24 April Wednesday

ജയൻ രക്തസാക്ഷിയാണ‌്‌, തൊഴിലാളി വിരുദ്ധതയുടെ ഒടുവിലത്തെ രക്തസാക്ഷി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 6, 2019

എ കെ രമേഷ‌്

എ കെ രമേഷ‌്

കൊച്ചി> എൻ എസ‌് ജയൻ രക്തസാക്ഷിയാണ‌്, ബാങ്കിങ് മാനേജ‌്മെന്റ‌ിന്റെ തൊഴിലാളി വിരുദ്ധതയുടെ ഒടുവിലത്തെ രക്തസാക്ഷി. ചെവ്വാഴ്ച‌് എറണാകുളം ഷൺമുഖം റോഡിലെ എസ‌്ബിഐ റീജണൽ ഓഫീസ‌് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത പുത്തൻകുരിശ് ഞാറ്റിയൽവീട്ടിൽ എൻ എസ് ജയന്റെ മരണത്തെ കേവലം ആത്മഹത്യ എന്ന നിലതിൽ ചുരുക്കാൻ കഴിയില്ല. ബാങ്കിങ് മേഖലയിലെ ജീവനക്കാരനുഭവിക്കുന്ന ദുരിതത്തെത്തിന്റെ തുറന്ന ചിത്രമാണ‌് ജയൻ... ബെഫി മുൻ അഖിലേന്ത്യ പ്രസിഡന്റ‌് എ കെ രമേഷ‌് ഫേസ‌്ബുക്കിൽ എഴുതുന്നു...

ഫേസ‌്ബുക്ക‌് പോസ്റ്റിന്റെ പൂർണരൂപം..


പുത്തൻകുരിശ് ഞാറ്റിയൽവീട്ടിൽ എൻ എസ് ജയൻ ഇന്നലെ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ചരമക്കോളത്തിൽ ഒടുങ്ങാവുന്ന ഒരു വെറും വാർത്തയല്ല അത്. ആൾ വെറുമൊരു എൻ എസ് ജയൻ എന്ന വ്യക്തിയല്ല. സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയന്റെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാണിപ്പോൾ പരേതനായ ആ വിമുക്ത ഭടൻ. പരേതനല്ല, രക്തസാക്ഷിയായ യൂണിയൻ പ്രവർത്തകനാണ് എൻ എസ് ജയൻ. കൊലപാതകക്കുറ്റത്തിന് കേസെടുക്കേണ്ടതാണ് വിഷയം.

ബാങ്ക് ചെയർമാൻ മുതൽ ഉന്നതോദ്യോഗസ്ഥരുടെ ദയാരഹിതവും മനുഷ്യത്വ വിരുദ്ധവുമായ നിലപാടാണ് ഈ മരണത്തിനു പിന്നിൽ. മാനേജ്മെന്റിനൊപ്പം നിന്നു മാത്രം ശീലിച്ച സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയന്റെ കേന്ദ്ര നേതൃത്വവും കൈയ്യും കെട്ടി ഉത്തരം പറയാൻ ബാധ്യസ്ഥരാവുകയാണ്, ഈയൊരു നേതാവിന്റെ കൊലപാതകത്തിന്റെ പേരിൽ. ബാങ്കിങ് മേഖലയിലെ ജീവനക്കാരനുഭവിക്കുന്ന സംഘർഷങ്ങളെക്കുറിച്ച് ഇന്നത്തെ ദേശാഭിമാനിയിൽ ഒരു വാർത്ത വന്നതേയുള്ളൂ. അതോടൊപ്പം ഒരു മനുഷ്യത്വ വിരുദ്ധവും ദയാരഹിതവുമായ രീതിയിൽ ബാങ്കിൽ നടക്കുന്ന ഒരു ട്രെയ്നിങിനെക്കുറിച്ചും വാർത്ത വന്നിരുന്നു.

ബാങ്കിന്റെ ചെയർമാനും ഭാര്യക്കുമൊപ്പം, ജീവനക്കാരും ഭാര്യമാരും കുടിക്കഴിയുന്ന ഒരു കൂട്ടം പറച്ചിലാണത്രെ ബാങ്ക് നടത്തുന്നത്. അതു കഴിഞ്ഞ് നല്ലൊരു ഡിന്നറും ഉണ്ടാവും എന്നാണ് സർക്കുലർ പറഞ്ഞതത്രെ!

സമീപകാലത്തായി വന്നു ചേർന്ന ദുഷ്പേര് മാറ്റിയെടുക്കാൻ മുഴുവൻ തൊഴിൽശക്തിയെയും ഒന്നിപ്പിച്ചണിനിരത്തുകയാണു പോലും ലക്ഷ്യം. 10,391 കോടി രൂപയാണ് സ്റ്റേറ്റ് ബാങ്കടക്കമുള്ള വൻകിട ബാങ്കുകൾ മിനിമം ബാലൻസില്ലെന്നും പറഞ്ഞ് സാധാരണ ഇടപാടുകാരെ കൊള്ളയടിച്ചത്. ലയിപ്പിച്ച് ലയിപ്പിച്ച് തടിപ്പിച്ച് കൊഴുപ്പിച്ച ബാങ്കിനെ ഇടപാടുകാർ കൂട്ടം കൂട്ടമായി ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരെയാകെ എനർജൈസ് ചെയ്യാനാണത്രെ ചെയർമാനും ഭാര്യയും ഓൺലൈനിൽ വന്ന് ജീവനക്കാരോടും ഭാര്യമാരോടും വർത്തമാനം പറഞ്ഞ് വിർച്വൽ ഡിന്നർ കൂടി ഒന്നിച്ചു പങ്കിടുന്നത്.

ഉച്ചക്ക് 2 മണിക്ക് ഇടപാട് നിർത്തി കൗണ്ടറും പൂട്ടി നഗരത്തിലെ പ്രധാന ശാഖയിൽ എത്തുകയാണ് ജീവനക്കാർ. ഒമ്പതു മണി വരെയാണ് ചെയർമാന്റെ ഉദ്ബോധനം. പിന്നെ തീറ്റ. അതും കഴിഞ്ഞ് പാതിരാത്രിക്ക് വീട്ടിലെത്തി പിറ്റേന്ന് പുലർച്ചെ ബാങ്കിലേക്ക് തിരിക്കണം. ഇത് ശരിയല്ല എന്ന നിലപാടെടുത്ത നേതാവാണ് എൻ എസ് ജയൻ. വാട്ട്സാപ്പ് ഗ്രൂപ്പ് വഴി സ്വന്തം അണികളോട് ഇതിനെതിരെ പ്രതികരിക്കാൻ ജയൻ മുന്നിട്ടിറങ്ങി. 2 മണിക്ക് കൗണ്ടറും പൂട്ടിപോവുന്നത് ഇടപാടുകാർക്ക് പ്രയാസമുണ്ടാക്കുമെന്നും  5 മണിക്കപ്പുറം ജീവനക്കാർക്ക് ഇരിക്കാനാവില്ല എന്നുമുള്ള നിലപാടെടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു.

പക്ഷേ ലെഷറും വർക്കും തമ്മിലുള്ള അതിർവരമ്പുകൾ മായ്ച്ചു കളയുന്നതിൽ പരിശീലനം നേടിയ മാനേജ്മെന്റിന്റെ ഈ കളിക്കൊപ്പം കൂടുന്നതാണ് വിവേകം എന്ന് എസ‌്ബിഎസ‌്‌യു നേതൃത്വം തീരുമാനിച്ചത്രെ.‌ ജയന്റെ നിലപാടിനെ അവർ തള്ളിപ്പറഞ്ഞു. മാനേജ്മെന്റും യൂണിയനും തമ്മിലുള്ള അതിർവരമ്പുകളും മായ്ച്ചുകളയാൻ സ്റ്റേറ്റ് ബാങ്ക് അധികൃതർക്കാവുമല്ലോ. മാത്രവുമല്ല, പത്രങ്ങളിൽ വാർത്ത വന്നതിന് പിറകിൽ ജയനാണ് എന്ന നിലക്കായി മാനെജ്മെന്റ‌് നിലപാട്.

സ്വന്തം നേതാക്കൾ തന്റെ ശരിയായ നിലപാടിനെ തള്ളിപ്പറയുക, മാനേജ്മെന്റിന്റെ ഭീഷണി ഉയരുക. ഇത്തരമൊരവസരത്തിൽ ആരാണെങ്കിലും കടുത്ത സമ്മർദ്ദത്തിൽപ്പെടും. ആത്മാഭിമാനത്തിനേറ്റ ആഘാതം ആ പാവം പട്ടാളക്കാരന് താങ്ങാനായില്ല.

ഒടുക്കം ജീവനൊടുക്കാൻ സ്വന്തം യൂണിയനാപ്പീസ് തന്നെ തെരഞ്ഞെടുത്തുവത്രെ. യൂണിയനാഫീസ് കെട്ടിടത്തിൽ നിന്ന് താഴോട്ടു ചാടിയാണ് ജയൻ പ്രതികാരം വീട്ടിയത്. ആരോടെല്ലാം?
അനീതി കാട്ടിക്കൊണ്ടിരുന്നവരോടും അതിന് കൂട്ടുനിന്നവരോടും.
അവരെ വെറുതെ വിടാമോ  എന്നതു തന്നെയാണ് ചോദ്യം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top