27 April Saturday

കേന്ദ്രസർക്കാരിന്റെ ഭാഗമായ വി മുരളീധരന്റെ ഭീഷണി കാണുമ്പോൾ സഹതാപം തോന്നുന്നു; ഏജൻസികൾ അന്വേഷിച്ച പഴയ കേസുകളുടെ സ്ഥിതി എന്തായി?: തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020

കേന്ദ്രസഹമന്ത്രിയെ പഴയ ചില കാര്യങ്ങൾ കൂടി ഓർമ്മപ്പെടുത്താം. 2019 മെയ് മാസത്തിൽ 25 കിലോ സ്വർണം തിരുവനന്തപുരം എയർപോർട്ടിൽ പിടിയിലായത് മറന്നിട്ടില്ലല്ലോ. ആ കേസിൽ കസ്റ്റംസ് സൂപ്രണ്ടിനെയാണ് റവന്യൂ ഇന്റലിജൻസ് അറസ്റ്റു ചെയ്‌തത്. മന്ത്രി തോമസ്‌ ഐസകിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

അസംഖ്യം അന്വേഷണ ഏജൻസികളുടെ നിയന്ത്രണാധികാരമുള്ള കേന്ദ്രസർക്കാരിന്റെ ഭാഗമായ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പത്രസമ്മേളനം നടത്തി സ്വർണക്കടത്തു കേസിൽ ഭീഷണി മുഴക്കുന്നത് കാണുമ്പോൾ സത്യത്തിൽ സഹതാപമാണ് തോന്നുന്നത്. കള്ളക്കടത്തു നടത്തിയവരെയും ഒത്താശ ചെയ്തവരെയും കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ എല്ലാ അത്യന്താധുനിക സൌകര്യങ്ങളുമുള്ള എത്രയോ അന്വേഷണ ഏജൻസികൾ വിരൽത്തുമ്പിലിരിക്കുമ്പോൾ വെല്ലുവിളിയുടെയും ഭീഷണിയുടെയും കാര്യമില്ല. ഒരന്വേഷണത്തെയും കേരള സർക്കാരോ എൽഡിഎഫോ സിപിഎമ്മോ ഭയക്കുന്നില്ല. ഏതറ്റം വരെയും അന്വേഷിക്കാൻ നിലവിൽ ഒരു തടസവും കേന്ദ്രസർക്കാരിനു മുന്നിലില്ല. ഞങ്ങൾക്ക് ഏതായാലും ഒന്നും ഒളിക്കാനും മറയ്ക്കാനുമില്ല.

കേന്ദ്രസഹമന്ത്രിയെ പഴയ ചില കാര്യങ്ങൾ കൂടി ഓർമ്മപ്പെടുത്താം. 2019 മെയ് മാസത്തിൽ 25 കിലോ സ്വർണം തിരുവനന്തപുരം എയർപോർട്ടിൽ പിടിയിലായത് മറന്നിട്ടില്ലല്ലോ. ആ കേസിൽ കസ്റ്റംസ് സൂപ്രണ്ടിനെയാണ് റവന്യൂ ഇന്റലിജൻസ് അറസ്റ്റു ചെയ്തത്. കേസിലെ ഒന്നാം പ്രതിയും ഇയാൾ തന്നെ. ചോദ്യം ചെയ്യലിൽ പുറത്തുവന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌ത‌ത് 680 കിലോ സ്വർണത്തിന്റെ കള്ളക്കടത്ത്. എയർപോർട്ടിലെ എക്സ്റേ പോയിന്റിൽ സൂപ്രണ്ട് നേരിട്ടു ചെന്നാണത്രേ കള്ളക്കടത്തു സ്വർണം വിട്ടുകൊടുത്തത്. സ്വർണം പരിശോധനയില്ലാതെ എയർപോർട്ടിൽ നിന്ന് കടത്താൻ സഹായിച്ചിരുന്ന താൽക്കാലിക ജീവനക്കാരും പിടിയിലായിട്ടുണ്ട്.

എവിടേയ്ക്കാണ് ഈ 680 കിലോ സ്വർണം പോയത്? കസ്റ്റംസ് സൂപ്രണ്ട് അടക്കമുള്ള കള്ളക്കടത്ത് ശൃംഖലയുടെ കണ്ണി എവിടേയ്ക്കൊക്കെയാണ് നീണ്ടു ചെന്നത്? ഇത്രയും സ്വർണം വിദേശത്തു നിന്ന് വാങ്ങിയത് ആരാണ്? തിരുവനന്തപുരത്ത് അതെത്തിക്കാൻ സഹായിച്ചത് ആരൊക്കെ? ഇവിടെ ആരാണ് കൈപ്പറ്റിയത്? വർഷം കുറേ ആയല്ലോ അന്വേഷണം? ആരെയൊക്കെ അന്വേഷണ ഏജൻസി അറസ്റ്റു ചെയ്‌തിട്ടുണ്ട്?

ഇപ്പോൾ കൊണ്ടുവന്ന 30 കിലോ സ്വർണം, ഡിപ്ലോമാറ്റിക് ബാഗേജ് പദവിയോടെ എങ്ങനെ തിരുവനന്തപുരത്ത് എത്തി? പുറപ്പെട്ട സ്ഥലത്തെ പരിശോധനകളുടെ കണ്ണുവെട്ടിച്ചതെങ്ങനെ? ഇവിടെ ആർക്കാണ് ഈ സ്വർണം കൊണ്ടുവന്നത്?

ഇക്കാര്യങ്ങൾ അന്വേഷിക്കാനുള്ള അധികാരവും ചുമതലയും കേന്ദ്രസർക്കാർ ഏജൻസികൾക്കാണ്. ആ അന്വേഷണത്തിന് എന്തു സഹായവും ചെയ്യാൻ സംസ്ഥാന സർക്കാർ ഒരുക്കമാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്റർപോൾ അന്വേഷിച്ചാലും സ്വാഗതം ചെയ്യുമെന്ന് സിപിഐഎം നേതൃത്വവും വ്യക്തമാക്കിക്കഴിഞ്ഞു.

അതുകൊണ്ട്, എല്ലാ കാര്യങ്ങളും അന്വേഷിക്കുക. ഏതു വിധത്തിലുള്ള അന്വേഷണത്തിനും എന്തു സഹായവും ചെയ്യാൻ സംസ്ഥാന സർക്കാർ ഒരുക്കമാണെന്ന് ഉത്തരവാദിത്തത്തോടെ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

അന്വേഷിക്കുക. എല്ലാ കുറ്റക്കാരെയും നിയമത്തിനു മുന്നിലെത്തിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top