18 April Thursday

"ഒരു ഭരണം അത്രമേല്‍ നേരിട്ട് ജീവിതത്തില്‍ പ്രധാനറോളായി വരുന്നത് ആദ്യം; എന്റെ മകനുവേണ്ടി ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നു-കുറിപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Mar 6, 2021

സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിലൂടെ മകന് വന്ന മാറ്റം പങ്കുവെച്ച് ഫെയ്‌സ്ബുക്ക് കുറിപ്പ്. കൊച്ചി സ്വദേശിനി സന്ധ്യയാണ് മകന്‍ തേജ്വലിനെ പ്രൈവറ്റ് സ്‌കൂളില്‍ നിന്ന് സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തതിനുശേഷമുള്ള അനുഭവം പങ്കുവെച്ചിരിക്കുന്നത്. സ്വകാര്യ സ്‌കൂളിലെ 'കഠിന' പഠനത്തില്‍ വിഷാദത്തിലേക്ക് വീണ മകന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ന്ന ശേഷം ഉത്സാഹിയായതും പഠന-പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തിയതും സന്ധ്യ വിവരിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റം തന്റെ ജീവിതത്തെ നേരിട്ട് സ്വാധീനിച്ചുവെന്നും, ഈ തെരഞ്ഞെടുപ്പിലും തന്റെ മകനുവേണ്ടി ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നുവെന്നും ഫെയ്‌‌സ്‌ബുക്ക് പോസ്റ്റില്‍ പറയുന്നു.

സന്ധ്യയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്-പൂര്‍ണരൂപം

അങ്ങിനെയിരിക്കെ ഒരു ദിവസം പപ്പു കടുത്ത വിഷാദത്തിലൂടെ കടന്നു പോകുന്നത് പോലെ തോന്നി . വീട്ടില്‍ മുറിയുടെ ഒരറ്റത്തിരിക്കുക . ഒന്നും പറയാതിരുന്നു കരയുക . അത് വരെയുള്ള ദിവസങ്ങള്‍ വളരെ രസകരമായിരുന്നു . അവന്‍ എപ്പോളും അവന്റെ ചിറ്റമാരുടെ ചുറ്റു വട്ടത്തായിരിക്കും. ബന്ധുക്കള്‍ ഒക്കെ അടുത്തായതു കൊണ്ട് അവനെ കെയര്‍ ചെയ്യാന്‍ അവന്റെ ചിറ്റമാരായിട്ടു  തന്നെ ധാരാളം പേരുണ്ടാകുമായിരുന്നു . പിന്നെ വെള്ളി , ശനി ദിവസങ്ങളില്‍ ഞങ്ങള്‍ രണ്ടാളും ഏതെങ്കിലും തീയറ്ററിലോ  പാര്‍ക്കിലോ ഒക്കെയായി ഇങ്ങിനെ പോയിരുന്നു.

പക്ഷെ അവനെ ഒരു പ്രൈവറ്റ് സെന്‍ട്രല്‍ സ്‌കൂളില്‍ ചേര്‍ത്തതിന് ശേഷം അവന്‍ വിഷാദത്തിലേക്ക് വീണു തുടങ്ങി . എല്ലാ പരീക്ഷകള്‍ക്കും അവനു എ+ ആണ് . പക്ഷേ ആ എ പ്ലസ്സുകളില്‍ എനിക്ക് യാതൊരു വിശ്വാസവും തോന്നിയില്ല. അവനു സത്യത്തില്‍ ഏതെങ്കിലും വിഷയത്തില്‍ മിനിമം ഒരു സി + പോലും വാങ്ങാനുള്ള അറിവുണ്ടായിരുന്നില്ല . പിന്നെ അവനില്‍ നിന്ന് തന്നെ അറിഞ്ഞു പരീക്ഷക്ക് അദ്ധ്യാപകര്‍ പറഞ്ഞു കൊടുക്കുമെന്ന് .

അനിയത്തിമാരെയും അനിയന്മാരെയുമൊക്കെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ എന്ന പോല്‍ വട്ടം കറക്കി പഠിപ്പിച്ചിരുന്ന എനിക്ക് പപ്പൂസ് ഒരു വെല്ലു വിളിയായി . അമ്മായിമാരും അച്ഛമ്മയുമൊക്കെ എന്റെയും അവന്റെയും ബാല്യ കാലം വരെ കംപെയര്‍ ചെയ്തു അവന്റെ പഠനത്തില്‍ ഉള്ള പിന്നോക്കാവസ്ഥയെ കുറിച്ച് അവന്റെ മുന്‍പില്‍ വച്ചും അല്ലാതെയും എന്നെ ചോദ്യം ചെയ്യുകയും വഴക്കു പറയുകയും ചെയ്തു തുടങ്ങി . സ്‌നേഹം കൊണ്ടാണ് മറ്റൊന്നും കൊണ്ടല്ല .

പക്ഷേ ഇതിനൊരു പരിഹാരം കണ്ടെത്തേണ്ടത് ഞാനാണല്ലോ . ഒറ്റക്ക് ദൃഢമായി ഒരു തീരുമാനം എടുക്കാന്‍ എന്റെ പോലെ കുടുംബഘടനയുള്ള ഒരു വീട്ടില്‍ നന്നേ ബുദ്ധിമുട്ടാണ് . എന്നാലും ആരോടുമാലോചിക്കാതെ ഒരാഴ്ച കുട്ടിയെ അങ്ങ് സ്‌കൂളില്‍ വിട്ടില്ല , എന്നിട്ടു  ഡിസംബറില്‍ അവധിക്ക് വന്ന അമ്മാവനോടൊപ്പം സ്‌കൂളില്‍ പോയി സംസാരിക്കാന്‍ തീരുമാനിച്ചു . ചെല്ലുമ്പോള്‍ മൂന്നു കുട്ടികള്‍ പുറമെ നിന്ന് കരയുന്നുന്നുണ്ട് . മുകളിലേക്ക് കയറി വരുന്ന കുട്ടികളും വിഷമിച്ചും പേടിച്ചുമാണ് ക്ലാസ്സ് മുറിയിലേക്ക് പോകുന്നത് . അമ്മാവന്‍ മിസ്സിനോട് സംസാരിച്ചു കുട്ടിയുടെ വിഷമങ്ങള്‍ പറഞ്ഞു . വീണ്ടും പപ്പുവിനെ സ്‌കൂളില്‍ പറഞ്ഞയച്ചു ഒന്ന് രണ്ടു ദിവസം കുഴപ്പമില്ല, പക്ഷെ അത് കഴിഞ്ഞു വീണ്ടും പഴയ പടി. ഞാന്‍ ഓഫീസില്‍ സംസാരിച്ചപ്പോള്‍ എന്റെ സുഹൃത്ത് നിഷ പറഞ്ഞു, 'സന്ധ്യേ  സന്ധ്യക്ക് കുട്ടി വലിയ ഒരു പ്രൊഫെഷണല്‍ ആയി മാറണമെന്നാണോ അതോ മാനസിക ആരോഗ്യമുള്ള കുട്ടിയാകണമെന്നാണോ '? ഞാനൊന്നും മിണ്ടിയില്ല എന്തായാലും പിറ്റേ ദിവസം മുതല്‍ പപ്പുവിനെ ആ സ്‌കൂളില്‍ ഞാന്‍ വിട്ടില്ല .

മെയ് മാസത്തില്‍ ഒരുച്ച സമയത്തു ഇടപ്പള്ളി ഗവണ്മെന്റ് സ്‌കൂളില്‍ പോയി ഹെഡ്മിസ്‌ട്രെസ്സുമായി സംസാരിച്ചു . ഫോം  വാങ്ങി കൊണ്ട് വന്നു നേരെ അഡ്മിഷന്‍ എടുത്തു ആരോടും ചോദിച്ചില്ല . ചുറ്റുപാടുള്ള വഴക്കും പിണക്കവും മൈന്ഡാക്കിയില്ല.

പക്ഷെ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല ഏതാണ്ട് രണ്ടു വര്‍ഷത്തോളം ആരോടും സംസാരിക്കാത്ത,  എന്തോ ഒരു പ്രേത്യേക രീതിയില്‍ പെരുമാറിയിരുന്ന, എന്നാല്‍ വല്ലാതെ വികൃതിയുമായ ഒരു കുട്ടി എത്ര മാറിയെന്ന് .  പുതിയ സ്‌കൂളിലെ ആദ്യ ദിവസം, ചെന്നപ്പോള്‍ തന്നെ അദ്ധ്യാപകര്‍ കുട്ടികളെ അമ്മമാരുടെയടുത്തു നിന്ന് മാറ്റി സ്വീകരിച്ചു കൊണ്ട് പോയി  . ഓപ്പണ്‍ സ്റ്റേജില്‍  അമ്മമാരും കുട്ടികളും തമ്മില്‍ ഒരു ബന്ധവുമില്ലാതെ വേറിട്ടാണ് ഇരുത്തിയത് . ഓരോ കുട്ടികളെ ആയി പേര് വിളിച്ചു ഗിഫ്‌റ് കൊടുത്തു സ്വീകരിക്കുന്നുണ്ട് . തേജ്വല്‍ എന്ന് വിളിക്കുമ്പോള്‍ എന്റെ ഞെഞ്ചിടിക്കുന്നുണ്ടായിരുന്നു . ഇവന്‍ എവിടെ ആണിരിക്കുന്നത് എന്ന് കൂടെ അറിയില്ല. ഇവന്‍ സ്റ്റേജിലേക്ക് കയറുമോ എന്നറിയില്ല . പക്ഷെ അവന്‍ ചിരിച്ചു കൊണ്ട് കയറി ഗിഫ്‌റ് വാങ്ങി കൊണ്ട് തിരികെ ഇറങ്ങി പോന്നു. അങ്ങിനെ ഒരു ട്രീറ്റ്‌മെന്റ് ആണ് തുടക്ക ദിവസം തന്നെ കിട്ടിയത് . എല്‍ കെ ജി മുതലുള്ള കുട്ടികളില്‍ ഒരാളുടെ പോലും കരച്ചില്‍ കേട്ടില്ല .

പിന്നെ ഓരോ ദിവസവും അവന്റെ ഘട്ടം ഘട്ടമായുള്ള വളര്‍ച്ച കണ്ടു , സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ഒരു മണിക്കൂര്‍ നീളുന്ന ഇംഗ്ലീഷ് ഡ്രാമ അവനും അവന്റെ സുഹൃത്തുക്കളും വേദിയില്‍ അവതരിപ്പിച്ചു ആദ്യ രണ്ടു വര്‍ഷവും കണക്കിന് മാത്രം എ + ഉം ഭാഷ വിഷയങ്ങള്‍ക്ക് തീരെ പിന്നോക്കവുമായിരുന്ന അവനെ ' മലയാള തിളക്കം ' ' Pro Engish' എന്നീ രണ്ടു പ്രോഗ്രാമിലൂടെ  മാറ്റിയെടുത്തു . ആ വര്ഷം ഞാന്‍ ഗുജറാത്തില്‍ പോയിട്ട് പരീക്ഷക്ക് തൊട്ടു മുന്പാണെത്തുന്നത് . മാര്‍ക്ക് ഷീറ്റ് കൈയില്‍ കിട്ടുമ്പോള്‍ overall subject ല്‍ എല്ലാത്തിനും എ + എന്ന് എഴുതിയത് വായിക്കുമ്പോള്‍ മലയാളത്തിന് നേരെ എഴുതിയത് എനിക്ക് വിശ്വസിക്കാനായില്ല . പക്ഷെ ഓരോ പേപ്പര്‍ ആയി നോക്കുമ്പോള്‍, മലയാളം കൈയിലെത്തിയപ്പോള്‍ അവന്റെ അക്ഷരം ഒറ്റയടിക്ക് മാറിയിരിക്കുന്നത് കണ്ടപ്പോള്‍ , ഭാഷ ശൈലിയിലെ അത്ര മെച്ചം കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞു പോയി .

പിന്നീട് അവന്‍ സയന്‍സിലും കണക്കിലും സ്‌കൂളിനെ റെപ്രെസെന്റ് ചെയ്യുന്ന പല മത്സരങ്ങളിലും മുന്നിലെത്തി. ഇന്നും എന്തെങ്കിലും ഒരു കാര്യം സംശയ നിവൃത്തിക്കായി സ്‌കൂള്‍ ഗ്രൂപ്പിലിട്ടാല്‍ അദ്ധ്യാപകര്‍ അപ്പോള്‍ വിളിക്കും . ക്ലാരിറ്റി വരുത്തി തരും . എന്തെങ്കിലും ആവശ്യത്തിന് അങ്ങോട്ടു വിളിച്ചാലും എല്ലാ വിശേഷങ്ങളും ചോദിച്ചറിഞ്ഞു കൊടുക്കുന്ന ഫുഡിന്റെ അളവ് വരെ ചോദിച്ചറിഞ്ഞാണ് ഫോണ്‍ വയ്ക്കുന്നത് . ഇത് ഒരു ദിവസം കൊണ്ട് ഉണ്ടായ മാറ്റമല്ല . അദ്ധ്യാപകര്‍ ഒരു ദിവസം കൊണ്ട് ജനകീയരായതുമല്ല .  അവിടെ ആണ് ദീര്‍ഘ വീക്ഷണവും അതോടൊപ്പം കാര്യ പ്രാപ്തിയുമുള്ള ഒരു സര്‍ക്കാരിന്റെ കൈയൊപ്പ് നാം കാണുന്നത് . എന്നെ ഏറ്റവും  സന്തോഷിപ്പിക്കുന്നത് അദ്ധ്യാപകര്‍  ഇപ്പോള്‍ വളരെ കൃത്യമായി അവരെ അപ്‌ഗ്രേഡ് ചെയ്തു കൊണ്ടിരിക്കുന്നു എന്നതാണ് .  എന്റെ അറിവില്‍ എല്ലാ മാസവും അവര്‍ക്ക് സര്‍ക്കാരിന്റെ evaluation test ഉണ്ട് . പഠന ഉപകരണം , ഭക്ഷണം , യൂണിഫോം തുടങ്ങി , subtle ആയ  മറ്റു കാര്യങ്ങളില്‍ വരെ ഈ സര്‍ക്കാരിന്റെ കണ്ണെത്തുന്നുണ്ട് .

എന്റെ ജീവിതത്തില്‍ ഒരു ഭരണം indirect ആയി സ്വാധീനിച്ചിട്ടുണ്ടാകാം . പക്ഷേ അത്ര മേല്‍ ഡയറക്റ്റ് ആയി  ജീവിതത്തില്‍  ഒരു റോളില്‍ വരുന്നത് ആദ്യമായാണ്. ഒരു ഇലക്ഷനില്‍ പോലും ഇടതുമുന്നണി അധികാരത്തില്‍ വരണമെന്ന് ഏതെങ്കിലും സ്വാര്‍ത്ഥതയുടെ ഭാഗമായി  ആഗ്രഹിച്ചിട്ടില്ല . പക്ഷെ ഈ തെരഞ്ഞെടുപ്പില്‍  എന്റെ മകന് വേണ്ടി ഞാന്‍ അത് ആഗ്രഹിക്കുന്നുണ്ട്.

 

അങ്ങിനെയിരിക്കെ ഒരു ദിവസം പപ്പു കടുത്ത വിഷാദത്തിലൂടെ കടന്നു പോകുന്നത് പോലെ തോന്നി . വീട്ടിൽ മുറിയുടെ ഒരറ്റത്തിരിക്കുക ....

Posted by Sandhya Vasu Madathil on Friday, 5 March 2021

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top