24 April Wednesday

ബിജെപി ഓഫീസില്‍ ബോംബ് പൊട്ടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌ത് യുവമോര്‍ച്ച നേതാവ് പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2017

തിരുവനന്തപുരം > ബിജെപി തിരുവനന്തപുരം ജില്ലാകമ്മറ്റി ഓഫീസിനുനേരെ ഇന്നലെ ഉണ്ടായ ബോംബേറ് രണ്ട് മണിക്കൂര്‍ മുന്‍പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവമോര്‍ച്ച നേതാവ് കുടുങ്ങി. ബുധനാഴ്ച രാത്രി 8.30നുശേഷം ഉണ്ടായ ബോംബേറിനെക്കുറിച്ചാണ് വൈകിട്ട് 6.30ന് തന്നെ കഴക്കൂട്ടം മണ്ഡലത്തിലെ യുവമോര്‍ച്ച നേതാവും ബിജെപി നേതാവ് വി മുരളീധരന്റെ അടുപ്പക്കാരനുമായ ജയദേവ് ഹരീന്ദ്രന്‍ നായര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചത്. സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനില്‍ അതിക്രമിച്ചുകയറി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തെ മഹത്വവല്‍ക്കരിച്ചാണ് യുവമോര്‍ച്ച നേതാവിന്റെ പോസ്റ്റ്.

'എന്താണ് ഭീരുത്വം മുഖംമറച്ച് ബോംബ് എറിഞ്ഞ് ഓടിയതോ, അതോ ചെന്ന് കേറി അറസ്റ്റ് വരിച്ചതോ' എന്നാണ് ഇയാളുടെ  പ്രതികരണം. രാത്രി8:30നു ശേഷം നടന്ന ബോംബേറ് സംഭവത്തെ പരാമര്‍ശിച്ചു മണിക്കൂറുകള്‍ക്കു മുന്‍പ് തന്നെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നു.

സംഭവം പുറത്തുവന്നതോടെ, അതിക്രമങ്ങള്‍ നടത്തുകയും ഒപ്പം ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന ബിജെപി ഇരട്ടത്താപ്പ് ചോദ്യംചെയ്ത് സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ രംഗത്തുവന്നു. 'ഡല്‍ഹിയില്‍ ചെയ്ത മാപ്പര്‍ഹിക്കാത്ത അതിക്രമത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഒരു ഹര്‍ത്താല്‍ വേണം. ഹര്‍ത്താല്‍ നടത്താന്‍ ഒരു ഓഫീസ് ബോംബെറിയണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം ബിജെപി 7 ഹര്‍ത്താല്‍ നടത്തി. ചെറിയ സംഭവങ്ങളുടെ പേരിലും, ഇത് പോലെ ക്രിയേറ്റ് ചെയ്തുമാണ് ഹര്‍ത്താലും അതിന്റെ മറവില്‍ കലാപവും നടത്തുന്നത്... പ്രബുദ്ധ കേരളം പ്രതികരിക്കട്ടെ, ഇവരെ എന്തുചെയ്യണമെന്ന്.' - ആനാവൂര്‍ നാഗപ്പന്‍ ഫേസ്ബുക്ക്പോസ്റ്റില്‍ പറഞ്ഞു.

വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനെതുടര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നിയമ നടപടി നേരിടുകയാണ്. ഇതിനുപിന്നാലെ ബിജെപി നേതാക്കള്‍ വ്യാജ സംഭവങ്ങള്‍ പ്രചരിപ്പിച്ച ഒന്നിലേറെ സംഭവങ്ങളാണ് കഴിഞ്ഞ ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ നടന്നത്.

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ സിപിഐ എം പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തിയെന്നാണ് ആസൂത്രിതമായി തയാറാക്കിയ വീഡിയോയും കുറിപ്പും ഉപയോഗിച്ച് കുമ്മനം രാജശേഖരന്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. കണ്ണൂരിനെ കലാപഭൂമിയാക്കാനുള്ള ആസൂത്രിത നീക്കമാണ് കുമ്മനം നടത്തിയതെന്ന പരാതി ഉയര്‍ന്നിട്ടും വീഡിയോയുടെ ആധികാരികത തെളിയിക്കാന്‍ കുമ്മനം രാജശേഖരനോ ബിജെപിക്കോ കഴിഞ്ഞില്ല. സംഭവം നടന്നുവെന്ന് തെളിയിക്കുന്ന ഒരു വിവരം പോലും പങ്കുവെയ്ക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.

എന്‍ഡിഎയുടെ കേരള ഘടകം വൈസ് ചെയര്‍മാനും ഏഷ്യാനെറ്റ് ന്യൂസ് എംഡിയുമായ രാജീവ് ചന്ദ്രശേഖര്‍ എംപിയും കണ്ണൂര്‍ സംഭവവുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തി. ബിജെപി നടത്തിയ ഹര്‍ത്താലില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കും പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആബുലന്‍സിനും നേരെ സംഘപരിവാറുകാര്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ മാര്‍ക്സിസ്റ്റ് ആക്രമണം എന്നപേരില്‍ പ്രചരിപ്പിക്കുകയായിരുന്നു.

ഇതിനുപിന്നാലെ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ പശുക്കളെ കശാപ്പുചെയ്തിട്ടിരിക്കുന്ന ചിത്രം കേരളത്തില്‍ നടന്നത് എന്ന പേരില്‍ പ്രചരിപ്പിച്ചിരുന്നു. ഇവയെല്ലാം പിടിപ്പക്കപ്പെട്ടിട്ടും വ്യാജ പ്രചരണങ്ങളില്‍നിന്ന് ബിജെപി നേതാക്കള്‍ പിന്നോട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ജയദേവ് ഹരീന്ദ്രന്‍ നായരുടെ 'ബോംബ്' പോസ്റ്റ്.

സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില ട്രോളുകള്‍ ചുവടെ:


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top