26 April Friday

മലയാളം മീഡിയവുമായി വിദേശത്തുപോയാല്‍ എന്താകും? അനുഭവങ്ങളുമായി മറുനാടന്‍ മലയാളികള്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 27, 2017

കൊച്ചി> നാട്ടില്‍ മലയാളം മീഡിയത്തില്‍ പഠിച്ച് വിദേശത്ത് പോയാല്‍ എന്താകും? കയ്യിലുള്ള ഇംഗ്ലീഷ്  കൊണ്ട് ജീവിക്കാനാകുമോ?.

പലരും ഉയര്‍ത്തുന്ന സംശയങ്ങള്‍ക്ക് സ്വന്തം അനുഭവത്തിലൂടെ മറുപടിയുമായി മറുനാടന്‍ മലയാളികള്‍.

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിലെ ദുരന്ത ലഘൂകരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടിയുടെ ഒരു എഫ് ബി പോസ്റ്റിനോടുള്ള പ്രതികരണമായും സ്വന്തം വാളിലെ പോസ്റ്റായും ഫേസ് ബുക്കില്‍ വന്ന ചില കുറിപ്പുകളിലൂടെ:

ജനീവയില്‍ നിന്ന് മുരളി തുമ്മാരുകുടി

അബുദാബിയിലെ ഒരു  ചര്‍ച്ചയുടെ ഇടവേളയില്‍ അവിടെയുണ്ടായിരുന്ന പെണ്‍കുട്ടി ഉയര്‍ത്തിയ ചോദ്യം ഉദ്ധരിച്ചു തുടങ്ങുന്നതാണ് തുമ്മരുകുടിയുടെ പോസ്റ്റ്.

“സാറിങ്ങനെ നാട്ടില്‍ നിന്ന് പോന്ന് ലോകം മുഴുവന്‍ നടക്കാന്‍ തുടങ്ങിയിട്ട് മുപ്പത് വര്‍ഷമായി എന്നു പറയുന്നു, എന്നിട്ടും സാറിന്റെ ഇംഗ്ലീഷ് ഇപ്പോഴും മലയാളികളുടേത് പോലെയാണല്ലോ. ഇതൊരു ബുദ്ധിമുട്ടല്ലേ, ഇവിടെയൊക്കെ ഇങ്ങനെ ഇംഗ്ലീഷ് സംസാരിച്ചാല്‍ പിന്നെ പ്രമോഷനൊന്നും ഒരു സാധ്യതയുമില്ല.”

ഇംഗ്ലീഷ് പഠനത്തിനുള്ള മാര്‍ഗങ്ങളെപ്പറ്റി വിശദമായി വിവരിക്കുന്ന പോസ്റ്റ്‌ (പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം) അവസാനിക്കുന്നതിങ്ങനെ:

'പുറംരാജ്യത്ത് പണി കിട്ടി ആദ്യം ചേര്‍ന്നത് ഓയില്‍ കമ്പനിയിലാണ്. അവിടുത്തെ ഇംഗ്ലീഷ് ഒക്കെ പഠിച്ചാല്‍ പിന്നെ കുടുംബത്തില്‍ സംസാരിക്കാന്‍ പറ്റില്ല. അത് കഴിഞ്ഞു വന്നു ചേര്‍ന്നത് ഐക്യരാഷ്ട്ര സഭയിലാണ്. ഐക്യരാഷ്ട്രസഭ എന്നാല്‍ വൈവിധ്യം ആഘോഷിക്കുന്ന ഇടമാണല്ലോ. മുപ്പത് പേരുള്ള ഞങ്ങളുടെ ബ്രാഞ്ചില്‍ ഇരുപത് രാജ്യക്കാരുണ്ട്. അവര്‍ ഇരുപത് പേരും ഇരുപത് തരത്തിലാണ് ഇംഗ്ലീഷ് പറയുന്നത്. പറയാന്‍ എന്തെങ്കിലും ഉണ്ടാകുന്നതാണ് പ്രധാനം, അല്ലാതെ വാര്‍പ്പ് മാതൃകയില്‍ പറയുന്നതല്ല എന്ന അറിവ് അവിടെ എല്ലാവര്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ കിട്ടിയ സമയം മുഴുവന്‍ അറിവ് സമ്പാദിക്കാനാണ് ശ്രമിച്ചത്, ഭാഷ നന്നാക്കാനല്ല. അത്രേയുള്ളു കാര്യം!'

ഇതേ പോസ്റ്റില്‍ കമന്റായി ജനീവയില്‍ ലോകാരോഗ്യ സംഘടനയില്‍ ഇവാലുവേഷന്‍ ഓഫീസര്‍ ആയ ആനന്ദ് ശിവശങ്കര്‍ എഴുതുന്നു.

മലയാളം മീഡിയത്തില്‍ പഠിച്ച് , പ്രീഡിഗ്രിക്കും ഡിഗ്രിക്കും ഇംഗ്ലീഷ് essay മുഴുവന്‍ കാണാപ്പാഠം പഠിച്ച് എഴുതി ഇംഗ്ലീഷ് കഷ്ടിച്ച് പാസായതാണ്. 24 വയസ്സുവരെ ഒരു വാചകം തെളിച്ചു പറയാന്‍ കഴിയുമായിരുന്നില്ല. 1991 ജനുവരിയില്‍ എം എസ് ഡബ്ലിയു കഴിഞ്ഞ് ആദ്യ ക്യാമ്പസ് ഇന്റര്‍വ്യൂ വിളിച്ചത് ഒരു മാസമോ മറ്റോ കഴിഞ്ഞ്. പഠിച്ച കോളേജില്‍ തന്നെ നടത്തുന്ന ഒരു സ്ഥാപനത്തില്‍ രണ്ടു വേക്കന്‍സികള്‍. ഇന്റര്‍വ്യൂ നടത്തിയത് അന്നത്തെ പ്രിന്‍സിപ്പാളും പിന്നെ ഏതോ ഒന്ന് രണ്ട് വളരെ സീനിയര്‍ ആയ പുറത്തുനിന്നുള്ള ആളുകളും. ഇംഗ്ലീഷ് പറയാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. കൂടാതെ ഇന്റര്‍വ്യൂ എന്ന് കേള്‍ക്കുമ്പഴെ മുട്ട് കൂട്ടിയിടിക്കുമായിരുന്നു, വിറച്ച് വിറച്ച് ഇരുപതു മിനുട്ടോ മറ്റോ തള്ളി നീക്കി. എന്‍റെ വിറയല്‍ കണ്ടതും ബോര്‍ഡില്‍ ഇരുന്നവര്‍ കൂട്ടച്ചിരിയായി. ചോദ്യങ്ങള്‍ ഏകദേശം ഇങ്ങനെ: What is our national anthem? What is our national flower? What is our national animal? etc. വളരെ ഹുമിലിയെറ്റിംഗ് അനുഭവമായിരുന്നു. അതോടെ ജോലി കിട്ടുമെന്ന വിശ്വാസമേ പോയി. ഇംഗ്ലീഷ് പഠിക്കണം എന്ന് മനസ്സില്‍ ഉറച്ചു.

ഒന്നര കൊല്ലം നാട്ടില്‍ എന്‍ ജി ഓ കളില്‍ ജോലി ഒക്കെ ചെയ്തിട്ട് 1992 മാര്‍ച്ച് ഏപ്രില്‍ ആയപ്പോള്‍ വീണ്ടും പതുക്കെ വെളിയില്‍ എവിടേലും പോകണം എന്ന അദമ്യമായ ആഗ്രഹം പിടികൂടി. അങ്ങിനെ ജെ എന്‍ യു വില്‍ എം ഫില്‍ / പി എച്ച് ഡി പ്രോഗ്രാമിന് അപ്പ്ളൈ ചെയ്തു. ജെ എന്‍ യു വിലെ മൂന്നു കൊല്ലം പഠനം, പിന്നെ മൂന്നു കൊല്ലം ഇംഗ്ലീഷില്‍ പഠിപ്പിക്കല്‍ ഇതൊക്കെ ആയിരുന്നു കോണ്‍ഫിഡന്‍സ് തന്നത്. കേരളത്തില്‍ വച്ച് ഇംഗ്ലീഷ് സംസാരിക്കാത്ത കൊണ്ടാകണം തനി കേരള ആക്സന്‍റ് കിട്ടിയില്ല. ചിലപ്പോള്‍ ചിലതൊക്കെ കടന്നു വരുമെങ്കിലും. ഇരുപത്തി അഞ്ചു വയസ്സിലാണ് ഇംഗ്ലീഷ് സംസാരിച്ചു തുടങ്ങിയത് എന്ന് സഹപ്രവര്‍ത്തകരോട് പറയുമ്പോള്‍ അതിശയമാണ് പലര്‍ക്കും.

 

ഇംഗ്ലണ്ടില്‍ ഐ ടി രംഗത്ത് ജോലി ചെയ്യുന്ന എഴുത്തുകാരി കൊച്ചുത്രേസ്യ എഴുതുന്നത് ഇങ്ങനെ:

മലയാളമ്മീഡിയത്തില്‍ പഠിച്ച്‌ കോളേജിലെത്തിയപ്പോ വല്യ പ്രശ്നമൊന്നും തോന്നീല. അവിടുള്ള പിള്ളാരൊക്കെ നമ്മളെ പോലെ തന്നെ കഷ്ണം കഷ്ണം ഇംഗ്ലീഷും കൊണ്ട്‌ നടക്കുന്നോര്‌. പക്ഷെ ജോലി കിട്ടി ഡെല്‍ഹീലെത്തീപ്പോ കളി മാറി. ഓഫീസില്‍ ഒടുക്കത്തെ ഇംഗ്ലീഷ്‌.. ഓഫീസീന്നു പുറത്തിറങ്ങിയാലോ ഒടുക്കത്തെ ഹിന്ദി. രണ്ടും നമ്മക്കൊരേ പോലെ നഹീ മാലൂം. ഞാനിങ്ങനെ ക്ഷ ത്ര വരയ്ക്കുന്നതു കണ്ട്‌ അന്നത്തെ ലോക്കല്‍ ഗാര്‍ഡിയന്‍ വഴി പറഞ്ഞു തന്നു. അവധി ദിവസം ആദ്യം കാണുന്ന ബസില്‍ കേറി പോവുക. അവിടുന്ന് അടുത്ത ബസ്‌. അങ്ങനെ അലഞ്ഞു തിരിഞ്ഞ്‌ രാത്രിയാവുമ്പോ തിരിച്ചു വീടു പിടിക്കുക. അങ്ങനെ വഴി ചോയ്ച്ചു ചോയ്ച്ച്‌ ഹിന്ദി ഒരു വിധം പഠിച്ചു. പക്ഷെ ഇംഗ്ലീഷ്‌.. ഉള്ള വാക്കുകളു. വാചകങ്ങളുമൊക്കെ ഉള്ളിലിങ്ങനെ തുള്ളിത്തുളുമ്പി നില്‍ക്കും. പക്ഷെ പുറത്തേക്കു വിടാന്‍ ഒടുക്കത്തെ പേടി.

ഇടയ്ക്കിടെ കൂട്ടുകാരിക്ക്‌ കൂട്ടായി കൊണാട്‌ പ്ലേസിലെ ബ്രിട്ടീഷ്‌ലൈബ്രറീല്‍ പോവുമാരുന്നു. അവള്‍ ബുക്കൊക്കെ എടുത്തു തീരും വരെ ഞാനിങ്ങനെ ചെരട്ടയ്ക്ക്‌ പുട്ടിലെന്തു കാര്യമ്ന്ന മട്ടില്‍ ചുമ്മാ നില്‍ക്കും. പിന്നെ ഫ്രീ ആണല്ലോന്നും കരുതി ബുക്കുകളെടുക്കാന്‍ തുടങ്ങി.. വായിക്കാന്‍ തുടങ്ങി..വൊക്കാബുലറി നന്നായീന്നല്ലാതെ സംസാരിക്കാന്‍ അപ്പഴും പേടീം ചമ്മലും. ഇന്ത്യ വിട്ട്‌ യാത്ര ചെയ്യാന്‍ തുടങ്ങീപ്പഴാണ്‌ ഒക്കേം ഒന്ന് ശരിയായത്‌. ഇംഗ്ലണ്ടിന്റെ അത്രേം അടുത്തു കിടക്കുന്ന ഇറ്റലീം ഫ്രാന്‍സുമൊക്കെ ഇംഗ്ലീഷ്‌ പറയാന്‍ കഷ്ടപ്പെടുന്നു. അപ്ലാ പിന്നെ അങ്ങ്‌ ഓണംകേറാമൂലന്നു വന്ന എന്റെ പാവം ഇംഗ്ലീഷ്‌. അതോടെ കോണ്‍ഫിഡന്‍സ്‌ കൂടിക്കൂടി വന്നു...

ന്നിട്ടിപ്പോ ഒരു ഇംഗ്ലീഷോഫീസില്‍ ഒരേയൊരു ഇന്ത്യക്കാരിയായി കുല്‍ക്കുകുഴിഞ്ഞു തുപ്പുന്ന പോലെ ഇംഗ്ലീഷും പറഞ്ഞോണ്ട്‌ ജീവിക്കുന്നു!!!



 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top