26 April Friday

'അതെ കൊമ്പുണ്ട് , നിങ്ങള്‍ക്കിനിയും വെട്ടിവീഴ്‌ത്താനാകാത്ത മതനിരപേക്ഷതയുടെ കൊമ്പുണ്ടെന്ന്' ജെയ്‌ക് സി തോമസ്

വെബ് ഡെസ്‌ക്‌Updated: Saturday Dec 30, 2017

നിരപരാധികളെ വെട്ടിയരിഞ്ഞിട്ടിട്ടും ഇവര്‍ക്കെന്താ കൊമ്പുണ്ടോ എന്ന് ആക്രോശിക്കുന്ന കൊലയാളികളോട് സ്വരം കടുപ്പിച്ചുതന്നെ 'അതേ കൊമ്പുണ്ടെന്ന് 'പറയണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്‌ക് സി തോമസ്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും മട്ടന്നൂരിലും പാനൂരിലും ഒരേ സമയം നിരവധി മനുഷ്യ ജീവനുകളാണ് കഴിഞ്ഞ ദിവസം വെട്ടി വീഴ്‌ത്തപ്പെട്ടത് . എന്നിട്ടും വീഴ്‌ത്തപ്പെട്ടവര്‍ക്ക് കൊമ്പുണ്ടോ എന്നുചോദിക്കുമ്പോള്‍ നിശബ്ദരായി നിഷ്പക്ഷരായി ഇരിക്കുന്നവര്‍ അനീതിക്കൊപ്പമാണെന്നും ജെയ്‌ക് ഫേസ്ബുക്ക് പോസ്റ്റില്‍  പറയുന്നു.  നിങ്ങള്‍ നാവുയര്‍ത്തിയില്ലെങ്കിലും ഞങ്ങള്‍ക്കൊരു ചുക്കുമില്ലായെന്നു തന്റേടത്തോടെ പറയാനുള്ള ആര്‍ജ്ജവം ഇന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരായ  കമ്മ്യൂണിസ്റ്റുകാര്‍ക്കൊക്കെയും കൈവന്നിരിക്കുന്നതായും ജെയ്‌ക് ചൂണ്ടികാട്ടുന്നു. വേട്ടേറ്റ ഡോക്ടര്‍ക്കെന്താ കൊമ്പുണ്ടോയെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനാണ് കഴിഞ്ഞദിവസം ചോദിച്ചത്. 

പോസ്റ്റ് ചുവടെ
വെട്ടി വീഴ്‌ത്തിയ മനുഷ്യജീവനുകള്‍ക്ക് കൊമ്പുണ്ടോ എന്ന് തിരക്കിയവരോട് സ്വരംകനപ്പിച്ചു തന്നെ പറയണം,ഉണ്ടടോ വെട്ടി വീഴ്‌ത്താനാകാത്ത മതനിരപേക്ഷതയുടെ ഒരു കൊമ്പുണ്ട്.

ഡോക്ടര്‍ സുധീര്‍ ചന്ദ്രനും സുഹൃത്തും സഖാവുമായ ശ്രീജിത്തിനെയും ആര്‍എസ്എസിന്റെ സംഘപ്രചാരകന്മാര്‍ വെട്ടി വീഴ്‌ത്തിയിട്ട് മണിക്കൂറുകള്‍ തികയുന്നില്ല. മട്ടന്നൂര്‍ നഗരസഭയുടെ ആദ്യകാല ചെയര്‍മാന്‍കൂടിയായിരുന്ന സഖാവ് ചന്ദ്രന്‍ മാഷിന്റെ മകനാണ് ഹോമിയോ ഡോക്ടര്‍ കൂടിയായ  സുധീര്‍  ചന്ദ്രന്‍ . അറുത്തുമാറ്റിയ കൈകാലുകളില്‍ നിന്നും മുഴുവന്‍ സമയ ആതുര ശുശ്രുഷകളിലേക്ക് ഇനിയാ ഡോക്ടര്‍ക്ക് മടങ്ങാന്‍ ആകുമോഎന്ന് അവസാനിക്കാത്ത പ്രതീക്ഷയോടെ അശരണരും നിലാരംബരുമായ ഒരു ജനത ഉറ്റു നോക്കുമ്പോഴാണ് ആര്‍എസ്എസിന്റെ  സര്‍വ്വലക്ഷണങ്ങളും തനിക്കുണ്ട് എന്ന് തെളിയിച്ച ഒരു ഹതാശയനായ മതഭ്രാന്തന്റെ ജല്പനവുമായി വെട്ടി വീഴ്‌ത്തിയവന് കൊമ്പുണ്ടോ എന്ന് ആക്രോശിക്കുന്നത്.

എസ്എഫ്ഐയുടെ ജില്ലാ ജോയിന്റ് സെക്രട്ടറിയായ  സന്ദീപിനെ ബൈക്കില്‍ സഞ്ചരിക്കവേ പിന്തുടര്‍ന്ന് വന്നു വെട്ടി വീഴ്‌ത്തുവായിരുന്നു.വെട്ടേറ്റ പിളര്‍ന്ന തലച്ചോറില്‍  എട്ടിലധികം തുന്നികെട്ടുകളുമായി സന്ദീപ് എന്ന വിദ്യാര്‍ത്ഥി ഇന്ന് പന്തളം ആശപുത്രിയില്‍ ഐസിയു വിലാണ്.

തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ ഇജകങ ഏരിയാ കമ്മിറ്റിയംഗം സ.ശ്രീജുവിനെ വെട്ടിവീഴ്ത്തിയിട്ട് 48 മണിക്കൂര്‍ തികഞ്ഞിട്ടില്ല . സമാധാന ചര്‍ച്ച കഴിഞ്ഞിട്ടും  പാനൂരില്‍ പാല്‍ വിതരണം ചെയ്തിരുന്ന വയോധികനായ സ.ചന്ദ്രനെ  പതിയിരുന്ന് ആക്രമിച്ചിട്ടും മണിക്കൂറുകള്‍ തികയുന്നില്ല.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും മട്ടന്നൂരിലും പാനൂരിലും ഒരേ സമയം നിരവധി മനുഷ്യ ജീവനുകളാണ് വെട്ടി വീഴ്ത്തപ്പെട്ടത്, ദയാരഹിതമായി വേട്ടയാടപ്പെട്ടത്.

അനീതിയുടെ  കാലങ്ങളില്‍  നിങ്ങള്‍  നിഷ്പക്ഷരെങ്കില്‍ നിങ്ങള്‍ നിലയുറപ്പിക്കുന്നത്  അനീതിയുടെ പക്ഷത്താണ് എന്ന്   ഓര്‍മ്മിപ്പിച്ചത് ആര്‍ച്ച് ബിഷപ്പ് കൂടിയായിരുന്ന ഡെസ്മിന്‍ ടുട്ടു  ആയിരുന്നു

അമേരിക്കയും വിയറ്റ്‌നാമും തമ്മിലുള്ള യുദ്ധത്തിന്റെ വേളയില്‍ സര്‍വ്വസംഹാരിയായ അമേരിക്കയുടെ ക്രൂരതയ്ക്ക് മുന്നില്‍ ജനകീയ ചെറുത്ത് നില്‍പ്പിന്റെ വിയറ്റ്നാമിന്റെ സമരങ്ങള്‍ക്ക് മുന്നില്‍ നിഷ്പക്ഷരായി നിന്ന മുഴുവന്‍ ഹൃദയമില്ലാത്ത തലച്ചോറുകളോടും ആനയുടെയും ഉറുമ്പിന്റെയും കഥ പ്രഘോഷിക്കപ്പെട്ടു. ആനയും ഉറുമ്പും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ നിങ്ങള്‍ നിഷ്പക്ഷര്‍ ആണ് എന്ന് നിങ്ങള്‍ സ്വയം പ്രഖ്യാപിക്കുന്നതെങ്കില്‍ ഹൃദയമില്ലാത്ത നിങ്ങളില്‍ മുഴുവന്‍ ആളുകളും ദയാരഹിതമായി ആനയുടെ പക്ഷത്ത് നിലയുറപ്പിച്ചിരിക്കുകയാണെന്ന് ടുട്ടു ആര്‍ജ്ജവത്തോടെ വിളിച്ച് പറഞ്ഞു.

ഇങ്ങനെ നിരപരാധികളായ  മനുഷ്യന്മാരത്രയും നിര്‍ദ്ദയമായി ആക്രമിക്കപ്പെടുകയൂം  വെട്ടേറ്റു വീഴ്ത്തുകയും ചെയ്യുമ്പോഴും നിശ്ചലമായ തൂലികയും ഉയരാത്ത നാവുവുമായി നിലയുറപ്പിക്കുന്ന മാധ്യമ മുഖ്യധാരകളോടത്രയും നിങ്ങള്‍ തൂലിക ചലിപ്പിച്ചെല്ലെങ്കിലും,നിങ്ങള്‍ നാവുയര്‍ത്തിയില്ലെങ്കിലും ഞങ്ങള്‍ക്കൊരു ചുക്കുമില്ലായെന്നു തന്റേടത്തോടെ പറയാനുള്ള ആര്‍ജ്ജവം ഇന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരായ  കമ്മ്യൂണിസ്റ്റുകാര്‍ക്കൊക്കെയും കൈവന്നിരിക്കുന്നു.

സ.തങ്കപ്പന്റെ തലയറുത്തു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മങ്കൊമ്പ് പാലത്തിന്റെ കൈവരിയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും, ആണ്ടുകള്‍ക്ക് മുന്‍പ് സ്.സുനില്‍കുമാറിന്റെ കൈയറത്തു മാറ്റി കൊടിമരത്തില്‍ കെട്ടിത്തൂക്കിയപ്പോഴും അപ്രത്യക്ഷമാവാതിരുന്ന ഒരു കൊമ്പും ഇനിയങ്ങോട്ടുള്ള  ഒരു തരം ക്രൂരതകള്‍ക്ക് മുന്‍പിലും ഇല്ലാതാവാന്‍ പോകുന്നുമില്ല.നിങ്ങള്‍ ഭൂതകാലങ്ങളില്‍ അരിഞ്ഞെറിഞ്ഞ നാവുകളും,അറത്തു തള്ളിയ തലകളും കാവലിരിക്കുന്ന മതനിരപേക്ഷ കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് കൊമ്പുകളാണ്.നിങ്ങള്‍ അനസ്യൂതം തോറ്റമ്പി പോവേണ്ടി വരുന്ന മഹാമരങ്ങളുടെ കൊമ്പുകള്‍.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top