01 October Sunday

'നിരവധി ആദിവാസി ഊരുകള്‍ ശുചീകരിച്ചു; സന്ധ്യയോടെ കോളനി നിവാസികളോട് യാത്ര പറഞ്ഞ് ഞങ്ങള്‍ മലയിറങ്ങി'

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

കബനി പുഴയുടെ തീരം. പുഴ കരകവിഞ്ഞൊഴുകി തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷവും അവരുടെ വീടും റോഡും മറ്റും സൗകര്യങ്ങളും തകര്‍ത്തു. വളര്‍ത്തുമൃഗങ്ങള്‍ ഒഴുകിപ്പോയി. നെല്‍കൃഷി പാടങ്ങളില്‍ പുഴ മണല്‍ കയറി നശിച്ചു.

ആ പുഴയുടെ തീരത്ത് നിന്നാല്‍ കുറുവാ ദീപിന്റെ പിറകുവശം കാണാം. ഞങ്ങള്‍ വൈകിട്ടുവരെ അവിടത്തെ നിരവധി ആദിവാസി ഊരുകള്‍ ശുചീകരിച്ചു. അവരുടെ സന്തോഷം കണ്ടപ്പോള്‍ ഞങ്ങള്‍ ഒന്നുറപ്പിച്ചു.......  'പ്രതിസന്ധികളില്‍ തോറ്റോടിയ ജനതയല്ല നമ്മള്‍....... ജയിച്ചു മുന്നേറിയവരാണ് നമ്മള്‍ '. കേരളം അതിജീവിക്കുക തന്നെ ചെയ്യും.....;
ഡിവൈഎഫ്‌ഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് അരുണ്‍ കുമാര്‍ എഴുതുന്നു

ഫേസ്‌ബുക്ക് പോസ്റ്റ്

പ്രളയം തകര്‍ത്ത ജനതയെ കാണാനും അവരെ ആശ്വസിപ്പിക്കാനും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുമായി ഞാന്‍ സുഹൃത്തുക്കളോടൊപ്പം ഇന്നലെ വയനാട്ടിലെക്ക് തിരിച്ചു. ഞാന്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന നേതാജീ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ ശേഖരിച്ച അരിയും ഭക്ഷ്യധാന്യങ്ങളും മരുന്നുകളും വസ്ത്രങ്ങളുമായിട്ടാണ് ഞങ്ങള്‍ മാനന്തവാടി മുന്‍സിപ്പല്‍ അതിര്‍ത്തിയിലേക്ക് തിരിച്ചത്.

കോഴിക്കോട് എത്തിയപ്പോള്‍ ആലങ്ങാട്ടെ ഡിവൈഎഫ്‌ഐ  സഖാക്കള്‍, 100 പേരടങ്ങുന്ന ശുചീകരണ ടീമംഗങ്ങള്‍ ദൗത്യത്തിനു ശേഷം സഖാവ് ആദര്‍ശിന്റ നേതൃത്വത്തില്‍ തിരിച്ചു  പോരുന്നതുകണ്ടു. താമരശ്ശേരി ചുരത്തിന്റെ താഴെ കാപ്പി കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് അനൂപിന്റെ നേതൃത്വത്തില്‍ ഒരു ടോറസ് വാഹനത്തില്‍ തങ്ങളുടെ അഞ്ചാമത്തെ ലോഡ് 'പ്രളയബാധിതര്‍ക്കൊരു കൈതാങ്ങ് ' വാഹനം കണ്ടു.കഴിഞ്ഞ തവണ പ്രളയം ഏറ്റവും ക്രൂരമായി തകര്‍ത്ത പറവൂര്‍, ചേന്ദമംഗലം പ്രദേശത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ശേഖരിച്ച പ്രളയ ബാധിതര്‍ക്കുള്ള സാധന സാമഗ്രികളാണ് ടോറസ് വാഹനത്തിലുണ്ടായിരുന്നത്. ഞങ്ങളുടെ കാപ്പികുടി കഴിയും മുന്‍പ് തന്നെ ആലുവ കീഴ്മാടിലെ ഡിവൈഎഫ്‌ഐ  പ്രവര്‍ത്തകരും തങ്ങളുടെ മൂന്നാമത്തെ ലോഡ് ഉല്‍പന്നങ്ങളുമായി അവിടെ എത്തി. കഴിഞ്ഞ തവണത്തെ പ്രളയത്തില്‍ തകര്‍ന്ന തങ്ങളെ കൈപിടിച്ചുയര്‍ത്തിയ മലബാറുകാരെ സഹായിക്കാന്‍ ഇറങ്ങിത്തിരിച്ചവരാണ് തങ്ങള്‍ എന്ന് ആലുവ സഖാക്കള്‍ പറഞ്ഞു.

പുലര്‍ച്ചെ മാനന്തവാടിയില്‍ എത്തി ക്ഷീരോല്‍പാദന സഹകരണ സംഘം ഹാളില്‍ പ്രാഥമിക കര്‍മങ്ങള്‍ക്കായി എത്തിയപ്പോള്‍ അവിടെ സിപിഐ എം പറവൂര്‍ എ സി അംഗം കെ എസ്  സനീഷിന്റെയും ഡിവൈഎഫ്‌ഐ  ബ്ലോക്ക് സെക്രട്ടറി ശ്രീജിത്തിന്റെയും നേതൃത്വത്തില്‍ ഒരു വന്‍ യുവജന സംഘം 2 ദിവസമായി ശുചീകരണ പ്രവര്‍ത്തനത്തിനു ശേഷം അവിടെ വിശ്രമിക്കുന്നുണ്ടായിരുന്നു. പറവൂരിലെ തന്നെ സഖാവ് സുധീറിന്റെ നേതൃത്വത്തില്‍ വന്‍ സംഘം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം തലേ ദിവസം രാത്രി മടങ്ങിയതായി ഞങ്ങള്‍ അറിഞ്ഞു.മാനന്തവാടി മുന്‍സിപ്പാലിറ്റിയുടെ വൈസ് ചെയര്‍മാന്‍ സഖാവ് ബിജു സ്ഥലത്തെത്തി ഞങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നു. ഞങ്ങള്‍ രാവിലെ തന്നെ മുട്ടംങ്കര കോളനി നിവാസികള്‍ താമസിച്ചിരുന്ന ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന പയ്യംമ്പിള്ളി എച്എസ്എസി ല്‍ എത്തി. 11 ദിവസമായി പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പ് പിരിയുന്ന സമയമായിരുന്നു അപ്പോള്‍. അവരുടെ വീടുകള്‍ ശുചീകരിക്കാന്‍ ഞങ്ങള്‍ അവരോടൊപ്പം  മുട്ടംങ്കര കോളനിയിലേക്ക് തിരിച്ചു.

കബനി പുഴയുടെ തീരത്തുള്ള മനോഹരമായ സ്ഥലം. പക്ഷെ പുഴ കരകവിഞ്ഞൊഴുകി തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷവും അവരുടെ വീടും റോഡും മറ്റും സൗകര്യങ്ങളും തകര്‍ത്തു. വളര്‍ത്തുമൃഗങ്ങള്‍ ഒഴുകി പോയി. നെല്‍കൃഷി പാടങ്ങളില്‍ പുഴ മണല്‍ കയറി നശിച്ചു. ആ പുഴയുടെ തീരത്ത് നിന്നാല്‍ കുറുവാ ദീപിന്റെ പിറകുവശം കാണാം. ഞങ്ങള്‍ വൈകിട്ടുവരെ അവിടത്തെ നിരവധി ആദിവാസി ഊരുകള്‍ ശുചീകരിച്ചു.  അവര്‍ക്കെല്ലാം കുറഞ്ഞത് 6 മാസ കാലത്തേക്ക്
ജീവിക്കാനുള്ള വിഭവങ്ങള്‍ ക്യാമ്പില്‍ നിന്നും ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ പൊതി കെട്ടി പരാതികള്‍ ഇല്ലാതെ നല്‍കിയിട്ടുണ്ടെന്ന് ഞങ്ങള്‍ മനസിലാക്കി.


അതുകൊണ്ട് ഞങ്ങള്‍ വയനശാലയില്‍ നിന്നും കൊണ്ടുപോയ വിഭവങ്ങളുമായി നേരെ ആദിവാസി ഊരുകളായ ചാലിഗദ്ധ കോളനി, പടമല കോളനി, മണ്ടിമൂട് കോളനി എന്നിവിടങ്ങളിലെത്തി ആദിവാസി മൂപ്പന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും എല്ലാം വിളിച്ചു കൂട്ടി വിഭവങ്ങള്‍  വിതരണം ചെയ്തു.
 
അവരുടെ സന്തോഷം കണ്ടപ്പോള്‍ ഞങ്ങള്‍ ഒന്നുറപ്പിച്ചു.......  'പ്രതിസന്ധികളില്‍ തോറ്റോടിയ ജനതയല്ല നമ്മള്‍....... ജയിച്ചു മുന്നേറിയവരാണ് നമ്മള്‍ '
കേരളം അതിജീവിക്കുക തന്നെ ചെയ്യും.....
 We Shall Over Come .

സന്ധ്യയോടെ കോളനി നിവാസികളോട് യാത്രപറഞ്ഞ് ഞങ്ങള്‍ മലയിറങ്ങി തിരിച്ചു വരുമ്പോഴും ശുഭ്ര പതാകകളും ചെങ്കൊടിയും ഏന്തിയ വലിയ വണ്ടികള്‍ വയനാടിനെയും നിലമ്പൂരിനെയും ലക്ഷ്യമാക്കി കുതിക്കുകയാണ് ........പ്രളയബാധിതര്‍ക്കൊരു കൈതാങ്ങ് ' എന്ന ബാനറോടെ........ 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top