29 March Friday

'ഐന്‍സ്റ്റീന്‍ ഇന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്നെങ്കിലോ?'... ജേക്കബ് കെ ഫിലിപ്പ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022

കൊച്ചി> കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. വി പി മഹാദേവന്‍ പിള്ളയ്ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് പരിഹസിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി ജേക്കബ് കെ ഫിലിപ്പ്.

ഐന്‍സ്റ്റീന്‍ ഇന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്നെങ്കില്‍, അദ്ദേഹത്തിന് ഇംഗ്ളീഷ്‌ മാത്രമല്ല, മലയാളവും നേരേ ചൊവ്വേ അറിയില്ലെന്നു ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ടുപിടിക്കുകയും, ബാഡ് ഇംഗ്ലീഷ്, ബാഡ് മലയാളം എന്ന് പത്രക്കാരോട് പരിഹാസം അറിയിക്കുകയും ചെയ്തേനേ എന്ന് അദ്ദേഹം ഫെയ്‌‌സ്‌ബുക്കില്‍ കുറിച്ചു. വിപി മഹദേവന്‍ പിള്ളയെ നേരിട്ടറിയില്ല. എന്നാല്‍, ഫിസിക്സ് പഠിച്ച് ഓപ്റ്റോഇലക്ട്രോണിക്സില്‍ സ്പെഷലൈസ് ചെയ്ത ഒരു ശാസ്ത്രാധ്യാപകന്‍, വൈസ് ചാന്‍സലറായിരിക്കെ ഇംഗ്ലീഷില്‍ നാലു തെറ്റുവരുത്തുന്നത് തലപൊട്ടിത്തെറിക്കുന്ന അപരാധമാകുന്നതെങ്ങിനെയാണെന്നും അദ്ദേ‌ഹം ചോദിക്കുന്നു.

ഫെയ്‌സ്‌ബുക്ക് കുറിപ്പ്

പില്‍ക്കാലത്ത് കേരള സര്‍വകാലാശാലയായ ട്രാവന്‍കൂര്‍ യൂണിവേഴ്സിറ്റി 1937 ല്‍ സ്ഥാപിക്കുമ്പോള്‍ അതിന്റെ ആദ്യ വൈസ് ചാന്‍സലറായിരിക്കാന്‍ ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ ആദ്യം ക്ഷണിച്ചത് സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയായിരുന്നു. അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സറ്റിയില്‍ ജോലി ചെയ്യാനാണ് താല്‍പര്യം എന്ന് ചൂണ്ടിക്കാട്ടി ഐന്‍സ്റ്റീന്‍, അന്നത്തെക്കാലത്ത് കണ്ണഞ്ചിക്കുന്ന തുകയായിരുന്ന മാസം ആറായിരം രൂപ ശമ്പളത്തിന്റെ ആ ഓഫര്‍ നിരസിക്കുകയായിരുന്നു എന്നാണ് ചരിത്രം.

ഐന്‍സ്റ്റീന്‍ ഇന്ന്, ഈ 2022 ല്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്നെങ്കിലോ? അദ്ദേഹത്തിന് ഇംഗ്ളീഷുമാത്രമല്ല, മലയാളവും നേരേ ചൊവ്വേ അറിയില്ലെന്നു ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ടുപിടിക്കുകയും, ബാഡ് ഇംഗ്ലീഷ്, ബാഡ് മലയാളം എന്ന് പത്രക്കാരോട് പരിഹാസം അറിയിക്കുകയും ചെയ്തേനേ, തീര്‍ച്ച. വെറുതേ പറയുന്നതല്ല. ലോകം കണ്ട ഏറ്റവും വലിയ ഊര്‍ജ്ജതന്ത്രജ്ഞരിലൊരാളായ, ഐന്‍സ്റ്റീന്‍ എന്ന അതുല്യപ്രതിഭയ്ക്ക് എന്നും ഏറ്റവും വലിയ തലവേദനയും കീറാമുട്ടിയുമായിരുന്നത് ഭാഷയായിരുന്നു. കുടിയേറിപ്പാര്‍ത്ത അമേരിക്കയുടെ ഇംഗ്ളീഷുമാത്രമല്ല, ജോലിയിലും ശാസത്രഗവേഷണസംബന്ധമായും കൈകാര്യം ചെയ്യാന്‍ നിര്‍ബന്ധിതനായിരുന്ന ഫ്രഞ്ചും മാതൃഭാഷയെന്നു പറയാവുന്ന ജര്‍മ്മന്‍ പോലും അദ്ദേഹത്തിന് തെറ്റില്ലാതെ പറയാനോ എഴുതാനോ കഴിയുമായിരുന്നില്ല. ഐന്‍സ്റ്റീന്റെ ഭാഷാപരിജ്ഞാനത്തെപ്പറ്റി ഗൂഗിള്‍ ചെയ്തു നോക്കുക.

വിപി മഹദേവന്‍ പിള്ളയെ നേരിട്ടറിയില്ല. എന്നാല്‍, ഫിസിക്സ് പഠിച്ച് ഓപ്റ്റോഇലക്ട്രോണിക്സില്‍ സ്പെഷലൈസ് ചെയ്ത ഒരു ശാസ്ത്രാധ്യാപകന്‍, വൈസ് ചാന്‍സലറായിരിക്കെ ഇംഗ്ലീഷില്‍ നാലു തെറ്റുവരുത്തുന്നത് തലപൊട്ടിത്തെറിക്കുന്ന അപരാധമാകുന്നതെങ്ങിനെയാണ്? ബാഡ് ഇംഗ്ലീഷാണ് അദ്ദേഹം പറയുന്നതും എഴുതുന്നതും മൊത്തം എന്നു തന്നെയിരിക്കട്ടെ- അതിന്? ഓപ്റ്റോഇലക്ടട്രോണിക്സ് എന്ന ശാസ്ത്രശാഖയിലെ ഒരാളുടെ അക്കാദമിക് മികവുകളെ, അനേക വര്‍ഷങ്ങളിലെ പഠനത്തിന്റെയും അധ്യാപനത്തിന്റെയും ഗവേഷണത്തിന്റെും അനുഭവസമ്പത്തിനെ അതെങ്ങിനെയാണ് റദ്ദു ചെയ്യുന്നത്? ആരിഫ് മുഹമ്മദ് ഖാന്‍ എ്ന്ന അവസരവാദിയായ രാഷ്ട്രീയക്കാരന്റെ കാര്യം വിടുക- പക്ഷേ നമുക്കിതെന്തിന്റെ കേടാണ്? പച്ചവെള്ളംപോലെ പറയുന്ന ഇംഗ്ലീഷ് ബാക്കിയെല്ലാ അറിവുകള്‍ക്കും പകരമാണ്, മേലെയാണ് എന്ന മട്ടില്‍ പറഞ്ഞും ചര്‍ച്ചിച്ചുകൊണ്ടുമിരിക്കാന്‍ നാണമില്ലേ നമുക്ക്?!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top