18 April Thursday

ജസ്‌റ്റിസ്‌ ചന്ദ്രുവിന്റെ രാഷ്ട്രീയ നിലപാടുകൾ അംഗീകരിക്കാൻ വിമുഖതയുള്ളവരെ അവഗണിക്കുന്നതും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്; അഡ്വ. സി പി പ്രമോദ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 8, 2021

"ജയ്‌ ഭീം' സിനിമ ഇറങ്ങിയ ശേഷം മാത്രം അദ്ദേഹത്തെ അറിഞ്ഞ, എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ അംഗീകരിക്കാൻ വിമുഖതയുള്ള ഒരു സംഘം കുൽസിത ശക്തികളുടെ വായ്ത്താരികൾ ശ്രദ്ധയിൽ പെട്ടു. അവരെ അവഗണിക്കുക എന്നതും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. ലോയേഴ്‌സ്‌ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സി പി പ്രമോദ്‌ എഴുതുന്നു.

ആൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്റെ 13-ാം അഖിലേന്ത്യാ സമ്മേളനം 2019 ഡിസംബറിൽ നടന്നപ്പോൾ ജസ്റ്റീസ് ചന്ദ്രു ആണ് ഉദ്‌ഘാടനം ചെയ്‌തത്. ജസ്റ്റീസ് വിആർ കൃഷ്‌ണയ്യരും ജസ്റ്റീസ് എച്ച് ആർ ഖന്നയും ജസ്റ്റീസ് സുബ്രമണ്യൻ പോറ്റിയും അടക്കമുള്ള മനുഷ്യാവകാശ / ഭരണഘടനാ അവകാശങ്ങളുടെ കാവൽക്കാരായി പ്രവർത്തിച്ച നിയമജ്ഞർ ചേർന്ന് രൂപീകരിച്ച ലോയേഴ്സ് യൂണിയന് അതിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കേരളത്തിൽ അത്ര പരിചയമില്ലാതിരുന്ന ചന്ദ്രുവിനെ തന്നെ ക്ഷണിക്കാൻ രണ്ടാമത് ഒരാലോചന വേണ്ടി വന്നില്ല. സ: ജി രാമകൃഷ്‌ണന്റെ ഇടപെടൽ കൂടി ആയപ്പോഴാണ് അദ്ദേഹം ഉദ്ഘാടനത്തിന് വരാമെന്ന് സമ്മതിച്ചത്.

നിയമ രംഗത്ത് പ്രവർത്തിക്കുന്നവർ അദ്ദേഹത്തെ ആദരപൂർവ്വം ശ്രദ്ധിച്ചിരുന്നു. ഉദ്ഘാടന ചടങ്ങിൽ മാധ്യമ പ്രവർത്തകർക്ക് അടക്കം വിതരണം ചെയ്‌ത അദ്ദേഹത്തിന്റെ പ്രൊഫൈലിൽ ജഡ്‌ജിയായ ശേഷമുള്ള ആറ് വർഷക്കാലത്തെ  കാലത്തെ പ്രവർത്തനം സൂചിപ്പിച്ചിരുന്നു. ഒരു റിട്ടയേർഡ് ജഡ്‌ജിയുടെ ആലഭാരമില്ലാതെ സമ്മേളന വേദിയിൽ അദ്ദേഹം ഇടപ്പെട്ടതും ലളിതമായ ആ ജീവിത ശൈലിയും പെരുമാറ്റവും, രാഷ്ട്രീയ നിലപാടിലെ വ്യക്തതയും നേരിട്ട് കാണാൻ സാധിച്ചിട്ടുണ്ട്. ഇത് ഭംഗിവാക്കല്ല.

എന്നാൽ സിനിമ ഇറങ്ങിയ ശേഷം മാത്രം അദ്ദേഹത്തെ അറിഞ്ഞ, എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ അംഗീകരിക്കാൻ വിമുഖതയുള്ള ഒരു സംഘം കുൽസിത ശക്തികളുടെ വായ്ത്താരികൾ ശ്രദ്ധയിൽ പെട്ടു. അദ്ദേഹവും തമിഴകത്തെ പാർട്ടിയും നടത്തിയ പോരാട്ടം നാളിതുവരെ അറിയുകയോ ചർച്ച ചെയ്യുകയോ ചെയ്യാതിരുന്നവരുടെ ചൊറിച്ചിൽ മാത്രമാണ് അത്. അവരെ അവഗണിക്കുക എന്നതും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top