14 April Sunday

ന്യായാധിപന്മാരുടെ വിധിന്യായങ്ങളെ സ്വാധീനിക്കുന്നത് വികലമായ വ്യക്തി വിശ്വാസങ്ങളോ ?... കെ സോമപ്രസാദ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 9, 2022

കെ സോമപ്രസാദ്

കെ സോമപ്രസാദ്

ജഡ്‌ജിയുടെ കേസ് തീർപ്പുകൽപ്പിക്കലിൽ അവരുടെ 'അബദ്ധ ധാരണകൾ' എത്ര മാത്രം സ്വാധീനം ചെലുത്തുന്നു എന്ന വസ്‌തുത ഇന്ദു മൽഹോത്രയുടെ പ്രസ്‌താവന തെളിയിക്കുന്നു-. ഇന്ദു മൽഹോത്രയും ജസ്റ്റിസ് യു യു ലളിതും തങ്ങൾ കെെകാര്യം ചെയ്യ്ത കേസുകളിൽ സമർപ്പിക്കപ്പെട്ട രേഖകളോ അവയുടെ ന്യായാന്യായങ്ങളോ പരിശോധിച്ചല്ല വിധി പ്രസ്‌താവിച്ചത്. മറിച്ച് കേസുമായി ബന്ധപ്പെട്ട്  സമർപ്പിക്കപ്പെട്ട റിക്കാർഡുകൾക്കും അതിനെ ആസ്പദമാക്കി അഭിഭാഷകർ നടത്തിയ വാദപ്രതിവാദങ്ങൾക്കും അപ്പുറത്തായി ചില ബാഹ്യശക്തികളുടെ താല്പര്യങ്ങളാണ് വിധി പ്രസ്‌താവനകളായി പുറത്തുവന്നതെന്നാണ് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വെളിപ്പെടുത്തലിലൂടെ പുറത്തു വരുന്നത്- കെ സോമപ്രസാദ് എഴുതുന്നുശ്രീപത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിന് വന്ന ജസ്റ്റിസ് ഇന്ദുമൽഹോത്ര നടത്തിയ വെളിപ്പെടുത്തൽ സംവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണല്ലൊ. കേരളത്തിൽ കമ്യൂണിസ്റ്റുകാർ സാമ്പത്തിക സമാഹരണ ഉദ്ദേശ്യത്തോടെ ക്ഷേത്രങ്ങൾ കെെയടക്കുകയാണെന്നും ഞാനും ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് യു യു ലളിതും ചേർന്ന് പത്മനാഭസ്വാമിക്ഷേത്രത്തിൻറെ കാര്യത്തിൽ അത് പൊളിച്ചു എന്നുമാണ് അവർ നടത്തിയ വെളിപ്പെടുത്തലിൻറെ രത്നചുരുക്കം. വസ്‌തുതകളുമായി യാതൊരു സാമ്യവും ഇല്ലാത്ത സ്വന്തം ധാരണയെ പറ്റിയാണവർ പറഞ്ഞതെന്ന് നമുക്കെല്ലാമറിയാം.

തിരുവിതാംകൂർ ദേവസ്വത്തിൻറെ നിയന്ത്രണത്തിലുള്ള 2400 ലധികം വരുന്ന ക്ഷേത്രങ്ങളിൽ വെറും അമ്പതിൽ താഴെ ക്ഷേത്രങ്ങൾ മാത്രമേ സ്വന്തം വരുമാനത്തിൽ നിന്ന് അതാതു ക്ഷേത്രത്തിലെ നിത്യനിദാന ചെലവുകൾ നിർവഹിക്കാനാവു. മറ്റു ക്ഷേത്രങ്ങളിലെ പൂജാദി കർമ്മങ്ങൾക്കും ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾക്കും ദേവസ്വം ബോർഡ് നൽകുന്ന ധനസഹായമാണ് ആശ്രയിക്കുന്നത്. ക്ഷേത്രത്തിലെ വരവിൽ ഒരു പൈസപോലും സർക്കാർ ഖജനാവിലേക്ക്‌വരുന്നില്ല എന്ന് മാത്രമല്ല 450 കോടി രൂപ ദേവസ്വംബോർഡിന് സർക്കാർ മുൻവർഷങ്ങളിൽ  നൽകുകയായിരുന്നു. കോവിഡ്-19 കാലത്ത് ഏതാണ്ട് രണ്ടു വർഷക്കാലം ക്ഷേത്രങ്ങളിൽ വരവുണ്ടായിരുന്നില്ല. ജീവനക്കാർക്ക് ശമ്പളവും മറ്റ് ക്ഷേത്ര ചെലവുകളും സർക്കാർ പണത്തെ മാത്രം ആശ്രയിച്ചാണ് നടന്നത്. കോവിഡ് 19 കാലത്ത് ഒരു പൂജാരിയും ശമ്പളമില്ലാതെ പട്ടിണികിടന്നില്ല. വസ്‌തുത ഇതായിരിക്കെ ഒരു മുൻ സുപ്രീംകോടതി ജഡ്‌ജിയുടെ ധാരണ എത്രമാത്രം സത്യ വിരുദ്ധമാണ്.

ഞാനിവിടെ പ്രതിപാദിക്കാനുദ്ധേശിച്ച കാര്യം മറ്റൊന്നാണ്. അത് ജഡ്‌ജിയുടെ കേസ് തീർപ്പുകൽപ്പിക്കലിൽ അവരുടെ 'അബദ്ധ ധാരണകൾ' എത്ര മാത്രം സ്വാധീനം ചെലുത്തുന്നു എന്ന വസ്തുത ഇന്ദു മൽഹോത്രയുടെ പ്രസ്‌താവന തെളിയിക്കുന്നു എന്നതാണ്. ഇന്ദു മൽഹോത്രയും ജസ്റ്റി‌സ് യു യു ലളിതും തങ്ങൾ കെെകാര്യം ചെയ്യ്ത കേസുകളിൽ സമർപ്പിക്കപ്പെട്ട രേഖകളോ അവയുടെ ന്യായാന്യായങ്ങളോ പരിശോധിച്ചല്ല വിധി പ്രസ്‌താവിച്ചത്. മറിച്ച് കേസുമായി ബന്ധപ്പെട്ട്  സമർപ്പിക്കപ്പെട്ട റിക്കാർഡുകൾക്കും അതിനെ ആസ്പദമാക്കി അഭിഭാഷകർ നടത്തിയ വാദപ്രതിവാദങ്ങൾക്കും അപ്പുറത്തായി ചില ബാഹ്യശക്തികളുടെ താല്പര്യങ്ങളാണ് വിധി പ്രസ്‌താവനകളായി പുറത്തുവന്നതെന്നാണ് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വെളിപ്പെടുത്തലിലൂടെ പുറത്തു വരുന്നത്.

കഴിഞ്ഞ കുറെ വർഷങ്ങളായി ഉന്നത നീതിപീഠം പലനിർണ്ണായക വിഷയങ്ങളിലും സ്വീകരിച്ചു വരുന്ന നിലപാടുകൾ നമ്മുടെ നീതിബോധത്തിന് നിരക്കുന്നതല്ലല്ലൊ. ബാബരി മസ്‌ജിദ്- രാമജന്മഭൂമി പ്രശ്‌നത്തിൽ സ്ഥലത്തിൻറെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിലെ വിധി, മസ്‌ജിദ് പൊളിച്ചവർക്കെതിരെ എടുത്ത ക്രിമിനൽ കേസ്സുകളിലെ വിധി, അന്യായമായി യുഎപിഎ ചുമത്തുന്നതിനെതിരെയുള്ള കേസ്സുകളിലെ വിധി, ഭീമാകൊറേഗാവ് സംഭവത്തെ നഗര നക്‌സലുകളുടെ ഇടപെടൽ എന്ന സാങ്കൽപിക കുറ്റം ചാർത്തി വർഷങ്ങളായി ജയിലിലടച്ചിരിക്കുന്നവർക്കു ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധികൾ, ഗുജറാത്തിലെ വിവിധ കലാപങ്ങളിലെ പ്രതികളെ വിട്ടയച്ചുകൊണ്ടുള്ള വിധികൾ ഇവയൊന്നും സാമാന്യ ജനത്തിന് ദഹിക്കുന്നവയായിരുന്നില്ല.കൂടാതെ അടിയന്തിരമായി സുപ്രീംകോടതിയുടെ തീർപ്പുവരേണ്ടതായ നിരവധി പ്രധാനപ്പെട്ട കേസ്സുകൾ വിചാരണക്കുപോലും എടുക്കാതെ നീട്ടികൊണ്ടുപോവുകയാണ്.

പരോമോന്നത കോടതികളിൽ നിയമപാലകരായി വരുന്നവർ മിക്കവരും ഇൻഡ്യയുടെ ആത്മാവ് തൊട്ടറിയുന്നവരല്ല. പഴയ ചാതൂർവർണ്യവ്യവസ്ഥയിലെ ബ്രാഹ്മണ മേധാവിത്വത്തിൻറെ സുഖം ഉപേക്ഷിക്കാൻ മാനസികമായി തയ്യാറുള്ളവരുമല്ല. രാജഭരണം അവസാനിപ്പിച്ചിട്ടും കോടികൾ വിലമതിക്കുന്നപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്തിൻറെ അധികാരിയായി തിരുവിതാംകൂർ രാജ കുടുംബത്തെതന്നെ ഏൽപിച്ചത്. കേസിൽ വിധിപറഞ്ഞ ഇന്ദുമൽഹോത്രയുടെയും യു യു ലളിതിൻറെയും ജാതി, ജൻമി, നാടുവാഴിത്ത വ്യവസ്ഥയോടുള്ള മാനസിക അടിമത്തമാണ് കാണിക്കുന്നതെന്ന് വ്യക്തം.

കെ സോമപ്രസാദ് (മുൻ എംപി, പികെഎസ് സംസ്ഥാന സെക്രട്ടറി)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top