01 October Sunday

"പത്മജ ചേച്ചിയായിരുന്നു എന്റെ ആദ്യത്തെ ഫാന്‍; ഈ കണ്ണീര്‍ മഴ തോരില്ല, ഈ നോവും കുറയില്ല': ജി വേണുഗോപാൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 15, 2020

അന്തരിച്ച ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണനെ അനുസ്മരിച്ച് ഗായകന്‍ ജി വേണുഗോപാല്‍. പത്മജയുമായും സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണനുമായും തനിക്കുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് വേണുഗോപാലിന്റെ കുറിപ്പ്. ഈ കണ്ണീര്‍ മഴ തോരില്ല പത്മജച്ചേച്ചീ.... ഈ നോവും കുറയില്ല. വേണുഗോപാല്‍ കുറിച്ചു.

വേണുഗോപാല്‍ പങ്കുവച്ച കുറിപ്പ്:

അനേക വര്‍ഷങ്ങള്‍ക്ക് മുന്‍പ്, എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ ആദ്യമായി ഒരു ഓര്‍ക്കസ്ട്രയോടൊപ്പം പാടുന്ന വേദിയില്‍, തിരുവനന്തപുരത്ത് പ്രിയദര്‍ശിനി ഹാളില്‍, ഒരാരാധിക എന്നോട് സ്റ്റേജിന്റെ വശത്ത് നിന്ന് നടന്നു വന്ന് ഒരു പാട്ട് ഞങ്ങള്‍ക്ക് വേണ്ടി പാടുമോ എന്ന് ചോദിച്ചു. ചെറിയ ഒരു തുണ്ട് കടലാസ്സില്‍ മനോഹരമായ കൈപ്പടയില്‍ ' പത്മജ ഗിരിജ ' എന്നെഴുതിയതിന് താഴെ പാട്ടിന്റെ ആദ്യ വരിയുമുണ്ട്, 'ചക്രവര്‍ത്തിനി / നിനക്ക് ഞാനെന്റെ '. കഷ്ടി നാല് വരി മാത്രമെനിക്കറിയാം. സംശയത്തോടെ ആ തുണ്ട് പേപ്പറിലും ആള്‍ക്കാരെയും നോക്കുമ്പോള്‍ സ്റ്റേജിന് നേരെ മുന്നില്‍ നടന്ന് വന്ന് സാക്ഷാല്‍ രാധാകൃഷ്ണന്‍ ചേട്ടന്‍ എന്ന എം ജി രാധാകൃഷ്ണന്‍, 'ആ പാട്ടവന്‍ പത്മജയ്ക്ക് പാടിത്തരും ' എന്ന് ഉറക്കെ പ്രഖ്യാപിച്ചപ്പോള്‍ എന്റെ സംശയം പരിഭ്രമമായി.

ആദ്യത്തെ സ്റ്റേജ്. കൂടെപ്പാടുന്നത് അക്കാലത്തെ അതിപ്രശസ്ത ഗായികയും എന്റെ ബന്ധുവുമായ ബേബി സുജാതയും. ഞാനാകെ ആറ് പാട്ടേ റിഹേഴ്‌സ് ചെയ്തിട്ടുള്ളൂ. രണ്ടും കല്‍പ്പിച്ച് ഭയത്തോടെ ഗാനത്തിന്റെ ആദ്യ നാലു വരികള്‍ പാടി അപ്പാടേ തെറ്റിക്കുന്നൊരു ഓര്‍മ്മയും. പത്മജ ച്ചേച്ചിയായിരുന്നു എന്റെ ആദ്യത്തെ ഫാന്‍ എന്ന് ഞാന്‍ പില്‍ക്കാലത്ത് ചേച്ചിയോട് തമാശിക്കുമ്പോള്‍ "എക്കാലത്തേയും' എന്ന് ചേച്ചി തിരുത്തുമായിരുന്നു.

ആ ഗാനമേളയ്ക്ക് ശേഷം നടന്ന രാധാകൃഷ്ണണന്‍ ചേട്ടന്റെയും പത്മജച്ചേച്ചിയുടെയും കല്യാണത്തിന് ഞാനും ദൃക്‌സാക്ഷിയായിരുന്നു. അങ്ങനെ പത്മജ, രാധാകൃഷ്ണന്‍ ചേട്ടന്റെ പ്രിയപ്പെട്ട 'പപ്പ' യായിത്തീരുന്നു.

ആകാശവാണി ലളിതസംഗീത വേദിയില്‍ നിന്ന് ചേട്ടന്‍ എന്നെ കൈപിടിച്ച് എണ്‍പത്തിനാല് ജൂലൈയില്‍ ഒരു സിനിമയിലെ ആദ്യ നാല് വരികള്‍ പാടിക്കുന്നു. കാലചക്രം തിരിഞ്ഞു കൊണ്ടേയിരുന്നു. 'മേടയില്‍ ' കുടുംബവുമായുള്ള എന്റെ ആത്മബന്ധം ഗാഢമായിക്കൊണ്ടുമിരുന്നു. രാധാകൃഷ്ണന്‍ ചേട്ടന്റെ അവസാന നാളുകളില്‍ നടന്ന സംഗീത പരിപാടികളിലെല്ലാം എന്റെ സാന്നിധ്യം നിര്‍ബന്ധപൂര്‍വ്വം വേണമെന്ന് ചേച്ചിയും ചേട്ടനും തീരുമാനിച്ചിരുന്നു. പാട്ടുകാരന്‍ എന്നതിലുപരി ഒരു സഹോദരനായിരുന്നു ഞാനവര്‍ക്ക്. ഒരു കൈത്താങ്ങ്.

സ്വന്തം രോഗങ്ങളെല്ലാം മറന്നുകൊണ്ട് പത്മജച്ചേച്ചി തിരുവനന്തപുരത്തെ സാംസ്‌ക്കാരിക സായാഹ്നങ്ങളുടെയൊക്കെ നിറസാന്നിധ്യമായി. ചേച്ചിയുടെ സംസാരങ്ങളിലെല്ലാം സിനിമയും, സംഗീതവും, നൃത്തവും മാത്രമായി രുന്നു ടോപ്പിക്കുകള്‍. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തന്റെ ഇരട്ട സഹോദരിയായ ഗിരിജ മരിച്ചപ്പോള്‍ പത്മജച്ചേച്ചിയെ ആകെ പരിക്ഷീണയായി കണ്ടു. "വേണു, എന്റെ ഒരു ചിറകൊടിഞ്ഞു' എന്ന് ചേച്ചി കണ്ണീര്‍ വാര്‍ത്തു.

ഇക്കഴിഞ്ഞ ആഴ്ചകളില്‍ പത്മജച്ചേച്ചി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ബുള്‍ബുള്‍, മൗത്ത് ഓര്‍ഗന്‍ എന്നീ ഉപകരണങ്ങള്‍ വായിക്കുന്ന പോസ്റ്റുകളാണ് ഇട്ടിരുന്നത്. തല്‍സമയം എന്റെ വാട്ട്‌സ് അപ്പിലേക്കും അതയച്ച് തരും. കൃത്യമായ അഭിപ്രായമറിയാന്‍. അവസാന പോസ്റ്റ് ഇക്കഴിഞ്ഞ ജൂണ്‍ പതിനൊന്നിനും, നാല് ദിവസം മുന്‍പ്.

ഒരു രാവ് പുലരിയാകുമ്പോള്‍ ഈ മരണവാര്‍ത്ത എന്നെ നടുക്കുന്നു. ഇന്നത്തെ എന്റെയീ പുലരിയില്‍ വേണ്ടപ്പെട്ട മറ്റൊരാള്‍ നിത്യനിദ്രയിലേക്ക് വഴുതി വീണിരിക്കുന്നു. ഈ കണ്ണീര്‍ മഴ തോരില്ല പത്മജച്ചേച്ചീ.... ഈ നോവും കുറയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top