26 April Friday

പരിഗണിച്ചില്ലെങ്കിലും ഉപദ്രവിയ്ക്കാതെ ഇരുന്നുകൂടെ ?...ലൈംഗികന്യൂനപക്ഷങ്ങളെപ്പറ്റി ഹബീബ് അഞ്ജു എഴുതുന്നു

ഹബീബ് അഞ്ജുUpdated: Thursday Mar 7, 2019

ഹബീബ് അഞ്ജു

ഹബീബ് അഞ്ജു

ഒരാൾ സ്ത്രീ ആണ് പുരുഷൻ ആണ് എന്നതൊക്കെ അയാളുടെ നിയന്ത്രണത്തിൽ നടന്ന കാര്യങ്ങൾ അല്ലാത്തതു പോലെ തന്നെയാണ് ഒരാൾ ലൈംഗികന്യൂനപക്ഷമാവുന്നതും. ബഹുമാനമോ പരിഗണനയോ ഒന്നും വേണ്ടെന്നേ, അങ്ങോട്ട്‌ കയറി ഉപദ്രവിക്കാതിരുന്നാൽ മതിയാകും....- ലൈംഗിക ന്യൂനപക്ഷങ്ങളെപ്പറ്റി ഹബീബ് അഞ്ജു എഴുതുന്നു.

രജത്‌കുമാർ കഴിഞ്ഞ ദിവസവും സെറിബ്രൽ പാൾസി/ഓട്ടിസമുള്ള കുഞ്ഞുങ്ങളെയും ട്രാൻസ്‌ജെൻഡേഴ്സിനെ അവഹേളിച്ച വാർത്തയും അനുബന്ധചർച്ചകളും ചുറ്റും നിറയുന്നതിനോടൊപ്പം ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളെപ്പറ്റിയുള്ള തെറ്റിദ്ധാരണ നിറഞ്ഞ പരാമർശങ്ങളും പലരും ആധികാരികമെന്നോണം ആവർത്തിക്കുന്നുണ്ടായിരുന്നു. ലൈംഗിക ന്യൂനപക്ഷങ്ങങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവുകളോ, അത് ലഭിക്കാനുള്ള സോഴ്സുകളുടെ എണ്ണക്കുറവോ, ഉള്ള സോഴ്സിൽ നിന്നും തപ്പിയെടുത്ത് പഠിക്കാനുള്ള താല്പര്യമില്ലായ്മയോ ഒക്കെ ഇത്തരം അബദ്ധധാരണകൾ സമൂഹത്തിൽ വ്യാപകമായി പരത്തുന്നുണ്ട്. പലരും കരുതുന്നത് ട്രാൻസ്ജെൻഡേഴ്സ് എന്നു പറയുന്നത് ലൈംഗികന്യൂനപക്ഷങ്ങളെ പറയുന്ന മറ്റൊരു പേരാണ് എന്നാണ്്. ഒപ്പം ഈ വാക്കു കേൾക്കുമ്പോൾ പലരുടെയും മനസ്സിൽ ഓടിയെത്തുന്നത് പല സിനിമകളിലും വികലമായി പ്രചരിപ്പിക്കപ്പെട്ട ചില വിഷ്വലുകളും. ലൈംഗികന്യൂനപക്ഷങ്ങൾ എന്തൊക്കെയാണ് എന്ന് ലളിതമായ ഭാഷയിൽ പറയാൻ ശ്രമിക്കുകയാണ് താഴെ, ടെക്നിക്കൽ വാക്കുകൾ പരമാവധി ഒഴിവാക്കി പകരം സംസാരഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. തിരുത്തുകളുണ്ടെങ്കിൽ ദയവായി ചൂണ്ടിക്കാട്ടുക...

ആദ്യം മനസ്സിലാക്കേണ്ടത് Gender എന്നതും Sex എന്നതും രണ്ട് വ്യത്യസ്ത ഘടകങ്ങളാണ് എന്നാണ്. ജെൻഡർ ഒരു വ്യക്തിയുടെ ലൈംഗികവ്യക്തിത്വമാണ് സൂചിപ്പിക്കുന്നത്. ഒരു വ്യക്തിക്ക് താൻ സ്ത്രീയാണ് എന്നോ പുരുഷനാണ് എന്നോ ഒക്കെ തോന്നുന്നതാണ് അയാളുടെ ജെൻഡർ. അതേ സമയം ശാരീരികമായി ഒരാൾ എങ്ങനെയാണ് എന്നതാണ് സെക്സ് കൊണ്ട് ഉദ്ദേശിക്കുന്നത്. സമൂഹം കൽപ്പിച്ചു വച്ചിട്ടുള്ള ചില പൊതുധാരണകൾക്കനുസരിച്ച് സെക്സും ഉം ജെൻഡറും ഉം മാച്ചിംഗ് ആയി ഉള്ളവരാണ് നമുക്കു ചുറ്റുമുള്ള ഭൂരിഭാഗം പേരും. അതുകൊണ്ട് തന്നെ ലിംഗവും വൃക്ഷണങ്ങളുമുള്ള ഒരു വ്യക്തി പുരുഷനാണ് എന്ന ലൈംഗികവ്യക്തിത്വവും യോനിയും മുലകളുമുള്ള വ്യക്തി സ്തീയാണെന്ന ലൈംഗികവ്യക്തിത്വവുമാണ് സമൂഹം ഒരു സ്റ്റാൻഡേർഡ് ആയി പറഞ്ഞു വക്കുന്നത്. എന്നാൽ എല്ലാ വ്യക്തികളുടെ കാര്യത്തിലും ഇത് ഇങ്ങനെ തന്നെയാവണം എന്നില്ല, അങ്ങനെയുള്ളവരാണ് ലൈംഗികന്യൂനപക്ഷങ്ങൾ. ലൈംഗികന്യൂനപക്ഷങ്ങൾ വിവിധതരത്തിലുണ്ട്.

(1) ശരീരഘടനയനുസരിച്ച് പുരുഷനായ ഒരു വ്യക്തിക്ക് താൻ ഒരു സ്ത്രീയാണ് എന്ന ലൈംഗികവ്യക്തിത്വം ആയിരിക്കും തോന്നുന്നത്. ശരീരഘടനയനുസരിച്ച് സ്ത്രീ ആയ ഒരു വ്യക്തിക്ക് താൻ പുരുഷൻ ആണെന്നും തോന്നാം. ഇങ്ങനെയുള്ളവരെയാണ് "ട്രാൻസ്‌ജെൻഡർ" എന്ന് വിളിക്കുന്നത്. പുരുഷന്റെ ശരീരത്തിൽ സ്‌ത്രീയുടെ മനസ്സുമായും, അതുപോലെ സ്ത്രീ ശരീരത്തിൽ പുരുഷന്റെ മനസ്സുമായും ജീവിക്കുന്നവരാണിവർ.

(2) എന്നാൽ ട്രാൻസ്‌ജെൻഡർ ആയ വ്യക്തിക്ക് തന്റെ ലൈംഗികവ്യക്തിത്വത്തിനനുസരിച്ച് ശാരീരിക വ്യത്യാസങ്ങൾ കൂടി വന്നാൽ അവരെ "ട്രാൻസ്‌സെക്ഷ്വൽ" എന്ന് വിളിക്കുന്നത്. ഉദാഹരണത്തിന് ലിംഗവും വൃക്ഷണവുമായി ജനിച്ച ഒരാൾക്ക് താൻ സ്ത്രീയാണ് എന്ന് തോന്നുമ്പോൾ അവർ ട്രാൻസ്‌ജെൻഡർ ആണെന്ന് പറഞ്ഞല്ലോ, ഇതേ ട്രാൻസ്‌ജെൻഡർ തന്റെ ലിംഗം നീക്കം ചെയ്യുന്ന സർജ്ജറി ചെയ്താൽ അവരെ "ട്രാൻസ്‌സെക്ഷ്വൽ" ആയി കണക്കാക്കാം.

(3) ലൈംഗികാവയവങ്ങൾ വഴി ഇന്ന ലിംഗം ആണെന്ന് വ്യക്തമാവാത്ത ആളുകളുണ്ട്. ഇവർക്ക് സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികാവയവങ്ങൾ ശരീരത്തിലുണ്ടാവാം, ഇവയുടെ പല വകഭേദങ്ങളുണ്ടാവാം, തീരെ ഇല്ലാതിരിക്കാം. ഇവരെയാണ് "ഇന്റർസെഷ്വൽ" എന്ന് പറയുന്നത്. ഇന്റർസെക്ഷലുകളുടെ ലൈംഗികവ്യക്തിത്വം സ്ത്രീയുടെയോ പുരുഷന്റെയോ ഇത് രണ്ടും കലർന്നതോ ഒക്കെ ആവാം.

Gender ഉം Sex ഉം പോലെ തന്നെ ലൈംഗികാകർഷണത്തിന്റെ അടിസ്ഥാനത്തിലും ആളൂകളെ തരം തിരിക്കാം. ട്രാൻസ്‌ജെൻഡറുകളെപ്പറ്റിയുള്ള അത്ര തെറ്റിദ്ധാരണ പക്ഷേ ഈ തരം തിരിവുകളെപ്പറ്റി സമൂഹത്തിൽ കാണാറില്ല. എന്നാലും "ഗേ"/"ലെസ്‌ബിയൻ" എന്നീ രണ്ട് കാറ്റഗറിക്കപ്പുറം പലർക്കും സംശയമാണ്.

(1) പുരുഷനോട് ലൈംഗികാകർഷണം തോന്നുന്ന പുരുഷന്മാരാണ് "ഗേ".

(2) സ്ത്രീകളോട് ലൈംഗികാകർഷണം തോന്നുന്ന സ്ത്രീകളാണ് "ലെസ്‌ബിയൻ".

(3) സ്ത്രീകളോടും പുരുഷന്മാരോടും തുല്യമായി ലൈംഗികാകർഷണം തോന്നുന്നവരാണ് "ബൈസെക്ഷ്വൽ".

(4) ആരോടും ലൈംഗികാകർഷണം തോന്നാത്തവരാണ് "അസെക്ഷ്വൽ".

(5) മുകളിൽ പറഞ്ഞ ഏത് കാറ്റഗറിയിലാണ് വരുന്നത് എന്ന് സ്വയം നിർവചിക്കാനാവാത്തവരാണ് "ക്വീർ"

ആണും പെണ്ണും എന്ന പോലെ ലൈംഗികന്യൂനപക്ഷങ്ങളും സമൂഹത്തിലെ ഭാഗം തന്നെയാണ്. ഓരോരുത്തരുടെയും ലൈംഗികവ്യക്തിത്വവും ലൈംഗികാകർഷണവുമൊന്നും ആരുടേയും ചോയ്സ് അല്ല എന്നുകൂടി മനസ്സിലാക്കുക. അവജ്‌ഞയും അവഹേളനവും ഒരിക്കലും ഏൽക്കുന്നത്‌ അത്‌ ഉന്നം വെക്കുന്നവർക്കല്ല. വെറുപ്പും വിദ്വേഷവും ബൂമറാങ്ങ്‌ കണക്ക്‌ സ്വന്തം മണ്ടയിൽ തന്നെ വന്ന്‌ വീഴും.

ഒരാൾ സ്ത്രീ ആണ് പുരുഷൻ ആണ് എന്നതൊക്കെ അയാളുടെ നിയന്ത്രണത്തിൽ നടന്ന കാര്യങ്ങൾ അല്ലാത്തതു പോലെ തന്നെയാണ് ഒരാൾ ലൈംഗികന്യൂനപക്ഷമാവുന്നതും. ബഹുമാനമോ പരിഗണനയോ ഒന്നും വേണ്ടെന്നേ, അങ്ങോട്ട്‌ കയറി ഉപദ്രവിക്കാതിരുന്നാൽ മതിയാകും. "താനൊരു ആണല്ലേടോ/പെണ്ണല്ലെടീ, നിന്നെ എന്തിന്‌ കൊള്ളാം'എന്ന്‌ സൂചിപ്പിക്കുന്ന അറപ്പുളവാക്കുന്ന വാക്കോ നോക്കോ 24×7×365 കിട്ടുന്ന കാര്യം വെറുതെയൊന്ന്‌ സങ്കൽപ്പിച്ച്‌ നോക്കൂ. അസ്സലായിട്ടില്ലേ? അത്രയേ പറഞ്ഞുള്ളൂ... മനുഷ്യരാണ്‌, എല്ലാവരും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top