29 March Friday

ഹെഡ്‌ഗേവാര്‍ മുതല്‍ ഐഎസ് റിക്രൂട്ട്‌മെന്റ് ലക്ഷ്യമിട്ട നസീറിനെയും, സഹായിയേയും വരെ തീവ്രവാദി എന്ന് തന്നെ വിളിച്ചു രാഷ്ട്രീയ പ്രവര്‍ത്തനം തുടരും: ജെയ്‌ക് സി തോമസ്

വെബ് ഡെസ്‌ക്‌Updated: Saturday Jun 9, 2018

‌‌കൊച്ചി > ചാനലുകളില്‍ വാര്‍ത്താ അവതാരകര്‍ മുന്‍വിധിയോടെ വാര്‍ത്തകളെ സമീപിക്കുന്നതിനെതിരെ എസ്എഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ ജെയ്‌ക് സി തോമസ്. ഇടതുപക്ഷത്തെയും പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയും വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലാണ്  പല മാധ്യമപ്രവര്‍ത്തകര്‍ക്കും താല്‍പര്യമെന്നും ജെയ്ക് പറയുന്നു. തന്റെ ഫേസ്‌ബുക്ക് പേജിലാണ് ജെയ്‌ക് കുറിപ്പെഴുതിയിരിക്കുന്നത്. 

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ചില മാധ്യമ സെലിബ്രിറ്റികളോട് (വേണു ബാലകൃഷ്ണനോട് മാത്രമാണെന്ന് തെറ്റിദ്ധരിക്കല്ലെ)) ഇതാണ് മാധ്യമ പ്രവര്‍ത്തനമെങ്കില്‍,നിങ്ങള്‍ പറഞ്ഞു വെയ്ക്കുന്നത്,കൂട്ടികൊടുത്തു പണം സമ്പാദിക്കുന്നതിലും ഒട്ടും അന്തസുള്ള ജോലിയല്ല മാധ്യമ പ്രവര്‍ത്തനം എന്ന് കൂടിയാണ്. ഭാരതാംബയുടെ ഒട്ടും 'വീര്യമില്ലാതെ പുത്രന്‍' ഹെഡ്‌ഗേവാര്‍ മുതല്‍ തടിയന്റവിടെ നസീറിനേയും,കൂട്ടാളിയെയും അക്ഷരം ഒന്നുപോലും തെറ്റാതെ ഇനിയുമൊരായിരം തവണ തീവ്രവാദി എന്ന് തന്നെ വിളിക്കുകയും ചെയ്യും.

നോമ്പ് നോല്‍ക്കുന്ന മുസല്‍മാനെ ഓര്‍മിച്ചു കൊണ്ടാണ്, മലയാളിക്ക് ശീലമായി തുടങ്ങിയ ആ 'വേര്‍ബല്‍ ഡയറിയാ' ആരംഭിച്ചതെങ്കില്‍ യാതൊരുവിധ അസ്വാഭാവികതയും ഇല്ലാതെവണ്ണം അതവസാനിച്ചത് സ.പിണറായി വിജയനിലും ഇടതുപക്ഷ സര്‍ക്കാരിലും നേര്‍ക്കുള്ള വിധി പ്രഖ്യാപനവുമായിട്ടാണ്.
മാതൃഭൂമിയില്‍ തന്നെ സുദീര്‍ഘ കാലം സേവന അനുഷ്ഠിക്കുന്ന കമല്‍റാം സജീവിന്റെ 'ന്യൂസ്ഡെസ്‌കിലെ കാവിയും ചുവപ്പും' വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞു വെച്ച മാധ്യമ നിരൂപണം ഒരായിരം തവണയൊന്നു ഇരുത്തി വായിക്കണം നിങ്ങള്‍.'പിണറായി വിജയന്‍' എന്ന് തലക്കെട്ടിനു കീഴില്‍ ഒരു വര വരച്ചുചേര്‍ത്തു കക്ഷത്തില്‍ അടച്ചുവെയ്ക്കാവുന്ന ഒരു ഡയറിയാണ് എന്ന് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകന്റെ കൈവശമുള്ളതെന്നു എഴുതിയ കമലറാമും നിങ്ങളുമൊക്കെ വിരോധാഭാസമെന്നപോല്‍ ഒരേ സ്ഥാപനത്തിന്റെ രണ്ടു എന്റിറ്റികളാണ്.മഅദനിയെ തീവ്രവാദിയാക്കിയ അതെ പത്രത്തിന്റെ ആഴ്ചപ്പതിപ്പ് വേട്ടയാടപ്പെട്ട ഇരയുടെ ഭാവപ്പകര്‍ച്ചകളോടെ അഭിമുഖം പ്രസിദ്ധീകരിച്ചത് പോലെ തന്നെ.

നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ ) അന്വേഷിക്കുന്ന കേസിലെ പ്രതിയെ കുറിച്ച് തടിയെന്റിവിടെ നസീറിന്റെ സഹായിയെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ശുദ്ധവാദിയെന്നു വിളിക്കണമെങ്കില്‍ നിര്‍ഭാഗ്യവശാല്‍ മാധ്യമപ്രവര്‍ത്തകന്‍ മാത്രമായാല്‍ പോരാ അതോടൊപ്പം പക്ഷെ നട്ടെല്ലിന്റെ സ്ഥാനത്തു റബ്ബര്‍ ബാന്റ് പോലെ വളഞ്ഞു തിരികെയെത്തുന്ന മറ്റെന്തെങ്കിലും കൂടി വേണ്ടി വരും.തെളിമയുള്ള രാഷ്ട്രീയ ശെരികള്‍ക്കു പകരം തലതിരിഞ്ഞ സാമൂഹ്യ ബോധവും,സത്യസന്ധമായ കാഴ്ചപ്പാടുകള്‍ക്കു പകരം കുടിലതയാര്‍ന്ന രാഷ്ട്രീയ വിരോധവും തലയ്ക്കുള്ളില്‍ നിറയണം.അതങ്ങനെ സംഭവിക്കാത്തത്രയും കാലവും,വര്‍ത്തമാന കാല കോണ്‍ഗ്രസ് മുഖമായ പ്രണബ് ദാ ''അമ്മ ഭാരതത്തിന്റെ വീര പുത്രന്‍' എന്നോമനിച്ചു വിളിച്ച കേശവ ബലിറാം ഹെഡ്‌ഗേവാര്‍ എന്ന ആര്‍.എസ്.എസ് സ്ഥാപകന്‍ മുതല്‍ ഐഎസ് റിക്രൂട്ട്‌മെന്റ് ലക്ഷ്യമിട്ട നാസീറിനെയും,സഹായിയേയും വരെ വടിവൊത്ത ഭാഷയില്‍ നാവുപിഴയില്ലാതെ തന്നെ തീവ്രവാദി എന്ന് വിളിച്ചു രാഷ്ട്രീയ പ്രവര്‍ത്തനം തുടരും.

ഹെഡ്‌ഗേവാറും,തടിയന്റിവിട നസീറും,,ഗോള്‍വാള്‍ക്കറും,അഫ്‌സല്‍ ഗുരുവും,രോഹിന്‍ഗ്യകളെ കൊന്ന ബുദ്ധ സന്യാസിമാരും,കുരിശു യുദ്ധത്തില്‍ കൊലപ്പെടുത്താന്‍ കാര്യങ്ങള്‍ ഉയര്‍ത്തിയവരുമൊക്കെ വര്‍ഗീയതയുടെ തീവ്രാവാദ പതിപ്പുകള്‍ തന്നെയാണ്.അവര്‍ക്കെതിരെ ഉയരുന്ന അനിവാര്യമായ പ്രതിരോധം മതത്തിനോ,രാജ്യത്തിനോ എതിരേയുള്ളതല്ലതാനും.അത് മതനിരപേക്ഷ സമൂഹത്തിന്റെ ഹൃദയനാളങ്ങളാണ്.

ഐ.എസ്.ആര്‍.ഒ ചാര കേസ് മുതല്‍ ഒറ്റ തിരിഞ്ഞക്രമിച്ച മനുഷ്യവേട്ടയുടെ ക്രൗര്യമുള്ള ചരിത്രം പേറുന്ന ലാവ്‌ലിന്‍ വരെ, ബസ് മുതലാളി എന്ന പച്ചക്കള്ളം പുലമ്പി മുതലാളി പട്ടം തുന്നിനല്‍കപ്പെട്ട ബസ് തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന അഴീക്കോടന്‍ രാഘവന്‍ മുതല്‍ സിംഗപ്പൂരിലെ കമല ഇന്റര്‍നാഷണലും,ടെക്നിക്കാലിയായും വരെ വിഭിന്ന രൂപങ്ങളില്‍ ചമച്ചേല്‍പ്പിക്കപ്പെട്ട പിണറായി വിജയന്‍ വരെ,  ഓഖി ദുരന്തത്തിന്റെ ഫലപ്രദമായ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ മുതല്‍ അപൂര്‍വമാംവിധം ലോകചരിത്രത്തില്‍ തന്നെ ആദ്യമായി പ്രതിരോധിക്ക
പ്പെട്ട നിപ വൈറസ് ബാധ വരെ
അപമാനകരമായ മാധ്യമാവതരണങ്ങളുടെ വിഷമുറ്റ ഫണങ്ങള്‍ എത്രയോ വിടര്‍ന്നുനില്‍ക്കുന്നുണ്ട് ചരിത്രത്തില്‍. ക്ഷണികമായ,നൈമിഷികമായ അപവാദ ചിത്രങ്ങള്‍ക്കപ്പുറം സൂര്യകാന്തിയുടെ സൗരഭ്യതയോടെ തിരിച്ചറിഞ്ഞ സത്യങ്ങള്‍ക്കു മുന്‍പില്‍,അനാവൃതമാക്കപ്പെട്ട നേരുകള്‍ക്കു മുന്‍പില്‍ സ്വയമില്ലാതായി തീര്‍ന്നതും,ഉരുകിയൊലിച്ചു പോയതും മറ്റാരുമല്ല നിങ്ങള്‍ തന്നെയാണ്,നിങ്ങള്‍ മാത്രവുമാണ്.

ഏക്കര്‍ കണക്കിന് കണ്ടല്‍ കാടുകളും,തണ്ണീര്‍ത്തടങ്ങളും ഉള്‍പ്പെട്ട ഭൂമി നികത്തി കോഴിക്കോട് മാധ്യമനിലയം തന്നെ പണിതുയര്‍ത്തുമ്പോള്‍,'തിരിച്ചറിയപ്പെടേണ്ട വാസ്തവത്തി'ല്‍ അതുമാത്രം പെടാതെ പോകുന്നത് എന്തുകൊണ്ടാവും..? മീറ്ററുകള്‍ മാത്രമുള്ള നിലനികത്തലുകളില്‍ ഭൂകമ്പസാമാനമായ ജാഗ്രതയോടു വാര്‍ത്തകള്‍ അവതരിപ്പിച്ചവര്‍ ആര്‍.എസ്.എസ്സിന്റെ രാജ്യസഭാ പ്രതിനിധിയായതു കൊണ്ട് ചാനല്‍ മേധാവിപ്പട്ടം ഉപേക്ഷിച്ച തങ്ങളുടെ ഉടമയുടെ പേരിലുള്ള റിസോര്‍ട്ട് കുമരകത്തു നടത്തിയ ഏക്കറുകളോളമെത്തുന്ന കായല്‍ കയ്യേറ്റ വാര്‍ത്ത നിരന്തരം,നിര്‍ഭയമായി നേരിനു വേണ്ടി വാദിക്കുന്നവരുടെ കണ്ണില്‍ പെടാതെ പോയതെന്തുകൊണ്ടാവും..?

മാസ്സ് ഹൈസ്റ്റീരിയകുളടെ ക്ഷണിക വിജയങ്ങളുടെ മാത്രം ചരിത്രമുള്ള നിങ്ങളുടെ വിഷലിപ്‌തമായ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പിലും പണയം വെക്കാത്ത അനല്‌പമായ രാഷ്ട്രീയ അന്തസോടെ ഞങ്ങള്‍ തെളിയിച്ചു വെയ്ക്കും,വിളിച്ചു പറയും മുഖ്യധാര മാധ്യമങ്ങളുടെ പാലും,പഴവും കഴിച്ചിട്ട് നടത്തേണ്ട പ്രവര്‍ത്തനത്തിന്റെ പേരല്ല രാഷ്ട്രീയമെന്നു. നിര്‍ദ്ദയമായ മാധ്യമ വിചാരണകളില്‍ ഇടതുപക്ഷ വിരുദ്ധതയുടെ അസത്യജടിലതകള്‍ക്കു മഷി പകര്‍ത്തിനല്‍കുകയും,ദൃശ്യ ഭംഗിയൊപ്പിയെടുത്തും നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഹൃദയം കൊണ്ട് നേരിട്ട് അനസ്യൂതം മുന്‍പോട്ടു പോവുക തന്നെ ചെയ്യും.സത്യങ്ങള്‍ക്കു നേര്‍ക്കുള്ള സെലക്ടിവ് അന്ധതയുടെ രോഗാതുരമായ കണ്ണുകളെ ഇനിയെങ്കിലും മാറ്റിവെയ്ക്കുവാന്‍ നമ്മുടെ മാധ്യമങ്ങള്‍ തയ്യാറാവേണ്ടതല്ലേ..?
തെളിമയുള്ള നേരുകളിലേക്കു,ഗരിമയുള്ള ശെരികളിലേക്കു അഭംഗുരം നവീകരിക്കപ്പെടുന്നതിനായി രാഷ്ട്രീയ തിമിരം ബാധിച്ച വൈകൃതമായ മാധ്യമ പതിപ്പുകളെ മ്യൂസിയത്തിലേ ചില്ലുകൂടാരത്തില്‍ കുടിയിരുത്തി കാലം മുമ്പോട്ടേക്കു യാത്ര തുടരുക തന്നെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top