25 April Thursday

ഇൻഡിഗോയിൽ കണ്ട സമര(?) ആഭാസം ലോകത്ത്‌ വേറെ ഏത് എയർലൈൻസിൽ ആണെങ്കിലും ഇതിനോടകം ജയിലിൽ ആയിരിക്കും; ഡോ. എ ആർ ഷാനവാസ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 21, 2022

പിണറായിയുടെ സ്ഥാനത്ത് യോഗി ആദിത്യനാഥ് അല്ലെങ്കിൽ മമത ബാനർജി. ഗുണ്ടാ ലിസ്റ്റിൽ ഉള്ള, 19 ഓളം കേസുകൾ ഉള്ള ഒരു ഗുണ്ട ഫ്‌ളൈറ്റിൽ യോഗി ആദിത്യനാഥ് അല്ലെങ്കിൽ മമത ബാനർജിക്ക് നേരെ വന്നിരുന്നെങ്കിൽ എന്താവുമായിരുന്നു സ്ഥിതി?. ഡോ. എ ആർ ഷാനവാസിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

തലങ്ങും വിലങ്ങും വിമാനത്തിൽ യാത്ര ചെയ്‌തിട്ടുള്ള ഒരാൾ ആണ് ഞാൻ. ഏകദേശം 32 രാജ്യങ്ങളിൽ പോയിട്ടുണ്ട്. മിക്കവാറും എല്ലാ പ്രശസ്‌ത എയർലൈൻസിലും കയറാൻ ഉള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. ഇമിഗ്രേഷനിൽ കിടന്ന് വലഞ്ഞിട്ടുണ്ട്.

ഒരിക്കൽ, ന്യൂയോർക്കിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് പോകുമ്പോഴാണ് എന്ന് തോന്നുന്നു ( കൃത്യമായി ഓർമ്മയില്ല ). ബോർഡിങ്‌ നടക്കുകയാണ്. ഏതോ ഒരു അമേരിക്കക്കാരിക്ക് ഒരു യാത്രക്കാരനെ കണ്ടപ്പോൾ എന്തോ സംശയം. അവർ അത് ക്യാബിൻ ക്രൂവിനെ അറിയിക്കുന്നു. അതോടെ അയാളെ അവർ പുറത്ത് കൊണ്ട് പോകുന്നു. അയാളുടെ ലഗേജ്‌ ഉൾപ്പെടെ ഇറക്കി പരിശോധിക്കുന്നു. അയാളുടെ ഭാഗ്യത്തിന് ആ വിമാനം പുറപ്പെടും മുൻപ് ചെക്കിങ് കഴിഞ്ഞു വീണ്ടും കയറാൻ പറ്റി.

ഇത്രയും ഫ്ലൈറ്റ് യാത്രാ എക്‌സ്‌പീരിയൻസ് ഉള്ള ഞാൻ പറയുന്നു ഇൻഡിഗോയിൽ കണ്ട സമര(?) ആഭാസം ലോകത്തു വേറെ ഏത് എയർലൈൻസിൽ ആണെങ്കിലും അവർ ഇതിനോടകം ജയിലിൽ ആയിരിക്കും. മിക്കവാറും ലൈഫ് ടൈം ട്രാവൽ ബാൻ കിട്ടും. അവരുടെ ഫോണിൽ നിന്നും പോയതും വന്നതുമായ എല്ലാ കാളുകളും മെസ്സേജുകളും പരിശോധിക്കപ്പെടും. ആ യാത്രക്ക് തൊട്ട് മുൻപ് വിളിച്ചവർ വരെ ചോദ്യം ചെയ്യപ്പെടും. അപ്പോൾ പിന്നെ ഫ്‌ളൈറ്റിൽ നടന്ന സംഭവത്തിന്റെ വീഡിയോ ഉടനെ അയച്ചു കിട്ടിയ നമ്പർ ഉൾപ്പെടുന്ന ഒരു വാട്‌സ്ആപ്പ് ചർച്ചയും ആഹ്വാനവും കണ്ടാൽ ഉള്ള സ്ഥിതി പറയണോ?.

ഗുണ്ടാ ലിസ്റ്റിൽ ഉള്ള, 19 ഓളം കേസുകൾ ഉള്ള ഒരു ഗുണ്ട. അയാൾ Z+ കാറ്റഗറിയിൽ വരുന്ന ഒരു വിവിഐപി കൂടിയായ മുഖ്യമന്ത്രിയുടെ അടുത്തേക്ക് മുദ്രാവാക്യം മുഴക്കി വരികയാണ്. അയാൾ മുഖ്യമന്ത്രിയുടെ അടുത്ത് എത്തിയിരുന്നെങ്കിൽ?

ഇനി ഒന്ന് കണ്ണടച്ച് ആലോചിച്ചു നോക്കുക.

പിണറായിയുടെ സ്ഥാനത്ത് യോഗി ആദിത്യനാഥ് അല്ലെങ്കിൽ മമത ബാനർജി. ഗുണ്ടാ ലിസ്റ്റിൽ ഉള്ള, 19 ഓളം കേസുകൾ ഉള്ള ഒരു ഗുണ്ട ഫ്‌ളൈറ്റിൽ യോഗി ആദിത്യനാഥ് അല്ലെങ്കിൽ മമത ബാനർജിക്ക് നേരെ വന്നിരുന്നെങ്കിൽ എന്താവുമായിരുന്നു സ്ഥിതി?.

അതോടെ ഒന്നുകിൽ അയാൾ പടമായി ചുവരിൽ കയറും അല്ലെങ്കിൽ മിക്കവാറും പിന്നെ പുറംലോകം കാണില്ല. വെറുതെ റിപ്പോർട്ട് ചെയ്യാൻ എന്ന് പറഞ്ഞു പോയ സിദ്ധിഖ് കാപ്പന്റെ കാര്യം മറന്നിട്ടില്ലല്ലോ?.

ഇവിടത്തെ മാധ്യമങ്ങളുടെ റിപ്പോർട്ടിങ് കണ്ടാൽ തോന്നും മുഖ്യമന്ത്രി അടി കൊണ്ട് വീണാൽ മാത്രമേ വധശ്രമം ആവുകയുള്ളു എന്ന്. എന്ത് പറയാൻ...

തീർന്നില്ല, ഇനിയും ഒന്ന് കൂടി കണ്ണടച്ചു ആലോചിച്ചു നോക്കൂ -- പിണറായിക്ക് പകരം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യൂത്ത് കോൺഗ്രസിന് പകരം ഡിവൈഎഫ്ഐ.

മാധ്യമ ബ്രേകിങ് / 8 കോളം ഫ്രണ്ട് പേജ് വാർത്തകൾ... ( താഴെ വായിക്കുമ്പോൾ മനോരമ ആണ് വായിക്കുന്നത് എന്ന് വെറുതെ ആലോചിക്കുക).

* ഗൂഢാലോചന ഇല്ല എന്ന സിപിഎം വാദം പൊളിയുന്നു -- ഡിവൈഎഫ്ഐ ക്കാരുടെ യാത്രാ ടിക്കറ്റുകൾ സിപിഎം ഓഫിസിൽ നിന്നും ബുക്ക് ചെയ്തവ.
* സിപിഎം ഉന്നത ബന്ധം പുറത്ത് -- മുഖ്യമന്ത്രിയെ ആക്രമിച്ച വീഡിയോ റെക്കോർഡ് ചെയ്തത് അതേ സമയം തന്നെ ഡിവൈഎഫ്ഐ നേതാവിന്റെ മൊബൈലിൽ.
* മുഖ്യമന്ത്രിയുടെ പ്രായം പോലും പരിഗണിച്ചില്ല എന്നത് തന്നെ എത്ര ക്രൂരതയാണ്.
* അതീവ സുരക്ഷാ മേഖല ആയ ഫ്‌ളൈറ്റിൽ ആണ് ഇത് നടന്നത് എന്നത് ഗൗരവമായ കുറ്റമായി തന്നെ കാണണം.
* വിമാനയാത്രക്കിടെ മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയാണോ ലക്ഷ്യം എന്ന് സംശയമുണ്ട്.
*ഫ്‌ളൈറ്റിൽ ഉണ്ടായ മുഖ്യമന്ത്രിയുടെ സുരക്ഷാ വീഴ്ച അതീവ ഗുരുതരമെന്ന് കേന്ദ്ര വ്യാമയാന മന്ത്രാലയവും സിഐഎസ്എഫ് ഉം ഇന്റലിജൻസ് ബ്യൂറോയും വിലയിരുത്തിയത്രേ. ( അതേ വാക്ക് തന്നെ -- അത്രേ ).
* ഈ ഗൂഢാലോചന സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ എന്ന് സൂചന.
* ഡിവൈഎഫ്ഐ, സിപിഎം നേതാക്കൾ ഉടൻ അറസ്റ്റിൽ ആകും എന്ന് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും അറിയുന്നു.
* ഫ്‌ളൈറ്റിൽ നടന്നാൽ അത് ജാമ്യമില്ലാ കുറ്റമായി പരിഗണിക്കണം -- പേര് വെളിപ്പെടുത്താൻ തയ്യാർ ആകാത്ത മുൻ സിഐഎസ്എഫ് കാരൻ മനോരമയോട് പറഞ്ഞു.
* ഖണ്ഡഹാർ ഫ്ലൈറ്റ് ഹൈജാക്ക് ചെയ്തവരുടെ രീതികൾ ഏതാണ്ട് ഇതിന് സമാനം -- വിത്ത്‌ രേഖാ ചിത്രങ്ങൾ.
* ചാണ്ടി സാർ അക്ഷോഭ്യൻ -- ക്ലിഫ് ഹൌസിൽ എത്തി മറിയാമ്മ കൊടുത്ത കഞ്ഞി കുടിച്ചു ( വിത്ത്‌ കളർ പടം.)
* ക്ലിഫ് ഹൌസിൽ സന്ദർശക തിരക്ക്, എല്ലാവരെയും ഹാപ്പി ആക്കി ചാണ്ടി സാർ.
* സിപിഎം ഡിവൈഎഫ്ഐ ഓഫിസുകളിൽ ആക്രമണം നടക്കുമെന്ന് റിപ്പോർട്ട്കൾ. രോഷാകുലരായ കോൺഗ്രസ്‌ അണികളോട് സംയമനം പാലിക്കാൻ ചാണ്ടി സാർ ആവശ്യപ്പെട്ടു.

NB : ശബരീനാഥ് നെ പറ്റി ഒരു വരി... നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് ദോഷം ഉണ്ടാകുന്നത് നിലവിൽ സൽപേരും സുപ്രസിദ്ധിയുമുള്ള ഒരാൾക്കു മാത്രമാണ്. ഒരു സൽപേരുമില്ലാത്ത, ആരും ഓർക്കാത്തവന് വളരാൻ ഏറ്റവും നല്ലത് നെഗറ്റീവ് പബ്ലിസിറ്റിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top