26 April Friday

ആകെ സമ്പാദ്യം 200850 രൂപ, അതില്‍ രണ്ട് ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക്; "ജീവിക്കാന്‍ പെന്‍ഷനും ബീഡി തെറുപ്പും മതി'

വെബ് ഡെസ്‌ക്‌Updated: Saturday Apr 24, 2021

കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണച്ച് നിരവധിപ്പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത്. ആരുടെയും പ്രേരണ ഇല്ലാതെ സോഷ്യല്‍ മീഡിയയില്‍ തുടക്കമിട്ട വാക്‌സിന്‍ ചലഞ്ചിലൂടെ ഇതിനോടകം രണ്ട് കോടിയിലധികം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത്.

ആടുകളെ വിറ്റ് പണം നല്‍കിയ പോര്‍ട്ട് കൊല്ലം സ്വദേശിനി സുബൈദയും കൈയിലുണ്ടായിരുന്ന 20 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ തിരുവനന്തപുരത്തെ വിദ്യാര്‍ഥിയെക്കുറിച്ചുമെല്ലാം കഴിഞ്ഞദിവസം കേരളം കേട്ടു. അതോടൊപ്പം ഏറെ ഹൃദ്യമായൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബാങ്ക് ഉദ്യോഗസ്ഥനായ സി.പി സൗന്ദര്‍ രാജ്. ബാങ്കില്‍ സമ്പാദ്യമായുണ്ടായിരുന്ന 200850 രൂപയില്‍നിന്ന് രണ്ട് ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ആവശ്യപ്പെട്ട കണ്ണൂര്‍ സ്വദേശിയെക്കുറിച്ചാണ് സൗന്ദര്‍ രാജ് ഫേസ്ബുക്കില്‍ കുറിച്ചത്. തനിക്ക് ജീവിക്കാന്‍ വികലാംഗ പെന്‍ഷന്‍നും ബീഡി തെറുപ്പില്‍നിന്ന് ലഭിക്കുന്ന വരുമാനവും മതിയെന്ന് പറഞ്ഞയാള്‍ തന്റെ പേര് വെളിപ്പെടുത്തരുതെന്ന് പ്രത്യേകം ആവശ്യപ്പെട്ടതായും സൗന്ദര്‍ രാജ് പറയുന്നു.

ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌  വായിക്കാം:

ഇന്നലെ ഞാൻ ജോലിചെയ്യുന്ന ബാങ്കിൽ പ്രായമുള്ള ഒരാൾ വന്നു. പാസ്സ് ബുക്ക് തന്നു ബാലൻസ് ചോദിച്ചു...200850 രൂപ ഉണ്ടെന്നു പറഞ്ഞു. "ഇതിൽ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കോവിഡ് വാക്സിൻ വാങ്ങുന്നതിനു സംഭാവന നൽകണം".

കാണുമ്പോൾതന്നെ അവശത തോന്നുന്ന ഒരു മനുഷ്യൻ. കുറച്ചു സംസാരിച്ചപ്പോൾ ജീവിക്കാൻ മറ്റ് ചുറ്റുപാടുകൾ ഒന്നും ഇല്ലെന്നു മനസ്സിലായി. വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലോ എന്നുകരുതി ഒരു ലക്ഷം ഇപ്പോഴും ബാക്കി അല്പം കഴിഞ്ഞും അയച്ചാൽ പോരെ എന്ന് ചോദിച്ചു. നിങ്ങൾക്ക് എന്തെങ്കിലും പൈസ ആവശ്യമായി വന്നാലോ.

"എനിക്ക് ജീവിക്കാൻ ഇപ്പോൾ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെൻഷൻ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട് അതിനു ആഴ്ചയിൽ 1000രൂപ വരെ കിട്ടാറുണ്ട്.  എനിക്ക് ജീവിക്കാൻ ഇതു തന്നെ ധാരാളം. " "മുഖ്യമന്ത്രി ഇന്നലെ ഈ കാര്യം പറഞ്ഞപ്പോൾ എടുത്ത തീരുമാനമാണ്. വളരെ ആലോചിച്ചു തന്നെ. ഇതു ഇന്നയച്ചാലേ  എനിക്ക് ഉറങ്ങാൻ കഴിയൂ. എന്റെ പേര് ആരോടും വെളിപ്പെടുത്തരുത്".

അനാവശ്യ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി ആ മുഖഭാവം കണ്ടപ്പോൾ.... ഇങ്ങനെയുള്ള നന്മയുള്ള മനസ്സുകളാണ് നമ്മുടെ നാടിനെ താങ്ങി നിർത്തുന്നത്.
അതാണ് ഉറപ്പോടെ  പറയുന്നത് നമ്മൾ ഇതും അതിജീവിക്കും..... അതാണ് ഉറപ്പോടെ പറയുന്നത്. ഇത് കേരളമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top