16 June Sunday

‘‘ എന്റെ മകളുടെ മുഖമായിരുന്നു അകം നിറയേ ,സൈറാബാനുമാർ തീനാളങ്ങൾക്ക്‌ നക്കിതുടയ്‌ക്കാൻ നിന്നുകൊടുക്കേണ്ടവരല്ല’’...കെ ടി ജലീൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

വിവാഹത്തിന്റെ പേരിൽ ചവിട്ടിയരക്കാനോ തീനാളങ്ങൾക്ക്‌ നക്കിതുടയ്‌ക്കുവാനോ നിന്നു കൊടുക്കുവാനുള്ളതല്ല  സൈറാബാനുമാരുടെ ജീവിതമെന്ന്‌  കെ ടി ജലീൽ എംഎൽഎ. തന്റെ സുഹൃത്തിന്റെ മകൾക്ക്‌  ഭർതൃവീട്ടിൽനിന്നുമുണ്ടായ ദുസ്സഹമായ അനുഭവങ്ങളെ കുറിച്ച്‌ എഫ്‌ ബി പോസ്‌റ്റിലാണ്‌ ജെ ടി ജലീൽ  പറയുന്നത്‌. വിദ്യാസമ്പന്നയും കോളേജ്‌ അധ്യാപികയുമായ യുവതിക്ക്‌ വിവാഹശേഷം അനുഭവിക്കേണ്ടിവന്ന സാഹചര്യങ്ങളാണത്‌.   പെൺമക്കളുള്ള എല്ലാ മാതാപിതാക്കളുടെയും നെഞ്ചിനെ നീറ്റുന്ന അനുഭവമാണതെന്നും ജലീൽ പറയുന്നു
 

പോസ്‌റ്റ്‌ ചുവടെ:

എൻ്റെ ഒരു സ്നേഹിതൻ്റെ മകൾ അയച്ച കുറിപ്പാണ് ചുവടെ ചേർക്കുന്നത്. നമുക്കവളെ സൈറാബാനു എന്നു വിളിക്കാം. കെട്ടിച്ചയക്കാൻ പെൺമക്കളുള്ള അച്ഛനമ്മമാരുടെ ഹൃദയം പിടയുകയാണ് കുറച്ചു ദിവസങ്ങളായി. ചുറ്റുവട്ടത്തു നിന്ന് കേൾക്കുന്ന വാർത്തകളും കാണുന്ന ദൃശ്യങ്ങളും അത്രമാത്രം ഭീതിതമാണ്. എഴുത്തും വായനയും ഇഷ്ടപ്പെടുന്ന സൈറാബാനു കേരള ഫാമിലി വെൽഫെയർ ഹെൽപ്പ് ലൈനിലേക്ക് അയച്ച കത്താണ് അദ്ദേഹം എനിക്കയച്ചത്. അത് വായിച്ച് കുറച്ചു സമയത്തേക്ക് ഞാൻ സ്തംഭിച്ചിരുന്നു. വിവാഹ പ്രായമെത്തിയ എൻ്റെ മകളുടെ മുഖമായിരുന്നു കുറേ സമയത്തേക്ക് അകം നിറയെ. ഞെട്ടലിൽ നിന്ന് മുക്തനായ ഞാൻ സുഹൃത്തിനെ വിളിച്ച് ഒരുപാട് സംസാരിച്ചു. മോൾക്ക് ഒന്നും സംഭവിക്കില്ലെന്നും അവൾക്ക് ഉടനെ തന്നെ ഒരു ജോലി ശരിപ്പെടുത്താമെന്നും സമാശ്വസിപ്പിച്ചു. അവളെഴുതിയ ഒരുപിടി കവിതകൾ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. വീടിൻ്റെ ഏകാന്തതയിലിരുന്ന് പിന്നീടെപ്പോഴൊക്കെയോ ഹൃദ് രക്തം കൊണ്ട് അവൾ കോറിയിട്ട കണ്ണീരും കിനാവും കലർന്ന കാവ്യശകലങ്ങളുടെ രണ്ടാം സമാഹാരം അധികം വൈകാതെ വെളിച്ചം കാണാനുള്ള ഏർപ്പാടും ചെയ്യാമെന്ന് ഞാൻ ഉറപ്പു കൊടുത്തു. ഉപ്പുരസം മഷിയാക്കി അവൾ നൽകിയ പരാതിയിലെ വരികളിൽ ആശങ്കയും പ്രതീക്ഷയും ഒരുപോലെ നിഴലിക്കുന്നുണ്ട്. കുറിപ്പിന് തലക്കെട്ട് നൽകിയത് ഞാനാണ്. തീനാളങ്ങൾക്ക് നക്കിത്തുടക്കാൻ നിന്നുകൊടുക്കില്ല.- സൈറാബാനു -

വിവാഹസമയത്ത് 100 പവനും ഒരു മാരുതി സ്വിഫ്റ്റ് കാറുമാണ് മാതാപിതാക്കൾ എനിക്കു സമ്മാനമായി നൽകിയത്. കല്യാണം കഴിച്ചയപ്പിച്ചത് എറണാങ്കുളം ജില്ലയിലേക്കാണ്. ഞാൻ കേരളത്തിലെ പ്രശസ്തമായ ഒരു സ്വാശ്രയ എൻജിനീയറിങ് കോളേജിൽ അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രമെന്റേഷൻ ഡിപ്പാർട്ട്മെന്റിൽ ലക്ചറർ ആയി ജോലി ചെയ്യവെയായായിരുന്നു വിവാഹം. ഭർത്താവ് സൗദിയിൽ ഇലക്ട്രിക്കൽ എൻജിനീയർ. മോശമല്ലാത്ത സാമ്പത്തിക ശേഷിയുള്ള കുടുംബം. നാലുമക്കളിൽ രണ്ടു ആൺകുട്ടികൾ എഞ്ചിനീയർമാരും മറ്റൊരാൾ ഡോക്ടറും.

വിവാഹശേഷം ഒരു മാസത്തിനുള്ളിൽ തന്നെ ഭർത്താവിന്റെ നിർബന്ധപ്രകാരം ഞാൻ ജോലി രാജിവെച്ചു. ജോലിക്ക് പോകാമെന്ന് വിവാഹാലോചനാ സമയത്ത് എൻ്റെ പിതാവിന് ഭർതൃ പിതാവ് നൽകിയ ഉറപ്പാണ് അതോടെ ലംഘിക്കപ്പെട്ടത്. അതുകഴിഞ്ഞ് രണ്ടു മാസത്തിനുള്ളിൽ എന്നെ ഫാമിലി വിസയിൽ സൗദിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയത് മുതൽ ജോലിക്ക് പോകുന്ന വിഷയവുമായി ബന്ധപ്പെട്ട് ഞങ്ങൾ പലപ്പോഴും കലഹിച്ചു. കുത്തുവാക്കുകൾ പറഞ്ഞ് മാനസികമായി തളർത്തൽ പതിവായി. ഇതിനിടയിൽ ഒരു സ്കൂളിൽ ഇൻ്റെർവ്യൂവിന് പോവുകയും ഞാൻ സെലക്ട് ചെയ്യപ്പെടുകയും ചെയ്തു.

 
വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഗർഭിണിയായതിനാൽ കിട്ടിയ ജോലി വീണ്ടും ഉപേക്ഷിക്കേണ്ടി വന്നു. പ്രസവ ശേഷം എന്നെ ജോലിക്ക് വിട്ടതുമില്ല.
 
ഭർത്താവിന്റെ പിതാവ് വിദേശത്ത് ഞങ്ങളുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. ഇടയ്ക്കിടെ നാട്ടിലുള്ള ഭർതൃ മാതാവിനെ അവിടേക്ക് കൊണ്ടു വരികയും ചെയ്തിരുന്നു. ഭർത്താവിൻ്റെ മാതാവും പിതാവും കണ്ണിൽ ചോരയില്ലാതെ എന്നെ മാനസികമായി പീഡിപ്പിച്ചു. വീട്ടു ജോലികളെല്ലാം ഒറ്റക്ക് ചെയ്യിച്ചു. ഭാര്യാ-ഭർത്താക്കൻമാർ എന്ന നിലയിൽ ഞങ്ങളെ സന്തോഷത്തോടെ ജീവിക്കാൻ അനുവദിച്ചില്ല. എപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കാനായിരുന്നു അവർക്കു താൽപര്യം. മാനസിക സംഘർഷം കൂടിയപ്പോൾ 2018 ൽ എനിക്കു ഡിപ്റഷനും ഷിസോപ്റീനിയ എന്ന അസുഖവും വന്നു. അതേ തുടർന്ന് ഞങ്ങളെ (എന്നെയും രണ്ട് മക്കളേയും) ട്രീറ്റ്മെന്റിനായി എൻ്റെ മാതാപിതാക്കളുടെ അടുത്തേക്കയച്ചു. ട്രീറ്റ്മെൻറ് സമയത്ത് കുടുംബക്കാരെ മുഴുവൻ വിളിച്ച് ഭർത്താവിൻ്റെ ഉമ്മയും ഉപ്പയും എൻ്റെ കുറ്റങ്ങൾ പറഞ്ഞു കേൾപ്പിച്ചു. ഒരു സ്ത്രീ എന്ന നിലയിൽ സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അത്.
 
വിവാഹസമയത്ത് തന്ന സ്വർണ്ണവും കാറും വിറ്റ് ഭർതൃ വീട്ടുകാർ പണം നേരത്തെ തന്നെ കൈക്കലാക്കിയിരുന്നു. പ്രശ്നങ്ങൾ കൂടിക്കൂടി വന്നപ്പോൾ എന്റെ പിതാവ് അത് എന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പട്ടു. അവർ സമ്മതിച്ചില്ല. വിവാഹമോചനം നടന്നാലേ അവയെല്ലാം തരൂ എന്ന് നിഷ്കരുണം പറയുകയും ചെയ്തു. കുട്ടികളെ ഓർത്ത് ഞാൻ എല്ലാം ക്ഷമിച്ചു. പലപ്പോഴും ഭ്രാന്തി എന്നു വിളിച്ചുവരെ ഭർത്താവിന്റെ മാതാപിതാക്കൾ എന്നെ അധിക്ഷേപിച്ചു. അവർക്ക് മകനെക്കൊണ്ട് വേറെ വിവാഹം കഴിപ്പിക്കണം. ഇപ്പോൾ ഞാനവർക്ക് പോന്ന മരുമകൾ അല്ലത്രെ. ഭർത്താവിന് ഈ പീഡനങ്ങളൊക്കെ അറിയാം. എന്നെ ഉപേക്ഷിക്കില്ല എന്ന് പറയുമ്പോഴും മാതാപിതാക്കളുടെ അതിക്രമങ്ങൾ തടയുകയോ എനിക്ക് തുണയാവുകയോ ചെയ്യാതെ വെറും കാഴ്ചക്കാരനായി നിൽക്കുകയാണ് അദ്ദേഹം. കുറ്റങ്ങൾ എണ്ണിപ്പറഞ്ഞ് ഒറ്റപ്പെടുത്താനാണ് ഭർതൃ വീട്ടുകാർ ശ്രമിക്കുന്നത്. എന്നിട്ടും രോഗത്തെയും മക്കളെയും ഓർത്ത് എല്ലാം ഞാൻ ക്ഷമിച്ചു.
 
ഇനി എനിക്ക് സഹിക്കാൻ വയ്യ. ആരെയും ആശ്രയിക്കാതെ എന്റെ പിതാവ് എനിക്കു നൽകിയ പൊന്നും പണവും കൊണ്ട് എന്തെങ്കിലുമൊരു വരുമാനമാർഗം ഉണ്ടാക്കാൻ അതിയായി ഞാൻ ആഗ്രഹിക്കുന്നു. പലപ്പോഴും ഗൾഫിൽ നിന്ന് പണമയക്കാൻ വൈകിപ്പിച്ച് എന്നെയും മക്കളെയും ബുദ്ധിമുട്ടിച്ച് ഭർത്താവും അദ്ദേഹത്തിൻ്റെ മാതാപിതാക്കളും വന്യമായ ആനന്ദം കണ്ടെത്തുകയാണ്.
 
എനിക്കു 35 വയസ്സായി. 2010 ലാണ് എൻ്റെ വിവാഹം കഴിഞ്ഞത്. ഇപ്പോൾ ജോലിയൊന്നും ഇല്ല. വീട്ടിൽ ഒറ്റക്കിരുന്ന് മടുത്തു. പഠിച്ചതെല്ലാം വെറുതെയായല്ലോ എന്ന തോന്നൽ മനസ്സിനെ മഥിക്കുകയാണ്. മക്കളെയോർത്താണ് ഞാനൊരു കടുംകൈക്ക് മുതിരാത്തത്. എൻ്റെ മാതാപിതാക്കൾ പലതവണ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. എല്ലാം ഉപേക്ഷിച്ച് അവരുടെ കൂടെ പോകാനും മനസ്സ് സമ്മതിക്കുന്നില്ല. നല്ല രീതിയിൽ സ്വർണ്ണവും പണവും നൽകി എന്നെ കെട്ടിച്ചയച്ചിട്ടും വീണ്ടും ഞാനവർക്ക് ഭാരമാകുന്നതിൽ വല്ലാത്ത മനോവിഷമം. കരഞ്ഞു കരഞ്ഞ് എൻ്റെ കണ്ണുകൾ വരണ്ടിരിക്കുന്നു. ലോകം ചുരുങ്ങി ചുരുങ്ങി വരുന്നതു പോലെ. ചുറ്റും ഇരുട്ടു പടരുകയാണ്.
 
സ്ത്രീത്വം ഇങ്ങിനെ ചവിട്ടി അരക്കപ്പെടാനുള്ളതാണോ? ഭർതൃ വീട്ടുകാർക്ക് തച്ചുടക്കാനുള്ള പളുങ്കു പാത്രങ്ങളാണോ അവരുടെ ആൺമക്കൾ വിവാഹം കഴിച്ച് കൊണ്ടുവരുന്ന സ്ത്രീ ജൻമങ്ങൾ?
 
പടച്ച തമ്പുരാനേ ഞങ്ങളുടെ പ്രാർത്ഥന നീ കേൾക്കുന്നില്ലേ? മർദ്ദിതർക്കും നിനക്കുമിടയിൽ മറയില്ലെന്നല്ലേ നിൻ്റെ പ്രിയപ്പെട്ട പ്രവാചകൻ മുഹമ്മദ് നബി ലോകത്തെ പഠിപ്പിച്ചത്. കാണാമറയത്തെവിടെയോ എന്നെപ്പോലുള്ള നിസ്സഹായർക്കായി നാഥൻ കരുതിവെച്ച മിന്നുന്ന പ്രകാശ നാളത്തെയും തേടി ഇനിയും എത്രകാലമാണ് എൻ്റെ വർഗ്ഗം അലയേണ്ടിവരിക?

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top