26 April Friday

'സൂര്യപ്രഭയെ പഴമുറം കൊണ്ട് മറയ്ക്കാമെന്ന് ധരിക്കേണ്ട' പി പി ചിത്തരഞ്ജന്‍ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 4, 2020

ആലപ്പുഴ: മഹേഷ്‌ എന്ന വിദ്യാര്‍ഥിയ്ക്ക് വീട് ലഭ്യമാക്കുന്ന പ്രശ്നം മുന്‍നിര്‍ത്തി മന്ത്രി തോമസ്‌ ഐസക്കിനെതിരെ ചിലര്‍ നടത്തുന്ന പ്രചരണം കൊണ്ട് അദ്ദേഹത്തിന് ജനമനസ്സുകളിലുള്ള സ്ഥാനം തകര്‍ക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നു സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പി ചിത്തരഞ്ജന്‍ പറഞ്ഞു.

വിവാദത്തിനു പിന്നിലെ വസ്തുതകള്‍ തുറന്നുകാട്ടുന്ന ചിത്തരഞ്ജന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ താഴെ :

ആലപ്പുഴ തുമ്പോളി വാർഡിൽ മഹേഷ് എന്ന വിദ്യാർത്ഥിക്ക് വീട് നിർമ്മിക്കുവാൻ മുന്നോട്ടുവന്ന പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തലയെയും സൗജന്യമായി 2.5 സെന്റ് സ്ഥലം നൽകിയ മുൻ നഗരസഭാ ചെയർമാൻ ശ്രീ. തോമസ് ജോസഫിനെയും ആദ്യം തന്നെ അഭിനന്ദിക്കുന്നു. ഇനിയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ഇരുവർക്കും കോൺഗ്രസ് പാർട്ടിക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു. നല്ലതിനെ നല്ലതായി പറയുക എന്നതാണ് ശരിയായ ധർമ്മം എന്ന് മനസ്സിലാക്കുന്നു. കോൺഗ്രസ് പാർട്ടി 1000 വീട് നിർമ്മിച്ച് കൊടുക്കും എന്ന് പറഞ്ഞിട്ട് പിന്നീട് അത് 500 വീടുകളാക്കി വെട്ടി കുറച്ചിട്ടും ആലപ്പുഴ ജില്ലയിൽ 100 വീടുകൾ നിർമ്മിക്കുമെന്ന് പറഞ്ഞിട്ടും അത് എന്തായെന്നോ എങ്ങനെയായെന്നോ ഞങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. സിപിഐഎം നിരവധി പേർക്ക് വീട് വെച്ച് കൊടുക്കുന്നുണ്ട്. ജനങ്ങൾ അത് കാണുന്നുമുണ്ട്. മറ്റുള്ളവരും കഴിയുന്നത്ര ഇത്തരം പ്രവർത്തികൾക്ക് മുന്നോട്ട് വരണം.

എന്നാൽ മഹേഷിന്റെ വീടിന്റെ പേര് പറഞ്ഞ് ഡോ. ടി എം തോമസ് ഐസക്കിനെ വ്യക്തിപരമായി ആക്ഷേപിക്കുവാൻ ചില സുഹൃത്തുക്കൾ നിരവധി പോസ്റ്റുകളും ഇടുന്നുണ്ട്. ആരാണ് ഡോ. തോമസ് ഐസക്ക് എന്ന് ആലപ്പുഴ മണ്ഡലത്തിലെ ജനങ്ങൾക്ക് നന്നായി അറിയാം. അദ്ദേഹത്തിന് ജനമനസ്സുകളിലുള്ള സ്ഥാനം നാല് പേരുടെ ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് തകരുന്നതല്ല. അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർ കൂപമണ്ഡൂകങ്ങൾ മാത്രമായിരിക്കും എന്ന് പറയാതെ വയ്യ. ഒരു ജനപ്രതിനിധി എന്ന നിലയിലും അതിലുപരി തന്റെ വ്യക്തിപരമായ എല്ലാ കഴിവുകളെയും ബന്ധങ്ങളെയും പ്രയോജനപ്പെടുത്തി, നാട്ടിൽ നിരവധി സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാനും തന്റെ മണ്ഡലത്തിൽ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ ആരും പട്ടിണി കിടന്നുകൂടാ എന്ന ലക്ഷ്യം മുൻനിർത്തി 'വിശപ്പുരഹിത മാരാരിക്കുളം' അടക്കം പ്രവർത്തിക്കുന്നത് കേരളത്തിനാകെ മാതൃകയായി മാറിയതാണ്.

തീരദേശത്തെ സാധാരണക്കാരായ മത്സ്യതൊഴിലാളികളുടെയും കയർ തൊഴിലാളികളുടെതടക്കം മക്കൾക്കായി 'പ്രതിഭാതീരം' എന്ന വിദ്യാഭ്യാസ പരിപാടി, അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത് സർക്കാർ ഖജനാവിൽ നിന്ന് ഒരു പൈസ പോലും എടുത്ത് അല്ല, മറിച്ച് സ്പോൺസർഷിപ്പിലൂടെ അടക്കം സംഘടിപ്പിച്ചതാണ്. സാമ്പത്തിക ഞെരുക്കം മൂലം നിരവധി അന്താരാഷ്ട്ര മീറ്റുകളിലും കായികമേളകളിലും പങ്കെടുക്കുവാൻ കഴിയാതെ പ്രയാസം അനുഭവിച്ച പ്രഗൽഭരായ കായികതാരങ്ങൾക്ക് അതിലാകെ പങ്കെടുക്കുവാനും മികച്ച വിജയം കരസ്ഥമാക്കുവാനും കഴിഞ്ഞത് ഡോ. തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം നടത്തിയ അഭ്യർത്ഥനകളുടെയും ഇടപെടലുകളുടെയും ഫലമായാണ്. അതോടൊപ്പം ഈ കാലയളവിൽ നിരവധി കുടുംബൾക്കാണ് വീട് നിർമ്മിച്ചു കൊടുത്തിട്ടുണ്ട്.

മണ്ണഞ്ചേരി പഞ്ചായത്ത് 21 വാർഡിൽ ബധിരയും മൂകയുമായ +2 വിദ്യാർത്ഥി സൂര്യപ്രസാദിന് ആസ്ത്രേലിയയിലെ മെൽബണിലെ ബെറിക് അയൽക്കൂട്ടം (മലയാളി അസോസിയേഷൻ) സഹായത്തോടെ വീട് വെച്ച് നല്കി. വികലാംഗനും ലോട്ടറി വില്പനക്കാരനുമായ അച്ഛൻ, അമ്മ നേരത്തെ മരണപ്പെട്ട മണ്ണഞ്ചേരി രണ്ടാം വാർഡിലെ വിഗ്രി വിദ്യാർത്ഥികളായ ഗോപികയും, ഗോപുവിനും ബെറിക് അയൽ കൂട്ടത്തിന്റെ സഹായത്താൽ വീട് വെച്ച് നല്കി. മണ്ണഞ്ചേരി പഞ്ചായത്ത് 20 വാർഡിൽ +2 വിദ്യാർത്ഥി ആയിരുന്ന റിനാഷിന് വീട് വെച്ച് നല്കി. മണ്ണഞ്ചേരി പഞ്ചായത്ത് 12 വർഡിൽ ആരോരും ഇല്ലാത്ത കുന്നേപ്പാടത്ത് തങ്കമ്മയക്ക് വീട് വെച്ച് നല്കി.

ലണ്ടനില്‍ നിന്നുള്ള പ്രവാസി മലയാളിക്കൂട്ടായ്മ പൂങ്കാവ് മേരി ഇമ്മാകുലേറ്റ്‌ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ശില്‍പ്പയെ ആണ് വീട് നല്‍കാനായി തെരഞ്ഞെടുത്തത്. മൂന്നു മാസങ്ങള്‍ കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി വീട് കൈമാറി. തൊട്ടു പിന്നാലെ ഖത്തറില്‍ നിന്നുള്ള ഫേസ്ബുക്ക്
സുഹൃത്തുക്കള്‍ ആര്യാട് നിന്നുള്ള മായയ്ക്കും മാനസിയ്ക്കും വീട് സ്നേഹജാലകത്തിന്‍റെ മേല്‍നോട്ടത്തില്‍ വീട് നിര്‍മ്മിച്ച്‌ നല്‍കി. ആര്യാട് പഞ്ചായത്തില്‍ നിന്ന് തന്നെയുള്ള എം ബി ബി എസ് വിദ്യാര്‍ഥിനി ശ്രുതി ബാലന് വീട് നിര്‍മ്മിക്കാനുള്ള ധനസഹായം നല്‍കിയത് ന്യൂയോര്‍ക്കില്‍ നിന്നുള്ള GRAMNY എന്ന മലയാളി കൂട്ടായ്മ ആയിരുന്നു. തൊട്ടുപിന്നാലെ ആലപ്പുഴ മംഗലം വാര്‍ഡിലെ സഖാവ് രേവമ്മയ്ക്ക് ബാംഗ്ലൂര്‍ ആസ്ഥാനമായ പവലിയന്‍സ് എന്ന കമ്പനിയാണ് വീട് നിര്‍മ്മാണത്തില്‍ തുണയായത്. കിടപ്പുരോഗിയായ രാജേഷിനും കുടുംബത്തിനും വീട് നിര്‍മ്മിക്കാന്‍ തുണ ആയത് അമേരിക്കയില്‍ നിന്നുള്ള മലയാളി വനിത കൂട്ടായ്മ ആയിരുന്നു. ഇതോടൊപ്പം സ്നേഹജാലകം ഇരുപതോളം വീടുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വാസയോഗ്യമാക്കി കൊടുക്കുവാനും സ: തോമസ് ഐസക്കിന്റെ ഇടപെടൽ മൂലം കഴിഞ്ഞു.

ഈ പേരുകളൊന്നും പറയണമെന്ന് ആഗ്രഹിച്ചതല്ല, അത് തോമസ് ഐസക്കിന് ഇഷ്ടവുമല്ല. എന്നാൽ ഇപ്പോൾ മഹേഷിന്റെ വീടിന്റെ പേരിൽ നടക്കുന്ന വിലകുറഞ്ഞ പ്രചരണങ്ങൾ കാണുമ്പോൾ ഏതാനും വരികൾ കുറിച്ചെന്ന് മാത്രം. തോമസ് ഐസക്ക് ചെയ്ത ഈ നന്മകളൊന്നും മനോരമ ഇതുവരെ കണ്ടിട്ടില്ല, അവർ കണ്ടത്ത് ഒരു മഹേഷിന്റെ വിഷയം മാത്രമാണ്. ഇതിന് പിന്നിലെ മനോരമയുടെ രാഷ്ട്രീയം മലയാളിക്ക് നന്നായി അറിയാം.. മഹേഷിന് വീടിന്റെ സഹായം കൊടുക്കാൻ വൈകിയ സാഹചര്യവും സ: തോമസ് ഐസക്ക് തന്നെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. സ്ഥലം കണ്ടെത്തുന്നതിനു വേണ്ടിയുള്ള കാലതാമസമാണ് ബുദ്ധിമുട്ട് ഉണ്ടാക്കിയത്. വീട് രാമോജി ഗ്രൂപ്പ് നിർമ്മിച്ചു കൊടുക്കുവാൻ തയ്യാറായിരിക്കുന്നു. ഇപ്പോൾ മഹേഷിന് വീടായ സ്ഥിതിക്ക് മൂന്ന് പെൺകുട്ടികളുള്ള ഒരു കുടുംബത്തിന് അത് കൊടുക്കുന്ന വിവരം അറിയിച്ചിട്ടുണ്ട്. ഇത്തരം ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുവാൻ എല്ലാവരും പരിശ്രമിക്കണം. എന്നാൽ 'അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്ക് കുടപിടിക്കു'മെന്ന പഴംചൊല്ല് അന്വർത്ഥമാക്കും വിധമുള്ള ചിലരുടെ പ്രവർത്തികൾ തരംതാണ തരത്തിലാണെന്ന് അവർക്ക് മനസ്സിലാവുന്നില്ലെങ്കിലും നാട്ടുകാർ മനസ്സിലാക്കുന്നുണ്ട്..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top