29 March Friday
ഏപ്രില്‍ ഫൂളെന്ന് എംഡി

നോട്ട് അസാധു, ഏഴ് മാസങ്ങള്‍ക്ക് മുന്‍പേ 'പ്രവചിച്ച്' ഗുജറാത്തി പത്രം

വെബ് ഡെസ്‌ക്‌Updated: Thursday Nov 10, 2016

ന്യൂഡല്‍ഹി > 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കുന്ന നടപടികള്‍ ഏഴ് മാസങ്ങള്‍ക്ക് മുന്‍പെ 'പ്രവചിച്ച്' വാര്‍ത്തകള്‍ നല്‍കിയ ഗുജറാത്തി പത്രത്തിന്റെ ചിത്രവും വാര്‍ത്തയും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സംസ്ഥാനമായ ഗുജറാത്തിലെ സൌരാഷ്ട്രയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 'അകില' എന്ന പത്രത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് അസാധുവാക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്.

2016 ഏപ്രില്‍ 1 നാണ് പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 500, 1000 രൂപയുടെ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചെന്നും പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്നും പത്രം വാര്‍ത്തയില്‍ പറയുന്നുണ്ട്. രാജ്യത്തെ കള്ളപ്പണ്ണത്തിന്റെ അളവ് തടയാനും കള്ളനോട്ട് നിയന്ത്രിക്കാനുമാണ് നടപടിയെന്ന് വ്യക്തമാക്കുന്ന വാര്‍ത്തയില്‍ ഇതിലൂടെ ഭീകരവാദം തടയാനാകുമെന്നും പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. നവംബര്‍ 8 ന് രാത്രി പ്രധാനമന്ത്രി നരേന്ദ്രമോഡി 500,1000 നോട്ടുകള്‍ പിന്‍വലിച്ച് നടത്തിയ പ്രസ്താവനകളോട് ആശ്ചര്യം ജനിപ്പിക്കുന്ന വിധം സാദൃശ്യമുണ്ട്  പത്രം നല്‍കിയ വാര്‍ത്തയ്ക്ക്.

കുറച്ച് ദിവസത്തേക്ക് 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ ഇലക്ട്രോണിക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ മുഖേന നടത്തണമെന്നും പത്രം നിര്‍ദ്ദേശിക്കുന്നു.  എടിഎമ്മുകളില്‍ നിന്ന് 18ാം തീയതി വരെ 2000 രൂപവരെയാണ് പിന്‍വലിക്കാന്‍ ഉപയോക്താക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് എന്നതും തികച്ചും യാദൃശ്ചികം.

വരും ദിവസങ്ങളില്‍  പണമിടപാടുകള്‍ക്ക്  ചില നിബന്ധനകളും കേന്ദ്രസര്‍ക്കാര്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്നും  വാര്‍ത്ത സൂചിപ്പിക്കുന്നു.വാര്‍ത്തയില്‍ നോട്ടുകള്‍ മാറി വാങ്ങുന്നതിന് ജനങ്ങള്‍ക്ക് മൂന്ന് മാസത്തെ സമയം അനുവദിക്കുന്നുണ്ടെങ്കഇലും കേന്ദ്രസര്‍ക്കാര്‍ ഇതിന് ഒന്നരമാസം സമയം മാത്രമാണ് അനുവദിച്ചത്. പുതിയ 500, 2000 നോട്ടുകളുടെ മാതൃകയും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2000 ത്തിന്റെ നോട്ട് മാത്രമാണ് പത്രവാര്‍ത്തയില്‍ പരാമര്‍ശിച്ചിരിക്കുന്നത്.



എന്നാല്‍ ഏപ്രില്‍ ഫൂള്‍ പ്രമാണിച്ച് സ്പൂഫ് വാര്‍ത്തകളുടെ ഗണത്തിലാണ് പത്രം ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയതെന്ന് അകില ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടര്‍ കിരിത്ത് ഗണത്ര പറഞ്ഞു. സൌരാഷ്ട്ര കേന്ദ്രീകരിച്ച് പ്രസിദ്ധീകരിക്കുന്ന നിരവധി പത്രങ്ങള്‍ ഇത്തരത്തില്‍ ഏപ്രില്‍ ഫൂള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. എന്നാല്‍ ഏവരേയും അതിശയിപ്പിച്ച് സര്‍ക്കാര്‍ നോട്ട് പിന്‍വലിക്കല്‍ നടപടികള്‍ പ്രഖ്യാപിക്കുകയായിരുന്നു. കള്ളപ്പണത്തിനെതിരായ നടപടികള്‍ വരുമെന്ന് ജനങ്ങള്‍ കുറച്ചുകാലമായി പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് കൂടുതല്‍ ശ്രദ്ധലഭിക്കുമെന്നതിനാലാണ് ഏപ്രില്‍ ഫൂളിനോടുനുബന്ധിച്ച് വാര്‍ത്ത നല്‍കിയയെതന്നും കിരിത്ത് പറഞ്ഞു. വളരെ രഹസ്യനീക്കങ്ങളുടെ അവസാനമെന്നവണ്ണം നോട്ട് അസാധുവാക്കുന്ന തീരുമാനം പ്രഖ്യാപിച്ചതോടെ പത്രത്തിന്റെ വാര്‍ത്തയും ചിത്രവും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നേടിയിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top