23 June Sunday

"സർക്കാർ ക്വാറന്റൈനെക്കുറിച്ച്‌ മനസ്സിൽ ഉണ്ടായിരുന്ന എല്ലാ സങ്കൽപ്പങ്ങളെയും പാടെ മാറ്റിമറിച്ച അനുഭവം'

വെബ് ഡെസ്‌ക്‌Updated: Saturday May 16, 2020

സർക്കാർ ഒരുക്കിയ ക്വാറന്റൈൻ സംവിധാനത്തെക്കുറിച്ച്‌ പ്രവാസിയായ കോഴിക്കോട്‌ സ്വദേശി സച്ചു എഴുതിയ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌.

2020 മെയ്‌ 7 ന് lX-344 Air india express Dubai-Calicut വിമാനത്തിൽ രാത്രി 10:30 ന് നാട്ടിൽ വന്നിറങ്ങി. Calicut International Airport ൽ പല തവണ വിമാനം ഇറങ്ങി പുറത്തേക്കു വന്നിട്ടുണ്ടെങ്കിലും ഇതൊരു പുതിയ അനുഭവം ആയിരുന്നു. കൃത്യമായ സാമൂഹ്യ അകലം പാലിച്ച് 182 യാത്രക്കാർ. അവരിൽ ഗർഭിണികൾ ഉണ്ട്,കൈ കുഞ്ഞുങ്ങൾ ഉണ്ട്, പ്രായമായവർ ഉണ്ട്, തൊഴിൽ നഷ്ടപ്പെട്ടവരും രോഗികളും ഉണ്ട്. കുറെ നാളത്തെ പരിശ്രമങ്ങൾക്കും, പ്രാർത്ഥനകൾക്കും, കാത്തിരിപ്പിനും ഒടുവിൽ ജന്മനാട്ടിൽ എത്തിയതിന്റെ തിളക്കം എല്ലാ കണ്ണുകളിലും കാണാമായിരുന്നു.

സാധാരണ ഉണ്ടാകാറുള്ളതിനേക്കാൾ കൂടുതൽ പരിശോധന ഞങ്ങൾക്ക് വേണ്ടി വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. എല്ലാവരെയും ഒരുമിച്ച് പുറത്ത് ഇറങ്ങാൻ അനുവദിക്കുന്ന പതിവ് രീതിക്കു പകരമായി 30 യാത്രക്കാർ വീതം ഉള്ള ഓരോ ബാച്ച് ആയി എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്നും പുറത്തിറക്കി. ശേഷം മണിക്കൂറുകൾ നീണ്ട പരിശോധനകളും മാർഗ നിർദേശം നൽകുന്ന ക്ലാസ്സ്കളും. എല്ലാം വളരെ കൃത്യതയോടും വ്യക്തതയോടും ക്രമീകരിച്ചിരിക്കുന്നു. എല്ലാം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സമയം പുലർച്ചെ 1:30 കഴിഞ്ഞിരുന്നു. ആ സമയത്തു പോലും ഞങ്ങളുടെ വരവ് കാത്ത് വിമാനത്താവളത്തിന് പുറത്തു ഊർജസ്വലരായ് നിൽക്കുന്ന പോലീസുകാർ, മാധ്യമ പ്രവർത്തകർ, അങ്ങനെ പലരും..... പ്രവാസികളുമായി അടുത്തിടപഴകാൻ പാടില്ലെന്ന് അവർക്കെല്ലാം കൃത്യമായ നിർദേശം ലഭിച്ചിരുന്നു.

Home quarantine ന് നിർദേശിക്കപ്പെട്ടവർ അവരുടെ വീടുകളിലേക്ക് യാത്ര ആയതിനു ശേഷം ബാക്കി ഉള്ളവരെ KSRTC ൽ കയറ്റി. കൃത്യമായ സാമൂഹിക അകലം പാലിച്ചുള്ള യാത്ര.. കാലിക്കറ്റ്‌ NIT യിലെ hostel മുറികൾ ആണ് ഞങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. എന്റെ മുറിയിൽ ഞാൻ മാത്രമേ ഉള്ളു. കട്ടിൽ, മേശ, കസേര, അലമാര, ഫാൻ, അറ്റാച്ഡ് ടോയ്ലറ്റ് എല്ലാം ഉള്ള വൃത്തിയുള്ള നല്ല മുറി. മുറിക്കു പുറത്ത് ഇറങ്ങാൻ ഉള്ള അനുവാദം ഇല്ല. ഭക്ഷണം കഴിക്കാൻ ഉള്ള പ്ലേറ്റ്, ഗ്ലാസ്,മാസ്ക്, സോപ്പ് പൊടി, ബെഡ് ഷീറ്റ്, തോർത്ത്‌, സാനിറ്റൈസർ, കാർപെറ്റ്, ചൂൽ, വേസ്റ്റ് ബിൻ, ബക്കറ്റ്, മഗ് തുടങ്ങിയ എല്ലാ അവശ്യ സാധനകളും മുറിയിൽ എത്തിച്ചു തന്നു. ഞാൻ ഇവിടെ എത്തിയിട്ട് 10 ദിവസം കഴിയുന്നു.

ഇത് വരെ ഉള്ള എല്ലാ ദിവസങ്ങളിലും സമയം അനുസരിച്ച് പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, രാത്രി ഭക്ഷണം എന്നിവ മുറിയിൽ എത്തിച്ചു തരുന്നു. ഇത് കൂടാതെ ചായ, പഴങ്ങൾ, കുടി വെള്ളം, എന്നിവയും ആവശ്യമെങ്കിൽ രാത്രി ഭക്ഷണത്തിനു പുറമെ കഞ്ഞിയും എത്തിച്ചു തരുന്നു.എല്ലാ ദിവസവും ദിന പത്രങ്ങളും കിട്ടാറുണ്ട്. ഇവർ സൗജന്യമായി തന്ന സിം ആണ് ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത്. എല്ലാ ദിവസവും ആരോഗ്യ പ്രവർത്തകർ വിളിച്ച് എന്തേലും ആരോഗ്യ പ്രശ്നങ്ങളോ, കൊറോണ ലക്ഷണങ്ങളോ ഉണ്ടോ എന്ന് അന്വേക്ഷിക്കുന്നു.ആവശ്യമെങ്കിൽ കൗണ്സിലിംഗ് നൽകുന്നതിനുള്ള സൗകര്യം ഉണ്ട് എന്നും എന്നെ അറിയിച്ചു . ഇവിടെ എത്തി ഏഴാമത്തെ ദിവസം തൊണ്ടയിൽ നിന്നും സ്രവം എടുത്ത് പരിശോധനക്ക് അയച്ചു.. കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ എനിക്ക് വീട്ടിലേക്കു പോകാൻ സാധിക്കും......

സത്യത്തിൽ എനിക്ക് ഇപ്പോഴും ഭയങ്കര അത്ഭുതം ആണ്. ഇത്രയും ആളുകൾക്ക് സൗജന്യമായി എങ്ങനെ ആണ് ഇത്തരത്തിൽ നല്ലൊരു സൗകര്യം നൽകാൻ നമ്മുടെ നാടിനു കഴിയുന്നത്. സർക്കാർ ക്വാറന്റൈൻ എന്നൊക്കെ പറഞ്ഞു കേട്ടപ്പോൾ മനസ്സിൽ ഉണ്ടായിരുന്ന എന്റെ സങ്കല്പങ്ങളെ പാടെ മാറ്റി മറിച്ച അനുഭവം ആണ് എനിക്ക് ഉണ്ടായത്. എതിർ അഭിപ്രായം ഉള്ളവർ ഉണ്ടായിരിക്കാം, മോശം അനുഭവങ്ങൾ ഉണ്ടായെന്നു പറയുന്നവരും കാണും, പക്ഷെ എന്നെ പോലെ ഒരു സാധാരണക്കാരൻ ആയ പ്രവാസി മലയാളിക്ക് ഈ നാട് നൽകിയ എല്ലാ സൗകര്യങ്ങളും വളരെയേറെ സംതൃപ്തി തരുന്നതാണ്. പറഞ്ഞാൽ വാക്കുകളിൽ ഒതുങ്ങാത്തവ ആണ്.....

നന്ദി, നിങ്ങൾ കാണിച്ച കരുതലിന്... നന്ദി, നിങ്ങൾ തന്ന സംരക്ഷണത്തിന്.....


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top