19 April Friday

കേരളം ലഹരിയുടെ തലസ്ഥാനമാണോ?; ഗോപകുമാർ മുകുന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 23, 2022

ലഹരിയുടെ തലസ്ഥാനം കേരളമാണ് എന്നതിൽ എന്തെങ്കിലും വസ്‌തുതയുണ്ടോ? കേരളത്തിന്റെ പ്രധാന വരുമാനം കള്ളും ലോട്ടറിയുമാണ് എന്ന ദുഷ്പ്രചരണത്തിന്റെ വസ്‌തുത നേരത്തെ എഴുതിയിട്ടുണ്ട്. ഇപ്പോൾ ഒരു പടി കൂടി കടന്ന് കേരളമാണ് ലഹരിയുടെ തലസ്ഥാനം എന്നു പറയുകയാണ്. എന്താണ് വസ്‌തുത?. ഗോപകുമാർ മുകുന്ദൻ എഴുതുന്നു.

1. ഇന്ത്യാ മഹാരാജ്യത്ത് ആകെ നോക്കിയാൽ  10-75 പ്രായത്തിലുള്ളവരിൽ 14.6 % പേർ കള്ളു കുടിക്കുന്നവരാണ്. ആണുങ്ങളിൽ 27.3 ശതമാനം പേരും കള്ളു കുടിക്കും. കേരളത്തിലെ ഈ കണക്കുകൾ എന്താണ്? ആകെ ജന സംഖ്യയുടെ 12.4 ശതമാനവും ആണുങ്ങളിൽ 29.3 ശതമാനവും കള്ളു കുടിക്കും. കള്ളു കുടിയിൽ ആദ്യത്തെ 20 സംസ്ഥാനങ്ങളിൽ കേരളം ഇല്ല.

ഇനി കള്ളു കുടി കൊണ്ടു  പൊറുതി മുട്ടി ചികിൽസ വേണ്ട ആളുകളുടെ എണ്ണം നോക്കിയാൽ ആദ്യത്തെ 10   സ്ഥാനത്ത് കേരളമില്ല. ഉത്തർ പ്രദേശിനാണ് ഒന്നാം സ്ഥാനം. ആന്ധ്ര, തമിൾനാട് , മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിങ്ങനെ തൊട്ടു  പിന്നാലെ ഉണ്ട്. കള്ളുകുടി കൊണ്ടു കിളി പോയ ആളുകൾ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളുടെ ഗണത്തിലാണ് കേരളം.  ഈ കണക്കുകൾ ഇമേജ് ആയി കൊടുത്തിട്ടുണ്ട്. അപ്പോൾ കേരളം കള്ളു  കുടിയുടെ തലസ്ഥാനമല്ല.

2. 10-75 പ്രായത്തിൽ ചരസും കഞ്ചവും ഏറ്റവും കൂടുതൽ അടിക്കുന്ന മനുഷ്യരുള്ള സംസ്ഥാനങ്ങളിൽ കേരളം പെടുമോ? ഏറ്റവും കുറവു കഞ്ചാവടിയുള്ള സംസ്ഥാനമാണ് കേരളം. 0.1% . ഉത്തർ പ്രദേശിൽ ഇത് 3.2% ആണ് കേട്ടോ. കഞ്ചാവടിച്ചു കിളി പോയി ചികിൽസ വേണ്ട മനുഷ്യരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത് ഉത്തർ പ്രദേശിലാണ്. കേരളം ആദ്യത്തെ 10 സ്ഥാനത്ത് ഇല്ലേയില്ല.  ഈ കണക്കും ചിത്രമായി നല്‌കിയിട്ടുണ്ട്.

3.  ഇനി കറുപ്പ്. കറുപ്പടിച്ചു കിറുങ്ങി ചികിൽസ വേണ്ട മനുഷ്യരിൽ ഒന്നാം സ്ഥാനം UP. പിന്നെ പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര.. അങ്ങനെയാണ്.  കേരളം അവിടെയൊന്നുമില്ല കേട്ടോ.

4. ഇനിയിപ്പോൾ ഏറ്റവും അപകടകാരിയായ കുത്തിവെയ്പ്പു വഴി ലഹരി ഉപയോഗിക്കുന്നവരുടെ( Persons who injects Drugs- PWID) കണക്കെടുത്താലോ? UP തന്നെ ആദ്യ സ്ഥാനത്ത്. പിന്നെ, പഞ്ചാബ്, ദില്ലി, ആന്ധ്ര, തെലുങ്കാന, ഹരിയാന, കർണാടക .. കേരളം ഈആദ്യ പത്തു സ്ഥാനത്തൊന്നുമില്ല.

കേരളം ശ്രദ്ധിക്കേണ്ട ഒരു കാര്യവും ഇല്ല എന്നോ കേരളം സേഫ് ആണ് എന്നോ ഒന്നും പറയുകയല്ല. കേരളം ലഹരിയുടെ തലസ്ഥാനമാണ് എന്നത് അസംബന്ധമാണ് എന്നു പറയാൻ മാത്രമാണ് ശ്രമിക്കുന്നത്. അങ്ങനെയാണ് എന്നു പറയാൻ നോക്കുന്ന സംഘ പരിവാർ രാഷ്ട്രീയം തുറന്നു കാണിക്കാനാണ്.

ഈ കണക്കുകൾ ഒന്നും കേരള സർക്കാരിന്റെതോ ഏതെങ്കിലും സംഘടനയുടെതോ അല്ല. MINISTRY OF SOCIAL JUSTICE AND EMPOWERMENT GOVERNMENT OF INDIAയുടെ National Survey on Extent and Pattern of Substance Use in India എന്ന പഠനം നല്കുന്ന കണക്കുകളാണ്. National Drug Dependence Treatment Centre (NDDTC), All India Institute of Medical Sciences (AIIMS), New Delhiയാണ് ഈ പഠനം  നടത്തിയത്.

ആദരണീയനായ ആരിഫ് മൊഹമ്മദ് ഖാൻ കേരളത്തെ അപമാനിക്കുന്നത് അവസാനിപ്പിക്കുക തന്നെ വേണം. ലഹരി ഉപയോഗത്തിൽ കേരളം തലസ്ഥാനത്തു പോയിട്ടു നടു  സ്ഥാനത്തു പോലുമില്ല എന്ന കേന്ദ്ര സർക്കാർ പഠനം ശ്രീ ഖാന് രാജ്ഭവനിലെ ഏതെങ്കിലും ഉപദേശി എടുത്തു നല്കണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top