28 March Thursday

കുട്ടനാടും ജോഷിമഠ് പോലെ ഇടിഞ്ഞു താഴുകയാണോ?; മനോരമ വാർത്തയിലെ അബദ്ധം വിശദീകരിച്ച്‌ കുറിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 18, 2023

മനുഷ്യരെ ഭീതിപ്പെടുത്തി ഇങ്ങനെ ഭ്രാന്താക്കുന്നതിനു ഒരു  കുഴപ്പവുമില്ലേ? അതല്ല ഔദ്യോഗികമായി ഇത്തരം ഒരു വിവരമുണ്ടെങ്കിൽ ഉത്തരവാദിത്തത്തോടെ അതു പറയണമല്ലോ? വാസയോഗ്യമായ സ്ഥലമല്ല കുട്ടനാട് എന്നു വരുത്താനുള്ള  ഒരു ത്വര എന്തിന്റെ അടിസ്ഥാനത്തിലാണ്? എന്തായാലും ഈ പ്രചരണത്തിലെ വസ്‌തുത ഔദ്യോഗികമായി വിശദീകരിക്കപ്പെടണം.ഗോപകുമാർ മുകുന്ദന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ വായിക്കാം.

കുട്ടനാടും ജോഷിമഠ് പോലെ ഇടിഞ്ഞു താഴുകയാണോ?. അതേയെന്നാണ്  മനോരമയും മറ്റും ഒരു ഗവേഷണ പഠനത്തെ ഉദ്ധരിച്ചു പറയുന്നത്. ചില്ലറയൊന്നുമല്ല. 2018 ലെ വെള്ളപ്പൊക്കത്തിനു  ശേഷം 20-30 സെന്റീമീറ്റർ subsidence ഉണ്ടായി എന്നാണ് റിപ്പോർട്ട്.  ഉത്തരാഘണ്ടിലെ ചമോലി ജില്ലയിൽപ്പെടുന്ന ജോഷിമഠ് ഡിസംബർ 27 മുതൽ ജനുവരി 8 വരെയുള്ള ഏതാണ്ട് 12 ദിവസങ്ങൾ കൊണ്ട് 5.4 സെന്റീ മീറ്റർ  ഇടിഞ്ഞു . ഇവിടെയുണ്ടായ ഈ subsidence അപ്രതീക്ഷിതമല്ല.  അര നൂറ്റാണ്ട് മുൻപു    തന്നെ  ഈ സ്ഥിതിയെ സംബന്ധിച്ച മുന്നറിയിപ്പുകൾ വന്നിരുന്നു. ഉപഗ്രഹ ഡാറ്റാ വിശകലനം വഴി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് പ്രതിവർഷം  8.5 സെന്റീ മീറ്റർ വീതം ജോഷിമഠ് ഇടിഞ്ഞു താഴുന്നു  എന്നും  കണ്ടെത്തിയിരുന്നു. ഐഐടി യുടെ പഠനങ്ങളും ഇതു  പറഞ്ഞിരുന്നു.

നാലു കൊല്ലം കൊണ്ട്  30 സെന്റീമീറ്റർ subsidence എന്നു പറഞ്ഞാൽ കുട്ടനാട് ജോഷിമഠ് പോലെ തന്നെ ഇടിയുന്നു എന്നാണല്ലോ? കുട്ടനാട് സമുദ്ര നിരപ്പിൽ നിന്നും ശരാശരി 1.5 മീറ്റർ താഴെ കിടക്കുന്ന നാടാണെന്നും ഓർക്കണം. “Researchers have found that many areas in Kuttanad have subsided by 20 cm to 30 cm after 2018 flood..” എന്നുതന്നെയാണ്online Manorama(English)പറഞ്ഞത്. എന്താണു പരിഹാരമെന്നും പഠനം പറഞ്ഞിട്ടുണ്ടു  പോലും. “ What to do? The study recommends that the problem could be solved by strengthening the bunds by raising their height and width. ….the bunds should be raised by 60 cm from their existing height.”

ബണ്ടുകളുടെ ഉയരം നിലവിലുള്ളതിൽ നിന്നും 60 cm  പൊക്കണം. പ്രശ്‌നം പരിഹരിക്കാം എന്നു പറഞ്ഞത്രേ! ബണ്ടുകെട്ടി land subsidence ചെറുക്കാമത്രേ!  ഈ ഗവേഷകരോടു  സംസാരിച്ചു. അവർ  പറയുന്നത് subsidence എന്നു പറഞ്ഞിട്ടില്ല, inundation എന്നാണു പറഞ്ഞതെന്നാണ്. വെള്ളപ്പൊക്കം മണ്ണിനെ അമർത്തിയിട്ടുണ്ട് (Consolidation). കട്ട കുത്തി ഉയർത്തുന്നതായിരുന്നു പഴയ രീതി. അതിപ്പോൾ ഇല്ല. അതുകൊണ്ടു  വേലിയേറ്റത്തിൽ കയറുന്ന വെള്ളം കെട്ടിക്കിടന്നു താഴ്ന്ന സ്ഥലങ്ങൾ മുങ്ങുന്നു. ഇതാണ് അവർ  പറഞ്ഞത്. മനോരമ മാത്രമല്ല, പല ഇംഗ്ലീഷ് ഓൺലൈൻ മാധ്യമങ്ങളും  ഈ land subsidence പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.

subsidence, consolidation,  inundation എന്നതൊക്കെ ഇങ്ങനെ വെച്ചു മാറാവുന്ന സാങ്കേതിക പദങ്ങളാണോ? കുട്ടനാട്ടിലെ subsidence സാധൂകരിക്കുന്ന ഏതെങ്കിലും ഔദ്യോഗിക ഡാറ്റയോ  സ്ഥിതിവിവരക്കണക്കുകളോ മറ്റോ ഉണ്ടോ? ഈ സ്ഥലം മനുഷ്യ വാസ യോഗ്യമല്ല എന്നു വരുത്തുന്നതെന്തിനാണ്?. മനുഷ്യരെ ഭീതിപ്പെടുത്തി ഇങ്ങനെ ഭ്രാന്താക്കുന്നതിനു ഒരു  കുഴപ്പവുമില്ലേ? അതല്ല ഔദ്യോഗികമായി ഇത്തരം ഒരു വിവരമുണ്ടെങ്കിൽ ഉത്തരവാദിത്തത്തോടെ അതു പറയണമല്ലോ? വാസയോഗ്യമായ സ്ഥലമല്ല കുട്ടനാട് എന്നു വരുത്താനുള്ള  ഒരു ത്വര എന്തിന്റെ അടിസ്ഥാനത്തിലാണ്? എന്തായാലും ഈ പ്രചരണത്തിലെ വസ്‌തുത ഔദ്യോഗികമായി വിശദീകരിക്കപ്പെടണം. എന്തും എഴുതാൻ തങ്ങൾക്ക് അവകാശമുണ്ട് എന്ന സ്ഥിതി  മാറിയേമതിയാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top