06 December Wednesday

കേരളത്തിന്റെ മതനിരപേക്ഷ ശിരസിനെത്തന്നെയാണ് സംഘപരിവാര്‍ എന്ന പോലെ എന്‍ഡിഎഫും ലക്ഷ്യം വെക്കുന്നത്: ജെയ്ക് സി തോമസ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018

കൊച്ചി >  സംഘപരിവാറിനെപ്പോലെ എന്‍ഡിഎഫും കേരളത്തിന്റെ  മതനിരപേക്ഷത തകര്‍ക്കാന്‍ തന്നെയാണ് ലക്ഷ്യം വെക്കുന്നതെന്ന് എസ്എഫ്‌ഐ മുന്‍ സംസ്ഥാന അധ്യക്ഷന്‍ ജെയ്‌ക് സി തോമസ്. എസ്എഫ്‌ഐ നേതാവ് അഭ്യുമന്യുവിനെ കൊലപ്പെടുത്തിയതിലൂടെ അവരുടെ വര്‍ഗീയ സ്വഭാവം കൂടുതല്‍ വെളിപ്പെടുകയാണ് ചെയ്തതെന്നും ജെയ്ക്ക് പറഞ്ഞു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ജെയ്‌ക്ക് കുറിപ്പെഴുതിയിരിക്കുന്നത്. 

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പക്ഷേ, ഇനിയും വാള്‍ ഉറയില്‍ ഇടാന്‍ തയ്യാറാകാത്ത എന്‍ഡി എഫുകാരോട്,ദാഹായരഹിതമായി ഓര്‍മ്മപ്പിക്കേണ്ടി വരുന്നുണ്ട്  ജനക്കൂട്ടം കല്ലെറിഞ്ഞോടിച്ചപ്പോള്‍ ഇല്ലാതായ പേപിടിച്ച നായ്ക്കളൊക്കെയും നിങ്ങള്‍ക്കുള്ള സന്ദേശം ആണെന്ന്!

നിന്റെ ചിരിയുള്ള ഒരു എസ്എഫ്‌ഐക്കാരന്‍ കൊല്ലപ്പെട്ടു എന്ന മുഖവുരയോടെ രാത്രി രണ്ട് മണിക്ക് എത്തിയ മരണ വാര്‍ത്ത ഇനിയൊരു മരണത്തിനും ആവാത്തവിധം ഉലച്ചിലുകള്‍ കൊണ്ട് തോല്‍പ്പിച്ച് കളഞ്ഞിരിക്കുന്നു.

വാക്കുകള്‍ തോറ്റു പോകുന്ന വേദനകളില്ലേ..പ്രതികരണങ്ങള്‍ കൊണ്ട് തീര്‍ക്കാനാവാത്ത പ്രതിഷേധങ്ങള്‍ ഇല്ലേ നിര്‍ദ്ദയമായും ഉണ്ട് എന്ന് ഓര്‍മിപ്പിക്കുകയാണ് അഭിമന്യു. ഞങ്ങളെ എല്ലാം കരയിച്ചു നീ മാത്രം ചിരിച്ചു നില്‍ക്കുന്ന നിന്റെ ചിത്രങ്ങള്‍ ആണ് എമ്പാടവും.
ഗര്‍ഭസ്ഥശിശുവിനെക്കൊന്ന് കളഞ്ഞ സംഘപരിവാര്‍ മതഭീകരതയുടെ മുമ്പിലായിരുന്നു കവി സച്ചിദാനന്ദന് ചങ്കുപൊട്ടുമാറുച്ചത്തില്‍ 'ഇന്ത്യയിലെ അമ്മമാരെ നിങ്ങളിനി പ്രസവിക്കുകയും വേണ്ടാ' എന്നെഴുതിവെച്ചത്. ഹൃദയം പൊട്ടുന്ന നിലവിളികള്‍ക്കും ഉള്ളുകലങ്ങുന്ന തേങ്ങലുകള്‍ക്കും ഇങ്ങനെയൊരു ഭാഷ്യം എല്ലായ്പ്പോഴും ഉണ്ടാവണമെന്നേയില്ല. ഒരക്ഷരം പോലുമൊന്നു കുറിക്കാനാവതെ അലര്‍ച്ചയോളമെത്തുന്ന മൗനങ്ങളെ അടക്കിപ്പിടിച്ച അനുഭവങ്ങള്‍ ഇത്രമേല്‍ മറ്റൊന്നുണ്ടാവണമെന്നില്ല.

പാരമ്പര്യത്തിന്റെ പ്രൗഢി തളംകെട്ടിക്കിടക്കുന്ന മഹാരാജാസിന്റെ മണ്ണില്‍ അഭിമന്യു എന്ന എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി മെമ്പറുടെ ജീവനെടുത്ത മുസ്ലിം മതതീവ്രവാദികളുടെ വാര്‍ത്തകള്‍ക്ക് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇനിയും ഒരായിരം ജീവനുകളെ പിടിച്ചിലോടെ നാം തിരിച്ചറിയേണതുണ്ട്. ഇതൊരു കലാലയത്തിലെ വിദ്യാര്‍ത്ഥി പ്രവര്‍ത്തകനു നേരെയുണ്ടായ ക്ഷിപ്രമായ പ്രതികരണമല്ല, ആകസ്മികമായ അക്രമവുമല്ല.

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് വാഗമണ്ണിന്റെ  മലനിരകളില് കോറിയിട്ട് ആയുധപരിശീലനം നേടിയ ദേശവിരുദ്ധ തീവ്രവാദികളുടെ സഖ്യകക്ഷിയായ സിമിയുടെ പുത്രപരമ്പരയിലെ ജാരസന്തതി തന്നെയാണ് എന്‍ഡിഎഫ്. ക്യാമ്പസ് ഫ്രണ്ട് വഴി പോപ്പുലര്‍ ഫ്രണ്ടിലൂടെ എസ്ഡിപിഐ.യില്‍ എത്തിനില്‍ക്കുന്ന എന്‍ഡിഎഫ് സംശയരഹിതമായി ഉന്നം വെക്കുന്നത്, കേരളത്തിന്റെ ഉറപ്പാര്‍ന്ന സെക്കുലര്‍ ഫാബ്രിക്കിനെ തന്നെയാണ്. പള്ളിയില്‍ വിതറിയ പന്നി മാംസത്തിലും ക്ഷേത്രത്തിലെറിഞ്ഞ പശുത്തലകളിലും വെന്തുവെണ്ണീറാവാതെ തലയുയര്‍ത്തിയ കേരളത്തിന്റെ മതനിരപേക്ഷ ശിരസ്സിനെത്തന്നെയാണ് സംഘപരിവാര്‍ എന്ന പോലെ എന്‍ഡിഎഫും ലക്ഷ്യം വെക്കുന്നത്.

കേരളത്തിന്റെ അതിശക്തമായ മതനിരപേക്ഷ ബോധത്തിന് ഇപ്പോഴും ഊടും പാവും നെയ്യുന്നത് കേരളത്തിന്റെ കലാലയങ്ങളാണ്. കലാലയങ്ങളിലെ തെളിമയാര്‍ന്ന മതനിരപേക്ഷ ബോധത്തിനു വിളക്കുമാടമാവുന്നത് ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്‌ഐയും. ആത്യന്തികമായി കേരളത്തിന്റെ മതനിരപേക്ഷ മനസ്സിന് പരിക്കേല്‍പ്പിക്കണമെങ്കില്‍ അത് സംഭവിക്കേണ്ടത് കലാലയങ്ങളിലാണെന്ന് അവിടങ്ങളിലെ മതാതീത രാഷാട്രീയ ബോധ്യങ്ങളുടെ മുഖമായ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ ശിരസ്സാണ് അറുക്കേണ്ടതെന്നുമുള്ള രാഷ്ട്രീയ പദ്ധതിയുടെ പഴുതടച്ച നിര്‍വ്വഹണത്തിനാണ് മഹാരാജാസിലൂടെ നാം സംക്ഷിയായത്.

ഒരൊറ്റ പ്രവര്‍ത്തകന്‍ മാത്രമാണ് ക്യാമ്പസ് ഫ്രണ്ടിന് മഹാരാജാസില്‍ ഉള്ളത്. ഒരു പ്രവര്‍ത്തകന്‍ മാത്രമുള്ള കോളേജിലാണ് നിമിഷാര്‍ദ്ധം കൊണ്ട് ആലപ്പുഴയില്‍ നിന്നും കോട്ടയത്തു നിന്നും പത്തനംതിട്ടയില്‍ നിന്നും മട്ടാഞ്ചേരിയില്‍ നിന്നുമുള്ള കൊലയാളി സംഘം ഇറങ്ങി കൃത്യനിര്‍വ്വഹണം നടത്തുന്നത്. നടന്നെത്താന്‍ നൂറുമീറ്റര്‍ തികച്ചില്ലാത്ത ജില്ലാ ആശുപത്രിക്കും മീറ്ററുകള്‍ക്കപ്പുറമുള്ള സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രിയിലെ കീ ഹോള്‍ സര്‍ജനും സ്പര്‍ശിക്കാന്‍ പോലുമൊന്ന് സമയമെടുക്കും മുന്നേ ഒറ്റക്കുത്തിനു മനുഷ്യജീവനെ കവര്‍ന്നെടുക്കാന്‍ പ്രത്യേകം പരിശീലനം സിദ്ധിച്ച ജീവന്റെ കവര്‍ച്ചാ സംഘങ്ങളാണവര്‍. ആടുമേയ്ക്കാനും പശുവിനെ മേയ്ക്കാനുമെന്ന വ്യാജേന ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടത്തപ്പെട്ട മുഴുവനും ഇതേ സംഘാങ്ങളാണ്.

കേരളത്തിലെ പ്രവര്‍ത്തനത്തിന്റെ ചുരുക്കനാളുകളില്‍ അനന്യസാധാരണമായ വര്‍ഗ്ഗീയതയുടെ വിഷഫണം വിടര്‍ത്തിയ കൊലപാതകങ്ങള്‍ നമ്മളെ അസ്വസ്ഥമാക്കേണ്ടതുണ്ട്. പതിറ്റാണ്ടിനു മുമ്പ് നാദാപുരത്ത് ഈന്തുള്ളത്തില്‍ ബിനുവെന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയപ്പോള്‍ ഹിറ്റ്ലര്‍ തോറ്റുപോകുന്ന നുണപ്രചരണങ്ങള്‍ നടത്താന്‍ സന്നദ്ധരാണ് എന്ന് തെളിയിച്ചു ഇക്കൂട്ടര്‍. നിസ്‌ക്കാരപ്പായയില്‍ വെച്ച് ബലാല്‍ക്കാരം ചെയ്യപ്പെട്ട ഉമ്മയുടെയും മകളുടെയും വ്യാജ കഥ ചമച്ച് ഇതര മതസ്ഥനെകൊന്നു തീര്‍ത്ത വര്‍ഗ്ഗീയ കാലപം മാത്രം ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ നാളുകള്‍ക്ക് ശേഷം നസീബയും കുടുംബവും പത്രസമ്മേളനം നടത്ത് പച്ചക്കള്ളത്തെ തുറന്നുകാട്ടിയപ്പോള്‍ വിറയാര്‍ന്ന ഹൃദയത്തോടെ നമ്മുടെ നാട് എന്‍ഡിഎഫിനെ അറിഞ്ഞു തുടങ്ങുകയായിരുന്നു.

പുനലൂര്‍ ബാങ്ക് പ്രസിഡന്റായിരുന്ന അഷറഫിനെ ബാപ്പയെന്ന് അലറി വിളിച്ചു കരഞ്ഞ മകന്റെ മുമ്പില്‍ വെച്ച് കൊന്ന് തീര്‍ത്തായിരുന്നു തങ്ങളുടെ തലതിരിഞ്ഞ മതബോധം പ്രകാശിപ്പിച്ചത്. ചോദ്യപേപ്പറിലെ പിശകിന്റെ പേരില്‍ അധ്യാപകന്റെ കൈയറുത്തുമാറ്റിയതും കൊടിഞ്ഞി ഫൈസലിന്റെ മരണത്തിന്റെ പേരില്‍ പ്രതിയായ ലിബിന്റെ ശിരസ്സറിത്തതും മതതീവ്രവാദത്തിന്റെ ആസുരതകള്‍ക്കു വേണ്ടിയുള്ള അസാധാരണമായ ശ്രമങ്ങള്‍ തന്നെയായിരുന്നു.

കേരളത്തിനും രാജ്യത്തെമ്പാടും ആര്‍എസ്എസ്സും സംഘപരിവാര്‍ മതഭീകരതകള്‍ക്കും എതിരെ ഉയര്‍ന്നു വരുന്ന പ്രതിരോധനിരയെ എക്കാലവും ദുര്‍ബലപ്പെടുത്തുകയും അപായപ്പെടുത്തുകയും ആണ് എന്‍ഡിഎഫിന്റെ പ്രവര്‍ത്തനരീതി .മതനിരപേക്ഷ ചേരിയിലെ നേതൃനിരയുടെ ശിരസ്സറുത്തു മാറ്റുക വഴി ആര്‍എസ്എസ്സിന് വിടുപണി ചെയ്യുന്ന മൗദൂദിസ്റ്റു കൂട്ടങ്ങളായി ഫലത്തില്‍ എന്‍ഡിഎഫ് മാറുന്നു .

പക്ഷേ ഖുര്‍ആന്‍ ഉയര്‍ത്തിപിടിച്ചു നടന്ന സമരങ്ങളുടെ മണ്ണാണ് ഇത് .ഇസ്ലാമിന്റെ ശരീരവും വേദാന്തങ്ങളുടെ ശിരസ്സും ഉള്ള ഭാരതം എന്ന് നിര്‍വചിച്ച വിവേകാനന്ദ സ്വാമികളുടെ പാദസ്പര്‍ശമേറ്റ മണ്ണ്.

ജീവിതത്തിലും മരണത്തിലും അനന്തന്‍ നായരോടൊപ്പം മാത്രം എന്ന പ്രഖ്യാപനനാന്തരം കൊലമരത്തിലേക്ക് ശിരസ്സുയര്‍ത്തി നടന്നു കയറിയത് വഴി തൂക്കുമരത്തിനു മുന്‍പിലും മതനിരപേക്ഷതയുടെ പാഠങ്ങള്‍ ഉതിര്‍ത്ത വക്കം അബ്ദുല്‍ ഖാദറിന്റെ ചോര വീണതും ഇതേ മണ്ണിലാണ്.മുസ്ലിം പള്ളിക്ക് ആര്‍എസ്എസ് ആക്രമണത്തില്‍ നിന്നും സംരക്ഷണം തീര്‍ത്തിന്റെ പേരില്‍ സംഘപരിവാര്‍ കൊലചെയ്ത സഖാവ് യു കെ കുഞ്ഞിരാമന്റെ സ്മരണ മതനിരപേക്ഷ കേരളത്തിന്റെ അനശ്വരതയാണ് .വാര്യംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും കുഞ്ഞാലി മരക്കാരും തുടങ്ങി വെളിയംകോട് ഉമര്‍ ഖാസിയും മക്തി തങ്ങളും വരെ എത്ര പേര്‍ നിങ്ങള്‍ക്കൊന്ന് സ്പര്‍ശിക്കാനാകാത്തവിധം മഹാപര്‍വ്വതങ്ങളായി ശിരസ്സുയര്‍ത്തുന്നുണ്ടീ മണ്ണില്‍.

തകര്‍ക്കപെടാത്ത എന്‍ഡിഎഫ് ഓഫീസുകളും തിരികെയെടുക്കപ്പെടാത്ത ജീവനുകളും ജനാധിപത്യ കേരളത്തിലെ രാഷ്ട്രീയ ആക്രമണങ്ങള്‍ക്ക് ഒരു പുതുനവീകരണത്തിന്റെ സന്ദേശം ആകട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നുണ്ട് .പക്ഷേ ഇനിയും വാള്‍ ഉറയില്‍ ഇടാത്ത എന്‍ ഡി എഫുകാരോട് നിര്‍ദ്ദയമായി ഓര്‍മ്മപിക്കേണ്ടി വരുന്നുണ്ട് ജനക്കൂട്ടം കല്ലെറിഞ്ഞോടിച്ചപ്പോള്‍ ഇല്ലാതായ പേപിടിച്ച നായ്ക്കളൊക്കെയും നിങ്ങള്‍ക്കുള്ള സന്ദേശം ആണ്.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top