30 November Thursday

ഹൈക്കോടതിക്ക്‌ 155 ദിവസം ശമ്പളത്തോടെയുള്ള അവധി; കേന്ദ്രം പറഞ്ഞ 8 ലക്ഷം ഒഴിവുകൾ നികത്താൻ ഒരു നിർദേശമെങ്കിലും കൊടുക്കുമോ?

വെബ് ഡെസ്‌ക്‌Updated: Tuesday Mar 29, 2022

പണിമുടക്കിയവരെ കൈകാര്യം ചെയ്യാൻ നിർദേശിച്ച കോടതി കേന്ദ്രസർക്കാർ പാർലിമെന്റിൽ പറഞ്ഞ ആ എട്ടേമുക്കാൽ ലക്ഷം ഒഴിവുകൾ നികത്താൻ ഒരു നിർദേശം കൊടുക്കുകയെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കാമല്ലോ. ജീവനക്കാരുടെ കാര്യത്തിൽ ഇന്നലെ കോടതി ഇടപെടലുണ്ട്. സർക്കാർ ഉത്തരവുണ്ട്..തൊഴിലാളികളും ജീവനക്കാരും ഇന്നും പണിമുടക്കിയിട്ടുണ്ട്.... സർക്കാർ നടപടി എടുക്കുമായിരിക്കും. ഫഹദ്‌ മർസൂക്ക്‌ എഴുതുന്നു.

ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ 2022 ലെ പ്രവൃത്തി ദിനങ്ങളുടെ കലണ്ടർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത് നോക്കുകയായിരുന്നു. 210 ദിവസങ്ങളാണ് പ്രതീക്ഷിക്കുന്ന പരമാവധി പ്രവൃത്തി ദിവസങ്ങൾ. അതായത് 155 ദിവസങ്ങൾ ശമ്പളത്തോടെയുള്ള അവധിയാണ്. പ്രളയാനന്തരം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം താൽക്കാലികമായി നീക്കിവെച്ചപ്പോൾ പോലും കോടതികളെ മാറ്റി നിർത്തിയിരുന്നു എന്നാണ് ഓർമ.

കറുത്ത കോട്ടിടുന്നത് കൊണ്ടാണോന്ന് അറിയില്ല ഇപ്പോഴും ചൂട് കൂടുന്ന വേനൽകാലത്ത് വേനലവധിയൊക്കെയുണ്ട് കോടതികൾക്ക്. ആഹ്. അതെന്തേലുമാവട്ടെ.!. തൊഴിലാളി പണിമുടക്കിലെ 12 മുദ്രാവാക്യങ്ങളിലൊന്ന് തൊഴിലുറപ്പ് പണിക്ക് പോകുന്നവരുടെ കാര്യമാണ്.. മഹാത്മാഗാന്ധി തൊഴിലുറപ്പ് സ്‌കീം അനുസരിച്ച് 100 തൊഴിൽദിനങ്ങളാണ് വർഷത്തിൽ. കേരളത്തിലെ തൊഴിലുറപ്പ് കൂലി പ്രതിദിനം 291 രൂപയാണ്. ഇതിനായി കൂടുതൽ പണം മാറ്റി വെക്കണമെന്നും  തൊഴിൽ ദിനങ്ങൾ വർധിപ്പിക്കണമെന്നുമാണ് പണിമുടക്കിലൂടെ ട്രേഡ് യൂണിയനുകൾ മുന്നോട്ട് വെക്കുന്ന ആവശ്യം.. അവർക്ക് വേണ്ടി കൂടി, അവരും ചേർന്നതാണീ സമരം.

പാർലിമെന്റ് പാസാക്കിയ ലേബർ കോഡുകൾ പിൻവലിക്കണം എന്നാണ് പണിമുടക്കിന്റെ ഏറ്റവും സുപ്രധാനമായ മറ്റൊരു ആവശ്യം. ലേബർ കോഡിലൂടെ സർക്കാർ വിഭാവനം ചെയ്യുന്നത് സ്ഥിരം ജോലിക്കാർ അധികമില്ലാത്ത ഇന്ത്യയാണ്! ഫിക്സഡ് ടെം എംപ്ലോയ്മെന്റ് ആണ് സർക്കാരിന്റെ ഭാവി നയം. അതായത് എല്ലാം കരാർ നിയമനങ്ങളാവാൻ പോവുകയാണെന്ന്..! 6 മാസം കൂടുമ്പോഴോ ഒന്നോ രണ്ടോ കൊല്ലം കൂടുമ്പോഴോ മുതലാളിക്ക്/സർക്കാരിന് നിങ്ങളെ പിരിച്ചു വിട്ട് കൊണ്ടേയിരിക്കാം. തൊഴിൽ സ്ഥിരതയോ സുരക്ഷിതത്വമോ ഇനി പ്രതീക്ഷിക്കേണ്ടതില്ലെന്ന്. സർക്കാർ ജോലിക്കായൊന്നും ഇനി മക്കളെ കഷ്‌ടപ്പെട്ട് പഠിപ്പിച്ചിട്ട് കാര്യമൊന്നുമില്ലെന്ന്. ഏത് പ്രൊഫഷണൽ ഡിഗ്രിക്കാരനും വർഷാവർഷം കോൺട്രാക്‌ട് പുതുക്കൽ ഔദാര്യത്തിനായി അധികാരികളുടെ മുന്നിൽ ഓച്ചാനിച്ച് നിൽക്കണമെന്ന്. കടുത്ത തൊഴിൽ ചൂഷണത്തിന് വിധേയരാവട്ടെയെന്ന്...

സംഘടിതമായി തൊഴിലാളി വർഗം ഇതുവരെ നേടിയെടുത്ത എല്ലാ അവകാശങ്ങളെയും എടുത്ത് തോട്ടിൽ ഇടാനുള്ള ശ്രമങ്ങളാണ്. അതിനെ പ്രതിരോധിക്കാനാണ് രാജ്യത്തെ ട്രേഡ് യൂണിയനുകൾ ഐതിഹാസികമായ സമരത്തിൽ ഏർപ്പെടുന്നത്. ജീവനക്കാരും അധ്യാപകരും ഐക്യപ്പെടുന്നത്. ഇങ്ങനെ 12 മുദ്രാവാക്യങ്ങളുണ്ട്. അതിലൊക്കെ എന്തേലും ഇടപെടൽ കോടതിക്ക് സ്വമേധയാ നടത്താവുന്നതാണോ എന്ന് എനിക്കറിയില്ല. പണിമുടക്കിയവരെ കൈകാര്യം ചെയ്യാൻ നിർദേശിച്ച കോടതി കേന്ദ്രസർക്കാർ പാർലിമെന്റിൽ പറഞ്ഞ ആ എട്ടേമുക്കാൽ ലക്ഷം ഒഴിവുകൾ നികത്താൻ ഒരു നിർദേശം കൊടുക്കുകയെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കാമല്ലോ. ജീവനക്കാരുടെ കാര്യത്തിൽ ഇന്നലെ കോടതി ഇടപെടലുണ്ട്. സർക്കാർ ഉത്തരവുണ്ട്..തൊഴിലാളികളും ജീവനക്കാരും ഇന്നും പണിമുടക്കിയിട്ടുണ്ട്.... സർക്കാർ നടപടി എടുക്കുമായിരിക്കും.

സ്വാഭാവികമായും ഹർജിയും കൊണ്ട് അവരും കോടതിയിലേക്ക് തന്നെ വരും.. ഏപ്രിൽ 8 മുതൽ പക്ഷെ കോടതി അടവാകും. സ്വമേധയാ അവധിയൊഴിവാക്കി പണിയെടുത്ത് സേവനം നടത്താൻ ഒരുപക്ഷെ കോടതി തയ്യാറാകുമായിരിക്കുമെന്ന് ആശിക്കാം.. അതുമല്ലേൽ ഏതേലും ചന്ദ്രചൂഡൻന്മാർ ഒരു ഹർജിയുമായി പോയി വേനലവധിയൊക്കെ ഇനിയും വേണോന്ന് കോടതിയോട് ചോദിക്കുമായിരിക്കുമെന്നും പ്രതീക്ഷിക്കാം... അവകാശ ബോധമുള്ളവർ സംഘടിതമായി ഇന്നലെയും പണിമുടക്കിയിട്ടുണ്ട്. ഇന്നും പണി മുടക്കുന്നുണ്ട്. അതെന്തിനാണെന്ന ബോധ്യവുമുണ്ട്. പണിമുടക്കുന്ന എല്ലാ സമരസഖാക്കൾക്കും ഹൃദയാഭിവാദ്യങ്ങൾ.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top