25 April Thursday

‘‘ഭീഷണിയുടെ കത്തി മടക്കി പോക്കറ്റിൽ വെച്ചാൽ മതി! പിന്മാറുന്നവരുടെ നിരയിൽ പ്രഭാവർമയെ പ്രതീക്ഷിക്കേണ്ട’’ ‐ സംഘപരിവാർ ഭീഷണിക്ക്‌ മറുപടിയുമായി കവി പ്രഭാവർമ

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018

തിരുവനന്തപുരം > കവി പ്രഭാവർമക്കും സംഘപരിവാർ ഭീഷണി. ഈ ലക്കം കലാകൗമുദി വാരികയിൽ 'ഗീത, ദൈവദശകം, സന്ദീപാനന്ദഗിരി’ എന്ന ലേഖനമെഴുതിയതിന്‌ ഫോണിലൂടെ ഭീഷണിയുണ്ടായതായി പ്രഭാവർമ ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു.

ചാതുർവർണ്യത്തെ സംരക്ഷിക്കുന്നതിനാൽ ശ്രീനാരായഗുരുവും സ്വാമി വിവേകാനന്ദനും ഭഗവത്‌ഗീതയോട്‌ വിമർശനാത്മക സമീപനം സ്വീകരിച്ചിരുന്ന കാര്യം ലേഖനത്തിൽ പ്രതിപാദിച്ചതിൽ പ്രകോപിതനായാണ്‌ ഫോണിലൂടെ ഭീഷണി മുഴക്കിയതെന്ന്‌ പ്രഭാവർമ പറഞ്ഞു. ‘‘ഭഗവദ് ഗീതയെ കുറിച്ച് ഇങ്ങനെ മേലാൽ എഴുതരുത്’’ എന്ന കൽപ്പന അനുസരിക്കാൻ തന്നെ കിട്ടില്ലെന്ന്‌ വ്യക്തമാക്കിയ കവി സംഘപരിവാറിന്‌ ഫേസ്‌ബുക്കിലെഴുതിയ മറുപടിക്കുറിപ്പിൽ ‘ഭീഷണിയുടെ കത്തി മടക്കി പോക്കറ്റിൽ വക്കാനും’ പറയുന്നുണ്ട്‌. 

പ്രഭാവർമയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം:

ഈ ലക്കം കലാകൗമുദിയിൽ വന്ന  ‘ഗീത, ദൈവദശകം, സന്ദീപാനന്ദഗിരി’ എന്ന എന്റെ ലേഖനം മുൻനിർത്തി സംഘപരിവാർ ഭീഷണി. 9539251722 എന്ന നമ്പറിൽ നിന്നാണ് രാത്രി 8.20 ന് ആക്രോശം വന്നത്.

ഭഗവദ് ഗീതയെ കുറിച്ച് ഇങ്ങനെ മേലാൽ എഴുതരുത് എന്നു കല്പന. ചാതുർവർണ്യത്തെ സംരക്ഷിക്കുന്ന കൃതിയാണു ഗീത എന്നും അതുകൊണ്ടുതന്നെ ശ്രീനാരായണ ഗുരു ഗീതയെ പരാമർശിക്കുക പോലും ചെയ്തിട്ടില്ലെന്നും ഞാൻ എഴുതിയിരുന്നു. ഗീതയെ പൂർണമായി ഉൾക്കൊള്ളാനാവില്ലെന്നു സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുള്ളതും ഞാൻ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഗീതയിലെവിടെയാണിത് എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു തുടക്കം തന്നെ. ഗീത വായിച്ചിട്ടുണ്ടോ താങ്കൾ എന്നു ഞാൻ ചോദിച്ചു. ' ചാതുർവർണ്യം മയാ സൃഷ്ടം' എന്നതടക്കമുള്ള ശ്ലോകങ്ങൾ ഞാൻ ചൊല്ലി കേൾപ്പിച്ചു. ഒരു ശ്ലോകമെങ്കിലും ചൊല്ലാമോ എന്നു ഞാൻ ചോദിച്ചു. വിവേകാനന്ദ സർവ്വസ്വം എടുത്തു വായിക്കാൻ അപേക്ഷിച്ചു. അയാൾ ഗീത വായിച്ചിട്ടുണ്ടെന്നോ വിവേകാനന്ദ സർവ്വസ്വം എന്നു കേട്ടിട്ടുണ്ടെന്നോ തോന്നിയില്ല. ആക്രോശമെവിടെ; ശ്ലോകമെവിടെ?

ഏതായാലും ഒരു കാര്യം തീർത്തു പറയാം. ഗീത വായിക്കാൻ എനിക്കു സംഘ പരിവാർ തരുന്ന കണ്ണട വേണ്ട. എഴുതാൻ എനിക്കു പരിവാറിന്റെ അനുവാദവും വേണ്ട. ഭീഷണിയുടെ കത്തി മടക്കി പോക്കറ്റിൽ വെച്ചാൽ മതി! പിന്മാറുന്നവരുടെ നിരയിൽ പ്രഭാവർമയെ പ്രതീക്ഷിക്കേണ്ട.
പ്രഭാവർമ .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top