28 November Tuesday

കേരളം കടക്കെണിയിൽ അല്ലെന്ന്‌ ശാസ്‌ത്രം പറയുന്നു; മനോരമയും ഏഷ്യാനെറ്റും സാധാരണ മനുഷ്യരെ വിഭ്രമിപ്പിക്കാനുള്ള ശ്രമത്തിൽ: തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 5, 2023

കേരളം കടംകയറി മുടിഞ്ഞെന്ന തെറ്റായ വാദമുയർത്തി സാധാരണ മനുഷ്യരെ വിഭ്രമിപ്പിക്കാനുള്ള ശ്രമത്തിലാണ് മനോരമയും ഏഷ്യാനെറ്റും പോലുള്ള മാധ്യമങ്ങളെന്ന്‌ ഡോ. തോമസ്‌ ഐസക്‌. ശാസ്ത്രം പറയുന്നത് കേരളം കടക്കെണിയിൽ അല്ലായെന്നാണ്. മറിച്ചുള്ള വാദങ്ങളെല്ലാം കൂടോത്രം മാത്രമാണെന്നും ഐസക്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

കുറിപ്പ്‌ വായിക്കാം:

കണക്ക് കസർത്തുകൾകൊണ്ട് സാധാരണ മനുഷ്യരെ വിഭ്രമിപ്പിക്കാനുള്ള ശ്രമത്തിലാണ് മനോരമയും ഏഷ്യാനെറ്റ് പോലുള്ള മാധ്യമങ്ങൾ. കേരളം കടംകയറി മുടിഞ്ഞെന്നാണു വാദം. ആരെയും പരിഭ്രമിപ്പിക്കുന്ന ഒരു ചിത്രകഥ കഴിഞ്ഞ ദിവസം സാമ്പത്തിക സ്ഥിതിയെക്കുറിച്ചു മനോരമ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിന്റെ ചിത്രമാണ് ഈ പോസ്റ്റിനോടൊപ്പമുള്ളത്. ഈ ചിത്രത്തിൽ നിന്നും മനോരമ എത്തിച്ചേരുന്ന നിഗമനം ഇതാണ്-.

''കഴിഞ്ഞ 25 വർഷംകൊണ്ട് കേരളത്തിന്റെ പൊതുകടത്തിൽ 3 ലക്ഷംകോടി രൂപയുടെ വർധന!  അതായത്  അഞ്ച് സർക്കാരുകൾ മാറിമാറി കേരളം ഭരിച്ചപ്പോൾ  1996-ലെ കടം 13 ഇരട്ടിയായി പെരുകി.  ഇന്നും റിസർവ്വ് ബാങ്കിൽനിന്നും കേരളം കടമെടുക്കുകയാണ്,  2603 കോടി രൂപ.  രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ കേരളത്തിന്റെ പൊതുകടം 4 ലക്ഷം കോടിയായി ഉയർന്നേക്കും."

ആദ്യത്തെ തെറ്റ് - രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി കഴിയുമ്പോൾ 4 ലക്ഷം കോടി അല്ല ഏതാണ്ട് 6 ലക്ഷം കോടി രൂപയോളം വരും. അതുകൊണ്ട് ഒരു കെടുതിയും കേരളത്തിൽ ഉണ്ടാകാൻ പോകുന്നില്ല. കാരണം, അപ്പോഴേക്കും കേരള സംസ്ഥാന ജിഡിപി,  ഏതാണ്ട് ഇരട്ടിയാകുമെന്നു തീർച്ചയാണ്.

2020-21ൽ കേരള സംസ്ഥാന ജിഡിപി 9 ലക്ഷം കോടി രൂപയാണ്. അത് 18 ലക്ഷം കോടി രൂപയായിട്ടെങ്കിലും 2025-26-ൽ ഉയരും.  അപ്പോൾ പിന്നെ എന്താണു പ്രശ്നം? സംസ്ഥാന വരുമാനത്തിന്റെ ശതമാനമായി കണക്കാക്കിയാൽ കടബാധ്യതയിൽ ഒരു വർദ്ധനയും ഉണ്ടാവില്ല. കടബാധ്യതയെ ദേശീയവരുമാനവുമായി ബന്ധപ്പെടുത്താതെ പൊലിപ്പിച്ചു പറഞ്ഞ് ആളുകളെ വിരട്ടാൻ നോക്കുകയാണു മനോരമ.

ഉമ്മൻചാണ്ടി - എ.കെ. ആന്റണി ഭരണം 2006-ൽ അവസാനിച്ചപ്പോൾ സംസ്ഥാനകടം ജിഡിപിയുടെ 39 ശതമാനമായി. ഇതു പിന്നീട് കുറഞ്ഞുവന്നു. ഇപ്പോൾ മനോരമ കണക്കു കസർത്തുകൊണ്ട് നമ്മളെയൊക്കെ വിഭ്രമിപ്പിക്കാൻ ശ്രമിക്കുന്നകാലത്ത് 2021-ൽ നമ്മുടെ കടം കോവിഡ് എല്ലാം ഉണ്ടായിട്ടും സംസ്ഥാന ജിഡിപിയുടെ 37 ശതമാനമേ വരൂ. വെറുതേ മനുഷ്യരെ പറഞ്ഞ് ഭ്രാന്ത് പിടിപ്പിക്കല്ലേ മനോരമേ.

ഇൻഫോഗ്രാഫിക്കുകൾ ദുരുപയോഗിച്ച് എങ്ങനെ വസ്‌തുതകളെ വളച്ചൊടിക്കാമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് മനോരമയുടെ ഈ ചിത്രകഥ. സ്ഥിതിവിവര കണക്കുകൾ ഉപയോഗിച്ച് എന്തു ചെയ്യാൻ പാടില്ലായെന്നതു കുട്ടികളെ പഠിപ്പിക്കാൻ എക്കാലത്തും ഇതു നല്ല ഉദാഹരണമായിരിക്കും.
ഉദ്ദേശിച്ചിട്ടില്ലെങ്കിലും പിണറായി വിജയൻ സർക്കാരിനെ താറടിക്കാൻ ഉണ്ടാക്കിയിരിക്കുന്ന ചിത്രകഥയിൽ അറിയാതെ പറഞ്ഞു പോകുന്ന ഒരു സത്യമുണ്ട്.

കേരള സംസ്ഥാനത്തിന്റെ കടം എല്ലാ 5 വർഷം കൂടുമ്പോഴും ഏതാണ്ട് ഇരട്ടിക്കുന്നു. 2001-ൽ ഇ.കെ. നായനാർ ഭരണം അവസാനിക്കുമ്പോൾ കേരളത്തിന്റെ കടം 25,754 കോടി രൂപയായിരുന്നു. ഇത്  2005-ൽ  എ.കെ. ആന്റണി - ഉമ്മൻചാണ്ടി ഭരണം അവസാനിച്ചപ്പോൾ, ഏതാണ്ട് ഇരട്ടിയായി 47,940 കോടി രൂപയായി. വി എസ് അച്യുതാനന്ദൻ സർക്കാറിന്റെ ഭരണം അവസാനിച്ചപ്പോൾ ഏതാണ്ട് ഇരട്ടിയായി വർധിച്ച് 82,486 കോടി രൂപയായി.  ഉമ്മൻചാണ്ടി അത്  2016 ആയപ്പോഴേക്കും ഇരട്ടിപ്പിച്ച് 1.60 ലക്ഷം കോടി രൂപയാക്കി.  ഇതാണ് ഒന്നാം പിണറായി സർക്കാർ ഭരണം അവസാനിച്ചപ്പോൾ  3.35 ലക്ഷം കോടി രൂപയായത്.

പ്രതിപക്ഷത്തിന്റെ ഒരു മുഖ്യആരോപണം 1957 മുതൽ 2016 വരെ എടുത്തു കൂട്ടിയ കടത്തേക്കാൾ കൂടുതൽ ബാധ്യത പിണറായി സർക്കാർ 5 വർഷംകൊണ്ട് ഉണ്ടാക്കിയെന്നാണ്. ഇതാണ് എല്ലാ മാറിമാറിവന്ന സർക്കാരുകളുടെ കാലത്തും സംഭവിച്ചിട്ടുള്ളത് എന്നു ഞാൻ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. എന്തോ, അത് ഇതുവരെ ഏശിയില്ല. എന്നാൽ ഉദ്ദേശിച്ചില്ലെങ്കിലും മനോരമ ഒരു ചിത്രകഥയിലൂടെ ആളുകളെ എന്റെ വാദം പറഞ്ഞു മനസിലാക്കികൊടുത്തിട്ടുണ്ട്.

ഇങ്ങനെ കടം വാങ്ങിയതിന്റെ ഫലമായി കേരളം കടംകൊണ്ടു മുടിഞ്ഞോ എന്നതാണു സക്തമായ ചോദ്യം. മുടിഞ്ഞില്ലെന്നു മാത്രമല്ല കേരളത്തിന്റെ സാമ്പത്തിക വളർച്ച ഈ കാലയളവിൽ കുതിച്ചുയർന്നു. 1961 മുതൽ 1987 വരെയുള്ള കാലയളവിൽ കേരള സമ്പദ്ഘടന വളർന്നതു പ്രതിവർഷം 2.93 ശതമാനം വീതമാണ്. എന്നാൽ 1988 മുതൽ 2018 വരെയുള്ള കാലയളവിൽ കേരളം വളർന്നതു പ്രതിവർഷം 6.71 ശതമാനം വീതമാണ്. പ്രതിശ്രീർഷവരുമാന വളർച്ചയാകട്ടെ 1988 മുൻപ് 0.99 ശതമാനം ആയിരുന്നത് 6.0 ശതമാനമായി ഉയർന്നു. കേരളത്തിന്റെ പ്രതിശ്രീർഷവരുമാനം ദേശീയശരാശരിയുടെ 25 ശതമാനം താഴ്ന്നുനിന്നത് 50 ശതമാനം മുകളിലായി. മനോരമകഥാകാരൻ കടം പറഞ്ഞുപറഞ്ഞ് കേരളം തകർന്നുവെന്നു പറയുന്ന കാലയളവിൽ കേരളം കടുത്ത സാമ്പത്തിക മുരടിപ്പിൽനിന്ന് ഉയർത്തെഴുന്നേൽക്കുകയാണു ചെയ്‌തത്.

എന്തുകൊണ്ടാണ് സർക്കാരുകൾ മാറിമാറിവരുന്നതും, കേരളത്തിന്റെ കടബാധ്യത ഏതാണ്ട് ഒരേവേഗതയിൽ 5 വർഷം കൂടുമ്പോൾ ഏതാണ്ട് ഇരട്ടിയായി വളരുന്നത്?  ഇതിനു കാരണം സംസ്ഥാനത്തിനു വായ്‌പ എടുക്കണമെങ്കിൽ കേന്ദ്രത്തിന്റെ മുൻ‌കൂർ അനുമതിവേണം.  കേന്ദ്രമാവട്ടെ സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 3 ശതമാനത്തിന് അപ്പുറം വായ്പ്പയെടുക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കുകയും ഇല്ല. അതുകൊണ്ട് ഒരു സംസ്ഥാനവും കടംകയറി മുടിയില്ല. പ്രത്യേകിച്ച് സംസ്ഥാന ജി.ഡി.പി ദേശീയശരാശരിയുടെ വേഗതയിലെങ്കിലും വളർന്നുകൊണ്ടിരുന്നാൽ ഒരിക്കലും അതു സംഭവിക്കില്ല.

ഒരു രാജ്യത്തിന്റെയോ, സംസ്ഥാനത്തിന്റെയോ കടം താങ്ങാവുന്നതാണോ അല്ലെങ്കിൽ സുസ്ഥിരമാണോയെന്നു കണക്കാക്കുന്നതിനു സാമ്പത്തികശാസ്ത്രത്തിൽ കൃത്യമായ ഫോർമുലകളുണ്ട്.  ഡൊമെർ എന്ന സാമ്പത്തികശാസ്ത്രഞ്ജന്റെ പേരിലാണ് ഈ സൂത്രവാക്യം അറിയപ്പെടുന്നത്. അതുപ്രകാരം,  എടുക്കുന്ന വായ്‌പയുടെ പലിശനിരക്ക് ജിഡിപിയുടെ വളർച്ചാനിരക്കിനേക്കാൾ താഴ്ന്നതാണെങ്കിൽ കടം താങ്ങാവുന്നതാണ്. 1988 മുതലുള്ള കാലയളവ് എടുത്താൽ കോവിഡ് കാലമൊഴികെ ഏതാണ്ട് എല്ലാവർഷവും സാമ്പത്തികവളർച്ച പലിശനിരക്കിനേക്കാൾ എത്രയോ ഉയർന്നതാണ്. ശാസ്ത്രം പറയുന്നത് കേരളം കടക്കെണിയിൽ അല്ലായെന്നാണ്. മറിച്ചുള്ള വാദങ്ങളെല്ലാം കൂടോത്രം മാത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top