26 April Friday

ഡോവർ കൊട്ടാരം: കാലം ഒന്‍പത് നൂറ്റാണ്ട് പിന്നിലേക്ക്

എ കെ രമേശ്‌ Updated: Tuesday Sep 6, 2016

വലിയൊരു നഷ്ടമാവുമായിരുന്നു ഡോവറിലേക്കുള്ള യാത്ര ഒഴിവാക്കിയിരുന്നെങ്കില്‍. 130 കിലോമീറ്ററോളമുള്ള റോഡ് യാത്രക്ക് പകരം സമീപത്തുള്ള ഏതെങ്കിലും നല്ല സഞ്ചാര കേന്ദ്രത്തില്‍ പോയാല്‍ മതിയെന്ന് ഞാന്‍..കിരണിന് നിര്‍ബന്ധം. നീണ്ട ഡ്രൈവിങ്ങ് അവന് ഒരു ഹരമാണ്.

ഡോവറിനെക്കുറിച്ച് കേട്ടിട്ടുണ്ട്. ഹെന്‍റി രാജാവ് നൂറ്റാണ്ടുകള്‍ക്ക് മുമ്പു് പണിതതാണെന്നറിയാം. ഗോല്‍ക്കൊണ്ട പോലൊരു പുരാതനമായ കോട്ടയും കൊട്ടാരവും നഷ്ടാവശിഷ്ടങ്ങളുമായിരുന്നു മനസ്സില്‍

കൊട്ടാരക്കിച്ചനില്‍ വെണ്ണ കടയുന്ന വീഡിയോ

പക്ഷേ, ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ച് പൗരാണികതയെ അനുഭവവേദ്യമാക്കിയിരിക്കുകയാണിവിടെ. 900 വര്‍ഷങ്ങള്‍ക്ക്

മുമ്പ് പണിത കോട്ടയും കൊട്ടാരവുമാണ്. രാജാവിന്റെ സിംഹാസനത്തിലിരുന്ന് സഞ്ചാരികള്‍ക്ക് പടമെടുക്കാം. അടുക്കള അനുഭവിക്കാം. നാഷനല്‍ ഹെറിറ്റേജിലെ യാത്രാ സഹായികള്‍ വേഷം കെട്ടി നില്‍പ്പുണ്ട്.

രാജാവിന്റെ അടുക്കളയില്‍ പഴയ പാത്രങ്ങളില്‍ മോരു കടഞ്ഞ് വെണ്ണയുണ്ടാക്കാന്‍ കിരണിന്റെ മകള്‍ താരക്ക് ഒരവസരം കിട്ടി.

ബീര്‍ ഉണ്ടാക്കുന്ന പാത്രങ്ങള്‍ കാട്ടി വേറൊരു വേഷക്കാരി ഏറെ സ്റ്റൈലൈസേഷനോടെ രാജകൊട്ടാരത്തിലെ മദ്യചഷകങ്ങള്‍ നിറയുന്നതെങ്ങനെ എന്ന് വിവരിച്ചുകാട്ടുന്നു.

വേറൊരിടത്ത് ഷെയ്‌ക്‌സ്‌പീരിയന്‍ കഥാപാത്രത്തിന്റെ വേഷം കെട്ടി നില്‍പ്പുണ്ടൊരാള്‍. ചുമരിലുള്ള വര്‍ണചിത്രങ്ങളിലത്രയും മൃഗയാവിനോദത്തിന്റെ വിവിധ ദൃശ്യങ്ങളാണ്. അതിനു താഴെ നിന്നാണ് മൃഗവേട്ടയുടെ പഴങ്കഥകള്‍ നാടകീയമായി വിവരിക്കുന്നത്.

രണ്ട മൂന്നിടങ്ങളില്‍ പഴയ കാല ജീവിതത്തിന്റെ 3 ചിത്രീകരണങ്ങള്‍ .കൊട്ടാരജീവിതത്തിന്റെ ശബ്ദചിത്രങ്ങളാണ് അകത്തളങ്ങളിലത്രയും. 13ാം നൂറ്റാണ്ടിന്റെ ഒരു ഫീല്‍.

രണ്ടാം ലോകമഹായുദ്ധകാലത്ത് പണിത അണ്ടര്‍ ഗ്രൗണ്ട് ആശുപത്രിയെ അതേപടി അനുഭവിപ്പിക്കുകയാണ്. ആശുപത്രി മണവും രോഗികളുടെ നിലവിളികളും ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളും അനുഭവിച്ചുകൊണ്ടുള്ള തുരങ്ക യാത്ര. അതിനിടയില്‍ ഒരു ഓപറേഷന്‍ തിയേറ്ററിലേക്കാണ് നമ്മള്‍ നടന്നു നീങ്ങുക.യുദ്ധത്തില്‍ മുറിവേറ്റ ഒരാളുടെ ശസ്ത്രക്രിയയിലാണ് ഇപ്പോള്‍ നിങ്ങള്‍ പങ്കാളിയാവുന്നത്.

ശബ്ദവും ദൃശ്യവും ഗന്ധവും അനുഭവിപ്പിച്ചു കൊണ്ട് നിങ്ങളെ പൗരാണിക കാലത്തേക്ക് കൊണ്ടുപോവുകയാണ് നേഷനല്‍ ഹെറിറ്റേജ്.

ഗോല്‍ക്കൊണ്ടയും കണ്ണൂര്‍ കോട്ടയും ചെങ്കോട്ടയും കണ്ട കണ്ണിന് ഡോവറില്‍ ചെന്ന് എന്തു കിട്ടാനാണ് എന്ന ആലോചന എത്ര വങ്കന്‍ ശങ്കയായിരുന്നുവെന്നോര്‍ത്താണ് കൊട്ടാരത്തില്‍ നിന്നും മടങ്ങിയത്.

കീത്ത് വാസെലിന്‍

ഇന്ന് മിക്ക പത്രങ്ങളിലും പ്രധാന തലക്കെട്ടില്‍ നിറഞ്ഞു നില്‍പ്പാണ് ഗോവന്‍ വംശജനായ കീത്ത് വാസ്'

ആള്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ അത്ര മോശക്കാരനൊന്നുമല്ല. ലേബര്‍ പാര്‍ട്ടി എം.പിയാണെങ്കിലും, കോമണ്‍സിലെ ആഭ്യന്തര കാര്യ സമിതി ചെയര്‍മാനാണ്. വളരെ പ്രധാനപ്പെട്ട പല അന്വേഷണക്കമ്മീഷനുകളും നയിക്കുന്ന ആളാണ്.

ഇപ്പോള്‍ അദ്ദേഹം അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രധാന കാര്യം ഒരു സദാചാര സംബന്ധിയായ വിഷയമാണ്. വ്യഭിചാരക്കുറ്റം ആരുടെ പേരിലാണ് ചുമത്തേണ്ടതെന്നാണ്. വാങ്ങുന്നവരോ വില്‍ക്കുന്നവരോ നിയമത്തിന്റെ ഭാരം ചുമക്കേണ്ടതെന്ന്!

അന്വേഷണം മുറയ്ക്ക് നടക്കുന്നതിനിടയിലാണ് സദാചാര സംബന്ധിയായി ഒരുള്‍വിളി കീത്ത് വാസിനുണ്ടായതും രണ്ട് വേശ്യകളെ ബന്ധപ്പെടുന്നതും. അതിലൊരാളോട് ഉത്തേജക മരുന്നുമായി വരാനും പറയുന്നുണ്ട് പാവം ,ഈമെയില്‍ സന്ദേശം വഴി.രാത്രി 11 മണി കഴിഞ്ഞു വന്ന രണ്ട് പുരുഷ സുഹൃത്തുക്കളോട് കൊക്കെയിന്‍ കിട്ടുമോ എന്നന്വേഷിക്കുകയേ ചെയ്തുള്ളൂ. പക്ഷേ സ്റ്റിങ്ങ് ഓപ്പറേഷന്‍കാര്‍ നാര്‍ക്കോട്ടിക്ക് വകുപ്പുമായി ഇതിനെ ബന്ധിപ്പിക്കുകയാണ്.

ഒരു ദേശീയപത്രം ഇങ്ങനെ പെരുമാറാ മോ എന്നാണ് കീത്ത് വാസ് ട്വിറ്റ് ചെയ്തത്.

കിടപ്പറക്കഥകള്‍ ഇങ്ങനെ പരസ്യപ്പെടുത്തിയാല്‍ കൊച്ചു കുഞ്ഞുങ്ങള്‍ വായിച്ചാല്‍ എന്താവും നാടിന്റെ നില എന്നു തന്നെയാവണം, പ ഗോവന്‍ വംശജനായ കീത്ത് വാസിന്റെ ആലോചന.
ആള്‍ മാന്യനാണ്. പരസ്യമായി മാപ്പു പറഞ്ഞു. തന്നെ തെരഞ്ഞെടുത്ത വോട്ടര്‍മാരോടും നാടിനോടുമല്ല ,തന്റെ നടപടി കാരണം വിഷമിക്കേണ്ടി വന്ന ഭാര്യയോടും മക്കളോടും!

പക്ഷേ, ആള്‍ സത്യസന്ധനാണ് കേട്ടോ. മെട്രൊ പത്രം പറയുന്നത് 1991 ല്‍ കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമത്തിന്റെ പേരില്‍ ഗ്രെ വില്‍ ജാനര്‍ കുറ്റാരോപിതനായപ്പോള്‍, പരസ്യമായി അയാളെ ന്യായീകരിച്ച ചരിത്രമുണ്ടത്രെ നമ്മുടെ കീത്ത് വാസിന് .

1987 ല്‍ ലേബര്‍ പാര്‍ട്ടിയുടെ ഏറ്റവും ചെറുപ്പക്കാരനായ എംപിയായാണ് കീത്ത് വാസ് പാര്‍ലമെന്‍റിലെത്തിയത്.സെല്‍ഫ് മാര്‍ക്കറ്റിങ്ങ് നന്നായറിയാവുന്നതുകൊണ്ട് വെച്ചടി വെച്ചടി കയറ്റമായിരുന്നു

2001 ല്‍ ' ആരോഗ്യ ' കാരണങ്ങളാല്‍ മാറി നില്‍ക്കേണ്ടി വന്നു. പക്ഷേ ഹിന്ദുജ ക്ക് ബ്രിട്ടീഷ് പാസ്പോര്‍ട്ട് തരപ്പെടുത്തിക്കൊടുത്തു എന്ന ആക്ഷേപമായിരുന്നു അതിന്നു പിന്നിലുള്ള യഥാര്‍ത്ഥ ''രോഗം''.
ഹിന്ദു ജയെപ്പറ്റി തെറ്റായ വിവരങ്ങള്‍ നല്‍കിയതിന്റെ പേരില്‍ കഥാപുരുഷ ന്‍ കോമണ്‍സില്‍ നിന്നും ഒരു മാസത്തേക്ക് സസ്പെന്‍റ് ചെയ്യപ്പെടുകയുമുണ്ടായി.

ലൈംഗികോത്തേജക പോപ്പേഴ്സ് ഉപയോഗത്തെ ഈ വര്‍ഷമാണ് കീത്ത് വാസ് ന്യായീകരിച്ച് രംഗത്തിറങ്ങിയത്.ആനല്‍ സെക്സിന് ഏറെ നല്ലതാണെന്ന് പരസ്യമായ നിലപാടെടുത്ത് സുതാര്യത പ്രകടിപ്പിച്ച കീത്ത് വാസിന്റെ കിടപ്പറ രഹസ്യങ്ങളാണ് സണ്‍ഡേ മിറര്‍ പുറത്തു കൊണ്ടു വന്നത്.
സ്വയം പ്രചാരണത്തില്‍ അഗ്രഗണ്യനായ ഈ 60കാരന്‍ യുവ എം.പിയായപ്പോഴേ അക്കാര്യത്തിന് കുപ്രശസ്തനായിരുന്നുവത്രെ.കീത്ത് വാസെലിന്‍ എന്നാണ് മൂപ്പരുടെ വിളിപ്പേര്.

ഉയര്‍ന്നുയര്‍ന്നങ്ങനെ ഒരു ബ്രെയിക്കുമില്ലാതെ മുന്നോട്ടു പോവുകയായിരുന്ന ഈ ബ്രിട്ടീഷ് എം.പിയുടെ ഹിന്ദുജാബന്ധം ആളെക്കുറിച്ച് ഏതാണ്ട് മനസ്സിലാക്കാന്‍ സഹായകമാവും.

ആള്‍ രാജിവെച്ചാലും ഇല്ലെങ്കിലും, എന്നും ഹിന്ദുജയും അതുപോലുള്ള
വന്‍കിടക്കാരും കീത്തിനൊപ്പമുണ്ടാവും!

ശ്മശാനത്തില്‍ ഒരു പുതിയ സൗഹൃദം

ബെക്സ് ലീ ഹീത്ത് പബ്ലിക് ലൈബ്രറിയിലേക്കുള്ള പതിവ് നടത്തത്തിനിടക്ക് ഒരിക്കല്‍ മാത്രം പരീക്ഷിച്ച ഒരു വഴിയാണ് ശ്മശാനത്തിനകത്തു കൂടിയുള്ള കുറുക്കു വഴി.

ശ്മശാനഭൂമിക്ക് ഒരു വല്ലാത്ത വന്യ സൌന്ദര്യമുണ്ട്. നിറയെ വന്‍ വൃക്ഷങ്ങളും പൂക്കളും. വളഞ്ഞുപുളഞ്ഞു പോകുന്ന പാതകള്‍.അവക്കപ്പുറവും ഇപ്പുറവുമായി വലിയവരും ചെറിയവരുമായ നൂറുകണക്കിനാളുകള്‍ അന്ത്യവിശ്രമം കൊള്ളുന്നു.

വലുതും ചെറുതുമായ മാര്‍ബിള്‍ ഫലകങ്ങള്‍. മരിച്ചു പോയവരുടെ പേരിനേക്കാള്‍ പലതിലും വലുപ്പം ജീവിച്ചിരിക്കുന്നവരുടേതിനാണ്. മരിച്ചു കഴിഞ്ഞാല്‍ തങ്ങളുടെ പേരും ചെറുതാവുമല്ലോ എന്ന ആലോചനയാവാം അതിനു പിന്നില്‍.

ശ്മശാനത്തിലെത്തുമ്പോള്‍ ഏത് അരസികനും സ്വല്‍പം ഫിലോസഫിക്കല്‍ ആവും എന്നു തോന്നുന്നു. ഏതായാലും ശ്മശാനത്തിലേക്കുള്ള രണ്ടാം വരവില്‍ ഭയപ്പെടുത്തുന്ന വിജനതയുണ്ടായിരുന്നില്ല.
ഒരു വളവ് തിരിഞ്ഞേയുള്ളൂ. ഒരു കുഴിമാടത്തിനടുത്ത് മുട്ടുകുത്തി നില്‍ക്കുകയാണ് ഒരു സ്ത്രീ. പൊടിച്ചു വരുന്ന പുല്‍നാമ്പുകള്‍ പറിച്ചെടുക്കുകയാണവര്‍.

പാറ്റ് ശ്മശാനത്തില്‍

പാറ്റ് ശ്മശാനത്തില്‍

എന്നെക്കണ്ടതും തലയുയര്‍ത്തി നോക്കി. ഭര്‍ത്താവിന്റെ ചരമവാര്‍ഷികത്തിന് പൂക്കളുമായി വന്നതാവാം. മുഖത്താകെ ദുഖം തളം കെട്ടി നില്‍ക്കുന്നുണ്ട്. ചുളിവുകളില്‍ അത് പ്രതിഫലിക്കുന്നുണ്ട്.
ഞാന്‍ വെറുതേ ഒന്നു കൂടി നോക്കി.
'ഗുഡ് മോണിങ്ങ് '
ഞാന്‍ പ്രത്യഭിവാദനം അറിയിച്ചു. ആ കണ്ണുകള്‍ നിറയുന്നുണ്ടെന്നു തോന്നി.
'ഹസ്ബന്റ്?'
അവര്‍ പെട്ടെന്ന് നിഷേധ ഭാവത്തില്‍ തലയാട്ടി.
'നോ... മൈ ഫ്രന്റ്സ് ഹസ്ബന്റ്'

തെറ്റിദ്ധരിച്ചതില്‍ ഞാന്‍ ക്ഷമ ചോദിച്ചു. പിന്നെ അതും പറഞ്ഞ് പെട്ടെന്ന് പോവുന്നത് ശരിയല്ലല്ലോ.
അവര്‍ വിസ്തരിച്ചു പറയാന്‍ തുടങ്ങി. സുഹൃത്തിന്റെ ഭര്‍ത്താവ് മരിച്ചിട്ട് രണ്ടു വര്‍ഷമാവുന്നേയുള്ളൂ. കഴിഞ്ഞ വര്‍ഷം അവര്‍ക്കൊപ്പം താനും വന്നതാണ്. എന്നാല്‍ ഒരാഴ്ച മുമ്പു് അവര്‍ വീണ് തുടയെല്ല് പൊട്ടി കിടപ്പിലാണ്. അവര്‍ക്ക് മക്കളില്ല.

'നിങ്ങള്‍ക്ക് ?'
'എന്റെ മകള്‍ സസെക്സിലാണ്. ഭര്‍ത്താവിനൊപ്പം.''
'' അപ്പോള്‍ നിങ്ങളും ഭര്‍ത്താവും മാത്രമാണോ വീട്ടില്‍ ?'
'നോ, ഷിഗോട്ട്. ബട്ട് ഐഡോന്‍റ്റ് '

മകള്‍ക്ക് ഭര്‍ത്താവുണ്ട്; പക്ഷേ തനിക്കില്ല.
'ഓ, സിംഗിള്‍ മദര്‍ ?''
അതെ .. ഭര്‍ത്താവില്ലാതെ കുഞ്ഞുണ്ടായ ഒരമ്മ.

ഇന്ത്യയില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് ഏറെ സന്തോഷം. അച്ഛന്‍ ഏറെക്കാലം ഇന്ത്യയിലുണ്ടായിരുന്നു.
ഞാന്‍ ബാങ്കിലായിരുന്നുവെന്ന് കേട്ടപ്പോള്‍ അവര്‍ക്ക് ഏറെ സന്തോഷം.
'' ഐ ടൂ വര്‍ക്ഡ് ഫോര്‍ ഏ ബാങ്ക് ''

ഇതിനിടയില്‍ അവരുടെ ശ്മശാനത്തിലെ പണി കഴിഞ്ഞിരുന്നു.
പറിച്ചെടുത്ത പുല്ലെല്ലാം ഒരു പ്ലാസ്റ്റിക് കവറിലാക്കി അവര്‍ പോകാന്‍ തയാറെടുക്കുകയാണ്.
സുഹൃത്തിന്റെ ഭര്‍ത്താവിന്റെ ശവകുടീരം വൃത്തിയാക്കാന്‍ ഭര്‍ത്താവില്ലാത്ത ഒരു സ്ത്രീ വയ്യാത്ത ശരീരവുമായി എത്തിയിരിക്കുകയാണ്.
ഒരു കൗതുകത്തിന് പേരന്വേഷിച്ചു.
ഉച്ചാരണം എനിക്ക് മനസ്സിലായില്ല.
അവര്‍ അക്ഷരങ്ങളായി പറയാന്‍ തുടങ്ങി.പി ഐ ടി.
പിറ്റി എന്നാവില്ലല്ലോ. മനസ്സിലായില്ലെന്ന് ഞാന്‍.
അവര്‍ ആവര്‍ത്തിച്ചു. അവരുടെ ഉച്ചാരണ സവിശേഷത കാരണമാണ് മനസ്സിലാവാഞ്ഞത്. നമ്മുടെ എ അവര്‍ക്ക് ഐ' യോടടുത്ത ഒരു ഏയാണ്.
പി.എ.റ്റി. പാറ്റ്
പാറ്റ് ഓ പാറ്റ്
'സീ യു എഗെയിന്‍ '
ഒരിക്കലും വീണ്ടും കാണില്ലെങ്കിലും വെറുതെ ..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top