09 February Thursday

ജയ് ഭീമിന്റെ ഉള്ളടക്കമല്ല അംബേദ്കറൈറ്റുകള്‍ക്ക് പ്രശ്‌നം; സിനിമയിലെ സിപിഐ എം ബന്ധം: പ്രമോദ് പുഴങ്കര എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Nov 11, 2021

'ദളിത് വിരുദ്ധതയുടെയും ജാതി വ്യവസ്ഥയുടെയും സ്ഥൂലവും സൂക്ഷ്മവുമായ വ്യവഹാരങ്ങള്‍ കേരള സമൂഹത്തിലുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഉടനെത്തന്നെ തമിഴ്നാടും കേരളവും ഉത്തര്‍പ്രദേശും ഒരുപോലെ എന്ന് സിദ്ധാന്തം ചമയ്ക്കുന്നത്  തികഞ്ഞ തട്ടിപ്പാണ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ്  പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന നിരവധിയായ ജാതി-ജന്മിത്വ-നാടുവാഴിത്ത വിരുദ്ധ സമരങ്ങളുടെ ചരിത്രസാധുതയെയും അതിന്റെ രാഷ്ട്രീയ സ്വാധീനത്തെയും സാമൂഹ്യ മാറ്റങ്ങളേയും ഒറ്റയടിക്ക് പുച്ഛിച്ചു തള്ളാനുള്ള ശ്രമം ദളിത് രാഷ്ട്രീയമല്ല, കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണ് '-  പ്രമോദ് പുഴങ്കര എഴുതുന്നു

ഫേസ്ബുക്ക് കുറിപ്പ്


'ജയ് ഭീം' എന്ന സിനിമയുടെ ഉള്ളടക്കമോ അതുയര്‍ത്തുന്ന സാമൂഹ്യ വിഷയങ്ങളുടെ സമകാലികതയോ രാഷ്ട്രീയമോ ഒന്നുമല്ല കേരളത്തിലെ അംബേദ്കറൈറ്റുകള്‍ എന്ന് അവകാശപ്പെടുന്ന പലരുടെയും ഒപ്പം അവരില്‍ പലരുടേയും പ്രായോജകരായ ഇസ്ലാമിക രാഷ്ട്രീയക്കാരുടേയും ആകുലത. സിനിമയില്‍ കാണിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടികള്‍ വെറുതെയാണെന്നും സംഭവത്തിനു സി പി ഐ എമ്മുമായി ഒരു ബന്ധവുമില്ലെന്ന് വരുത്തിത്തീര്‍ക്കുക എന്നതാണത്‌ . തേജസ് മുതല്‍ മലയാള മനോരമ വരെ അതിനായി നടത്തുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തനം സ്വര്‍ണക്കടത്തിന് ശേഷം മലയാള മാധ്യമപ്രവര്‍ത്തനത്തിലെ നാഴികക്കല്ലാകും എന്നാണു കരുതേണ്ടത്.

ജയ് ഭീമില്‍ അഥവാ രാജാകണ്ണ് കേസില്‍ അംബേദ്കറൈറ്റുകളെവിടെ എന്ന് ചോദിക്കുന്നത് മഹാപരാധമാകില്ലെങ്കില്‍ അതും ചോദിക്കാവുന്നതാണ്. അതായത് ഒരു പാര്‍ട്ടി എന്ന നിലയില്‍ ആ വിഷയത്തില്‍ ഇടപെട്ടത് സി പി ഐ (എം) ആണെന്നത് രഹസ്യമായ കാര്യമല്ല. അത് കോടതിരേഖകളിലടക്കം കാണാം. ഒപ്പം അന്ന് അഭിഭാഷകനായിരുന്ന ചന്ദ്രുവിനെ സംഭവത്തിനു നാല് വര്‍ഷം മുമ്പ് ശ്രീലങ്കന്‍ പ്രശ്‌നത്തിലെ വ്യത്യസ്ത നിലപാടിന്റെ പേരില്‍ പാര്‍ടി  പുറത്താക്കിയെന്നതും വസ്തുതയാണ്. ചന്ദ്രുവിനെ പുറത്താക്കിയത് ശരിയോ തെറ്റോ എന്നതാണ് വിഷയമെങ്കില്‍ അത്തരത്തിലൊക്കെയുള്ള പുറത്താക്കലുകള്‍ പാര്‍ട്ടിക്ക് എത്രമാത്രം ഗുണം ചെയ്തു എന്നത് പരിശോധിക്കേണ്ട കാര്യമാണ്.

  എന്നാല്‍ പുറത്താക്കി എന്നതുകൊണ്ട് താന്‍ മാര്‍കസിസ്റ്റ് അല്ലാതായി എന്ന് ചന്ദ്രു പറഞ്ഞിട്ടില്ല. ഇനിയങ്ങനെ പറയുന്നു എന്നൊരു വാദത്തിനു സമ്മതിച്ചാലും ഈ കേസില്‍ സി പി ഐ എം ഇടപെട്ടു എന്നതില്‍ പ്രത്യേകിച്ച് തര്‍ക്കവുമില്ല. എന്നാല്‍ 1993-ല്‍ തമിഴ്നാട്ടില്‍ ഇത്തരത്തിലൊരു സാമൂഹ്യാന്തരീക്ഷം  ഉണ്ടായിരുന്നു എന്നും ഏറ്റക്കുറച്ചിലുകളോടെ ഇപ്പോഴും ഇന്ത്യയില്‍ ഉണ്ട് എന്നുള്ളതൊക്കെ ചര്‍ച്ചയാക്കാതെ കേരളവും അങ്ങനെയൊക്കെത്തന്നെയാണ് എന്ന് പറഞ്ഞുപോകുന്നത് ചരിത്രനിഷേധവും പ്രായോജകരുടെ രാഷ്ട്രീയതാത്പര്യങ്ങളുടെ കുഴലൂത്തുമാണ്.

ഇടതുപക്ഷ തുടര്‍ഭരണം ഒഴിവാക്കലാണ് കേരളത്തിലെ ദളിത് രാഷ്ട്രീയത്തിന്റെ അടിയന്തര കടമ എന്ന് കണ്ടെത്തിയ വിചാരധാരയടക്കമുള്ളതുകൊണ്ട് ഇതിലൊന്നും അത്ഭുതമില്ല. പ്രശ്‌നം സംവാദസാധ്യത പോലുമില്ലാത്ത വിധം  പ്രയോജകരുടെ അച്ചാരം വാങ്ങി നടത്തുന്ന പരദൂഷണ ശൈലിയിലെ വിചാരിപ്പുകള്‍ക്ക് ദളിത് രാഷ്ട്രീയം എന്ന് പേരിട്ടുകൊണ്ട് ദളിതരുടെ മൊത്തം അട്ടിപ്പേറവകാശം ഏറ്റെടുക്കുമ്പോഴാണ്. ജമാ അത് ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും കേരള മുസ്ലീങ്ങളുടെ  പ്രതിനിധാനമാണ് എന്ന് പറയുംപോലെയാണത്.

ദളിത് വിരുദ്ധതയുടെയും ജാതി വ്യവസ്ഥയുടെയും സ്ഥൂലവും സൂക്ഷ്മവുമായ വ്യവഹാരങ്ങള്‍ കേരള സമൂഹത്തിലുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഉടനെത്തന്നെ തമിഴ്നാടും കേരളവും ഉത്തര്‍പ്രദേശും ഒരുപോലെ എന്ന് സിദ്ധാന്തം ചമയ്ക്കുന്നത്  തികഞ്ഞ തട്ടിപ്പാണ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ്  പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന നിരവധിയായ ജാതി-ജന്മിത്വ-നാടുവാഴിത്ത വിരുദ്ധ സമരങ്ങളുടെ ചരിത്രസാധുതയെയും അതിന്റെ രാഷ്ട്രീയ സ്വാധീനത്തെയും സാമൂഹ്യ മാറ്റങ്ങളേയും ഒറ്റയടിക്ക് പുച്ഛിച്ചു തള്ളാനുള്ള ശ്രമം ദളിത് രാഷ്ട്രീയമല്ല, കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണ്.

രാഷ്ട്രീയ-സാമൂഹ്യ അധികാര വ്യവസ്ഥയില്‍ ജാതിസമ്പ്രദായത്തിന്റെ മൂല്യബോധം കേരളത്തില്‍ പല തരത്തിലും ഇപ്പോഴുമുണ്ട്. എന്നാലത് ഇന്ത്യയിലെ മറ്റിടങ്ങളില്‍ ഉള്ളതിനേക്കാള്‍ ചോദ്യം ചെയ്യപ്പെടുന്നതും പ്രകടമായ നിരന്തര ആക്രമണത്തിന് കെല്‍പ്പില്ലാത്തതുമായി മാറിയതില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പങ്ക്  മറ്റേത് രാഷ്ട്രീയ സംഘടനയെക്കാളും വലുതാണ്.

മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനി  നടത്തിയ സമരത്തിലെ ആരോപിതനായ അദ്ധ്യാപകന്‍ ഒരു പ്രതിരോധമെന്ന നിലയില്‍ അവകാശപ്പെട്ടത് (ടെലഗ്രാഫ് പാത്രത്തില്‍ K  A  Shaji  എഴുതിയ report ) താന്‍ OBC വിഭാഗത്തിലുള്ള കളരിപ്പണിക്കരാണ് എന്നാണ്. അതായത് ഏതു പ്രതിസന്ധിയിലും അവസാനരക്ഷയായി ഉയര്‍ത്തിക്കാട്ടാന്‍ ജാതി സ്വത്വമുണ്ട്. 'കളരിപ്പണിക്കന്‍  അധ്യാപകന്  പീഡനം  'എന്ന തലക്കെട്ടില്‍ നിന്നും നമ്മള്‍ ഒരിഞ്ചിനാണ് രക്ഷപ്പെട്ടത്! സ്വത്വവാദം മഹാശ്ചര്യം.

കമ്മ്യൂണിസ്റ്റുകാര്‍ക്ക് ജാതിവ്യവസ്ഥയോടുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ സമീപനങ്ങള്‍ എന്താണ് എന്നത് ഓരോ ചരിത്രകാലഘട്ടത്തിലും വ്യക്തമാക്കിയിട്ടുണ്ട്. അത് ഉരുത്തിരിഞ്ഞത് ജാതി-ജന്മി-നാടുവാഴി വ്യവസ്ഥക്കെതിരെയും അതിലെ ഭൂവുടമ ബന്ധങ്ങള്‍ക്കെതിരെയുമുള്ള സമരങ്ങളില്‍കൂടിയുമാണ്. അത്തരം സമരങ്ങള്‍ ഏറ്റവും ശക്തമായ രൂപത്തില്‍ നടന്ന കേരളത്തില്‍ ജന്മിത്വത്തിന്റെ തായ്വേരറുക്കുമ്പോള്‍ ജാതിവ്യവസ്ഥയുടെ ജൈവവ്യവസ്ഥയെ സാരമായി മുറിവേല്‍പ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. ജാതി വ്യവസ്ഥയെ ഉന്‍മൂലനം ചെയ്യുക എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലപാടിലേക്കുള്ള സമരയാത്രയില്‍ പാര്‍ട്ടിക്ക് (വിവിധ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക്) പല പിഴവുകളും സംഭവിച്ചിട്ടുണ്ട്. ജാതിവ്യവസ്ഥക്കെതിരെയുള്ള പോരാട്ടത്തില്‍ ഗിരിശൃംഗം  പോലെ ഉയര്‍ന്നു നിന്ന അംബേദ്ക്കര്‍ക്ക് അത്തരം സമരങ്ങളിലും ജാതിവ്യവസ്ഥയടക്കമുള്ള  രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയെ സമഗ്രമായി കാണുന്നതിലും വന്ന പിഴവുകളേക്കാളും കുറവാണ് അക്കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സംഭവിച്ച പിഴവുകള്‍.

തുടര്‍ഭരണമായാലും മൗദൂദി പ്രചാരവേലയായാലും ഇടതുപക്ഷ വിരുദ്ധതയാണെങ്കില്‍, മാര്‍ക്‌സിസ്റ്റ് വിരുദ്ധതയാണെങ്കില്‍ തരാതരം പോലെ ഏത് ചേരിയിലേക്കും ചാഞ്ചാടിയാടുന്ന രാഷ്ട്രീയത്തിന് കേരളത്തില്‍ വിപണിസാധ്യതയുണ്ട്. ആ സാധ്യതയാണ് ജയ് ഭീമിലെ കമ്മ്യൂണിസ്റ്റ്  തമസ്‌കരണ റിപ്പോര്‍ട്ടായാലും വിദ്യാഭ്യാസ മന്ത്രിയായ രാഷ്ട്രീയ പ്രവര്‍ത്തകയെ sexist  comment  ഇട്ട് അധിക്ഷേപിക്കുന്നതായാലും നടക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top