണ് ഔദ്യോഗികത നൽകേണ്ടത് ദയവായി പറഞ്ഞാലും..! സെപക്റ്റിക് ടാങ്കിൽ നിന്ന് പൊട്ടിയൊലിച്ചുപോകുന്ന ജലത്തോളം അറപ്പോടെ കാണേണ്ട മാധ്യമ പ്രവർത്തനത്തിന് 'മംഗളാ'നന്തര കാലത്തിലും തെല്ലും കുറവില്ലായെന്നാണ് നാരദാ ന്യൂസിന്റെതായി ഇന്നലെ വെളിയിൽ വന്ന വാർത്ത സൂചിപ്പിക്കുന്നത്.

സ്.ജിഷ്ണു പ്രണോയിയുടെ രക്തസാക്ഷ്യത്തിന്റെ ഔദ്യോഗികതയായിരുന്നു വാർത്തയുടെ സെൻസേഷണൽ പ്രമേയം. ഇന്നലെ മുതലുള്ള സംഭവികാസങ്ങളുടെ തിരക്കിൽ നിന്ന് ഇപ്പോൾ മാത്രമാണ് ഇതിനൊരു മറുപടി കുറിക്കാനാവുന്നതു.പലരും ഫോണിലൂടെയും,സന്ദേശങ്ങൾ അയച്ചും തിരക്കിയിരുന്നു. സൈബർ സ്പേസിൽ പലപ്പോഴും അസംബന്ധ പ്രചാരണങ്ങളും അറയ്ക്കുന്ന തെറി വാക്കുകളുമുപയോഗിക്കുന്ന രാഷ്ട്രീയ എതിരാളികളുടെ ശൈലി പുതുമയല്ല. എഴുത്തുകൾക്കും നിലപാടുകൾക്കും കീഴെ തെറിയഭിഷേകവും അസംബന്ധ പ്രചാരണവും നടത്തുന്ന ഒരാളെയും മറ്റു പല 'ജനാധിപത്യ'വാദികളെയും പോലെ നിരോധിക്കുകയോ മായ്ച്ചു കളയുവോ ചെയ്യുവാൻ തുനിഞ്ഞിട്ടില്ല. എന്റെ അഭിപ്രായത്തോടു യോജിക്കാനും വിയോജിക്കുവാനുമുള്ള അവകാശം തെറിയുടെ രൂപത്തിലും ഉപയോഗിക്കാനുള്ള രാഷ്ട്രീയ എതിരാളികളുടെ തീരുമാനങ്ങൾക്കും ഇനിയും ഇടമുണ്ടാകുക തന്നെ ചെയ്യും.പക്ഷെ തിരികെയുള്ള വാദം പറയാൻ പോലുമാവാതെ പരാജയമണയുന്നവരുടെ ആത്മഹത്യ സമാനമായ അഭയസ്ഥാനം മാത്രമാണ് ഇത്തരം ശൈലികളെന്നത് ബുദ്ധി മാന്ദ്യം സംഭവിച്ചിട്ടില്ലാത്ത ഏതൊരാൾക്കും ബോധ്യമാവുന്നതാണ്.

ജിഷ്ണു പ്രണോയ് എസ്എഫ്ഐ യുടെ ഔദ്യോഗിക രക്തസാക്ഷി പട്ടികയിൽ ഇല്ലായെന്നതാണ് നാരദ ന്യൂസിന്റെ മാധ്യമ വിശാരദൻ എന്റെ പേരിൽ നടത്തിയ വെളിപ്പെടുത്തൽ. യഥാർത്ഥത്തിൽ സംഭവിച്ചത് പലയാളുകളുടെ വൈകാരികത ചൂഷണം ചെയ്ത് ഇത്തരത്തിലൊരു ശുദ്ധ അസംബന്ധം പ്രചരിപ്പിച്ചാണെങ്കിലും തങ്ങളുടെ മാധ്യമത്തിന് പത്ത് ശ്രോതാക്കളെ കൂടുതൽ ലഭിക്കാനും പൊതു സമൂഹത്തിന് മുമ്പിൽ എസ്എഫ്ഐ യെ മോശമാക്കാനുമുള്ള നാണംകെട്ട ശ്രമങ്ങൾ മാധ്യമത്തെ അമേധ്യമാക്കി പരുവപ്പെടുത്തുന്നതാണ്.

മൂന്ന് ദിവസം മുമ്പാണ് നാരദയുടെ ലേഖകൻ വിളിക്കുന്നത് ജിഷ്ണു എസ്എഫ്ഐ പ്രവർത്തകനും രക്തസാക്ഷിയുമില്ലേ എന്ന് ചോദ്യവുമായി,ഞാൻ മറുപടി പറഞ്ഞത് സ:ജിഷ്ണു പ്രണോയ് രക്തസാക്ഷി തന്നെയാണെന്നതായിരുന്നു. എസ്എഫ്ഐ യുടെ പൂർത്തിയാക്കപ്പെട്ട എട്ട് ജില്ലാ സമ്മേളനങ്ങളും നടന്നത് സ:ജിഷ്ണു പ്രണോയ് നഗറിലായിരുന്നു. രജനി എസ് ആനന്ദ് ദിനം എല്ലാ വർഷവും കേരളത്തിന്റെ മുഴുവൻ കലാലയങ്ങളും വിദ്യാഭ്യാസ കച്ചവട വിരുദ്ധ ദിനമായി ആചരിക്കുന്നതുപോലെ തന്നെ എല്ലാ വർഷവും ജിഷ്ണു പ്രണോയിയുടെ രക്തസാക്ഷി ദിനവും ജനാധിപത്യ കലാലയങ്ങൾക്കായുള്ള സമര ദിനമായി വരുംനാളുകളിൽ കേരളത്തിന്റെ ക്യാംപസുകളിൽ എസ്എഫ്ഐ സ്മരിക്കും.

പക്ഷെ ലേഖകന്റെ മാധ്യമ കൗശലം അറപ്പുളവാക്കുന്ന ഒരു തരംതാണ പ്രവർത്തിയായി മാറുന്നത് പിന്നീടാണ്.സഖാക്കൾ ദേവപാലൻ മുതൽ അഷറഫും,ഫാസിലും,സജിൻഷാഹുലും വരെയുള്ളവരോടൊപ്പമാണോയെന്ന ചോദ്യം അഷറഫും,ഫാസിലും, സജിൻഷാഹുലും അടക്കമുള്ള 32 പേര് ഈ പ്രസ്ഥാനത്തിന്റെ പതാക കൈ പിടിച്ചത് കൊണ്ട് മാത്രം രാഷ്ട്രീയ എതിരാളികളുടെ കഠാരത്തുമ്പിനാൽ കൊല്ലപ്പെട്ടവരാണ്.അതിൽ കെഎസ്‌യു വും എബിവിപി യും ആർഎസ്എസ് ഉം മുസ്‌ലീം ലീഗും യൂത്ത് കോൺഗ്രസ്സും മാത്രമല്ല കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം അത്ര കേട്ടിട്ടില്ലാത്ത ദളിത് പാന്തേഴ്സ് മുതൽ പി ഡി പി വരെയുള്ളവരുണ്ട് എന്നത് ഇപ്പോഴും നമ്മുടെ പൊതുബോധത്തിന് അത്ഭുതപെടുത്തുന്ന ആശ്ചര്യകതയാവുന്നതേയില്ല.

ഇങ്ങനെ മറുപടിയിൽ അവസാനിച്ച അഭിമുഖമാണ് കുടില ബുദ്ധിയുടെ അപാരതയിൽ നിന്നുകൊണ്ട് മൂന്നു ദിവസം മുന്നേ നടത്തിയ അഭിമുഖം വൈകാരികത മുറ്റി നിന്ന ഈ അന്തരീക്ഷത്തിന്റെ മുതലെടുപ്പിനായി പ്രസിദ്ധീകരിക്കുന്നത്.. മാർപാപ്പ വിദേശ രാജ്യ സന്ദർശനം നടത്തിയപ്പോൾ ആ രാജ്യത്തെ വർധിച്ചുവരുന്ന വേശ്യാലയങ്ങളെ കുറിച്ചഭിപ്രായമാരാഞ്ഞ മാധ്യമങ്ങളോട് അതിനുവേശ്യാലയങ്ങൾ ഈ രാജ്യത്തുണ്ടോ എന്ന പാപ്പയുടെ മറു ചോദ്യത്തെ,വേശ്യാലയങ്ങളെ തിരക്കി മാർപാപ്പ എന്ന അർത്ഥത്തിൽ മാധ്യമങ്ങൾ വാർത്തയെഴുതിയ കഥ മുൻപേവിടെയോ വായിച്ചതോർക്കുന്നു. സ:കോടിയേരിയുടെ കക്ഷത്തിൽ ഏലസ്സ് തപ്പിയവരും 'മംഗളം'മോഡലില്‍ ധാർമികത വിളമ്പുന്നവരുമുള്ള കാലത്ത് നാരദയുടെ മാധ്യമ വിശാരദനും അതേറ്റ് പിടിച്ചവർക്കും നിങ്ങൾ ഇതിൽ ഒറ്റയ്ക്കാണെന്ന നിരാശരാവേണ്ടതില്ല. 'രക്തസാക്ഷിയുടെ ചോര കൊടുത്തു നാം വളർത്തിയ നീതിയുടെ വൃക്ഷം എവിടെ നടും 'എന്ന് സച്ചിദാനന്ദൻ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top