23 September Saturday
മുഖ്യമന്ത്രിക്കുള്ള കത്തിന്‌ മറുപടി

‘കെ-റെയിൽ ക്ഷേമപ്രവർത്തനങ്ങളെ ബാധിക്കില്ല; മുന്നോട്ടുവെയ്‌ക്കുന്നത്‌ വികസന കാഴ്‌ചപ്പാട്‌ ’: തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

ജനങ്ങളുടെ ക്ഷേമത്തിലും സുരക്ഷിതത്വത്തിലും ഒരു കുറവും വരുത്താതെ അഭ്യസ്‌തവിദ്യരായ കേരളത്തിലെ യുവതലമുറയ്‌ക്ക് നല്ല തൊഴിലവസരങ്ങൾ നമ്മുടെ നാട്ടിൽത്തന്നെ ഉറപ്പുവരുത്തുന്നതിനുള്ള ഒരു വലിയ സാമ്പത്തിക കുതിപ്പിനുള്ള കാഴ്ചപ്പാടാണ് സർക്കാർ മുന്നോട്ടുവയ്‌ക്കുന്നത്. ഈ വികസനതന്ത്രത്തോട് ബന്ധപ്പെടുത്തിവേണം കെ-റെയിലിനെയും കാണാൻ.‐ ഡോ. ടി എം തോമസ്‌ ഐസക്‌ എഴുതുന്നു

പ്രൊഫ. എം കെ പ്രസാദിനോടുള്ള ആദരവ് കാണിക്കാൻ സിൽവർ ലൈൻ പ്രൊജക്ടിനുള്ള പിന്തുണ പിൻവലിക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നു. പ്രസാദ് മാഷ് മാത്രമല്ല, അതുപോലെ ഗുരുസ്ഥാനീയരായ മറ്റു പലരും നിർദ്ദിഷ്ട പ്രൊജക്ടിനെ എതിർത്തുകൊണ്ടുള്ള പ്രസ്താവനയിൽ ഒപ്പിട്ടിട്ടുണ്ട്. അവരോടുള്ള ആദരവ് അതുകൊണ്ട് കുറയുന്നില്ല. പക്ഷെ, ആദരവ് കാണിക്കാനുള്ളതല്ല സുചന്തിതിമായ നിലപാടുകൾ. അഞ്ച് കാര്യങ്ങളാണ് മുഖ്യമന്ത്രിക്കുള്ള തുറന്ന കത്തിൽ അവർ ഉന്നയിച്ചിട്ടുള്ളത്.

1. നവകേരളത്തിന്റെ വികസന പരിപ്രേക്ഷ്യം കൃത്യമായി അവതരിപ്പിക്കുന്നത് വരെ സിൽവർലൈൻ പദ്ധതി പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കണം.

നവകേരളത്തിന്റെ വികസന പരിപ്രേക്ഷ്യം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിൽ 900 പോയിന്റുകളായി കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ചത്. അവ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അവയെക്കുറിച്ച് എത്ര വേണമെങ്കിലും ചർച്ചയാകാം. പക്ഷെ ചർച്ച തീരുന്നതുവരെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നു പറയുന്ന ശാഠ്യം പാടില്ല. സിൽവർലൈൻ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ഇനിയും മാസങ്ങളെടുക്കും. ഇപ്പോൾ അതിനുള്ള തയ്യാറെടുപ്പുകളാണ്. അവ നിർത്തിവച്ച് ചർച്ച ചെയ്യേണ്ടതിന്റെ കാര്യമെന്താണ്?

‘2. കേരളത്തിന്റെ ഗതാഗതവുമായി ബന്ധപ്പെട്ട്‌ റോഡ്, റെയിൽ, വിമാനം, ഉൾനാടൻ ജലഗതാഗതം, സമുദ്രം എന്നിങ്ങനെ അഞ്ചു മേഖലകളെയും ഉൾപ്പെടുത്തി സ്വീകരിക്കേണ്ട ഭാവി നടപടികളെക്കുറിച്ചു ഒരു ധവളപത്രം പുറത്തിറക്കണം. ഇതിൽ ഏറ്റവും ചെലവ് കുറഞ്ഞതും പാരിസ്ഥിതിക സൗഹൃദപരവും കേരളത്തിന്റെ വാസ ഘടനയെ മനസ്സിലാക്കുന്നതുമായ ഗതാഗത സംവിധാനങ്ങൾക്ക് പ്രാധാന്യം നൽകണം.’

ഇപ്പോൾ ഡിപിആർ പൊതുമണ്ഡലത്തിൽ ഉണ്ടല്ലോ. അതിന്റെ അടിസ്ഥാനത്തിൽ ചർച്ച ചെയ്യാം. റോഡ്, ജലഗതാഗതം, തീരദേശ കപ്പൽ എന്നിവയിൽ എന്തു ചെയ്യാൻ ഉദ്ദേശിക്കുന്നു എന്നുള്ളത് കൃത്യമായി പ്രകടനപത്രികയിൽ പറഞ്ഞിട്ടുമുണ്ട്. സന്തുലിതമായ ഒരു ഗതാഗത സംവിധാനത്തിന് അനുപേക്ഷണീയമാണ് കെ-റെയിൽ എന്നതാണ് പദ്ധതിക്കു രൂപം നൽകിയവരുടെ മുഖ്യവാദം.

‘3. ഇപ്പോൾ കേരളത്തിലുള്ള റെയിൽവേ സംവിധാനത്തിന് വേഗതയിലും മറ്റ് അനുബന്ധ സൗകര്യങ്ങളിലും ഏറെ പരിമിതികൾ ഉണ്ടെങ്കിലും അവയെ പരിഹരിച്ചുകൊണ്ട് ഇപ്പോൾ നിലനിൽക്കുന്ന സംവിധാനത്തെ ശക്തിപ്പെടുത്തുന്നത് കൂടുതൽ ചിലവ് കുറവുള്ളതും മറ്റു അനുബന്ധ പ്രശ്നങ്ങൾ കുറക്കുന്നതുമായ ബദൽ മാർഗമാണ് എന്ന് ഞങ്ങൾ കരുതുന്നു. ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന് ഞങ്ങൾ നിർദേശിക്കുന്നു.’

ഇതുവരെ മുന്നോട്ടുവച്ചിട്ടുള്ള ബദൽമാർഗങ്ങളോടൊന്നും യാതൊരു എതിർപ്പുമില്ല. അവയിൽ നല്ലപങ്കും ഇപ്പോൾ തന്നെ സർക്കാരിന്റെ കർമ്മപരിപാടിയുടെ ഭാഗമാണ്. പക്ഷെ അതൊന്നും ഒരു അതിവേഗപാതയുടെ ആവശ്യകതയെ ഇല്ലാതാക്കുന്നില്ല. റോഡ് ഗതാഗതത്തിൽ നിന്ന് ദീർഘദൂര യാത്രക്കാരെ പൊതു ഗതാഗത സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള മാർഗം കെ-റെയിലാണ്.

‘4. കേരള അസംബ്ലിയിലും മറ്റു പൊതു ഇടങ്ങളിലും കേരളത്തിന്റെ പൊതു ഗതാഗതത്തിന്റെ പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും ചർച്ച ചെയ്യണം എന്ന് ഞങ്ങൾ നിർദേശിക്കുന്നു. ധാരാളം ജനാധിപത്യ സംവാദങ്ങൾക്ക് ഇടം നൽകുന്ന കേരള സമൂഹത്തിൽ നിന്ന് ഈ വിഷയത്തിൽ സർഗാത്മകമായ ധാരാളം നിർദേശങ്ങൾ വരും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.’

യാതൊരു എതിർപ്പും ഈ നിർദ്ദേശത്തോട് ഇല്ല. ഉയർന്നുവരുന്ന സർഗ്ഗാത്മക നിർദ്ദേശങ്ങളെ ഉൾക്കൊള്ളുന്നതിനും വിമുഖതയില്ല.

‘5. കോവിഡ് മഹാമാരിയും മറ്റനേകം വികസന ക്ഷേമ പ്രശ്നങ്ങളും സൃഷ്ടിച്ച പ്രതിസന്ധികൾക്കു മദ്ധ്യേ ഇത്തരത്തിലുള്ള ഭീമമായ നിക്ഷേപം വേണ്ട പ്രവർത്തനങ്ങൾ എങ്ങനെയാണ് മുൻഗണനയാവുന്നതെന്ന് വിശദീകരിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.’

ഈ പ്രസ്താവനയ്ക്ക് ഒരു സാമ്പത്തിക യുക്തിയില്ല. കോവിഡ് മഹാമാരി കേരളത്തിന്റെ സമ്പദ്ഘടനയെ വലിയ ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. അഖിലേന്ത്യാതലത്തിൽ ഉണ്ടായതിനേക്കാൾ തീക്ഷണമായ തൊഴിൽ-വരുമാന തകർച്ചയെയാണ് കേരളം അഭിമുഖീകരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ വീണ്ടെടുപ്പിന് ലോകമാസകലം ഉത്തേജക പാക്കേജുകൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ഉത്തേജക പാക്കേജുകളുടെ ഒരു പ്രധാനഘടകമാണ് പശ്ചാത്തലസൗകര്യ നിക്ഷേപം. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്നതു ശരിയാണ്. അതിനുള്ള മാക്രോ ഇക്കണോമിക് പ്രതിവിധി ഭീമമായ തോതിൽ പശ്ചാത്തലസൗകര്യ നിക്ഷേപത്തിന് ഈ മാന്ദ്യകാലത്തെ ഒരവസരമാക്കി മാറ്റലാണ്. പക്ഷെ ഇംഗ്ലീഷിൽ ഇറങ്ങിയ ആദ്യ പ്രസ്താവനയുടെ ഭേദഗതികളോടുകൂടിയ മലയാള തർജ്ജിമയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ലഭ്യമാകുന്നതെന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ഇംഗ്ലീഷിൽ ഈ ഭാഗം ഇങ്ങനെയാണ്:

‘We would also appeal to the Government of Kerala to spell out why urgent issues of survival in the context of the heightening spread of the Covid 19 pandemic and the continuing basic developmental and welfare needs of the people are being side-lined by a misplaced concreteness on a massive rail project of a specific kind’.

ഇതു വളരെ വിലകുറഞ്ഞ ഒരു സർക്കാർ വിരുദ്ധ പ്രസ്താവനയായിപ്പോയി. ഈ മഹാമാരിയുടെ കാലത്തെ നിലനിൽപ്പിന്റെ അടിയന്തരാവശ്യങ്ങളും അടിസ്ഥാന വികസന ആവശ്യങ്ങളും അവഗണിച്ച് ഇത്തരത്തിലുള്ള ഒരു ഭീമൻ റെയിൽ പദ്ധതിയുടെ പിന്നാലെ പോകുന്നതിന് കാരണം സർക്കാർ പറയണം എന്നതായിരുന്നു ആവശ്യം. ‘misplaced concreteness’ എന്താണെന്നു മനസിലായില്ല. പക്ഷെ നിശ്ചയമായും ഒരു കാര്യം പ്രസ്‌താവനക്കാർ വിശദീകരിച്ചേ പറ്റൂ. നിലനിൽപ്പിന്റെ ഏത് അടിയന്തര ആവശ്യങ്ങളാണ് കെ-റെയിൽകൊണ്ട് തള്ളിക്കളയേണ്ടി വന്നത്?

സർക്കാർ ചെയ്‌ത കാര്യങ്ങളൊക്കെ വിശദീകരിക്കാൻ ശ്രമിക്കുന്നില്ല. ഒരു കണക്കു മാത്രം ഓർക്കുക. റിസർവ് ബാങ്കിന്റെ സംസ്ഥാന ധനകാര്യ വാർഷിക റിപ്പോർട്ട്‌ പ്രകാരം കേരള സർക്കാരിന്റെ സാമൂഹ്യക്ഷേമ ചെലവുകൾ 2020-21-ൽ മുൻ വർഷത്തെ ആക്ച്വൽ ചെലവിനേക്കാൾ 162 ശതമാനമാണ് ഉയർന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ ഈ ഇനത്തിലെ ശരാശരി ചെലവു വർധന 30 ശതമാനത്തിൽ താഴെയാണ്.

കെ-റെയിലിനുള്ള പണം ക്ഷേമ പ്രവർത്തനങ്ങൾക്കും മറ്റു വികസന കാര്യങ്ങൾക്കും വേണ്ടിയുള്ള ബജറ്റിൽ നിന്നല്ല. ബജറ്റിനു പുറത്തുള്ള വായ്പയാണ്. ഭൂമി ഏറ്റെടുക്കുന്നതിനുപോലും ബജറ്റിൽ നിന്നല്ല, കിഫ്‌ബിയിൽ നിന്നാണു പണം കണ്ടെത്തുന്നത്. അതുകൊണ്ട് കെ-റെയിൽ ഇന്നത്തെ ക്ഷേമപ്രവർത്തനങ്ങളെയൊന്നും പ്രതികൂലമായി ബാധിക്കുന്നില്ല.

നിക്ഷേപം ഭീമമായതുകൊണ്ട് ഭയപ്പെടേണ്ടതില്ല. കെ-റെയിലിനു വേണ്ടിവരുന്ന നിക്ഷേപത്തെക്കാൾ വലുതാണ് കിഫ്ബി വഴി ഇന്നു നടപ്പാക്കിക്കൊണ്ടിരിക്കുന്ന പശ്ചാത്തലസൗകര്യ പ്രൊജക്ടുകൾ. അതിന്റെ വലിപ്പം കണ്ട് എതിർത്തതും ഇന്നും എതിർക്കുന്നതുമായ പലരും പ്രസ്താവനയിൽ ഒപ്പിട്ടിട്ടുണ്ട്. അവരുടെ കാഴ്ച്ചപ്പാടിൽ നിന്നും വ്യത്യസ്തമായി ജനങ്ങളുടെ ക്ഷേമത്തിലും സുരക്ഷിതത്വത്തിലും ഒരു കുറവും വരുത്താതെ അഭ്യസ്തവിദ്യരായ കേരളത്തിലെ യുവതലമുറയ്‌ക്ക് നല്ല തൊഴിലവസരങ്ങൾ നമ്മുടെ നാട്ടിൽത്തന്നെ ഉറപ്പുവരുത്തുന്നതിനുള്ള ഒരു വലിയ സാമ്പത്തിക കുതിപ്പിനുള്ള കാഴ്ചപ്പാടാണ് സർക്കാർ മുന്നോട്ടുവയ്‌ക്കുന്നത്. ഈ വികസനതന്ത്രത്തോട് ബന്ധപ്പെടുത്തിവേണം കെ-റെയിലിനെയും കാണാൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top