19 April Friday

ഗ്യാൻവാപി മസ്‌ജിദിനെതിരായ നീക്കം ഔറംഗസേബിനെ വർഗ്ഗീയവാദിയാക്കി മുദ്രകുത്താനുള്ള ശ്രമത്തിന്റെ ഭാഗം... ഡോ. കെ ടി ജലീൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

ഔറംഗസേബിനെ വർഗ്ഗീയവാദിയാക്കി മുദ്രകുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഗ്യാൻവാപ്പസി മസ്‌ജിദിനെതിരായ കുൽസിത നീക്കം. ഇന്ത്യയിൽ നീണ്ട 49 വർഷം ഭരിച്ച് സ്വാഭാവിക മരണം വരിച്ച ഒരേയൊരു ഭരണകർത്താവേ ഉണ്ടായിട്ടുള്ളൂ. അത് ഔറംഗസേബാണ്. അദ്ദേഹത്തോളം ലളിതമായി ജീവിച്ച ഒരു രാജാവ് ലോകത്തെവിടെയും അക്കാലത്ത് ജീവിച്ചതായി പറഞ്ഞുകേട്ടിട്ടില്ല. കെ ടി ജലീലിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌.

വാരാണസിയിലെ ലോക പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള മസ്‌ജിദാണ് ഗ്യാൻവാപി മസ്‌ജിദ്. 1669 ൽ മുഗള ചക്രവർത്തിയായിരുന്ന ഔറംഗസേബാണ് പള്ളി നിർമ്മിച്ചത്. കാശി എക്കാലത്തും ഹൈന്ദവ സഹോദരൻമാർ തിങ്ങിത്താമസിക്കുന്ന ദേശമാണ്. അവിടെയുണ്ടായിരുന്ന വിശ്വേശ്വർ ക്ഷേത്രം തകർത്താണ് ഗ്യാൻവാപി മസ്‌ജിദ് നിർമ്മിച്ചതെന്നാണ് സംഘ്പരിവാർ വാദം. അങ്ങിനെ ഒരു ക്ഷേത്രം തകർത്ത് പള്ളി പണിത് ശക്തി കാട്ടലായിരുന്നു ഔറംഗസേബിൻ്റെ ലക്ഷ്യമെങ്കിൽ വിശ്വനാഥ ക്ഷേത്രം തന്നെ തകർത്ത് തൽസ്ഥാനത്ത് മസ്‌ജിദ് നിർമ്മിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്?.

നിലവിലെ ഒരു ക്ഷേത്രം തകർത്താണ് ഗ്യാൻവാപി മസ്‌ജിദ് പണിതത് എന്നുള്ളതിന്  ചരിത്രപരമായി യാതൊരു തെളിവുമില്ല. കെട്ടുകഥകളും ഊഹാപോഹങ്ങളുമല്ലാതെ. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ ഈ അവകാശവാദം നേരത്തേ തള്ളിയതാണ്.
മത സൗഹാർദ്ദത്തിൻ്റെ ചിഹ്നങ്ങളായി ഹൈന്ദവ ദേവാലയങ്ങൾക്കടുത്ത് മുസ്ലിം ദേവാലയങ്ങൾ പണിയുന്ന രീതി മദ്ധ്യകാല ഇന്ത്യയുടെ സവിശേഷതയാണ്. ഒരു കോമ്പൗണ്ടിൽ ഹൈന്ദവ-മുസ്ലിം ആരാധനാലയങ്ങൾ എത്രയോ സ്ഥലങ്ങളിൽ നമുക്ക് കാണാം.
തിരുവനന്തപുരത്തെ പാളയം പള്ളിയുടെയുടെയും വിനായക ക്ഷേത്രത്തിൻ്റെയും അതിർത്തി മതിലുകൾ ഒന്നാണ്. നാളെ ഒരു ശിവലിംഗം പള്ളിയുടെ ഏതെങ്കിലും മൂലയിൽ കണ്ടെത്തി എന്നു പറഞ്ഞു സംഘികൾ ഗ്യാൻവാപ്പസിയുടെ കാര്യത്തിൽ സ്വീകരിച്ച സമീപനം പാളയം പള്ളിയുടെ കാര്യത്തിലും ഉന്നയിച്ചാൽ എന്താകും സ്ഥിതി? പി സി ജോർജ്ജിന് ജാമ്യം കൊടുത്ത മജിസ്ട്രേറ്റിന് മുന്നിലൊക്കെ കേസും കൂടി വന്നാൽ സംഗതി കുശാലാകും.

മത സൗഹാർദ്ദത്തിൻ്റെ ഈറ്റില്ലമാണ് ശബരിമല. എരുമേലിയിലെ വാവര് പള്ളിയിൽ ദർശനം നടത്തിയാണ് ഭക്തർ അയ്യപ്പ സ്വാമിയെ കാണാനെത്തുക. പതിനെട്ടാം പടിയുടെ  തൊട്ടു മുന്നിൽ വലതുഭാഗത്തായി സ്ഥിതി ചെയ്യുന്ന വാവര് സ്വാമിയുടെ നട ഭാരതീയ മതബോധത്തിൻ്റെ സൗഹൃദക്കാഴ്ചയാണ്. അവിടെ ഖുർആൻ സൂക്തങ്ങൾ ഉരുവിട്ട് ഭക്തരെ അനുഗ്രഹിക്കുന്ന മൗലവിയെ കണ്ടാൽ ആരും അമ്പരക്കും. ഭാവിയിൽ ഇതിനൊക്കെ ഭംഗം വരുമോ എന്നാണെൻ്റെ ഭയം?.

ഔറംഗസേബിനെ വർഗ്ഗീയവാദിയാക്കി മുദ്രകുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഗ്യാൻവാപ്പസി മസ്‌ജിദിനെതിരായ കുൽസിത നീക്കം. ഇന്ത്യയിൽ നീണ്ട 49 വർഷം ഭരിച്ച് സ്വാഭാവിക മരണം വരിച്ച ഒരേയൊരു ഭരണകർത്താവേ ഉണ്ടായിട്ടുള്ളൂ. അത് ഔറംഗസേബാണ്. അദ്ദേഹത്തോളം ലളിതമായി ജീവിച്ച ഒരു രാജാവ് ലോകത്തെവിടെയും അക്കാലത്ത് ജീവിച്ചതായി പറഞ്ഞുകേട്ടിട്ടില്ല. സ്വന്തം ഉപജീവനത്തിന് തൊപ്പി തുന്നിയും ഖുർആൻ പകർത്തിയെഴുതിയും വരുമാനം കണ്ടെത്തിയ ഔറംഗസേബ് ഭൂരിപക്ഷ മത സമുദായത്തിൻ്റെ വികാരങ്ങളെ വിലമതിച്ച് കണ്ടു. അങ്ങിനെ അല്ലായിരുന്നെങ്കിൽ ഇത്രയധികം കാലം മഹാഭൂരിപക്ഷം ഹൈന്ദവരുള്ള രാജ്യം അദ്ദേഹത്തിന് ഭരിക്കാൻ കഴിയുമായിരുന്നില്ല. യുക്തിക്കും സത്യത്തിനും തെളിവുകൾക്കും വർത്തമാന ഇന്ത്യയിൽ എന്തുവില? അല്ലേ?.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top