29 March Friday

ചൂരല്‍ കഷായവും ഇമ്പോസിഷനും ഇല്ലാതെ പാട്ടുകേട്ട് കുട്ടികള്‍ പഠിക്കുന്ന ഇന്നത്തെ 'സ്മാര്‍ട്ട് ക്ലാസുകള്‍' അന്നുണ്ടായിരുന്നെങ്കില്‍ ഞാന്‍ മറ്റൊരാളാകുമായിരുന്നോ?...സംശയവുമായി ഇന്നസെന്റ് എം പി

വെബ് ഡെസ്‌ക്‌Updated: Sunday Dec 16, 2018

കൊച്ചി > ചൂരല്‍ കഷായവും ഇമ്പോസിഷനും ബഞ്ചില്‍ കയറ്റി നിര്‍ത്തലും ഇല്ലാതെ, പാട്ടും കഥയും കേട്ട് കുട്ടികള്‍ ഇന്ന് പഠിക്കുകയാണ്. ഇന്നത്തെ 'സ്മാര്‍ട്ട് ക്ലാസുകള്‍' അന്നുണ്ടായിരുന്നെങ്കില്‍ ഞാന്‍ മറ്റൊരാളാകുമായിരുന്നോ?.....സംശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്നസെന്റ് എംപി. തന്റെ സ്വന്തം മണ്ഡലമായ ചാലക്കുടിയിലെ 200 ഓളം സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സ്ഥാപിച്ചു കഴിഞ്ഞ ശേഷമാണ് എംപിക്ക് ഈ കുസൃതി സംശയം ഉയര്‍ന്നത്. ഇതിനെ കുറിച്ച് എംപി തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്. അതോടൊപ്പം പുതുതായി ആരംഭിച്ച സ്മാര്‍ട്ട് ക്ലാസ് റൂമുകളില്‍ ഒന്നിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. കൊടുങ്ങല്ലൂരിലെ സിഎംഎംഒഎല്‍പി സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ്  റൂമിന്റെ വീഡിയോ ആണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്.
 

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

നേരത്തെ പലവട്ടം പറഞ്ഞിട്ടുള്ളതാണ്.

പഠിപ്പിന്റേയും പരീക്ഷകളുടേയും ലോകത്ത് എന്നും പിന്‍ബഞ്ചിലായിരുന്നു എന്റെ സ്ഥാനം. ഒരു ക്ലാസില്‍ നിന്നും അടുത്തതിലേക്കുള്ള എന്റെ യാത്രക്ക് ഒന്നും രണ്ടും മൂന്നും വര്‍ഷങ്ങളുടെ ദൂരമുണ്ടായിരുന്നു. പുതിയ അധ്യയന വര്‍ഷത്തിലേക്ക് സ്‌കൂള്‍ പൂട്ടിത്തുറക്കുമ്പോള്‍, ഒരു കൊല്ലം ഒപ്പമിരുന്നവരെല്ലാം അടുത്ത ക്ലാസിലേക്ക് പോയിട്ടുണ്ടാകും.

എന്റെ ഭാവിയെന്താകും എന്നാലോചിച്ച് സ്വയം പുകയാനേ അമ്മക്ക് സമയമുണ്ടായിരുന്നുള്ളൂ. പുറമേക്ക് തമാശയൊക്കെപ്പറയുമെങ്കിലും അപ്പനുമുണ്ടായിരുന്നു സങ്കടം.

ഇപ്പോള്‍ ആലോചിക്കുമ്പോള്‍
ഒരു കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. ക്ലാസ്സില്‍ പറയുന്ന കാര്യങ്ങളില്‍ പലതും എനിക്ക് നന്നായി മനസിലായിരുന്നു. അശോക ചക്രവര്‍ത്തി വഴിയരികില്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ചതും മുഗള്‍ വംശരാജാക്കന്‍മാര്‍ പിതാവിനെ കൊന്ന് അധികാരം പിടിച്ചടക്കിയതും ഡാര്‍വ്വിന്റേയും ന്യൂട്ടന്റേയും പരീക്ഷണങ്ങളുമെല്ലാം മറ്റേതൊരു കുട്ടിയേയും പോലെ സംശയമേതുമില്ലാതെ ഞാനും പഠിച്ചു. പക്ഷേ പരീക്ഷാപേപ്പറിനു മുന്നില്‍ എപ്പോഴും ഞാന്‍ പതറി. മാത്രമല്ല എനിക്ക് സ്വയം തോന്നിയത് പലതും ഞാന്‍ പേപ്പറില്‍ എഴുതുകയും ചെയ്തു.

'ചിരിക്കു പിന്നില്‍' എന്ന പുസ്തകത്തില്‍ ഇതെല്ലാം എഴുതിയിട്ടുള്ളതാണ്.

ഞാന്‍ പഠിച്ച കാലം മാറി; പഠന രീതി മാറി. സ്‌കൂളും ക്ലാസും മാറി.

ചൂരല്‍ കഷായവും ഇമ്പോസിഷനും ബഞ്ചില്‍ കയറ്റി നിര്‍ത്തലും ഇല്ലാതെ പാട്ടും കഥയും കേട്ട് കുട്ടികള്‍ ഇന്ന് പഠിക്കുകയാണ്. ഇന്നത്തെ 'സ്മാര്‍ട്ട് ക്ലാസുകള്‍' അന്നുണ്ടായിരുന്നെങ്കില്‍ ഞാന്‍ മറ്റൊരാളാകുമായിരുന്നോ?

അറിയില്ല.

എന്തായാലും കാലം എന്നില്‍ ഒരു എം പിയുടെ ഭാരവുമേല്‍പ്പിച്ചു. കുറെയേറെ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ച കൂട്ടത്തില്‍ ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ ഇരുന്നൂറോളം സ്‌കൂളുകളില്‍ 'സ്മാര്‍ട്ട് ക്ലാസു'കള്‍ സ്ഥാപിച്ചു.

കൊടുങ്ങല്ലൂരിലെ സിഎംഎംഒഎല്‍പി സ്‌കൂളിലെ അത്തരമൊരു സ്മാര്‍ട്ട് ക്ലാസ് ഇതാ.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top