കോഴിക്കോട് > വടകര എം പി മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സോഷ്യല്‍ മീഡിയയില്‍ വോട്ടര്‍മാരുടെ ക്യാംപയിന്‍. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ തീരപ്രദേശങ്ങളില്‍ കനത്ത നാശനഷ്‌ടങ്ങള്‍ ഉണ്ടായിട്ടും സ്ഥലം എംപി തിരിഞ്ഞു നോക്കുകപോലും ചെയ്യാത്തതിലാണ് ജനങ്ങളുടെ പ്രതിഷേധം. ജില്ലയിലെ പയ്യോളി,കൊയിലാണ്ടി,വടകര ഭാഗങ്ങളില്‍ കടല്‍ ഇളകിമറിഞ്ഞിട്ടും തീരദേശ റോഡുകള്‍ കടലെടുത്തിട്ടും എം പി സ്ഥലം സന്ദര്‍ശിക്കുക പോലും ചെയ്‌തില്ല.
#WhereIsMullappally #WhereIsOurMP ഹാഷ്‌ടാഗുമായാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കത്തുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി പേരാണ് ഹാഷ്‌ടാഗ് ഏറ്റെടുത്ത് ഫേസ്‌ബുക്കിലും ട്വിറ്ററിലുമായി പോസ്റ്റുകള്‍ ഇട്ടിട്ടുള്ളത്. മണ്ഡലത്തിലെ വോട്ടര്‍ വിനോദ് ബാസ്റ്റ്യൻ എന്നയാള്‍ എഴുതിയ കുറിപ്പും വൈറലായിട്ടുണ്ട്.
കുറിപ്പിന്റെ പൂര്‍ണരൂപം;
സ്നേഹം നിറഞ്ഞ വടകര എംപി മുല്ലപ്പള്ളി രാമചന്ദ്രന് വടകര പാർലമെന്റ് മണ്ഡലത്തിലെ ഒരു വോട്ടർ എഴുതുന്ന കത്ത്...
2014ൽ പതിനാറാം ലോക്സഭാ ഇലക്ഷനിൽ താങ്കൾ വടകര പാർലമെന്റ് മണ്ഡലത്തിൽ മൽസരിക്കുകയും താങ്കൾക്ക് 416479 വോട്ടുകൾ ലഭിക്കുകയും, താങ്കളുടെ എതിരാളിയായി മൽസരിച്ച സിപിഐഎം സ്ഥാനാർത്ഥി അഡ്വക്കേറ്റ് എ.എൻ ഷംസീർ 413173 വോട്ടുകൾ നേടുകയും, താങ്കൾ 3306 വോട്ടുകൾക്ക് വിജയിക്കുകയും ചെയ്‌തിരുന്നു.
താങ്കൾ വിജയിച്ച ശേഷം താങ്കൾക്ക് മണ്ഡലത്തിന്റെ പലഭാഗത്തും കോൺഗ്രസ്സുകാർ സ്വീകരണം നൽകുകയുണ്ടായി. 2014 ന് മുമ്പ് പതിനഞ്ചാം ലോക്സഭയിൽ താങ്കൾ വടകരയിൽ എംപിയും കേന്ദ്രത്തിൽ സഹമന്ത്രിയും ആയിരുന്നു. അന്തക്കാലത്ത് പെരുവണ്ണാമൂഴിയിൽ താങ്കൾ CRPF കേന്ദ്രത്തിന് തറക്കല്ലിടുകയും മണ്ഡലത്തിലെ പല CRPF ജവാൻമാരുടെ കുടുംബക്കാരും താങ്കളെ വന്നുകാണുകയും പെരുവണ്ണാമൂഴിക്ക് ട്രാൻസ്ഫറിനായി സഹായിക്കാം എന്നുപറഞ്ഞ് അവരെ ആശ്വസിപ്പിച്ച് മടക്കി അയക്കുകയും ചെയ്‌തിരുന്നു.
ആ തറക്കല്ലിടൽ യോഗത്തിൽ താങ്കൾ പെരുവണ്ണാമൂഴിക്ക് സമഗ്ര ടൂറിസം പദ്ധതിയും, പെരുവണ്ണാമൂഴിയിൽ തന്നെ കേന്ദ്ര യൂണിവേഴ്‌സിറ്റിയും, വയനാട് ബദൽറോഡും പ്രഖ്യാപിച്ചിരുന്നു. ഞാനീ കഴിഞ്ഞ ദിവസം നാട്ടിൽ പോയപ്പോൾ, CRPF കേന്ദ്രവും, കേന്ദ്ര യൂണിവേഴ്‌സിറ്റിയും, പെരുവണ്ണാമൂഴി സമഗ്ര ടൂറിസം പ്രൊജക്ടും, വയനാട് ബദൽ റോഡും നാട്ടിൽ കാണാനില്ല. നാട്ടിൽ പലരോടും അന്വേഷിച്ചപ്പോൾ താങ്കളേയും കാണാനില്ല എന്ന മറുപടിയാണ് കിട്ടിയത്.
ഇപ്പോൾ കേരളത്തിന്റെ പലഭാഗത്തും ഓഖി ചുഴലിക്കാറ്റ് അടിച്ച കൂട്ടത്തിൽ വടകരയുടെ പലഭാഗത്തുകൂടിയും ഓഖി കടന്നുപോയി. താങ്കളുടെ വീടിന്റെ മുറ്റത്ത് കുറച്ച് വാഴകൾ ഒടിഞ്ഞുവീണ് കിടക്കുന്നുണ്ട്. അങ്ങ് ജീവിച്ചിരിപ്പുണ്ട് എങ്കിൽ, ആരാടേലും പറഞ്ഞ് താങ്കളുടെ വീടിന്റെ മുറ്റത്ത് ഒടിഞ്ഞുവീണു കിടക്കുന്ന വാഴയെങ്കിലും വെട്ടിമാറ്റി മുറ്റവും ഒന്ന് അടിച്ചുവാരിക്കണം.
2016 മെയ് മാസം കേരളത്തിൽ സംസ്ഥാന ഇലക്ഷൻ നടക്കുകയും, പേരാമ്പ്രയിൽ ടി.പി രാമകൃഷ്ണൻ സഖാവിനെ എംഎൽഎ ആയി വോട്ടർമാർ തിരഞ്ഞെടുക്കുകയും, അദ്ദേഹത്തെ മന്ത്രിയാക്കി എൽഡിഎഫ് മന്ത്രിസഭ അധികാമേൽക്കുകയും ചയ്‌തിരുന്നു. ടി.പി പേരാമ്പ്രയിലെ മാത്രമല്ല, വടകരയിലെയും, കോഴിക്കോട് ജില്ലയുടേയും കാര്യങ്ങൾ വളരെ ഭംഗിയായി നോക്കുന്നുണ്ട്. സംസ്ഥാന മന്ത്രിയെന്ന നിലയിലും നല്ല രീതിയിൽ ഉത്തരവാദിത്തം നിറവേറ്റുന്നുണ്ട്. താങ്കളെ നാട്ടിൽ കാണാത്ത കുറവ് അതുകൊണ്ട് തന്നെ ആരും അറിയുന്നില്ല.
ഈ കത്ത് എഴുതുന്നത്, താങ്കൾ നാട്ടിലേക്കുള്ള വഴി മറന്നുപോയതാണ് എങ്കിൽ, കോഴിക്കോട് എയർപോട്ടിലോ, കോഴിക്കോട്, വടകര റെയിൽവേസ്റ്റേഷനിലോ ഇറങ്ങിയാൽ വടകര പാർലമെന്റ് മണ്ഡലത്തിലും, വില്യാപ്പള്ളിയിലുള്ള താങ്കളുടെ വീട്ടിലും എത്തിപ്പെടാനാകും. അഥവാ താങ്കളെ കാണാതായതാണ് എങ്കിൽ കണ്ടുകിട്ടുന്ന ആരേലും അദ്ദേഹത്തെ അദ്ദേഹത്തിന്റെ വീട്ടിലെങ്കിലും എത്തിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
അഥവാ അങ്ങ് ജീവിച്ചിരിക്കുന്നില്ല എങ്കിൽ അങ്ങയുടെ ഇല്ലാത്ത ആത്മാവിന് ആത്മശാന്തി നേരുന്നു.
എന്ന്,
വിനോ ബാസ്റ്റ്യൻ
ഒപ്പ് വിത്ത് കുത്ത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..