26 April Friday

ലോകത്ത് ആവശ്യമായ ഒപ്റ്റിക്കൽ ഫൈബറിന്റെ അമ്പത് ശതമാനത്തിലധികം ഉണ്ടാക്കുന്നത് ചൈന; പ്രതിപക്ഷ നേതാവ് ഒരിക്കലെങ്കിലും പോകണം: ഡോ. ജിൻ ജോസിന്റെ കുറിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

ഡോ. ജിൻ ജോസ്‌

ഡോ. ജിൻ ജോസ്‌

കെ ഫോൺ പദ്ധതിക്കായി ഉപയോഗിക്കുന്ന ഒപ്‌റ്റിക്കൽ ഫൈബർ കേബിളുകൾ ചൈനീസ്‌ നിർമിതമാണെന്നും ഇവയ്‌ക്ക്‌ ഗുണനിലവാരമില്ലെന്നുമാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ ആരോപണം. കേരളത്തിന്റെ പ്രധാനപ്പെട്ട ഒരു പദ്ധതിയെ തകർക്കാൻ എന്തും വിളിച്ചുപറയുമെന്ന വാശിയിലാണ്‌ പ്രതിപക്ഷവും. കൃത്യവും വ്യക്തവുമായ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ കമ്മ്യൂണിക്കേഷന് ഉപയോഗിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ നിർമിച്ചു വിൽക്കാൻ പറ്റൂ. ഇക്കാര്യം പ്രതിപക്ഷ നേതാവ്‌ മറച്ചുവയ്‌ക്കുന്നു. അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്നു. യു.കെയിലെ ലീഡ്‌സ്‌ യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഡോ. ജിൻ ജോസിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌.

കെ ഫോണിൽ ഉപയോഗിച്ച ഒപ്റ്റിക്കൽ ഫൈബർ ചൈനീസ് ആണെന്ന ആരോപണം പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ലോകത്ത് എ ല്ലായിടത്തും കമ്മ്യൂണിക്കേഷന് ഉപയോഗിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ നിർമ്മിക്കുന്നതിന് പ്രധാനമായും ഒരു മാർഗ്ഗം മാത്രമാണ് ഉപയോഗിക്കുന്നത്.

 ഒപ്റ്റിക്കൽ ഫൈബർ കേബിളിൻ്റെ പുറത്തെ പ്ലാസ്റ്റിക് അധിഷ്ഠിത കവചങ്ങൾ മാറ്റിയാൽ അതിനുള്ളിലുളളത് silica (ഗ്ലാസ്) അടിസ്ഥാനമായ ഒരു മില്ലിമീറ്ററിൻ്റെ എട്ടിൽ ഒന്നുമാത്രം വ്യാസം ഉള്ള നൂലാണ്, ഇലക്ട്രിക് കേബിളിൽ ഉള്ള കോപ്പർ കമ്പി പോലെ. എന്നാൽ, വളരെ നേരിയത്.

ഈ ഗ്ലാസ് നൂൽ നിർമ്മിക്കുന്നതിന് രണ്ടു ഘട്ടമാണുള്ളത്. ഒന്നാമതായി ഗ്ലാസിൻ്റെ (സിലിക്ക/ശുദ്ധീകരിച്ച മണൽ) ഒരു സാമാന്യം വലിയ സിലിണ്ടർ/റോഡ് (preform) ഉണ്ടാക്കുക എന്നതാണ്.  MOCVD (metal organic chemical vapour deposition)  എന്ന പ്രൊസസ്സ് ഉപയോഗിച്ച് സൂഷ്‌മതയോടെ അകത്ത് അതീവ ശുദ്ധമായ സിലിക്ക ഗ്ലാസും, പുറത്ത് കുറച്ച് സാന്ദ്രത(density) കുറഞ്ഞ സിലിക്ക അധിഷ്ഠിത ഗ്ലാസും വരുന്ന രീതിയിൽ ആണ് ഈ സിലിണ്ടർ നിർമ്മിക്കുന്നത്.

രണ്ടാമതായി ഈ സിലിണ്ടറിനെ ഏകദേശം 2000 ഡിഗ്രീ സെൽഷ്യസ്സിൽ ചൂടാക്കി ഉയരത്തിൽ നിന്നും നൂൽ പോലെ വലിച്ച് നീട്ടി അതിനൊപ്പം പുറമെ കാണുന്ന പ്ളാസ്റ്റിക് കവചം ഒക്കെ നൽകി പുറത്ത് വരുന്നു.

10 മീറ്ററിൽ അധികം ഉയരമുള്ള ഒരു ടവർ, അതിൽ ഒരുപാട് ഉപകരണങ്ങൾ ഒക്കെ ചേർന്നതാണ് ഫൈബർ വലിച്ച് നീട്ടി റോള് ചെയ്‌ത് എടുക്കാൻ ഉള്ള സംവിധാനം. വലിയ മുതൽമുടക്കുള്ള, നിരവധി അത്യാധുനിക ഉപകരണങ്ങൾ വേണ്ട കാര്യമാണ് preform, ഫൈബർ നിർമ്മാണങ്ങൾ.

കൃത്യവും വ്യക്തവുമായ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ കമ്മ്യൂണിക്കേഷന് ഉപയോഗിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ നിർമിച്ചു വില്ക്കാൻ പറ്റൂ. അത് അമേരിക്കയിലോ, ചൈനയിലോ ഇന്ത്യയിലോ എവിടെ ആയാലും. International telecommunication union (ITU) നും IEEE യും ഒക്കെ ആണ് ഇത്തരം മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ഏജൻസികൾ ആണ്.

ഒരു പ്രാവശ്യം എങ്കിലും പ്രതിപക്ഷ നേതാവ് ചൈനയിൽ പോകണം, അവിടുത്തെ കാര്യങ്ങള് കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കണം. ലോകത്ത് ആവശ്യമായ ഒപ്റ്റിക്കൽ ഫൈബറിൻ്റെ അമ്പത് ശതമാനത്തിലധികം ഉണ്ടാക്കുന്നത് ചൈനയാണ്. ചൈനീസ് നിർമ്മിത ഉപകരണങ്ങൾ ഒന്നും ഉപയോഗിക്കില്ല, മറ്റുള്ളവരെ അതിനനുവദിക്കില്ല എന്നൊക്കെയാണ് നിലപാട് എങ്കിൽ കൂടുതൽ ഒന്നും പറയുന്നില്ല. പ്രതിപക്ഷ നേതാവായി തുടരാൻ ആശംസിക്കുന്നു.

ലോകത്ത് സമുന്ദ്രത്തിന് അടിയിലൂടെയുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖലയില് ഏകദേശം 12 ലക്ഷം കിലോമീറ്റർ നീളത്തിൽ ഫൈബർ ഉണ്ട് (ചിത്രത്തിൽ കാണുന്ന പോലെ). ഭൂഖണ്ഡങ്ങൾ തമ്മിലും രാജ്യങ്ങൾ തമ്മിലും ഏകദേശം നമ്മുടെ മുടിയുടെ അത്രമാത്രം വ്യാസമുള്ള ഗ്ലാസ്സ് നാരു കൊണ്ടുള്ള കേബിൾ വഴി പരസ്‌പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇത് ഇന്ന് ലോകത്തിൻ്റെ ജീവനാഡി ആണ്, മനുഷ്യരെയും അവരുടെ ദൈനംദിന പ്രവർത്തികളും നിയന്ത്രിക്കുന്ന ഇൻ്റർനെറ്റിൻ്റെ അടിസ്ഥാന വാഹകർ.

ഈ കേബിളുകളിൽ കൂടി ലേസർ രശ്‌മികൾ നിരന്തരം സഞ്ചരിച്ചു കൊണ്ടാണ് ഇത് സാധ്യമാകുന്നത്. ഭൂഖണ്ഡങ്ങളുടെയും രാജ്യങ്ങളുടെയും സമുന്ദ്രാതിർത്തികളിൽ നിന്നും ഈ ഫൈബർ ഇപ്പൊൾ നമ്മുടെ വീടുകളിൽ എത്തിക്കൊണ്ടിരിക്കുന്നു. അതിലൂടെ  ഇൻ്റർനെറ്റ്, ഫോൺ, tv തുടങ്ങിയവ നമ്മുടെ വീട്ടിലെത്തുന്നു. ഇൻ്റർനെറ്റ് വഴി ഗവൺമെൻ്റ്, ബാങ്കുകൾ, സ്‌കൂളുകൾ, യൂണിവേഴ്‌സിറ്റികൾ, ആശുപത്രികൾ തുടങ്ങി എല്ലാ മേഖലയിലെ സേവനങ്ങളും ഈ ഫൈബർ കേബിൾ ശൃംഖലയിലൂടെ നമ്മുടെ കമ്പ്യൂട്ടറിൽ നിന്നോ സ്‌മാർട് ഫോണിൽ നിന്നോ ഉപയോഗപ്പെടുത്താൻ കഴിയും. വൈദ്യുതിയും വെള്ളവും പാചകവാതകവും പോലെ നമ്മുക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നായി ഇൻ്റർനെറ്റ് മാറിയിരിക്കുന്നു.

ഈ സാഹചര്യത്തിൽ ആണ് കേരള ഫൈബർ ഒപ്‌ടിക് നെറ്റ്വർക്ക് (KFON) പ്രാധാന്യം അർഹിക്കുന്നത്. എല്ലാവരിലേക്കും ഇൻ്റർനെറ്റ് എത്തിക്കുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യമായി നൽകുക, ഗവർമെൻ്റ് ഓഫീസുകൾ, സ്‌കൂളുകൾ തുടങ്ങിയവയെ ഈ ശൃംഖലയുമായി ബന്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ. പക്ഷേ ഇതിനൊരു മറുവശം കൂടി ഉണ്ട്. മറുനാട്ടിൽ ഇരുന്നു പടച്ചുവിടുന്ന ചില പരദൂഷണ ചാനലുകളും ഈ ഫൈബർ കേബിൾ വഴി നമ്മുടെ വീട്ടിൽ എത്തും, എന്ത് ചെയ്യാൻ!.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top