13 July Saturday

ജയ്‌ ഭീമിലെ ജസ്‌റ്റിസ്‌ ചന്ദ്രു ഇടതുപക്ഷ അനുഭാവി അല്ലാതായോ?; മഴവിൽ സഖ്യത്തിന്റെ കള്ളപ്രചരണത്തിന്റെ സത്യം

വെബ് ഡെസ്‌ക്‌Updated: Monday Nov 8, 2021

ലീഗ് - മദൂടാപ്പി- സ്വത്വ- പോമോ മഴവിൽ സഖ്യം പറയുന്നതുപോലെ ജസ്റ്റിസ് ചന്ദ്രു മുഖ്യധാരാ ഇടതുപക്ഷത്തിന് എതിരായിരുന്നെങ്കിൽ "ജയ് ഭീം' എന്ന സിനിമ ഇറങ്ങി ഇത്രയും ശ്രദ്ധിക്കപ്പെടുകയും ചർച്ചയാവുകയും ചെയ്‌തപ്പോഴെങ്കിലും അദ്ദേഹം അതിനെതിരെ എന്തെങ്കിലും പറയേണ്ടതായിരുന്നു. ടി ഗോപകുമാർ എഴുതുന്നു.

ജയ് ഭീം എന്ന സിനിമയ്ക്ക് ആസ്‌പദമായ സംഭവത്തിലെ നായകനായ ജസ്റ്റിസ് ചന്ദ്രു സിപിഐ എമ്മിൽ നിന്നും വിട്ട് മുഖ്യധാരാ ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞു നടക്കുന്ന ഒറ്റയാനാണ് എന്ന് വരുത്തിത്തീർക്കാൻ ലീഗ് - മദൂടാപ്പി- സ്വത്വ- പോമോ മഴവിൽ സഖ്യം ഓവർടൈം പണിയെടുക്കുന്നത് കാണുമ്പോൾ ചിരിയാണ് വരുന്നത്. ദളിത്‌ വിഷയങ്ങൾ ഗൗരവമായി ഏറ്റെടുക്കുന്നതും പോരാടുന്നതും സിപിഐ എം ആണ് എന്ന് സമ്മതിച്ചാൽ പിന്നെ തങ്ങളുടെ ഉടായിപ്പ് "ദളിത്‌ സ്നേഹ' പ്രഹസനത്തിനെന്ത്  പ്രസക്തി എന്ന് അവർ ചിന്തിച്ചാൽ അവരെ കുറ്റം പറയാനാവില്ല.

ഒന്നാമതായി മനസ്സിലാക്കേണ്ടത്, ജസ്റ്റിസ് ചന്ദ്രു സിപിഐ എം സഹായയാത്രികനല്ല എന്ന് തെളിയിച്ചാലും ഈ വിഷയത്തിൽ നിന്ന് സിപിഐ എം പുറത്താകുന്നില്ല. ഈ പ്രശ്‌നം കണ്ടെത്തുന്നതും നിലപാട് എടുക്കുന്നതും പോരാട്ടം തുടങ്ങുന്നതും നിയമപരമായി അത് കൈകാര്യം ചെയ്യാൻ ചന്ദ്രുവിനെ ഏൽപ്പിക്കുന്നതും അദ്ദേഹത്തിന് സഹായമായി നിൽക്കുന്നതും അവസാനം വരെ നീതിക്കായുള്ള പോരാട്ടം കൊണ്ടുപോകുന്നതും സിപിഐ എം ആണ്. അതാകട്ടെ, ഈ ഒരു വിഷയത്തിൽ മാത്രമല്ല താനും. ജാതിവെറി ഏറെ രൂക്ഷമായ തമിഴ്‌നാട്ടിൽ അത്തരം നിരവധി ത്യാഗനിർഭരമായ സമരങ്ങൾ ഏറ്റെടുത്തിട്ടുള്ളത് സി പി ഐ എം മാത്രമാണ്. അത്തരം ഉറച്ച പോരാട്ടങ്ങൾ കണ്ട് ശീലമില്ലാത്ത, ഒറ്റപ്പെട്ട പ്രശ്‌നങ്ങളുടെ മേൽ ഉപരിപ്ലവമായ ഗുസ്തി നടത്തി മാത്രം ശീലമുള്ളവർക്ക് അത് മനസ്സിലായിക്കൊള്ളണമെന്നില്ല.

ഈ വിഷയത്തിൽ ചന്ദ്രുവിനോളം തന്നെ പോരാട്ടത്തിൽ നിന്ന നാല് പേർ കൂടിയുണ്ട്. ഗോവിന്ദൻ എന്ന സിപിഐ എം പ്രാദേശിക നേതാവാണ് ഈ വിഷയത്തിൽ ആദ്യത്തെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. കമ്മപുരം താലൂക്ക് കമ്മിറ്റി മെമ്പറായ സഖാവ് ഗോവിന്ദന് ലക്ഷക്കണക്കിന് രൂപയുടെ വാഗ്‌ദാനങ്ങൾ വന്നിട്ടും അദ്ദേഹം പ്രതിഷേധങ്ങളിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. തുടർന്നുണ്ടായ ശാരീരികമായ ആക്രമണങ്ങളെയും വധഭീഷണികളെയും അവഗണിച്ചുകൊണ്ടാണ് സഖാവ് പാർവതിക്കും രാജാക്കണ്ണിനുമായി നിലകൊണ്ടത്. ഈ കേസ് അവസാനിക്കുന്നതുവരെയും സ്വന്തമായി കുടുംബം പോലും വേണ്ടെന്ന് വച്ച സഖാവ് 13 വർഷങ്ങൾക്ക് ശേഷം കേസ് പൂർണമായും അവസാനിച്ചതിന് ശേഷമാണ് കല്യാണം പോലും കഴിക്കുന്നത്.
രാജ്മോഹൻ സിപിഐ എം കമ്മപുരം താലൂക്കിൻ്റെ സെക്രട്ടറിയാണ് മറ്റൊരാൾ. സഖാവ് ഗോവിന്ദൻ ഇങ്ങനെയൊരു നിഷ്‌ഠൂര സംഭവം അറിയിച്ചതോടെ പാർടി താലൂക്ക് കമ്മിറ്റിയാണ് പൊലീസ് സ്റ്റേഷന് മുന്നിലടക്കം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത്. വിഷയം ജില്ലാക്കമ്മിറ്റിയെ അറിയിക്കുന്നത് സഖാവ് രാജ്മോഹനാണ്. ജില്ലാക്കമ്മിറ്റി വിഷയത്തിൽ ഇടപെടുന്നതോടെയാണ് കേസ് ഫയൽ ചെയ്യപ്പെടുന്നത്.

ജയ് ഭീം സിനിമയിലെ പ്രധാനപ്പെട്ട പാർടിക്കാരനായി വരുന്ന സഖാവ് സത്യത്തിൽ അന്നത്തെ പാർടി വിരുധാചലം ജില്ലാ സെക്രട്ടറിയായ സഖാവ് കെ ബാലകൃഷ്‌ണനാണ്. സഖാവാണ് പ്രശ്‌നത്തിൽ പോലീസിനെതിരെ കേസിന് പോകാമെന്ന് പാർവതിയോട് പറയുന്നതും കേസിനാവശ്യമായ സഹായങ്ങൾ നൽകുന്നതും. തുടർന്ന് സഖാവ് തന്നെ വിഷയം സംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും സംസ്ഥാന കമ്മിറ്റി ഇടപെട്ടുകയും ചെയ്തത്തോടെയാണ് രാജാക്കണ്ണിൻ്റെ ഭാര്യയായ പാർവതിക്ക് സഖാവ് ചന്ദ്രുവിനെ വക്കീലായി ലഭിക്കുന്നത്. അന്ന് ഈ വിഷയത്തിൽ ഇടപെട്ട സ. കെ ബാലകൃഷ്‌ണനാണ് ഇപ്പോൾ സിപിഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി.

നിരക്ഷരരായ ഗ്രാമവാസികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി തുടക്കം കുറിച്ച പ്രസ്ഥാനമാണ് അറിവൊളി ഇയക്കം. ഈ പ്രസ്ഥാനത്തിൻ്റെ ഭാഗമായി കമ്മപുരത്തിലെ ആദിവാസികളെ പഠിപ്പിക്കാനെത്തിയ സഖാവാണ് ഇതിൽ രെജിഷ വിജയൻ അവതരിപ്പിക്കുന്ന കഥാപാത്രം. ഈ കഥാപാത്രവും സിനിമക്കായി സൃഷ്‌ടിക്കപ്പെട്ട ഒന്നല്ല. എഴുത്തും വായനയും അറിയാത്ത ആദിവാസികളെ പഠിപ്പിക്കാനായി പാർടി കമ്മപുരത്തേക്കയച്ച ഈ ടീച്ചറും കേസുമായി ബന്ധപ്പെട്ട് നൽകിയ സംഭാവനകൾ മറക്കാനാവാത്തതാണ്. സംസ്ഥാനത്തുടനീളം അറിവൊളി ഇയക്കം പ്രസ്ഥാനത്തിലൂടെ ലക്ഷക്കണക്കിന് നിരക്ഷരരെ അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചുനൽകിയത് കമ്മ്യൂണിസ്റ്റ് പാർടിയാണ്. ഇപ്പോഴും തമിഴ്നാട് സയൻസ് ഫ്രണ്ട് എന്ന പേരിൽ ഈ പ്രസ്ഥാനം പ്രവർത്തിച്ചുവരുന്നു. ചുരുക്കത്തിൽ തമിഴ്നാട്ടിലെ സിപിഐ എം നടത്തിയ ഉജ്ജ്വല മനുഷ്യവകാശ പോരാട്ടത്തിന്റെ നേർകഥയാണ് ജയ് ഭീം ആയി പുറത്തുവന്നിട്ടുള്ളത്.

രണ്ടാമതായി, ചന്ദ്രുവിനെതിരെ സിപിഐ എം നടപടി എടുത്തു എന്നത് സത്യമാണ്. അതാകട്ടെ, ദളിത്‌ വിഷയവുമായി ബന്ധപ്പെട്ടല്ല. ശ്രീലങ്കൻ പ്രശ്‌നം സംബന്ധിച്ച പാർട്ടി നിലപാടിനൊപ്പം നിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒരു കേഡർ പാർട്ടി എന്ന നിലയിൽ പാർട്ടി നിലപാട് പൂർണമായി അംഗീകരിക്കാതെ പാർട്ടിയിൽ അംഗമായി തുടരാനാവില്ല. അതുകൊണ്ട് അദ്ദേഹം മെമ്പർഷിപ്പിൽ നിന്ന് പുറത്തായി. കർശനമായ പാർട്ടി നിലപാടിനുള്ളിൽ നിൽക്കാനാവാത്ത, എന്നാൽ ഉറച്ച ഇടതുപക്ഷ നിലപാടുള്ള നിരവധിയാളുകൾ പാർട്ടിക്കൊപ്പം നിൽക്കുന്നുണ്ട്. അതുകൊണ്ടാണ് ലക്ഷോപലക്ഷം അനുയായികളുള്ള കേരളത്തിലെ സിപിഐ എമ്മിന്റെ അംഗസംഖ്യ അഞ്ചുലക്ഷം മാത്രമായി നിൽക്കുന്നത്. നാലണ മെമ്പർഷിപ്പുള്ള, അതിനുതന്നെ കണക്കും നിറയ്ക്കും ഇല്ലാത്ത കോൺഗ്രസുമായി ചേർന്ന് നിൽക്കുന്ന ടീമുകൾക്ക് ഇതൊന്നും മനസിലാവില്ല.

ലീഗ് -സ്വത്വവാദി -മദൂടാപ്പി-പോമോ സഖ്യം പറയുന്നത് കേട്ടാൽ തോന്നുക, ജസ്റ്റിസ് ചന്ദ്രു ഇപ്പോൾ അവരുടെ മുന്നണിയിലോ അല്ലെങ്കിൽ അവരുടെ രാഷ്ട്രീയ യജമാനന്മാരായ കോൺഗ്രസിനൊപ്പമോ ആയിരിക്കും എന്നാണ്. ഇവർ പറയുന്നതുപോലെ അദ്ദേഹം മുഖ്യധാരാ ഇടതുപക്ഷത്തിന് എതിരായിരുന്നെങ്കിൽ ജയ് ഭീം എന്ന സിനിമ ഇറങ്ങി ഇത്രയും ശ്രദ്ധിക്കപ്പെടുകയും ചർച്ചയാവുകയും ചെയ്‌തപ്പോഴെങ്കിലും അദ്ദേഹം അതിനെതിരെ എന്തെങ്കിലും പറയേണ്ടതായിരുന്നു. അങ്ങനെയൊന്നും അവർക്ക് പറയാനുമില്ല.

സത്യമെന്താണ്? അദ്ദേഹം ഉറച്ച ഇടതുപക്ഷ അനുഭാവിയായി തുടരുകയും ദളിത്‌, സ്ത്രീ, മനുഷ്യാവകാശം, നിയമം അടക്കമുള്ള വിഷയങ്ങളിൽ ഇപ്പോഴും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്യുന്നു. ആൾ ഇൻഡ്യാ ലായേഴ്‌സ് യൂണിയന്റെ (AILU) അവസാനം നടന്ന അഖിലേന്ത്യാ സമ്മേളനത്തിൽ പോലും അദ്ദേഹം പങ്കെടുത്തിരുന്നു. ഇതോടൊപ്പമുള്ള ഒന്നാമത്തെ ഫോട്ടോയിൽ അദ്ദേഹം സംസാരിക്കുന്ന ചിത്രമുണ്ട്. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി യൂണിയന്റെ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുന്ന ചിത്രമാണ് രണ്ടാമത്തേത്. തമിഴ്‌നാട്ടിലെ എസ്എഫ്ഐ നേതാക്കന്മാരുടെ കൂടെ അദ്ദേഹം നിൽക്കുന്ന ചിത്രമാണ് മൂന്നാമത്തേത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹം പാർട്ടി സ്ഥാനാർഥി സു വെങ്കിടേശന്റെ വിജയത്തിനായി പ്രവർത്തിച്ചു. ഇതുപോലെ നിരവധി ചിത്രങ്ങളും വാർത്തകളും തമിഴിൽ ഇനിയും ലഭ്യമാണ്. ഇതൊക്കെ ഇവിടെ പറയുന്നത് ഈ മഴവിൽ സഖ്യത്തെ ബോധ്യപ്പെടുത്താനല്ല, അവരുടെ സംഘടിത നുണപ്രചരണത്തിൽ വീണുപോയേക്കാവുന്ന ശുദ്ധാത്മാക്കൾക്ക് മനസ്സിലാവാൻ വേണ്ടിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top