19 April Friday

‘ധീരജിനെ ഞങ്ങൾക്കറിയാം, ഒന്നും മറക്കില്ല’; എസ്‌എഫ്‌ഐ ഇടുക്കി ഏരിയാ സെക്രട്ടറി ടോണി കുര്യാക്കോസ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

ഞങ്ങടെ ധീരജിന്റെയും അഭിയുടെയും നെഞ്ചിൽ കത്തിയിറക്കിയിട്ട് ഓടിയ നിഖിൽ പൈലിയെന്ന യൂത്ത് കോൺഗ്രസ്‌ ക്രിമിനൽ, ധീരജിനെ താങ്ങിയെടുത്ത് സത്യൻ ചേട്ടന്റെ കാറിൽ ആശുപത്രിയിലേക്ക് ഞങ്ങളോടുമ്പോൾ താഴെ റോഡിന്റെ അരികിൽ വച്ച് എറിഞ്ഞിട്ട ഒരു ചിരിയുണ്ട്. മണ്ണടിഞ്ഞാലും മറക്കില്ല.‐ ധീരജിനെ ആശുപത്രിയിലെത്തിച്ച എസ്‌എഫ്‌ഐ ഇടുക്കിജില്ലാ സെക്രട്ടറിയറ്റ്‌ അംഗവും ഇടുക്കി ഏരിയ സെക്രട്ടറിയുമായ ടോണി കുര്യാക്കോസ്‌ എഴുതുന്നു

മാനസികമായി കുറച്ചെങ്കിലും നിലനിൽപ്പ് കിട്ടുന്നത് ഇന്നാണ്. കൂടെപിറപ്പൊരാളിന്റെ പ്രാണൻ മടിയിൽ കിടന്ന് പിടയുന്നത് അനുഭവിക്കേണ്ടി വരിക എന്നത് താങ്ങാവുന്നതിലും എത്രയോ അപ്പുറമായിരുന്നു. കത്തിയുമായി ധീരജടക്കമുള്ള എസ്എഫ്ഐ പ്രവർത്തകർ വന്നുവെന്ന് പറയുന്ന മറുനാടനും അഭിജിത് കൈരളിക്ക് കൊടുത്ത ബൈറ്റിന്റെ അറ്റവും മുറിയും പ്രചരിപ്പിച്ച് വെള്ള ചമയുന്ന യൂത്ത് കോൺഗ്രസ്‌ നേതാക്കന്മാരും, ഇരന്നുവാങ്ങിയ മരണമെന്ന് പരിഹസിക്കുന്ന കോൺഗ്രസ് നേതൃത്വവും, നിങ്ങൾ ഒരു വട്ടമെങ്കിലും ഞങ്ങളുടെ ധീരജിനോട് സംസാരിച്ചിട്ടുണ്ടോ?.. അഭിയോട് സംസാരിച്ചിട്ടുണ്ടോ?..

ധീരജിനെയും അഭിജിത്തിനെയും അമലിനെയും ജിഇസിഐയിലെ എസ്എഫ്ഐക്കാരെയും ആ ക്യാമ്പസിന് അറിയാം. രാവെളുക്കുവോളം താളം പിടിച്ചും പാട്ട് പാടിയും ഒപ്പമിരുന്ന ശമ്പുവിനെ ഞങ്ങൾക്കറിയാം. തൂവെള്ള കൊടിയും പിടിച്ച് മുദ്രാവാക്യം വിളിച്ച്‌ ഒപ്പമുണ്ടായിരുന്ന ധീരജിനെ ഞങ്ങൾക്കറിയാം. ഒപ്പമുള്ളവന്റെ ഏത് പ്രശ്നത്തിലും ഓടി വന്നിരുന്ന ധീരജിനെ ഞങ്ങൾക്കറിയാം. അവന്റെ പാട്ടേറ്റ് പാടാൻ ഞങ്ങളുള്ളപ്പോൾ, അവൻ വിളിച്ച മുദ്രഗീതങ്ങൾ തൊണ്ടപൊട്ടുമാറുച്ചത്തിൽ എറ്റുവിളിക്കാൻ ഞങ്ങളുള്ളപ്പോൾ ആരുടെ സാക്ഷ്യപത്രങ്ങളാണ് ഞങ്ങൾക്കാവശ്യം?..

എന്നാൽ, ഞങ്ങടെ ധീരജിന്റെയും അഭിയുടെയും നെഞ്ചിൽ കത്തിയിറക്കിയിട്ട് ഓടിയ നിഖിൽ പൈലിയെന്ന യൂത്ത് കോൺഗ്രസ്‌ ക്രിമിനൽ, ധീരജിനെ താങ്ങിയെടുത്ത് സത്യൻ ചേട്ടന്റെ കാറിൽ ആശുപത്രിയിലേക്ക് ഞങ്ങളോടുമ്പോൾ താഴെ റോഡിന്റെ അരികിൽ വച്ച് എറിഞ്ഞിട്ട ഒരു ചിരിയുണ്ട്. മണ്ണടിഞ്ഞാലും മറക്കില്ല.

അമലിന്റെ നെഞ്ചിൽ ടോണി തേക്കിലക്കാടൻ കത്തി വീശിയപ്പോൾ ഞങ്ങൾക്കേറ്റ മുറിവുണ്ട്. അതൊരുകാലത്തും ഉണങ്ങില്ല. നിലത്തു വീണ് കിടന്ന ധീരജിനെ നോക്കി എടുത്തോണ്ട് പോടാ ഇവനെ എന്ന് പറഞ്ഞ ജിതിൻ തോമസ് ഉപ്പുമാക്കന്റെ ശബ്ദം ഞങ്ങളുടെ കാതടപ്പിച്ചുകൊണ്ടേയിരിക്കും. പ്രിയപ്പെട്ടവന്റെ ജീവനെടുക്കാൻ കൂടെ നിന്ന ജെറിൻ ജോജോയുടെയും നിതിൻ ലുക്കോസിന്റെയും സോയ്‌മോന്റെയും കൊലപാതകികളെ വിളിച്ചുവരുത്തിയ അലക്‌സിന്റെയും സജിന്റെയുമടക്കം മുഖങ്ങളൊന്നും ഞങ്ങൾ മറവിക്ക് വിട്ടു കൊടുക്കാൻ തയ്യാറാവില്ല.

കൊലയാളികളുടെ ചിത്രം പോലും കൊടുക്കാൻ മടിയുള്ള അവരേ പാലൂട്ടി വളർത്തിയ മാധ്യമങ്ങളെ ഞങ്ങൾ മറക്കില്ല. അത്ര കൃത്യതയോടെ ഒരു ട്രെയിൻഡ് ക്രിമിനൽ കൊലപാതകം നടത്തുന്ന പോലെ തന്നെ നിഖിൽ പൈലി കത്തിയിറക്കിയ ധീരജിന്റെ നെഞ്ചിൽ നിന്നും ഒരുപാടൊന്നും രക്തം പുറത്തേക്ക് വന്നിരുന്നില്ല.. പുറത്തേക്ക് വന്ന ചോരയൊക്കെ എന്റെ മുണ്ടിലും ഷർട്ടിലുമായി ഇപ്പോഴുമുണ്ട്. അത് എന്നുമുണ്ടാകും. ‘അവനെ ഒന്നുടെ നോക്ക്.. അവനൊന്നും പറ്റിയിട്ടുണ്ടാവില്ല’ എന്ന് കരഞ്ഞു പറഞ്ഞ എന്റെ ശ്രീരാഗിന്റെയും അർജുന്റെയും അമറിന്റെയും നൂറു നൂറ് കുട്ടികളുടെയും മുഖം മനസ്സിൽ കിടന്ന് നീറുന്നുണ്ട്. ആ നീറ്റൽ അങ്ങനെ ഒടുങ്ങില്ല. ഒരു പക്ഷെ  നാളെ ഞാനും നിങ്ങളുമൊക്കെ വീണുപോയേക്കാം. എന്നാലും ഒരിഞ്ച് പോലും പിറകോട്ട് പോവരുത്. വെട്ടേറ്റ മരങ്ങൾക്ക് ഇടിവെട്ടുന്നൊരു കഴിവുണ്ട് എന്ന് ഓർത്ത് കൊള്ളുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top