09 December Saturday

"പ്രൊഫഷണൽ കോൺഗ്രസ് നേതാവിന്റേത്‌ ആഗോള മണ്ടത്തരങ്ങൾ; രാഷ്‌ട്രീയം പറയാൻ ആരോഗ്യവിദഗ്‌ധൻ എന്ന ലേബൽ ഉപയോഗിക്കരുത്'

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

ഡോ. എസ്‌ എസ്‌ ലാൽ

കോഴിക്കോട്‌ നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യം രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനായി ഉപയോഗിച്ച കോൺഗ്രസ്‌ നേതാവ്‌ ഡോ. എസ്‌ എസ്‌ ലാലിന്‌ മറുപടിയുമായി ഡോ. ജിതേഷ്‌ വി വയനാട്‌. ഒരു പ്രൊഫഷണൽ കോൺഗ്രസ് നേതാവ് എന്ന നിലക്ക് ലാൽ എന്ത്‌ പറഞ്ഞാലും പ്രതികരിക്കില്ലെന്നും, എന്നാൽ ഗ്ലോബൽ പബ്ലിക്ക് ഹെൽത്ത് എക്‌സ്‌പ‌ർട്ട് എന്ന നിലയിൽ തെറ്റായ കാര്യങ്ങൾ പറഞ്ഞതുകൊണ്ടാണ്‌ പ്രതികരിക്കുന്നതെന്നും ഡേ. ജിതേഷ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

ഡോ. ജിതേഷ്‌ വി വയനാടിന്റെ കുറിപ്പ്‌:

ഡോ. എസ്‌ എസ് ലാൽ എന്ന "ഗ്ലോബൽ " പബ്ലിക്ക് ഹെൽത്ത് വിദഗ്ദ്ധനോട് സ്നേഹപൂർവം
താങ്കളുടെ ഒരു വോയ്‌സ് ക്ലിപ്പ് 24 onlive എന്ന പോർട്ടൽ വഴി കേൾക്കാനിടയായി.
അതുമായി ബന്ധപ്പെട്ട് ചിലത് പറയട്ടെ:
ആദ്യം പൊതുവായ രണ്ട് കാര്യങ്ങൾ:.


A1. ഒരു പ്രൊഫഷണൽ കോൺഗ്രസ് നേതാവ് എന്ന നിലക്ക് താങ്കൾ എന്ത് തന്നെ പറഞ്ഞാലും ഞാൻ അതിനോട് പ്രതികരിക്കില്ല. പ്രതികരിക്കേണ്ട കാര്യമില്ല. എന്നാൽ പ്രസ്‌തുത പോർട്ടൽ താങ്കളെ അവതരിപ്പിക്കുന്നതും, താങ്കൾ സ്വയം വിശേഷിപ്പിക്കുന്നതും ഗ്ലോബൽ (അതായത് ആഗോള) പബ്ലിക്ക് ഹെൽത്ത് എക്‌സ്‌പ‌ർട്ട് എന്നാണ്. അത് കൊണ്ട് മാത്രം ആണ് ഈ പ്രതികരണം. ഒരു പബ്ലിക്ക് ഹെൽത്ത് എക്‌സ്‌പർട്ട് സംസാരിക്കേണ്ടത് ഡാറ്റ വച്ചാണ്. നിർഭാഗ്യവശാൽ താങ്കളുടെ സംസാരം പൂർണമായും വെറും വാചോടാപം മാത്രമാണ്  വസ്‌തുതയുടെയും, ഡാറ്റയുടെയും ഒരു കണിക പോലും അതിലൊന്നും കണ്ടെത്താൻ സാധിക്കുന്നില്ല. താങ്കൾക്ക് പറയാനുള്ള രാഷ്ട്രീയം പറയാൻ ദയവായി പബ്ലിക്ക് ഹെൽത്ത് എക്‌സ്‌പർട്ട് എന്ന ലേബൽ ഉപയോഗിക്കരുത് എന്ന ഒരു എളിയ ആദ്യർത്ഥന - താങ്കൾ പഠിച്ച അതേ സ്ഥാപനത്തിൽ പൊതുജനാരോഗ്യം പഠിച്ചിറങ്ങിയ ഒരു ആരോഗ്യ പ്രവർത്തകൻ എന്ന നിലക്ക്.

A2. താങ്കൾ വളരെ ലാഘവത്തോടെ ഒരു കാര്യം പറയുത്തത് കേട്ടു. ///നിപ എന്നാൽ ഒരു സെൽഫ് ലിമിറ്റിങ്ങ് രോഗമാണെന്നും, അത് വന്നാൽ ഏതാണ്ട് 75% പേർ മരിച്ചു പോവും. രോഗം പെട്ടെന്ത് തീരുകയും ചെയ്യും/// എന്ന് ആഗോള വിദദ്ധൻ ആയ താങ്കൾക്ക് നാലിൽ 3 പേർ മരിച്ചു പോയി രോഗം തീരും എന്നത് വളരെ നിസാരമായിരിക്കും. എന്നാൽ ആഗോളീയർ അല്ലാത്ത - വെറും തദ്ദേശീയർ മാത്രമായ ഞങ്ങൾക്കൊക്കെ ഓരോ ജീവനും വളരെ പ്രധാനമാണ്. ഒരു ജീവൻ പോലും നഷ്‌ടപ്പെടുന്നത് ഒഴിവാക്കാൻ ആണ് ഞങ്ങൾ രാപ്പകലില്ലാതെ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ബാക്കി കാര്യങ്ങൾ പറയും മുൻപ് ഞാൻ ഒരു കാര്യം കൂടെ സൂചിപ്പിക്കാം. നിപ രോഗബാധ സ്ഥിരീകരിച്ചതു മുതൽ ആരോഗ്യമന്ത്രിയോടും, ആരോഗ്യവകുപ്പ് ഡയറക്‌ടരോടും ഒപ്പം മുഴുവൻ സമയം നിപ നിയന്ത്രണ പ്രവർത്തനങ്ങളിൽ മുഴുകിയ നിരവധി ആരോഗ്യപ്രവർത്തകരുണ്ട്. അതിൽ ഞാനടക്കം നിരവധി പേർ മറ്റ് ജില്ലകളിൽ നിന്ന് വന്ന് ഇവിടെ ദിവസങ്ങളായി ക്യാമ്പ് ചെയ്യുന്നവരാണ്. ഞങ്ങൾക്കാർക്കും താങ്കളുടെ വാചിക വയറിളക്കത്തിന് (verbal diarrhoea) മറുപടി പറയാൻ സമയമുണ്ടായിട്ടല്ല, പക്ഷെ പബ്ലിക്ക് ഹെൽത്ത് എന്ന ശാസ്ത്രത്തെ താങ്കളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനായി താങ്കൾ ഇങ്ങനെ നാണം കെടുത്തുന്നത് കാണുമ്പോൾ മറുപടി പറയാതിരിക്കുന്നത്  ഈ ശാസ്ത്രത്തിൽ വിശ്വസിച്ച - വിശ്വസിക്കുന്ന ഓരോ വ്യക്തിക്കും നാണക്കേട് ആണ് എന്നത് കൊണ്ട് ഉറക്കമിളച്ച് ഇരുന്ന് ആയാലും താങ്കളോട് ചിലതെല്ലാം പറയണമെന്ന് ഉറപ്പിച്ചത്. ഇത് ഞാൻ അടങ്ങുന്ന വലിയൊരു പൊതുജനാരോഗ്യ സമൂഹത്തിന്റെ ശബ്‌ദമായി കരുതിയാൽ മതി. ഇനി അൽപം പൊതുജനാരോഗ്യ ശാസ്ത്രത്തിലേക്ക് വരാം.

B 1. താങ്കൾ ആകെ പറഞ്ഞ സത്യം നിപ ഒരു സെൽഫ് ലിമിറ്റിങ്ങ് രോഗമാണെന്നാണ്. എന്നാൽ അവിടെ പോലും താങ്കൾ തന്ത്രപൂർവം ഒരു തറവേല കാണിച്ചത് കാണാതിരിക്കാൻ പറ്റില്ലല്ലോ. നിപ പോലുള്ള അതീവ മാരക ശേഷിയുള്ള ഒരു വൈറസ് 2-3 തലമുറ കൈമാറി സ്വയം ഒതുങ്ങുന്നത് വരെ കാത്തിരിക്കുന്നത് എത്ര വലിയ മണ്ടത്തരമാണെന്ന് തിരിച്ചറിയാൻ വലിയ ആഗോള വൈദഗ്ധ്യം ഒന്നും വേണ്ട. അതിന് ഒരു സാധാരണക്കാരന്റെ സാമാന്യബുദ്ധി മതി.

സെൽഫ് ലിമിറ്റിങ്ങ് എന്ന് പറഞ്ഞ് രോഗം സ്വയം ഒരുങ്ങുന്നത് വരെ കാത്തിരിക്കുന്നതല്ല പൊതുജനാരോഗ്യ പ്രവർത്തനം. അത് താങ്കളൂം പഠിച്ച ശാസ്ത്രമാണല്ലോ. എന്നിട്ടും നിരവധി ആളുകളെ മരണത്തിന് വിട്ടു കൊടുക്കുന്ന ഈ അഭിപ്രായം പറയാൻ താങ്കളെ പ്രേരിപ്പിക്കുന്നത് ശാസ്ത്രമല്ല - മറ്റ് ചില താൽപര്യങ്ങൾ ആണെന്ന് വ്യക്തം. കാരണം ഇതേ ശാസ്ത്രം ഞാൻ പഠിച്ചത് അങ്ങിനെയല്ല. അതോ ഇനി പണ്ടാരോ പറഞ്ഞ പോലെ ഇത് പഠിപ്പിച്ച ദിവസം താങ്കൾ ക്ലാസിൽ പോയില്ലാരുന്നോ?.

B2. താങ്കൾ വീടിന്റെ സുരക്ഷയിൽ ഇരുന്നു കൊണ്ടാണ് രോഗപകർച്ച സാധ്യത പോലും വകവക്കാതെ, വീടുകളിൽ പോകാതെ, പലപ്പോഴും ആവശ്യത്തിന് വിശ്രമം പോലും എടുക്കാതെ രാവും പകലും അദ്ധ്വാനിക്കുന്ന ആരോഗ്യ പ്രവർത്തകരെ കളിയാക്കുന്ന രീതിയിൽ സംസാരിക്കുന്നത്. അതിനെല്ലാം കൂടെ നിന്ന് ഊർജവും നേതൃത്വവും നൽകുന്ന ആരോഗ്യമന്ത്രിയെ പരിഹസിക്കുന്നത്. താങ്കളെ ഞങ്ങൾ സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു. വളരെ വൈകിയ ഈ വേളയിൽ എങ്കിലും കോഴിക്കോട് ജില്ലയിൽ ഒന്ന് വരാൻ - നിപ ബാധിത മേഖലയിൽ പോകാൻ വയ്യെങ്കിൽ കൺട്രോൾ റൂമിൽ എങ്കിലും വന്ന് കാര്യങ്ങൾ നേരിട്ട് വിലയിരുത്താൻ. എന്നിട്ട് ശാസ്തത്തിൽ അധിഷ്ഠിതമായ അഭിപ്രായം പറയാൻ. ഒരു മണിക്കൂർ എങ്കിലും പ്രശ്‌നബാധിത പ്രദേശത്ത് ചിവഴിച്ച ശേഷം താങ്കൾ ഒരു അഭിപ്രായം പറഞ്ഞെങ്കിൽ അൽപമെങ്കിലും മാന്യത ഉണ്ടായേനെ.

B3. സ്വകാര്യ ആശുപത്രിയിൽ കിറ്റ്  ഉള്ളത് കൊണ്ടാണ് ടെസ്റ്റ് ചെയ്തത് എന്ന് പറയുന്നത് ഒരു "ആഗോള വിദഗ്ദൻ " ആയത് കൊണ്ട് മാത്രം വിവരക്കേട് ശാസ്ത്രമാകില്ല. സ്വകാര്യ ആശുപതിയിൽ ഉള്ളത് ട്രൂ നാറ്റ് ടെസ്റ്റ് മാത്രമാണെന്ന് താങ്കൾക്ക് അറിവില്ലാത്തതല്ല. പക്ഷെ അത് പറഞ്ഞാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആവില്ലല്ലോ, രോഗിയുടെ പരിശോധന നടത്തിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണെന്നും, അതിൽ പോസിറ്റീവ് കണ്ടതു കൊണ്ടാണ് ഔദ്യോഗിക സ്ഥിരീകരണത്തിന് NIV യിലേക്ക് അയച്ചത് എന്നും, ആയതിന്റെ റിസൾട്ടിനു കാത്തുനിൽക്കാതെ ആരോഗ്യമന്ത്രിയും, ആരോഗ്യ വകുപ്പ് ഡയറക്ട‌റും, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറും അടക്കമുള്ള ഉന്നതസംഘം കോഴിക്കോട് നേരിട്ട് എത്തി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത് എന്നും ഇന്ന് നിഷ്‌പക്ഷമായി നിരീക്ഷിക്കുന്ന ആളുകൾക്ക് വ്യക്തമാണ് . താങ്കൾക്ക് ഈ കാര്യങ്ങളിൽ എന്തെങ്കിലും വ്യക്തത കുറവ് ഉണ്ടെങ്കിൽ നിയമസഭയിലെ താങ്കളുടെ നേതാക്കളോട് ചോദിച്ചാൽ മതി.

B4. ചികിത്സക്ക് പ്രോട്ടോക്കോൾ ഇല്ല എന്നത് താങ്കൾക്ക് എവിടെ നിന്ന് ലഭിച്ച വിവരമാണെന്ന് അറിയില്ല. പക്ഷെ കേരളത്തിലെ ഡോക്‌ടർമാർ സർക്കാർ പുറപ്പെടുവിച്ചതും, കാലാകാലങ്ങളിൽ നവീകരിച്ചതുമായ ചികിത്സാ പ്രോട്ടോകോൾ വച്ചാണ് നിലവിൽ നിപ ചികിത്സിക്കുന്നത്. ശരിയാണ് - കിട്ടാത്ത മുന്തിരി പുളിക്കുന്ന താങ്കളെ പോലുള്ള ചിരുടെ രോഗചികിത്സക്ക് പ്രോട്ടോക്കോൾ മാത്രമല്ല മരുന്ന് പോലും ലഭ്യമല്ല,

B5. അറിയാതെ ആണെങ്കിലും ഒരു സത്യം താങ്കളുടെ വായിൽ നിന്ന് വീണു പോയത് കാണാതെ പോകരുതല്ലോ.  താങ്കളുടെ വാക്കുകൾ തന്നെ കടമെടുക്കട്ടെ - ///"ആരോഗ്യവകുപ്പ് എന്നൊരു വകുപ്പ് ഉള്ളതു കൊണ്ടും, കുറച്ചു സ്വകാര്യ ആശുപത്രികളിൽ ഒക്കെ വിദഗ്‌ദരായ ഡോക്‌ടർമാർ ഉള്ളതു കൊണ്ടുമാണ് രോഗങ്ങളൊക്കെ കണ്ടുപിടിച്ചത്"///. ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധരുടെ (താങ്കളെക്കാൾ സാമൂഹ്യ പ്രതിബദ്ധതയുള്ളവർ) പങ്ക് താങ്കൾ ബോധപൂർവം ഒഴിവാക്കിയാലും ഭാഗികമെങ്കിലും പറഞ്ഞ സത്യം നിലനിൽക്കുമല്ലോ.

B6. ///ആകെ ചെയ്‌തത് ഒരു ഫിലിം എടുത്തു എന്നല്ലാതെ - അതിൽ പോലും കാപട്യമാണ് /// എന്ന താങ്കളുടെ വാക്കുകൾ കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്നറിയാതെ ഇരുന്നു പോയി. ഡോ മ . ....മ... മ---- ത്തങ്ങ തലയാ.... ഫിലിം പിടിച്ചത് ആരോഗ്യവകുപ്പ് അല്ല. അത് കണ്ടല്ല ഞങ്ങളൊന്നും പ്രവർത്തിക്കുന്നതും. താങ്കൾക്ക് നിപയെ കുറിച്ച് ആകെയുള്ള അറിവ് ഒരു ഫിലിം കണ്ടാണ് എന്നൊക്കെ അറിഞ്ഞാൽ Ex- WHO official എന്ന് എഴുതിയതിന് WHO ക്ക് പോലും നാണക്കേടാകും. ഒരു സിനിമയെ ഒരു ഭാവന സൃഷ്‌ടി ആയി കാണാൻ പോലുമുള്ള മാനസിക വളർച്ച പ്രാപിക്കാത്ത ആളുകൾ ഒക്കെയാണ് ആഗോള വിദഗ്ദ്ധരെങ്കിൽ  എത്രയും വേഗം ചൊവ്വക്കോ ചന്ദ്രനിലേക്കോ പോകേണ്ടിവരും.

ഇനിയും ഏറെയുണ്ട് വെറും 2 മിനിറ്റ് മാത്രമുള്ള സംസാരത്തിൽ ആഗോള മണ്ടത്തരങ്ങൾ. വയ്യ.... മടുത്ത് .... ബാക്കി വേറെ ആരെങ്കിലും ഒക്കെ പറഞ്ഞു കൊടുക്കുമായിരിക്കും. മണ്ടത്തരത്തിന്റെ ആഗോള ആടുകളെയും തെളിച്ച് ഇതിയും വരണേ ഇതു വഴി - ഒരു ഗുരുതര പൊതുജനാരോഗ്യ പ്രശ്‌നം കൈകാര്യം ചെയ്യുന്ന തിരക്കിനും, സമ്മർദ്ദത്തിനും ഇടയിൽ ഇടക്ക് ഒരു ആശ്വാസമാണ് താങ്കളുടെ ഗ്ലോബൽ മണ്ടത്തരങ്ങൾ ....

ചിരിക്കാൻ തന്ന അവസരത്തിന് നന്ദി

കോഴിക്കോടേക്ക് സ്വാഗതം. കമ്പ്യൂട്ടറിൽ കൃഷി ചെയ്‌തു കളിക്കാതെ ഇടക്കൊക്കെ പറമ്പിൽ ഇറങ്ങി നാല് മൂട് കപ്പ നട്ട് വളർത്തു ഗ്ലോബലേ... (1988 ലെ ഒരു രാത്രിയിൽ താങ്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസിൽ നിന്നും മുണ്ടും പൊക്കി പിടിച്ച് ഓടിയ ഓട്ടം ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട്).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top