25 April Thursday

ലൈക്ക് നോക്കൂ ...ഗലീലിയോ ഗലീലി രാജിവെയ്ക്കണം

കെ ജി സൂരജ്Updated: Sunday Feb 24, 2019

കെ ജി സൂരജ്

കെ ജി സൂരജ്

"അങ്ങിനെ ഗലീലിയോ ഗലീലിയുടെ ശാസ്ത്ര സത്യ ഫേസ് ബുക്ക് പോസ്റ്റിന് 12 K ലൈക്കുകള്‍ ലഭിയ്ക്കുമ്പോൾ 'ബെൽ ആർമിന്റെ ' (ബലരാമൻ എന്നു വായിയ്ക്കരുത്) കമന്റിന് 24 K ലൈക്കുകളാണ് ലഭ്യമാകുന്നത്. മുപ്പതിനായിരത്തിലധികം കമന്റുകൾ 'ബെൽ ആർമിന്റെ ' (ബലരാമൻ എന്നു വായിയ്ക്കരുത്) അശാസ്ത്രീയ മുൻധാരണയ്ക്ക് ലഭിയ്ക്കുമ്പോൾ ഗലീലിയോ ഗലീലിയ്ക്ക് 2500 കമന്റുകള്‍ മാത്രമേ കിട്ടുന്നുള്ളൂ''-കെ ജി സൂരജ് എഴുതുന്നു

 

സമ്മതികൾക്ക് (Consent) വകഭേദങ്ങളുണ്ട്. ചിലപ്പോൾ അവ നിർമ്മിതമാകും അതല്ലെങ്കിൽ സ്വാഭാവികവും.
മറ്റേതിടങ്ങളിലുമെന്നപോലെ നിർമ്മിത സമ്മതി രൂപപ്പെടുത്തുന്നതിൽ പ്രലോഭനം / സമ്മർദ്ദം / ഭീഷണി തുടങ്ങി ആൾക്കൂട്ട ജനാധിപത്യത്തിന്റേതായ സർവ്വമിശ്രണങ്ങളും ഉൾച്ചേർന്നിരിയ്ക്കും. യുക്തിഭദ്രതയെന്നത് അപ്രസക്തമാക്കി ഒരുതരം കരിസ്മാറ്റിക്ക് സവിശേഷതകളോടെ ആൾക്കൂട്ടത്തെ ഒരു പ്രത്യേക പോയിന്റിലേയ്ക്ക് പ്രയാസമശേഷമില്ലാതെ അതിനെത്തിയ്ക്കുന്നതിനാകും.


ഹാമെലിനിലെ പൈഡ് പൈപ്പറെപ്പോലെ അത്തരം 'പണികളിൽ' വിദഗ്ധരായവർ ഡിജിറ്റൽ മാധ്യമങ്ങളിലും യഥേഷ്ടമുണ്ട്. 'ഭൂമി സൂര്യനെ വലംവെയ്ക്കുന്നുവെന്ന' ശാസ്ത്ര സത്യം കണ്ടെത്തിയ ഭൗതിക ശാസ്ത്രജ്ഞൻ ഗലീലിയോ ഗലീലിയെ മതഭരണകൂടം 'മതദ്രോഹമാരോപിച്ച്' ദീർഘവിചാരണയ്ക്ക് വിധേയമാക്കി ജീവപര്യന്തം ശിക്ഷയ്ക്ക് വിധേയമാക്കുകയായിരുന്നുവല്ലോ. പ്രസ്തുത ചരിത്രത്തെ ഡിജിറ്റൽ മാധ്യമ സമകാലീനതകളിലേയ്ക്ക് അടപടലം പുനരാവിഷ്ക്കരിച്ചാൽ എന്തായിരിയ്ക്കും സംഭവിയ്ക്കുക. ഗലീലിയോ ഗലീലി തന്റെ ഫേസ് ബുക്ക് പേജിൽ 'ഭൂമി സൂര്യനെ വലവെയ്ക്കുന്നുവെന്ന്' പോസ്റ്റിങ് നടത്തുന്നു. മതമേധാവിത്വം ഒറ്റക്കെട്ടായി അതിനെതിരെ പ്രചരണമാരംഭിയ്ക്കുന്നു. ബഹുമുഖമായ കാംപെയ്നുകൾ സജീവമാകുന്നു. ഞായറാഴ്ച്ചകളിൽ ഇടയലേഖനം വായിയ്ക്കുന്നു. ഗലീലിയോ ഗലീലിയെ തികഞ്ഞ ബൈബിൾ വിരുദ്ധനെന്ന് പ്രഖ്യാപിയ്ക്കുന്നു. കൂട്ടമണികൾ മുഴങ്ങുന്നു. നിഷ്കളങ്കരായ വിശ്വാസി സമൂഹം പൈഡ് പൈപ്പർ വാദനത്താലെന്നോണം ഗലീലിയോ ഗലീലിയുടെ ഫേസ് ബുക്ക് പേജിലേക്ക് ആനയിയ്ക്കപ്പെടുന്നു.


അപ്പോൾ അവിടെ കർദ്ദിനാൾ 'ബെൽ ആർമിൻ' (ബലരാമൻ എന്നു വായിയ്ക്കരുത്) നിയോഗിച്ച അന്വേഷണക്കമ്മീഷൻ റിപ്പോർട്ട് ബെൽ ആർമിൻ (ബലരാമൻ എന്നു വായിയ്ക്കരുത്) തന്നെ കമന്റ് ആയി ചേർത്തിരിയ്ക്കുന്നു. 'സൂര്യൻ പ്രപഞ്ചകേന്ദ്രമെന്ന വാദഗതി വിഡ്‌ഢിത്തവും വങ്കത്തവുമാണ്‌, അതിനാൽ അത് മതദ്രോഹപരവുമാണ്‌'. ആനയിയ്ക്കപ്പെട്ട 'കുഞ്ഞാടുകൾ' നിരത്തിപ്പിടിച്ച് അത് ലൈക്ക് ചെയ്യാൻ ആരംഭിയ്ക്കുന്നു; തുടരെ കമന്റുകളും.

 

അതിനായി 'ബെൽ ആർമിൻ' (ബലരാമൻ എന്നു വായിയ്ക്കരുത്) മികച്ച നെറ്റ് വർക്ക് സ്‌കില്ലുകളാണ് പ്രദർശിപ്പിയ്ക്കുന്നത്. പള്ളിയോട് അശേഷം ആഭിമുഖ്യമില്ലാത്തവരെങ്കിലും ശാസ്ത്ര സത്യത്തെ അശേഷം അംഗീകരിയ്ക്കാത്ത അന്ധവിശ്വാസികളെയാകെ മത/ ജാതി/ (അ) രാഷ്ട്രീയഭേദമെന്യേ അവിടെയെത്തിച്ച് തന്റെ ശാസ്ത്രബോധമില്ലാത്ത കമന്റിന് ലൈക്ക് ഉറപ്പാക്കുന്നു.

 

വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ / ഫേസ് ബുക്കിലെ തന്നെ ഗലീലിയോ ഗലീലി വിരുദ്ധ കൂട്ടായ്മകൾ / കല്ല് / കരട് / കാഞ്ഞിരക്കുറ്റി / മുള്ള് / മുരട് / മൂർഖൻ പാമ്പ് തുടങ്ങി വൈജാത്യങ്ങളുടെ ഹിമാലയങ്ങളായ എല്ലാ ഫേസ് ബുക്ക് സീക്രട്ട് ഗ്രൂപ്പുകളും അതിനായി അവിഘ്നം പ്രയോജനപ്പെടുത്തുന്നു.

 

അങ്ങിനെ ഗലീലിയോ ഗലീലിയുടെ ശാസ്ത്ര സത്യ ഫേസ് ബുക്ക് പോസ്റ്റിന് 12 K ലൈക്കുകള്‍ ലഭിയ്ക്കുമ്പോൾ 'ബെൽ ആർമിന്റെ ' (ബലരാമൻ എന്നു വായിയ്ക്കരുത്) കമന്റിന് 24 K ലൈക്കുകളാണ് ലഭ്യമാകുന്നത്. മുപ്പതിനായിരത്തിലധികം കമന്റുകൾ 'ബെൽ ആർമിന്റെ ' (ബലരാമൻ എന്നു വായിയ്ക്കരുത്) അശാസ്ത്രീയ മുൻധാരണയ്ക്ക് ലഭിയ്ക്കുമ്പോൾ ഗലീലിയോ ഗലീലിയ്ക്ക് 2500 കമന്റുകള്‍ മാത്രമേ കിട്ടുന്നുള്ളൂ.

 

അടുത്ത ഘട്ടം ഓൺ ലൈൻ പത്രങ്ങളാണ്. മുൻകൂട്ടി തയ്യാറാക്കി വെച്ചിരിയ്ക്കുന്ന ലൈക്ക് താരതമ്യ പഠനങ്ങൾ ബ്രേക്കിങ് ന്യൂസ് (ബാർക്കിങ് എന്നു വായിയ്ക്കരുത്) ആയി ആഞ്ഞടിപ്പിയ്ക്കും. ചാനലുകൾ ന്യൂസ് അവറുകളിൽ ചർച്ച നടത്തും. പത്രങ്ങൾ കോളം ഒന്നിൽ തന്നെ വാർത്ത നിരത്തും .

 

അതേ; ഗലീലിയോ ഗലിയുടെ 'ഭൂമി സൂര്യനെ വലവെയ്ക്കുന്നുവെന്ന' കമന്റിന് 12 K ലൈക്കുകളേയുള്ളൂ എന്നാൽ 'ബെൽ ആർമിന്റെ ' (ബലരാമൻ എന്നു വായിയ്ക്കരുത്) 'സൂര്യൻ പ്രപഞ്ചകേന്ദ്രമെന്ന വാദഗതി വിഡ്‌ഢിത്തവും വങ്കത്തവുമാണ്‌, അതിനാൽ അത് മതദ്രോഹപരവുമാണ്‌' എന്ന കമന്റിന് 24 K ലൈക്കുകളുണ്ട്. 12 K യെക്കാൾ 24 K വളരെ വലുതായതിനാൽ 'ബെൽ ആർമിന്റെ ' (ബലരാമൻ എന്നു വായിയ്ക്കരുത്) വാദഗതിയാണ് പ്രാപഞ്ചിക സത്യം.
സമ്മതിയെന്നത് ഫേസ് ബുക്കിലെ ലൈക്കാണ്. അതിനാൽ ഗലീലിയോ ഗലീലി പെട്ടെന്ന് രാജി വെയ്ക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top