12 July Saturday

ഒടിയൻ: സ്വന്തം പ്രൊഫൈൽ ലോക്ക് ചെയ്‌ത് വച്ച്‌ ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നവർ; ഫേസ്‌ബുക്ക് പ്രൊഫൈലുകൾ പലവിധം ഉലകിൽ...

വെബ് ഡെസ്‌ക്‌Updated: Tuesday Apr 12, 2022

നിത്യജീവിതത്തിൽ എന്നപോലെ ഫെയ്‌സ്‌ബുക്കിലും പലതരത്തിലാണ്‌ ആളുകൾ ഇടപെടുന്നത്‌. ഓരോ പ്രൊഫൈലിനും ഓരോ ശൈലിയുണ്ട്‌. ഒടിയൻ, ബ്രോ ഡാഡി, മിന്നൽ മുരളി, കുറുപ്പ്... അവരെ ചില സിനിമാ പേരുകൾകൊണ്ട്‌ തരംതിരിക്കുകയാണ്‌ മുകേഷ്‌ കുമാർ. ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ വായിക്കാം:

ഫേസ്‌ബുക്ക് പ്രൊഫൈലുകൾ പലവിധം ഉലകിൽ...

ഒടിയൻ : സ്വന്തം പ്രൊഫൈൽ ലോക്ക് ചെയ്‌ത് വച്ചിട്ട് നമുക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നവർ...ഒടിയന് നമ്മളെ കാണാൻ പറ്റും. പക്ഷേ നമുക്ക് ഒടിയനെ കാണാൻ പറ്റൂല്ല...ടെക്‌നിക് പിടി കിട്ടിയാ?!!

ബ്രോ ഡാഡി : മറ്റുള്ളവരുടെ പോസ്റ്റ് സ്വന്തം വോളിൽ ഷെയർ ചെയ്യുമ്പോൾ ഏറ്റവും അവസാനം മാത്രം എഴുതിയ ആളുടെ പേര് വയ്‌ക്കുന്നവർ... ക്ലൈമാക്‌സ് എത്തുമ്പോഴേ ആരുടെ ഗർഭം ആണെന്ന് മനസ്സിലാകൂ.

കൃഷ്‌ണ‌ൻകുട്ടി പണി തുടങ്ങി : ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചാൽ ഉടൻ തന്നെ പത്ത് വർഷം മുമ്പ് ഇട്ട പോസ്റ്റുകളിൽ തുടങ്ങി ഓരോ പോസ്റ്റിലും ലൈക് മെഷിൻ പ്രവർത്തിപ്പിച്ച് അങ്ങേയറ്റം ആത്മാർത്ഥത കാണിക്കുന്നവർ.

പട : 'ഏയ്... ശാരദ, വിമല, ഹാദിയ ഇവിടെ വരൂ' എന്ന് ശൗചാലയ പരസ്യത്തിൽ പറയുന്ന പോലെ കമൻ്റ് സെക്ഷനിൽ ആളെ വിളിച്ചു കൂട്ടുന്നവർ...

മിന്നൽ മുരളി : 'ദേ ഇന്നലെ ഇവിടെ ഉണ്ടായിരുന്നു...ഇന്ന് നോക്കുമ്പോ കാണാനില്ല' എന്ന രീതിയിൽ മിന്നി മിന്നി പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷപ്പെടുകയും ചെയ്യുന്നവർ.

കുറുപ്പ് : ഇടയ്‌ക്കിടെ പ്രൊഫൈൽ നെയിം മാറ്റിക്കൊണ്ടിരിക്കുന്ന കൂട്ടർ...ഇതാരാ കമൻ്റ് ചെയ്തിരിക്കുന്ന പുതിയ അലക്സാണ്ടർ എന്ന് പ്രൊഫൈൽ ചെക്ക് ചെയ്യുമ്പോൾ ആണ് പഴയ കുറുപ്പ് തന്നെ എന്ന് മനസ്സിലാവുക...

അള്ള് രാമേന്ദ്രൻ : ഗംഭീരമായി പോയിക്കൊണ്ടിരിക്കുന്ന ചർച്ചകളെ ഒരൊറ്റ കമൻ്റ് കൊണ്ട് വഴി തിരിച്ച് വിടാൻ കെല്പുള്ളവർ... സൂക്ഷ്മ ബുദ്ധി..സൂത്രശാലി.

മധുര രാജ : പേര് സൂചിപ്പിക്കും പോലെ പഞ്ചാര ആണ് സാറേ ഇവരുടെ മെയിൻ...അതിപ്പോ പാമ്പിൻ തുരുത്ത് നിന്നായാലും ഫിലാഡെൽഫിയയിൽ നിന്നായാലും.

ഉപചാരപൂർവ്വം ഗുണ്ട ജയൻ : സെലിബ്രിറ്റികൾ ആയ സുഹൃത്തുക്കളെയും, സൗഹൃദം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന സെലിബ്രിറ്റികളെയും അവർക്ക് തന്നെ ചമ്മൽ തോന്നുന്ന രീതിയിൽ പുകഴ്ത്താനും പൊക്കിയടിക്കാനും unofficial കൊട്ടേഷൻ എടുത്തിരിക്കുന്ന കക്ഷികൾ... ഈ ഗുണ്ട ജയനെ മറന്നേക്കരുതേ എന്ന അപേക്ഷ ആർക്കും വരികൾക്കിടയിൽ വായിക്കാൻ പറ്റും.

ഹൃദയം : ഏതു പോസ്റ്റിലും കമൻ്റിലും ലവ് ഇമോജി വാരിക്കോരി നൽകുന്ന ശുദ്ധ ഹൃദയത്തിൻ്റെ ഉടമകൾ... കല്യാണം, പിറന്നാള്, വാർഷികം, അടിയന്തരം, ശ്രാദ്ധം, സസ്പെൻഷൻ, ആക്‌സിഡൻ്റ്...വിശേഷം ഏതും ആയിക്കോട്ടെ... ഇമോജി heart തന്നെ...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top