22 March Wednesday

'ഖത്തറിനും ഫിഫയ്‌ക്കും ഒരു സ്പെഷ്യൽ കയ്യടി': ഭിന്നശേഷി സൗഹൃദത്തിലെ ലോകകപ്പ്‌ മാതൃകയെപ്പറ്റി ജോർജ്‌ മാത്യുവിന്റെ കുറിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 13, 2022

ലോകകപ്പ്‌ കാണാനെത്തുന്ന ഭിന്നശേഷിക്കാർക്കായി മികച്ച സൗകര്യമൊരുക്കിയ ഖത്തറിനും ഫിഫയ്‌ക്കും പ്രശംസ അറിയിക്കുകയാണ്‌ മലയാളിയായ ജോർജ്‌ മാത്യു. മുമ്പൊരു വേൾഡ് കപ്പിലും ഭിന്നശേഷിക്കാരായ ഇത്രയധികം ആളുകൾ കാണികളായി ഉണ്ടായിരുന്നിരിക്കാൻ വഴിയില്ലെന്ന്‌ ജോർജ്‌ മാത്യു ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. മെട്രോ സ്‌റ്റേഷനുകളിൽ വീൽ ചെയർ ആവശ്യപ്പെട്ടാൽ ആ പോയിന്റ് മുതൽ നമുക്ക് ഇറങ്ങേണ്ട ലാസ്റ്റ് സ്റ്റേഷൻവരെയുള്ള വീൽ ചെയർ സൗകര്യം അവർ ഉറപ്പാക്കിയിരുന്നതായും കുറിപ്പിൽ പറയുന്നു.

ജോർജ്‌ മാത്യുവിന്റെ കുറിപ്പ്‌:

ഇത്തവണത്തെ ഫിഫ വേൾഡ് കപ്പിൽ ആദ്യം മുതലേ ആക്‌സസിബിലിറ്റിക്ക് വലിയ പ്രാധാന്യം കൊടുക്കുന്നത് ശ്രദ്ധിച്ചിരുന്നു. മിഡിലീസ്റ്റിലേക്കുള്ള താരതമ്യേന കുറഞ്ഞ യാത്രക്കൂലിയും സുഹൃത്തുക്കൾ ഉണ്ടെന്നുള്ളതിനാൽ താമസസകര്യം എങ്ങനെയെങ്കിലും ഉറപ്പിക്കാ‍മെന്നതും വേൾഡ് കപ്പ് സ്വപ്‌നങ്ങൾക്ക് ആക്കം കൂട്ടി. ടിക്കറ്റ് സെയിലിന്റെ സമയത്താണ് പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ നിരക്കിലാണ് ആക്‌സസ്‌സിബിലിറ്റി റ്റിക്കറ്റ് എന്നും ഒരു കമ്പാനിയൻറ്റിക്കറ്റ് ഫ്രീയായി ലഭിക്കുമെന്നും അറിഞ്ഞത്. കൂടെ വരാൻ ആത്മസുഹൃത്ത് താൽപ്പര്യവും പ്രകടിപ്പിച്ചപ്പോൾ പോയിട്ട് തന്നെ കാര്യമെന്ന് ഉറപ്പിച്ചു. സെക്കന്റ് ഫേസ് സെയിലിന്റെ സമയത്ത് പ്ലാൻ ചെയ്‌ത്‌ അഞ്ച് റ്റിക്കറ്റ് എടുത്തു, ലോട്ട് വന്നപ്പോൾ അഞ്ചും കിട്ടിയിരിക്കുന്നു (നറുക്കെടുപ്പുണ്ട്). പിന്നെയങ്ങോട്ട് യാത്രയ്‌ക്ക് വേണ്ട ഒരുക്കങ്ങൾക്കായുള്ള ഓട്ടമായിരുന്നു. ഒന്നൊന്നായി മെല്ലെ ഓരോന്നും റെഡിയാക്കി.

(എന്തൊരുങ്ങാൻ? ടിക്കറ്റും ബുക്ക് ചെയ്‌ത് വിസയും സെറ്റാക്കി റ്റൈമാകുമ്പോ അങ്ങ് പോയാപോരെ? - പോര... എന്തെങ്കിലും തരത്തിലുള്ള ഡിസബിലിറ്റിയുള്ളവരോട് ചോദിച്ചാൽ അറിയാം ഒരു യാത്ര എന്തുമാത്രം ചലഞ്ചിങ് ആണെന്ന്. യെസ്, അറിയാം, എല്ലായിടത്തും വീൽ ചെയർ സപ്പോർട്ട് കിട്ടും, ബഗ്ഗി കിട്ടും, റ്റാക്‌സി കിട്ടും, ആക്‌സസിബിൾ പബ്ലിക് ട്രാൻസ്‌പോ‌ർട്ട് കിട്ടും... ഇതിൽ ഏതെങ്കിലും ഒന്ന് പാളിയാൽ നല്ല പണിയും കിട്ടും. ഉപന്യാസമെഴുതാനുള്ള വിഷയമാണ്. തൽക്കാലം വയ്യ).

മൊബിലിറ്റി ഓപ്‌ഷനുകളെ കുറിച്ച് വിശദമായി മനസ്സിലാക്കിയിട്ടാണ് ചെന്നത്. ആദ്യ രണ്ട് മാച്ചുകൾ കാണാൻ പോയപ്പോൾ അത്യാവശ്യം നല്ല പണി കിട്ടി. കുറേ നടപ്പ് വേണ്ടി വന്നു. പ്രധാനമായും പല വോളണ്ടിയേഴ്‌സിനും എല്ലാ ഫെസിലിറ്റിയെ കുറിച്ചും അറിവില്ലാത്തതും മൊബിലിറ്റി മാർഷൽ‌സിന് തന്നെ ഒരു കോർഡിനേഷൻ ഇല്ലാത്തതുമായിരുന്നു പ്രശ്‌നം. ഗോൾഫ് കാർട്ടും, വീൽ ചെയറും, പ്രയോരിറ്റി ലൈനും, എലിവേറ്ററും, സ്പെഷ്യൽ എന്റ്രൻസും ഒക്കെയുണ്ട് - ഇതിന്റെയൊക്കെ ഏകോപനമാണ് ശരിയല്ലാത്തത്. വോളണ്ടിയേഴ്‌സ് പലരും നിസ്സഹായരുമായിരുന്നു. പരാതികൾ കണ്ടമാനം വന്നതുകൊണ്ടാകണം, അടുത്ത മാച്ച് ആയപ്പോഴേക്കും മികച്ച രീതിയിൽ സിസ്റ്റം വർക്ക് ചെയ്‌ത് തുടങ്ങി. പിന്നീട് ബുദ്ധിമുട്ടുകളുണ്ടായതേയില്ല.

സ്റ്റേഡിയത്തിലെ കം‌ഫർട്ടബിളായ പ്രത്യേക ഏരിയയിൽ തരുന്ന സീറ്റടക്കം ഒരുപാട് സൌകര്യങ്ങൾ മൊബിലിറ്റി ഇഷ്യൂസ് ഉള്ളവർക്ക് വേണ്ടി ഏർപ്പെടുത്തിയതുകൊണ്ടാകണം പലതരത്തിലുള്ള ഡിസബിലിറ്റിയുള്ളവർ നൂറുകണക്കിനുണ്ടായിരുന്നു. മുമ്പൊരു വേൾഡ് കപ്പിലും ഡിസേബിൾഡായ ഇത്രയധികം ആളുകൾ കാണികളായി ഉണ്ടായിരുന്നിരിക്കാൻ വഴിയില്ല (കണക്കുകൾ വരട്ടെ). വോളണ്ടിയേഴ്‌സും കാര്യങ്ങൾ എളുപ്പമാക്കിത്തരാൻ എപ്പോഴും ശ്രമിക്കുന്നുണ്ടായിരുന്നു. എടുത്തു പറയേണ്ട സർവ്വീസ് മെട്രോയുടെ ആണ്. സ്റ്റേഷന് വെളിയിലെ എൻട്രി പോയന്റിൽ എത്തുമ്പോൾ അവിടുള്ള ഏതെങ്കിലും ഓഫീസറോട് വീൽ ചെയർ റിക്വസ്റ്റ് ചെയ്‌താൽ ആ പോയിന്റ് മുതൽ നമുക്ക് ഇറങ്ങേണ്ട ലാസ്റ്റ് സ്റ്റേഷൻവരെയുള്ള വീൽ ചെയർ സൌകര്യം അവർ ഉറപ്പിക്കുന്നു.

ഇടയ്‌ക്ക് പല ലൈനിലേക്ക് ട്രെയിൻ മാറി കേറേണ്ടി വന്നാലും എല്ലായിടത്തും വീൽചെയറും, അത് തള്ളാൻ ഒരു വോളണ്ടിയറും, കൂടെ റെയിൽ‌വേയുടെ ഒരു ഉദ്യോഗസ്ഥനും എപ്പോഴും റെഡി. ട്രെയിൽ കയറ്റി സീറ്റിൽ ഇരുത്തിക്കഴിഞ്ഞാൽ ഓഫീസർ അടുത്ത സ്റ്റേഷനിലേക്ക് വയർലെസ്സ് മെസ്സേജ് കൊടുക്കും. ഇറങ്ങുന്ന സ്പോട്ടിൽ അടുത്ത ടീം കാത്തിരിക്കും. അങ്ങനെ പാർക്കിങ്ങിലേക്കോ ബസ് കിട്ടുന്ന പോയന്റിലേക്കോ വരെ നമ്മളെ ആക്കിയിട്ടേ അവർ പോകൂ. പലപ്പോഴും നല്ല തിരക്കായിരുന്ന (കാണികൾ കൂടുതലും മെട്രോ സർവ്വീസാണ് ഉപയോഗിക്കുന്നത്) മെട്രോയിൽ ഇഫക്റ്റീവായി ക്രൌഡ് മാനേജ് ചെയ്യുന്നതും വീൽചെയർ എന്റ്രിക്ക് തടസ്സമുണ്ടാക്കാത്ത രീതിയിൽ സപ്പോർട്ട് ചെയ്യുന്നതും ചെറുതല്ലാത്ത സന്തോഷം തോന്നിച്ചു.  പക്കാ പ്രൊഫഷനൽ സർവ്വീസ് !. പരിമിതികൾക്കുള്ളിൽ നിന്നും ഇത്രയുമൊക്കെ സപ്പോർട്ട് ഒരുക്കിയ ഖത്തറിനും ഫിഫയ്‌ക്കും ഒരു സ്പെഷ്യൽ കയ്യടി. തുടർന്നുള്ള വേൾഡ്‌കപ്പുകളിലും കുറവുകൾ പരിഹരിച്ച് ഇതേ മാതൃക ആവർത്തിക്കാവുന്നതാണ്. ആവർത്തിക്കേണ്ടതുമാണ്.

[എൻ.ബി:- സെൽഫിയിലുള്ളത് അലക്‌സ്. കെനിയക്കാരനാണ്. ഒമ്പത് അംഗകുടുംബം, ചെക്കന് മാത്രേ നാടുവിട്ട് ജോലി സമ്പാദിക്കാനായുള്ളൂ. ഖത്തറിലെ വിസ ജനുവരിയിൽ തീരുമത്രേ. കുടുംബം രക്ഷപെടണമെങ്കിൽ വീണ്ടും എങ്ങനെയെങ്കിലും ഇങ്ങോട്ട് വരാൻ നോക്കണം. വീൽ ചെയറിനായുള്ള നീണ്ട കാത്തിരിപ്പിനു ശേഷം (ഒരുപാട് പേർക്ക് വേണ്ടിയിരുന്നു) മടുത്തെന്ന് അടുത്തുണ്ടായിരുന്ന വോളണ്ടിയർ കുപ്പായമിട്ട അലക്സിനോട് പറഞ്ഞപ്പോൾ തന്റെ ജോലിയല്ലാഞ്ഞിട്ടും പോയി ഒരു വീൽ ചെയർ സംഘടിപ്പിച്ച് വന്ന് അതുമായി എന്റെ കൂടെ ലാസ്റ്റ് സ്റ്റേഷൻ വരെ വന്ന് ബസും കയറ്റി വിട്ടു. മുടിഞ്ഞ വെയിറ്റുള്ള എന്നേം കൊണ്ട് ദൂരം ചില്ലറയൊന്നുമല്ല മൂപ്പർ തള്ളിയത്. ബുദ്ധിമുട്ടായോന്ന് ചോദിച്ചപ്പോൾ, ദിസ് ഈസ് മൈ ഡ്യൂട്ടി എന്ന് പറഞ്ഞു മനോഹരമായി ചിരിച്ചു. അവസാന ദിവസത്തെ മെട്രോ യാത്രയിൽ വീണ്ടും കണ്ടപ്പോൾ ചെക്കൻ മിസ്റ്റർ മാത്യൂ എന്നും വിളിച്ച് ഓടി വന്നു കെട്ടിപ്പിടിച്ചു. ജന്മത്ത് മറക്കില്ല എന്നുറപ്പുള്ള മുഖങ്ങളിലൊന്ന്).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top