20 April Saturday

കെ വേണു പറഞ്ഞത് വേറെവിടെയെങ്കിലും മുമ്പ് കേട്ടോ?

എ കെ രമേശ്‌Updated: Tuesday Nov 1, 2016

പിണറായി വിജയന്റെ തൂക്കമൊപ്പിക്കാനായി ഇപ്പുറത്ത് തത്തുല്യനായി നവംബര്‍ ഒന്നിന്റെ എഡിറ്റ് പേജില്‍ മാതൃഭൂമി അവതരിപ്പിച്ചത് തോക്കിന്‍കുഴലിലൂടെ വിപ്ലവം നടത്താനിറങ്ങിത്തിരിച്ച് ആയിരക്കണക്കിന് യുവാക്കളെ ആവേശം കൊള്ളിച്ച പഴയ കെ.വേണുവിന്റെ പുതിയ രൂപത്തെയാണ്.

കേരളപ്പിറവി ദിനത്തില്‍ പ്രസിദ്ധപ്പെടുത്തിയ വേണു നാദം അവസാനിക്കുന്നത് ഇങ്ങനെയാണ്: 'പുതിയ ചെറുപ്പക്കാര്‍ പുതുവഴികള്‍ കണ്ടെത്തുക തന്നെ ചെയ്യും. അതൊരു ചരിത്ര നിയമമാണ്. '
ചെറുപ്പക്കാര്‍ക്ക് താന്‍ കാട്ടിക്കൊടുത്ത വഴി തെറ്റിപ്പോയെന്ന് നന്നായറിയാവുന്ന വേണു കണ്ടെത്തുന്ന പുതുവഴി ഏതാണെന്ന് മനസ്സിലാക്കാന്‍ ആ ലേഖനം തന്നെ സഹായിക്കും.

കൈയൂക്കിലൂന്നിയ അവകാശബോധമാണ് പ്രശ്നം എന്നാണ് മുഖ്യ വിമര്‍ശനം. അത് അവസാന ഖണ്ഡികയുടെ തലക്കെട്ടുമാണ്. ആദ്യത്തെ സൈഡ് ഹെഡ്ഡിങ്ങ് വായിച്ച് വഷളത്തമാണ് മുഴുനീളെ എന്നു കരുതി വായന മുഴുമിപ്പിക്കാഞ്ഞാല്‍ നഷ്ടം നിങ്ങള്‍ക്കാണ്.

അതുകൊണ്ട്
' നവോത്ഥാനത്തില്‍ നിന്ന് ട്രെയ്ഡ് യൂണിയനിസത്തിലേക്ക് ' എന്ന തലക്കെട്ട് നല്‍കുന്ന സ്റ്റോപേജ് സിഗ്നലിനെ മറികടന്ന് വായന തുടര്‍ന്നാല്‍ നാല് ചാര്‍ളി ചാപ്ലിന്‍ സിനിമ ഒന്നിച്ചു കണ്ട ഒരു കോമിക് റിലീഫ് കിട്ടും. അതു കൊണ്ട് ലേഖനം മുഴുവന്‍ വായിക്കുന്നത് വായനക്കാരന്റെ ആരോഗ്യത്തിനും നന്ന്.

സെല്‍ഭരണം തിരിഞ്ഞുകുത്തി എന്ന തലക്കെട്ടോടെ തുടങ്ങുന്ന ഖണ്ഡിക വായിച്ചു നോക്കൂ. സെല്‍ഭരണം, ഭൂപരിഷ്കരണ ബില്ല്, വിദ്യാഭ്യാസ ബില്ല് ഇവയോട് പിന്തിരിപ്പന്മാര്‍ക്കുണ്ടായിരുന്ന അതേ കലിപ്പ് അവര്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ടാവില്ല ,പക്ഷേ ഒരെക്സ് നക്സലൈറ്റ് അവര്‍ക്ക് വേണ്ടി അതിപ്പോഴും പാടിക്കൊണ്ടേയിരിക്കുന്നത് കാണാന്‍ രസമുണ്ട്!

സംഘടിത ന്യൂനപക്ഷം നിശ്ശബ്ദ ഭൂരിപക്ഷത്തിനു നേരെ നടത്തുന്ന അതിക്രമത്തില്‍ മനംനൊന്ത മട്ടില്‍ കെ.വേണു എഴുതുന്നുണ്ട്. പക്ഷേ ആ വാചകങ്ങള്‍ പോലും വേണുവിന്റെ തല്ല. രണ്ടു വര്‍ഷം മുമ്പ് ഹിന്ദു പത്രത്തില്‍ ഒരു മുഴുപ്പേജ് മലയാള പരസ്യം വന്നിരുന്നു. സംഘടിത ന്യൂനപക്ഷം അസംഘടിതരായ മഹാഭൂരിപക്ഷത്തിനു നേരെ നടത്തുന്ന ആക്രമണങ്ങളില്‍ നിന്ന് അവരെ രക്ഷിക്കാനായി രൂപം കൊണ്ട 'നിശ്ശബ്ദ ഭൂരിപക്ഷം'' എന്ന രാഷ്ട്രീയ കക്ഷിയുടെ മാനിഫെസ്റ്റോ ആയിരുന്നു പരസ്യത്തില്‍ .

അധികാരത്തില്‍ വന്നാല്‍
ആദ്യം ചെയ്യുക, പണിമുടക്കങ്ങള്‍ നിരോധിക്കുകയാണ് എന്ന് അതില്‍ പ്രഖ്യാപിച്ചിരുന്നു.
ചൂഷണം ചെയ്യപ്പെടുന്ന പാവപ്പെട്ട നിശ്ശബ്ദരായ മനുഷ്യര്‍ക്ക് വേണ്ടി ഇങ്ങനെയൊരു പാര്‍ട്ടി രൂപവല്‍ക്കരിക്കാന്‍ കാശും അദ്ധ്വാനവും ചെലവാക്കുന്നത് മുത്തൂറ്റ് മുതലാളിയാണ്. ആ മുതലാളി അന്നു പറഞ്ഞ അതേ വാചകം വേണുവിന്റെ ലേഖനത്തില്‍ ഇങ്ങനെ വായിക്കാം: 'സംഘടിത ശക്തിയുടെ പേരില്‍ ഊറ്റം കൊള്ളുന്നവര്‍ അസംഘടിത ജനങ്ങളുടെ മേല്‍ കുതിര കയറുന്നവരാണ്.'

ഒരിക്കലും കുതിര കയറിയിട്ടില്ലാത്ത മുത്തൂറ്റ് മുതലാളിയുടെ നേരെ കുതിര കയറാന്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ സംഘടിത ശക്തി ശ്രമിക്കുന്ന ഒരു സമയമാണ്. മാസം 600 രൂപ എണ്ണിക്കൊടുത്തിട്ടും അതു പോരെന്ന് പറഞ്ഞ് സംഘടിക്കുകയാണ് അവിടത്തെ ശിപായിമാര്‍! നവംബര്‍ 3 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് പോവുകയാണ് മാനേജര്‍മാരടക്കം. മുത്തൂറ്റിന് ജനങ്ങളെ സേവിക്കാനുള്ള അവസരമാണ് നിഷേധിക്കപ്പെടുന്നത് എന്ന് വേണുവിനറിയാം. പക്ഷേ അത് നേരിട്ടങ്ങനെ പറഞ്ഞു കൂടല്ലോ.
നിശ്ശബ്ദ ഭൂരിപക്ഷത്തിന്റെ കൂലിയെഴുത്തുകാരന്‍ എന്ന പേരുദോഷം വരുത്തിവെക്കരുതല്ലോ.

അതിനാലാണ് വേണു വളച്ചുകെട്ടിപ്പറയുന്നത്.
മുത്തൂറ്റ് മുതലാളി പുതുതായുണ്ടാക്കിയ പാര്‍ട്ടിയുടെ നിയുക്ത മുഖ്യമന്ത്രിയാവാന്‍ സാദ്ധ്യതയുള്ള ഒരാളെയാണ് കേരള മുഖ്യമന്ത്രിക്ക് മറുപടിയെഴുതിക്കാനായി മാതൃഭൂമി കണ്ടെത്തുന്നത്.

വിപ്ലവം തോക്കിന്‍കുഴലിലൂടെ നടക്കില്ലെന്ന് കണ്ട് നാടന്‍ തോക്ക് കാട്ടിലുപേക്ഷിച്ച ശേഷം ബാലറ്റ് പെട്ടി വഴി പ്രതിവിപ്ലവം നടത്താനാവുമോ എന്നു പരീക്ഷിച്ച കെ.വേണുവിന് പറ്റിയ ഇടം തന്നെ നിശ്ശബ്ദ ഭൂരിപക്ഷം!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top