23 April Tuesday

മതവര്‍ഗീയവാദികളുടെ തറവാട്ടുസ്വത്തല്ല ഒരു ശിരോവസ്‌ത്രവും; സീസണല്‍ മതസ്വാതന്ത്ര്യവാദികള്‍ ഈ നാടിന്റെ ചരിത്രം ഓര്‍ക്കണം: ജെയ്‌‌‌‌‌‌ക്ക് സി തോമസ്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 12, 2017

കൊച്ചി > ഫ്‌‌‌ളാഷ്‌‌‌‌മോബ് വിഷയത്തില്‍ മതമൗലികവാദിള്‍ എസ്‌‌എഫ്‌‌‌‌ഐക്കെതിരെ നടത്തുന്ന പ്രചരണത്തിന് മറുപടിയുമായി സംസ്ഥാന പ്രസിഡന്റ് ജെയ്‌‌‌ക്ക് സി തോമസ്. ഒരു ശിരോവസ്ത്രവും മതവര്‍ഗീയവാദികളുടെ തറവാട്ടുസ്വത്തല്ല. മതനിരപേക്ഷതയുടെ,സൗഹൃദലോകങ്ങകളുടെ പതാക ഉയര്‍ത്തി തന്നെ പിടിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പതിനാല് ജില്ലാ കേന്ദ്രങ്ങളിലും എസ്എഫ്‌ഐ നേതൃത്വത്തില്‍ സൗഹൃദക്കൂട്ടായ്‌മ സംഘടിപ്പിച്ചതെന്ന് ജെയ്ക്ക് ഫേസ്‌‌‌‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഫേസ്‌‌‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

മതവർഗീയവാദികളുടെ തറവാട്ടുസ്വത്തല്ല ഒരു ശിരോവസ്ത്രവും . ഇനിയും കരിവളയിട്ട കൈകൾ കേരളത്തിന്റെ തെരുവുകളെ അഭംഗുരം കീഴടക്കും,മുൻപോട്ട് നയിക്കും.

ശിരോവസ്ത്രം അണിഞ്ഞും അണിയാതെയുമൊക്കെ കേരളത്തിന്റെ തെരുവുകളെ പുൽകിയ പെൺകുട്ടികളെ ഈ 2017ാം ആണ്ടിലും ആട്ടിപ്പായിക്കാൻ ശ്രമിക്കുന്ന അപമാനമുഖങ്ങൾക്ക് അഭിമാനമായി തങ്ങളുണ്ട് എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സാമൂഹ്യമാധ്യമങ്ങളിലെ മതതീവ്രഫത്വകളുടെ പതാകവാഹകർ ഇറങ്ങിയത്.

ഹാദിയയുടെ വിഷയത്തിൽ മതസ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കും ഭരണഘടനക്കും വേണ്ടി വാദിച്ച പരമമതപണ്ഡിതർ അത്രയും തെരുവിലിറങ്ങിയ വിദ്യാർത്ഥിനികൾക്ക് നേരെ മതതീവ്രഫത്വകളുടെ സാമൂഹ്യമാധ്യമപതിപ്പിന് അച്ചടിമഷി പതിപ്പിക്കുന്ന തിരക്കിലായിരുന്നു.

മതത്തിൽ വിശ്വസിക്കാനുള്ള പൗരാവകാശത്തെ ഒരു മനുഷ്യനും ചോദ്യം ചെയ്യാൻ പാടില്ല എന്ന സുവ്യക്തമായ നിലപാട് ഉണ്ടായിരിക്കെ ഭരണഘടനയെയും സ്വാതന്ത്ര്യത്തെയും പതിവിന് വിപരീതമായി ഉപയോഗിച്ച രാഷ്ട്രീയ ഇസ്ലാം നിർമിതിയുടെ ഒരു അപ്പോസ്‌തലന്മാരും ഈ കാലയളവിൽ നടന്ന മതനിരപേക്ഷ വിവാഹങ്ങളുടെ നേർക്ക് ഇറക്കപെട്ട മതതീവ്രഫത്വകളുടെ ഹനിക്കപ്പെട്ടുപോയ വിശ്വാസ സ്വന്തന്ത്ര്യത്തിനായി പ്രസംഗിക്കാൻ നാവ് പൊങ്ങിയില്ല. തെരുവിലിറങ്ങിയ പെൺകുട്ടികളുടെ ശിരസ്സ്‌ അറുക്കണം എന്ന് പ്രഖ്യാപിച്ച മതഭ്രാന്തിന് നേർക്ക് അരുത് എന്ന വാക്ക് ഉച്ചരിക്കുവാൻ മാത്രം നട്ടെല്ല്‌ നിവരുകയോ ശിരസ്സ് ഉയരുകയോ ചെയ്‌തു കണ്ടില്ല .

വർഗീയതയുടെ ഫണം വിടർത്തിയാടലിനായി മാത്രം വാ തുറക്കുന്ന നട്ടെല്ലനക്കുന്ന ശിരസ്സുയർത്തുന്ന സീസണൽ മതസ്വാതന്ത്ര്യവാദികൾ മുഴുവനും തരം കിട്ടുമ്പോൾ ഈ നാടിന്റെ ചരിത്രം ഒന്നോർമ്മിക്കണം.

ഖുർആൻ ഉയർത്തിപിടിച്ചുകൊണ്ട് നടത്തപ്പെട്ട എണ്ണമറ്റ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളുടെ ചരിത്രം ഈ മണ്ണിൽ തന്നെ ഉണ്ടായി. കുഞ്ഞാലിമരക്കാർ മുതൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വരെ വ്യാപിച്ചു നിൽക്കുന്ന ത്യാഗനിർഭരമായ സമര പോരാളികളുടെ ചോര ചിതറിയ മണ്ണാണ് നമ്മുടേത് . ദൈവത്തിന്റെ ഭൂമിയിൽ നികുതി ചുമത്തുവാൻ നിങ്ങൾക്ക് എന്ത് അധികാരം എന്ന് ഗർജ്ജിച്ച വെളിയംകോട് ഉമ്മർ ഖാസി അടക്കമുള്ള പ്രക്ഷോഭകാരികൾ സമരകേരളത്തിന്റെ ആവേശമാണ്.

എന്നാൽ ആ പാരമ്പര്യത്തെയൊക്കെ ഒന്ന് സ്‌പർശിക്കുവാൻ പോലും നിങ്ങൾക്ക് ഇന്ന് ആവാതെ പോവുകയാണ് .വരേണ്യ വർഗ്ഗത്തിന്റെ നിലപാടുകളുമായി മതവർഗീയതയുടെ 21ാം നൂറ്റാണ്ടിന്റെ പകർപ്പവകാശികളായി നിങ്ങൾ മാറിയിരിക്കുന്നു .അനന്തൻ നായർ എന്ന പ്രിയ സഖാവിന്റെ ഒപ്പം ആവണം എന്റെ ശരീരത്തെ തൂക്കിലേറ്റേണ്ടത് എന്ന് പ്രഖ്യാപിച്ച് കൊലക്കയറിലും മതനിരപേക്ഷതയുടെ മഹാസന്ദേശം നൽകിയ പ്രിയപ്പെട്ട വക്കത്തിന്റെ മണ്ണും നമ്മുടെ കേരളത്തിന്റേതാണ്. ആർ എസ് എസ് ന്റെ ഇസ്ലാമിക് വേർഷൻ ആയി അധഃപതിച്ചിരിക്കുന്നു രാഷ്ട്രീയ ഇസ്ലാമിന്റെ പരമപൂജനീയ പതാകവാഹകർ അത്രയും.

എന്നാൽ നിങ്ങൾക്ക് മുൻപിലും തരിമ്പും പിന്മടക്കം ഇല്ലാതെ മതനിരപേക്ഷതയുടെ,സൗഹൃദലോകങ്ങകളുടെ പതാക ഉയർത്തി തന്നെ പിടിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പതിനാല് ജില്ലാ കേന്ദ്രങ്ങളിലും എസ് എഫ് ഐ നേതൃത്വത്തിൽ ആയിരങ്ങൾ തെരുവുനൃത്തത്തിനായും സൗഹൃദകൂട്ടായ്മക്കായും നിരത്തുകളിൽ ഇറങ്ങിയത് . ഏതെങ്കിലും മതതീവ്രഫത്വകളിൽ അടങ്ങിയൊതുങ്ങി തിരികെ പോകാൻ പറഞ്ഞാൽ അത് കേട്ട് തിരികെ മടങ്ങുവാൻ അല്ല തങ്ങൾ കേരളത്തിന്റെ കലാലയങ്ങളിൽ ഉള്ളത് എന്ന് സധൈര്യം പ്രഖ്യാപിച്ചത് പതിനായിരക്കണക്കിന് വരുന്ന കരിവളയിട്ട കൈകൾ ആണ് . ശിരോവസ്ത്രമണിഞ്ഞും അണിയാതെയും ഒരു മതതീവ്രതയുടെ കല്‌പനകളിലും ഒടുങ്ങി തീരുന്നത് അല്ല തങ്ങളെന്നും കേരളത്തിലെ വിദ്യാർത്ഥികൾ പ്രഖ്യാപിച്ചത് വർഗീയതയുടെ കരണത്ത് പ്രഹരമേല്‌പിച്ചുകൊണ്ട് തന്നെയായിരുന്നു.

ഭാവികേരളത്തിന്റെ മതനിരപേക്ഷ മനസ്സ് ഭൂരിപക്ഷ ന്യൂനപക്ഷ മതാന്ധതകളുടെ തൊട്ടിലിൽ ഉറങ്ങുകയല്ല എന്നും അവർ പുരോഗമന കേരളത്തിന്റെ സമരത്തെരുവുകളിൽ കാലുറച്ചു നടക്കുകയാണെന്നുമുള്ള പ്രഖ്യാപനം കൂടിയായി മാറുമ്പോളാണ് ഇസ്ലാമോഫോബിയയുടെ പേരിലുള്ള ലേബലുമായി ഇടതുപക്ഷത്തിന്റെ നേരെ വിശേഷാൽ എസ് എഫ് ഐക്ക് നേരെ കടന്നുവരുന്നത് .മതവർഗീയതയുടെ വിഷ കൊടികളുടെ കീഴിൽ അണിനിരന്നതിനേക്കാൾ ലക്ഷകണക്കിന് വരുന്ന ഈ നാട്ടിലെ വിദ്യാർഥികൾ അവരിൽ വിശ്വാസികളും അവിശ്വാസികളും അണിനിരന്നത് ഈ മഹാപ്രസ്ഥാനത്തിന്റെ പതാകയ്ക്ക് ചുവട്ടിൽ തന്നെയാണ് എന്ന് നിങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.

പ്രണയം മതത്തിനെയും തോൽപിച്ച സാധ്യതയായി വളർന്നപ്പോൾ സംഘപരിവാരം ശിരസ്സ് തകർത്തും ,ശരീരം കത്തിച്ചും ഇല്ലാതാക്കിയ മുഹമ്മദ് അഫ്രസുള്ളയുടെ നീതിക്കായി ഇന്ന് രാജസ്ഥാൻ കളക്ടറേറ്റിന് മുൻപിൽ ചെങ്കൊടി ഏന്തി ആയിരങ്ങൾ അണിനിരന്നപ്പോൾ ഫത്വ ഇറക്കിയ ഒരു ഫാസിസ്റ്റ് വിരുദ്ധനെയും അവിടെ കാണാൻ കഴിഞ്ഞില്ല.

പെരുന്നാൾ ദിനത്തിൽ കൊല്ലപ്പെട്ട ജുനൈദിന്റെ മാതാപിതാക്കൾ ദില്ലിയിലേക്ക് വണ്ടി കയറി വന്നത് നിരോധന കല്പനകളുടെ ഉടയവരെ കാണ്മാനായിരുന്നില്ല കമ്മ്യൂണിസ്റ്റുകാരനായ സമരോത്സുക മതനിരപേക്ഷതയുടെ പ്രതീകമായ സഖാവ് പിണറായി വിജയനെ കാണാനായിരുന്നു.
കന്നുകാലി കർഷകനായ പെഹ്‌ലുഖാന്റെ കുടുംബത്തിന് ആശ്വാസം എത്തിച്ചവർ പിടിച്ച പതാക മതബോധത്തിന്റേത് ആയിരുന്നില്ല വർഗബോധത്തിന്റെ ചെമ്പതാക ആയിരുന്നു.നജീബിന് വേണ്ടി ഉയർന്ന സമര സ്ഥലികളിൽ അടിയേറ്റു വാങ്ങുകയും ,അറസ്റ്റിലാവുകയും ചെയ്‌തവരിൽ പ്രഥമസ്ഥാനം തെരുവിൽ തന്നെ അഭിമാനത്തോടെ നിലകൊള്ളുന്ന എസ് എഫ് ഐക്ക് ആയിരുന്നു.

മതവർഗീയവാദികളുടെ തറവാട്ടുസ്വത്തല്ല ഒരു ശിരോവസ്ത്രവും . ആയിരങ്ങൾ ഇനിയും മതനിരപേക്ഷതയുടെ മാനവികതയുടെ സംഗീതം ഉച്ചരിക്കുവാൻ തെരുവിലിറങ്ങുകയും നൃത്തം ചെയുകയും പാട്ടുപാടുകയും ചെയ്യും. അഭംഗുരം,അനസ്യൂതം ഈ മഹാപ്രസ്ഥാനത്തിന്റെ പതാക തണല്‍ വിരിക്കുകയും ചെയ്യും.

പിന്നെ,ആർ എസ് എസ്സിനു പതിച്ചു കൊടുക്കേണ്ട ലേബൽ മറ്റാർക്ക് ചേരും എന്ന ചോദ്യം വല്ലാതെ അലട്ടുന്നുണ്ടെങ്കിൽ തിരയേണ്ടത് തെരുവുകളിൽ അല്ല മറിച്ച് അടച്ചിട്ട ജനാലകളും,വാതിലുകളും അഭിമാനമായി കരുതുന്ന,പെണ്ണിനെ കാണാമറയത്ത് മാത്രം നിര്‍ത്തുന്ന സ്വന്തം മൗദൂദിസ്റ്റ് കാരണവരുടെ തിരുനെറ്റിയിൽ ചേർത്താൽ മതിയാവും



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top