01 October Sunday

ഗൾഫിൽ ഇനിയും വറുതിയുടെ കാലമോ?

സാം പൈനുംമൂട്, കുവൈറ്റ്Updated: Friday Apr 17, 2020
സാം പൈനുംമൂട്

സാം പൈനുംമൂട്

കോവിഡ് - 19 എന്ന മഹാമാരി ലോകത്തെയാകെ സ്തംഭിപ്പിച്ചിരിക്കുന്ന സമകാലിക സാഹചര്യത്തിൽ ഈ മഹാവ്യാധി നമ്മുടെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥിതിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രവചനാതീതമായിരിക്കുന്നു!

മനുഷ്യരാശിയുടെ ചരിത്രം പരിശോധിച്ചാൽ 1914 ൽ ആരംഭിച്ച് 1918 ൽ അവസാനിച്ച ഒന്നാം ലോക മഹായുദ്ധവും 1938 ൽ ആരംഭിച്ച് 1945ൽ അവസാനിച്ച രണ്ടാം ലോകമഹായുദ്ധവും മാനവരാശിക്ക് സമ്മാനിച്ചത് പട്ടിണിയാണ്. മാത്രമോ, പ്ലേഗ്, കോളറ, വസൂരി തുടങ്ങിയ പകർച്ച വ്യാധികളും.
 
2020 ജനുവരിയുടെ ആദ്യ നാളുകളിലാണ് കോവിഡ് - 19 എന്ന വൈറസിനെപ്പറ്റി നാം കേൾക്കുന്നത്. ജനുവരി മാസം 15ന് ചൈനയിലെ വുഹാനിൽ നിന്ന് പ്രഥമ മരണവും സ്ഥിരീകരിച്ചു. 0.1 മൈക്രോൺ മാത്രം വലിപ്പമുള്ള ഈ അദൃശ്യ ശക്തി മാനവരാശിയുടെ ഉറക്കം കെടുത്തിയിരിക്കുന്നു. മരണം പടിവാതിലിൽ എത്തി നിൽക്കുന്നുവെന്ന തോന്നൽ ബലപ്പെടുത്തിയിരിക്കുന്നു. ലോകത്ത് അധിവസിക്കുന്ന 780 കോടി ജനങ്ങളേയും അവരുടെ സാമൂഹിക- സാമ്പത്തിക അവസ്ഥയേയും നിശ്ചലമാക്കിയിരിക്കുന്നു.
 
2020 ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത് എങ്ങനെയാണ്? നമ്മളോ നമ്മുടെ പിതാക്കന്മാരോ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത എന്തൊക്കെയാണ് നാം അനുഭവിക്കുന്നത്? ഞ്ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് അനുദിനം പുറത്തു വരുന്നത്. 1924 ൽ കേരളത്തെ മുക്കിയ ജലപ്രളയവും 1942 ൽ കേരളത്തിൽ വ്യാപകമായ കോളറയും വസൂരിയും ആയിരകണക്കിന് മനുഷ്യരുടെ ജീവൻ അപഹരിച്ച സംഭവങ്ങൾ പിതാമഹന്മാർ പറഞ്ഞു നാം കേട്ടിട്ടുണ്ട്. ആ കേട്ടുകേഴ്‌വിയേക്കാൾ എത്രയോ ഭീതിദായകമാണ് സമകാലിക ദുരന്ത കാഴ്ചകൾ !
 
കോവിഡാനന്തര ലോകം കോവിഡിനു മുമ്പുള്ള ലോകം എന്ന തരം തിരിവ് പ്രസക്തമാകുമോ വരുവാനിരിക്കുന്ന ലോകക്രമത്തിൽ? നിലവിൽ ചരിത്രത്തെ വേർതിരിച്ചിരിക്കുന്നത് ക്രിസ്തുവിനു മുൻപും (BC) ക്രിസ്തുവിനു പിൻപും (AD) എന്നതും പുനർനാമകരണം അനിവാര്യമാകുമോ? ഏതായിരുന്നാലും ഈ പുതിയ ലോകം എങ്ങനെയായിരിക്കും നമുക്ക് അനുഭവപ്പെടുക? ഇന്ത്യയിൽ ഈ ലോകക്രമം എങ്ങനെ പ്രതിഫലിക്കും? ഗൾഫ് മേഖലയേയും ഗ്രസിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി കേരള സമ്പദ് വ്യവസ്ഥയിലും ജനജീവിതത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ എങ്ങനെ തരണം ചെയ്യാം? മൗലികമായ ഒട്ടനവധി ചോദ്യങ്ങൾ ഉയരുന്നു ഈ കൊറോണ കാലത്ത് !
 
ആഗോള സമ്പദ് വ്യവസ്ഥയുമായി അഭേദ്യമായ ബന്ധമുള്ള ഒരു സമ്പദ് ഘടനയാണ് ഗൾഫ് രാജ്യങ്ങൾക്കുള്ളത്. ഇന്ന് ലോക രാഷ്ട്രങ്ങൾക്ക് സംഭവിച്ചിരിക്കുന്ന നിശ്ചലാവസ്ഥയും കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി തുടരുന്ന പെട്രോ - ഡോളർ വരുമാനത്തിലെ മൂല്യ തകർച്ചയും ഗൾഫ് പ്രതിസന്ധി മൂർഛിക്കാനാണ് സാധ്യത. ഗൾഫിൽ ഇനിയും വറുതിയുടെ കാലമോ എന്ന ചിന്ത ബലപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്.2008 ൽ ആഗോള മാന്ദ്യത്തിൽ തുടങ്ങിയ ഗൾഫിൻ്റെ വികസന മുരടിപ്പ് കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയിലും കരിനിഴൽ വീഴ്ത്തിയിരുന്നു. വരും നാളുകളിൽ ഈ പ്രതിസന്ധി ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുക്കന്ന പ്രവാസികളെ സാരമായി ബാധിക്കും. 40 ലക്ഷത്തിലധികം വരുന്ന പ്രവാസി മലയാളികളിൽ 85% വും പണിയെടുക്കുന്നത് ഗൾഫ് മേഖലയിലാണ്.
 
ഗൾഫ് നാടുകളിൽ കഴിയുന്ന ലക്ഷകണക്കിന് വരുന്ന പ്രവാസികൾ ആശങ്കയുടെ മുൾമുനയിലാണിപ്പോൾ ജീവിതം തള്ളി നീക്കുന്നത്.ഏതാണ്ട് കോവിഡ് പ്രതിസന്ധി ആരംഭിച്ച് ഒന്നര മാസം പിന്നിടുമ്പോൾ അനശ്ചിതത്വം പ്രകടമാണ് എവിടെയും. എത്ര നാൾ നീണ്ടുപോകും ഗവൺമെൻ്റ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ? മാന്ദ്യം മാസങ്ങൾ നീണ്ടു നിന്നേക്കാം. അതു വരെ തൊഴിലാളികളെ സംരക്ഷിക്കാൻ തൊഴിൽദായകർക്ക് കഴിയില്ല. ലക്ഷകണക്കിന് തൊഴിലാളികൾക്ക് വേതനം നൽകണം, താമസ സൗകര്യങ്ങൾ ഒരുക്കണം, ഗതാഗത സൗകര്യം ഉറപ്പാക്കണം, താമസ രേഖകൾ ക്രമപ്പെടുത്തുന്നതിനുള്ള ചെലവുകൾ വേറെയും. ഇതിനെ മറികടക്കാൻ തൊഴിലാളികളെ ദീർഘകാല അവധിക്ക് തിരിച്ചയക്കാനുള്ള നടപടികളിലാണ് സ്വകാര്യ സ്ഥാപനങ്ങൾ. തൊഴിൽ മേഖലയിൽ 30% ജീവനക്കാർക്കെങ്കിലും തൊഴിൽ നഷ്ടപ്പെടുമെന്നുള്ള സാഹചര്യവും യാഥാർത്ഥ്യമാണ്.
 
കേരളത്തിലെ കുടുംബങ്ങളിൽ 20% ആളുകൾ ഗൾഫിൽ ഉപജീവനം നടത്തുന്നവരാണ്. മറ്റൊരു 30% ഗൾഫിൽ ജീവ സന്ധാരണം നടത്തിയിരുന്നവരും. ഗൾഫിലെ ഈ വറുതിക്കാലം എത്രത്തോളം കേരളത്തിൻ്റെ സമ്പദ്ഘടനയെ ബാധിക്കുമെന്നത് ഈ കണക്കിൽ നിന്നും അനുമാനിക്കാവുന്നതാണ്. ആഗോള തൊഴിൽ വിപണിയിലെ മാറ്റങ്ങൾ കേരളത്തിൽ നിന്നുള്ള കുടിയേറ്റത്തിൽ പ്രതിഫലിച്ചിരുന്നു. ഗൾഫിലെവിടെയും അവിദഗ്ധ തൊഴിലാളികൾ മുതൽ പ്രൊഫഷണലുകൾ വരെയുള്ളവരുടെ സാന്നിദ്ധ്യം കൊണ്ട് സചേതനമായിരുന്നു കേരളീയ തൊഴിൽ ശക്തി. ഈ അവസ്ഥക്കാണ് മാറ്റം വരാൻ പോകുന്നത്. കോവിഡ് - 19 എന്ന മഹാമാരിയുടെ പ്രതിഫലനം ഗൾഫിൽ സൃഷ്ടിക്കുന്നത് പ്രവാസികളുടെ കുടിയിറക്കമായിരിക്കും. നമ്മുടെ മാനവ വിഭവശേഷി കുടിയേറ്റത്തിൻ്റെ വസന്തത്തിനായി കാത്തിരിക്കേണ്ടി വരും!
 
ഇന്ത്യയിൽനിന്നുമുള്ള ഗൾഫ് കുടിയേറ്റത്തിൻ്റെ കണക്ക് 80 ലക്ഷമെന്ന് കരുതപ്പെടുന്നു. ഗൾഫ് കുടിയേറ്റത്തിൻ്റെ കൃത്യമായ കണക്കുകൾ ലഭ്യമല്ല. കേരളത്തിൽ സി ഡി എസ് പറയുന്ന സ്ഥിതിവിവര കണക്കുകളാകട്ടെ സാമ്പിൾ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ടതാണ്. കേരള മൈഗ്രേഷൻ സർവ്വേ കാണിക്കുന്നത് 24 ലക്ഷം കേരളീയർ പ്രവാസികളായി കഴിയുന്നുണ്ടെന്നാണ്. ഇത് യാഥാര്‍ഥ്യങ്ങൾക്കു നിരക്കുന്നതല്ല. എന്നാൽ, ഗൾഫിൽ നിന്നും തിരിച്ചെത്തിയവരുടെ കണക്ക് 12.52 ലക്ഷം പ്രവാസികൾ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് വിശ്വസനീയമാണ്.
 
ഗൾഫ് പ്രവാസി തൊഴിൽ മേഖലയിൽ നിന്നും വലിയ രീതിയിലുള്ള തിരിച്ചു പോക്കാണ് നാം പ്രതിക്ഷിക്കേണ്ടത്. ചുരുങ്ങിയ പക്ഷം 10 ലക്ഷം മലയാളികളെങ്കിലും തിരിച്ചുപോക്കിന് മനസ്സുകൊണ്ട് ഒരുങ്ങി കഴിഞ്ഞു. ഇത് കേരളത്തിൻ്റെ സമ്പദ്ഘടനയിൽ എങ്ങനെ പ്രതിഫലിക്കും? ഇവരുടെ അതിജീവനം, പുനരധിവാസം ഉയർത്തുന്ന സാമൂഹിക സാംസ്കാരിക വിഷയങ്ങൾ സങ്കീർണമായിരിക്കും. കേരളത്തിൻ്റെ വികസനത്തിൽ അരനൂറ്റാണ്ടിലധികമായി പ്രവാസികൾ വഹിച്ച പങ്ക് തർക്കമറ്റതാണ്. പ്രവാസികൾ സംസ്ഥാനത്തേക്ക് അയക്കുന്ന പണത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടെങ്കിലും 2018-19 സാമ്പത്തിക വർഷത്തിലും ഒന്നേകാൽ ലക്ഷം കോടി രൂപ കേരളത്തിലെ ബാങ്കുകളിൽ എത്തിയിരുന്നു. ശരാശരി ഒരു ലക്ഷം കോടി രൂപ പോയ വർഷങ്ങളിൽ പ്രവാസികൾ കേരളത്തിൽ എത്തിച്ചിരുന്നു.
 
കൊറോണകാലത്ത്, ശമ്പളാദി ആനുകൂല്ല്യങ്ങൾ വെട്ടിക്കുറക്കാൻ കമ്പനികളെ പ്രേരിപ്പിക്കുകയാണ്. ഹോട്ടലുകൾ അടഞ്ഞുകിടക്കുന്നു. ജീവനക്കാർ തൊഴിൽ രഹിതരായി. പൊതുഗതാഗതം നിശ്ചലമായി. ഡ്രൈവറുമാർ പട്ടിണിയിലും. വീട്ടുജോലിക്കാരായ സ്ത്രീ തൊഴിലാളികളാണ് ഏറെ ദുരിതത്തിലായത്. നോർക്ക ഹെൽപ്പ് ഡെസ്ക്കും , ലോക കേരള സഭയും , പ്രവാസി സന്നദ്ധ സംഘടനകളുമാണ് ഇക്കൂട്ടർക്ക് അത്താണി! ബാങ്കിംഗ്, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ, റിയൽ എസ്റ്റേറ്റ് മേഖല , നിർമ്മാണ തൊഴിലാളികൾ എന്നീ മേഖലകളിൽ കനത്ത പിരിച്ചുവിടൽ ഭീക്ഷണിയെ നേരിടുന്നു. വ്യോമയാന രംഗമാകട്ടെ പാടെ നിശ്ചലമായി. അതു കൊണ്ടു തന്നെ അനുബന്ധ വ്യവസായങ്ങളായ ട്രാവൽ ആൻ്റ ടൂറിസവും നിശ്ചലമായി. ഇതെല്ലാം ബാധിക്കുന്നത് ഇടത്തരക്കാരായ പ്രവാസി തൊഴിലാളികളെയാണ്. ഉന്നത ശ്രേണിയിലുള്ള മലയാളികളും സുലഭം!
 
മുതലാളിത്ത വ്യവസ്ഥിതിയുടെ ലാഭാധിഷ്ഠിതമായ ഉൽപ്പാദനങ്ങളുടെയും വിതരണ സമ്പ്രദായങ്ങളുമെല്ലാം അത് കൊട്ടിലോഷിക്കപ്പെടുന്നത്ര സ്വതന്ത്രമല്ലെന്നും അതിൻ്റെ മുൻഗണനാക്രമങ്ങൾ മനുഷ്യമുഖമില്ലാത്ത വിപണന തന്ത്രം മാത്രം ലക്ഷ്യമാക്കിയിട്ടുള്ളതാണെന്നും കൊറോണ കാലം തെളിയിച്ചു. കൊറോണാനന്തര കാലം അന്താരാഷ്ട്ര ബന്ധങ്ങളിലും രാഷ്ട്രങ്ങൾ തമ്മിലുള്ള ശാക്തിക ചേരിയിലും മാറ്റം വരാനിടയുണ്ട്. ലോക സോഷ്യലിസ്റ്റ് ശക്തികളുടെ നിലപാട് സാധുകരിക്കുന്നത് മറ്റൊന്നല്ല!
 
ചരിത്രത്തിൽ നിന്ന് നാം ഒരു പാഠവും പഠിക്കുന്നില്ലായെന്ന് ചരിത്രത്തിൽ നിന്ന് നാം പഠിക്കുന്ന പാoമെന്ന് - വിഖ്യാതനായ ഹെഗൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മഹാ മാരിയിൽ നിന്നും നാം എന്തു പാoമാണ് പഠിച്ചത്?

മനുഷ്യനും വൈറസും തമ്മിലുള്ള ദന്ദ്വ സമരത്തിൽ മുതലാളിത്യത്തിൻ്റെ അപ്പോസ് തോലനായ യു എസ് എ ഇന്ന് ആരോഗ്യ പ്രതിസന്ധിയിൽ! ന്യൂയോർക്ക് എന്ന സമ്പന്ന വാസസ്ഥലം ദുരന്തഭൂമികയുടെ നേർകാഴ്ചകളായി!

ബ്രിട്ടനും, സ്പെയിനും, ഫ്രാൻസും , ഇറ്റലിയുമടക്കം വികസിത രാജ്യങ്ങൾ എന്ന ഖ്യാതി നേടിയ രാഷ്ട്രങ്ങൾ ഈ മഹാവ്യാധിയെ നേരിടുന്നതിൽ വമ്പൻ പരാജയമെന്ന് ലോകം കണ്ടു.

ഒരു ജനക്ഷേമ ഗവൺമെൻ്റിൻ്റെ അഭാവമാണ് ഈ രാജ്യങ്ങളിലൊക്കെ നാം കാണുന്നത്. വികസന മാനദണ്ഡങ്ങൾ വിമർശന വിധേയമായ കാലം!
പൊതുജനാരോഗ്യരംഗം സൊ കാര്യ മുതലാളിമാർക്ക് തീർഎഴുതി കൊടുത്തതിൻ്റെ ദുരന്ത കാഴ്ചകൾ!
ഇവിടെയാണ് നമ്മുടെ കൊച്ചു കേരളം പ്രസക്തമാകുന്നത്. നമ്മുടെ ഗവൺമെൻ്റ് അധീനതയിലുള്ള ആരാഗ്യ പരിപാലന സംവിധാനവും അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിച്ചതും!

കേരളത്തിൻ്റെ കോവിഡ് പ്രതിരോധം മനഷ്യത്വപരവും മാതൃകാപരവുമെന്ന് നിഷ്പക്ഷമതികൾ വിലയിരുത്തുന്നു.പ്രതിസന്ധി ഘട്ടങ്ങളിലാണ് നേതാക്കൾ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെടുന്നത്. കേരളത്തിൻ്റെ ആദരണീയനായ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ്റെ നേതൃപാടവം, നിശ്ചയദാർഢ്യം, കഠിനാധ്വാനം കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളെ അദ്ദഹം വിസ്മയിപ്പിക്കുകയാണ്.

കമ്മ്യൂണിസ്റ്റ് രാഷ്ടീയത്തിലും നേതൃത്വത്തിലും ഗവൺമെൻ്റിലും ജനങ്ങളുടെ വിശ്വാസ്യത, പ്രത്യാശ നാൾക്കുനാൾ വർദ്ധിച്ചു വരുന്നത് പ്രതീക്ഷാ നിർഭരമാണ്. 
അന്തർദേശിയ ബന്ധങ്ങളിലുള്ള വൈരം മറന്ന് ഈ മഹാവ്യാധിയെ പ്രതിരോധിക്കാൻ ക്യൂബയും വിയറ്റ്നാമും നടത്തുന്ന ശ്രേഷ്ടമായ ഇടപെടലുകളും നാം കാണാതെ പോകരുത്. ഈ വറുതിയുടെ കാലത്തെ നന്മയുടെ കാഴ്ചകൾ നൽകുന്ന സമാധാനം വിലമതിക്കാനാവത്തതാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top