04 October Wednesday

ലീഗിലെ കോൺഗ്രസ് ചാരൻമാർ പുറത്തേക്ക് ?... ഡോ. കെ ടി ജലീൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday May 19, 2023

എം കെ മുനീറിനെയും കെ എം ഷാജിയേയും മുൻനിർത്തി കോൺഗ്രസ് കളിക്കുന്ന ''ലീഗ് പിളർത്തൽ രാഷ്‌ട്രീയം" മുന്നേറവെയാണ് ലീഗിലെ കോൺഗ്രസ് ചാരൻമാർക്കുള്ള കടുത്ത മുന്നറിയിപ്പ് നേതൃത്വം നൽകിയത്. മുസ്ലിംലീഗ് യു ഡി എഫ് മുന്നണി വിട്ടാൽ ഒരു വിഭാഗം ലീഗുകാരെ കോൺഗ്രസുകാരാക്കി തിരിച്ചടിക്കാനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്. ലീഗിലെ ഒരു വിഭാഗത്തെ കോൺഗ്രസിൽ എത്തിക്കാനാണ് സുധാകരന്റെയും സതീശന്റെയും രമേശന്റെയും കരുനീക്കങ്ങൾ- കെ ടി ജലീൽ എഴുതുന്നു


താനൂർ ബോട്ടപകടത്തെ തുടർന്ന് മുസ്ലിംലീഗിൽ ഉരുണ്ടുകൂടിയ കടുത്ത വിഭാഗീയത പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിന്റെ പ്രത്യക്ഷ തെളിവാണ് വയനാട് ജില്ലാ മുസ്ലിംലീഗ് ട്രഷറർ യഹ്യാഖാനെ പദവിയിൽ നിന്ന് നീക്കിക്കൊണ്ടുള്ള സംസ്ഥാന നേതൃത്വത്തിന്റെ നടപടി. എം കെ മുനീറിനെയും കെ എം ഷാജിയേയും മുൻനിർത്തി കോൺഗ്രസ് കളിക്കുന്ന ''ലീഗ് പിളർത്തൽ രാഷ്‌ട്രീയം" മുന്നേറവെയാണ് ലീഗിലെ കോൺഗ്രസ് ചാരൻമാർക്കുള്ള കടുത്ത മുന്നറിയിപ്പ് നേതൃത്വം നൽകിയത്.

താനൂർ ബോട്ടപകടത്തിൽ ലീഗ് സംസ്ഥാന നേതാക്കൾ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചെന്നാക്ഷേപിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ യഹ്യാഖാൻ നടത്തിയ പരിഹാസമാണ് അദ്ദേഹത്തിന്റെ സ്ഥാനഭ്രഷ്‌ടിൽ കലാശിച്ചത്. വയനാട് ജില്ലാ മുസ്ലിംലീഗ് ഭാരവാഹികൾക്കിടയിലെ ഷാജി പക്ഷക്കാരനായ ഏക "കോൺലീഗ്" പ്രതിനിധിയാണ് യഹ്യാഖാൻ.

മുസ്ലിംലീഗ് യു ഡി എഫ് മുന്നണി വിട്ടാൽ ഒരു വിഭാഗം ലീഗുകാരെ കോൺഗ്രസുകാരാക്കി തിരിച്ചടിക്കാനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്. കർണ്ണാടക സ്റ്റേറ്റ് മുസ്ലിംലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും ലീഗിന്റെ എം എൽ എയുമായിരുന്ന ഖമറുൽ ഇസ്ലാമിനെ മറുകണ്ടം ചാടിച്ച് കോൺഗ്രസിലെത്തിച്ച് മന്ത്രിയാക്കിയ "ഡി കെ തന്ത്രം" കേരളത്തിൽ പയറ്റി ലീഗിലെ ഒരു വിഭാഗത്തെ കോൺഗ്രസിൽ എത്തിക്കാനാണ് സുധാകരന്റെയും സതീശന്റെയും രമേശന്റെയും കരുനീക്കങ്ങൾ.

22 പേരുടെ മരണത്തിനിടയാക്കിയ ഒട്ടുപുറം ബോട്ട് ദുരന്തത്തെ തുടർന്ന് മുഖ്യമന്ത്രി താനൂരിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളും ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടിയും ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസലി തങ്ങളും ജനറൽ സെക്രട്ടറി ഹമീദ് മാസ്റ്റർ എം എൽ എയും സംസ്ഥാന ഭാരവാഹികളായ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയും എൻ ശംസുദ്ദീൻ എം എൽ എയും പി കെ ബഷീർ എം എൽ എയും പങ്കെടുത്തിരുന്നു. ദുരന്തമുഖത്ത് സഹകരണ രാഷ്‌ട്രീയമാണ് ലീഗിൻ്റെതെന്ന് സാദിഖലി തങ്ങൾ യോഗത്തിൽ തുറന്ന് പറഞ്ഞു. ലീഗ് നിലപാട് പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.

കുത്തിത്തിരിപ്പ് മുഖമുദ്രയാക്കിയ കോൺഗ്രസ് നേതൃത്വത്തെയും ലീഗിലെ കോൺഗ്രസ് ചാരൻമാരെയും ഇത് വിറളി പിടിപ്പിച്ചു. കെ പി സി സി പ്രസിഡന്റ് സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അൽപം വൈകിയാണെങ്കിലും താനൂരിൽ എത്തിയപ്പോൾ ലീഗിന്റെ നേതാക്കളാരും അവരെ അനുഗമിക്കാതിരുന്നത് കോൺഗ്രസിനെ അക്ഷരാർത്ഥത്തിൽ ചൊടിപ്പിച്ചു.

മന്ത്രി റഹ്മാനെതിരെ ഇല്ലാക്കഥ പ്രചരിപ്പിച്ച് യൂത്ത് ലീ​ഗ് താനൂരിൽ ഒരു പ്രക്ഷോഭം സംഘടിപ്പിച്ചു. വി അബ്‌ദുറഹിമാനോട് തോറ്റ യൂത്ത് ലീ​ഗ് നേതാവല്ലാതെ ലീഗിന്റെ സംസ്ഥാന- ജില്ലാ നേതാക്കളാരും അതിൽ പങ്കെടുത്തില്ല. ഇതും കോൺഗ്രസ് നേതൃത്വത്തിന്റെ പ്രകോപനത്തിന് കാരണമായി. കോൺഗ്രസിനോടുള്ള ലീഗിന്റെ നീരസപ്രകടനമായാണ് യൂത്ത് ലീ​ഗ് പ്രതിഷേധത്തിലെ ''ലീഗ് ബഹിഷ്‌കരണ"ത്തെ കോൺഗ്രസ് നേതാക്കൾ കണ്ടത്. തുടർന്നാണ് സർക്കാരിനെതിരെ ലീഗിലെ കോൺഗ്രസ് അനുകൂലികളെ പിടിച്ച് ഒരു വൻ പ്രതിഷേധ പരിപാടി നടത്താൻ കോൺഗ്രസ് പാരിപാടിയിട്ടത്. എന്നാൽ ലീഗ് നേതൃത്വം സമർത്ഥമായി ആ നീക്കത്തിന് തടയിട്ടു.

അങ്ങിനെയാണ് "കോൺലീഗുകാരെ" ഉപയോഗിച്ച് നടത്താൻ കോൺഗ്രസ് സംസ്ഥാന- ജില്ലാ നേതൃത്വം ഉദ്ദേശിച്ച പ്രതിഷേധ റാലി യു ഡി എഫിന്റെ കൊടിക്കീഴിലാക്കി മാറ്റിയയത്. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം താമസിക്കുന്നത് താനൂരിൽ നിന്ന് വിളിച്ചാൽ കേൾക്കുന്ന ദൂരത്താണ്. പക്ഷെ അദ്ദേഹത്തെ ക്ഷണിക്കാതെ വയനാട്ടുകാരനായ കെ എം ഷാജിയെയാണ് യു ഡി എഫ് പ്രതിഷേധ റാലിക്ക് കോൺഗ്രസ് മുൻകയ്യെടുത്ത് ക്ഷണിച്ചത്. സ്ഥലം എം പി ഇ ടി മുഹമ്മദ് ബഷീറിനെ പങ്കെടുപ്പിക്കാതെ തൃശൂർ എം പി പ്രതാപനെയാണ് പങ്കെടുപ്പിച്ചത്. ഷാജിയെ പുകഴ്ത്തി പ്രതാപൻ നടത്തിയ പ്രസംഗം മുഴുവൻ ലീഗ് സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള ഒളിയമ്പായിരുന്നു. ലീഗിന്റെ സിരാകേന്ദ്രത്തിൽ ഛിദ്രത ഉണ്ടാക്കാൻ കോൺഗ്രസ് നേതൃത്വം അണിയറ നീക്കങ്ങൾ തുടങ്ങിയിട്ട് കാലം കുറച്ചായി. കോൺഗ്രസിന്റെ തലയും ലീഗിന്റെ വാലുമുള്ള അണികളെ ലീഗിനകത്ത് വളർത്തിയെടുക്കാനാണ് കോൺഗ്രസ് നേതൃത്വം കളത്തിലിറങ്ങിയിരിക്കുന്നത്.

"കോൺഗ്രസ് അഡിക്‌ടഡ്" ലീഗുകാരെ മുസ്ലിംലീഗിൽ തന്നെ ഉണ്ടാക്കുന്ന തിരക്കിലാണ് കോൺഗ്രസ് എന്ന് ചുരുക്കം. ആ "അഡിക്ഷന്" നിന്ന് കൊടുത്താൽ പിന്നെ ലീഗുണ്ടാവില്ലെന്ന് ലീഗ് സംസ്ഥാന ലീഡർഷിപ്പിന് നന്നായറിയാം. ലീഗ് പ്രവർത്തകർക്ക് ലീഗാണ് ലഹരിയാകേണ്ടത്, കോൺഗ്രസല്ല. ലീഗുകാർക്ക് നേതാവാകേണ്ടത് രാഹുൽഗാന്ധിയല്ല, പാണക്കാട് തങ്ങളാണ്. ലീഗുപ്രവർത്തകർ മാറോട് ചേർത്തുവെക്കേണ്ടത് കോൺഗ്രസിൻ്റെ ത്രിവർണ്ണ പതാകയല്ല, ലീഗിന്റെ അർധചന്ദ്ര നക്ഷത്രാങ്കിത ഹരിത പതാകയാണ്. ലീഗ് കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയിലെ പ്രബല ഘടകകക്ഷിയാണ്, അല്ലാതെ വിനീത വിധേയനല്ല. ഈ വസ്‌തുത ലീഗണികൾ മനസിലാക്കിയില്ലെങ്കിൽ അധികം വൈകാതെ മുസ്ലിംലീഗ് കോൺഗ്രസിന്റെ പോഷക സംഘടനയായി മാറും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top