25 April Thursday

പനിച്ചുവിറക്കുമ്പോള്‍ ലിംക പാനി കുടിച്ചോളു എന്ന് ഡോക്ടര്‍; കേരളം പോലെ കേരളം മാത്രം... ശില്‍പ സി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 11, 2023

 'ഹോമിയോ ഡോക്ടര്‍ ആണെങ്കില്‍ ഹോമിയോ മരുന്ന് നല്‍കാം .. അല്ലാതെ മോഡേണ്‍ മെഡിസിന്‍ മരുന്ന് തരുന്നത് എവിടുത്തെ ഏര്‍പ്പാടാണ് ? ഫാര്‍മസിസ്റ്റ് ആണെങ്കില്‍ എം.ബി.ബി. എസ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകള്‍ എടുത്ത് തരാം . പ്രൊഫെഷണല്‍ എത്തിക്‌സ് എന്നൊക്കെ ഇല്ലേ. ആ ബി.എച്.എം.എസ് സര്‍ട്ടിഫിക്കറ്റ് പോലും വ്യാജമാകുമെന്നും, മെഡിസിന്‍ പാസാകാതെ സ്വയം ചികിത്സ തുടങ്ങിയതാകാനേ തരമുള്ളൂ എന്നും പിന്നീട് സുഹൃത്തുക്കള്‍ പറഞ്ഞു' -- ശില്‍പ സി എഴുതുന്നു.


  ഫേസ്‌ബുക്ക് കുറിപ്പ്‌



വ്യക്തിപരമായുണ്ടായ ഒരു അനുഭവം എന്നാല്‍ ഒട്ടും വ്യക്തിപരമല്ലാത്ത ഫലം ചെയ്യുന്നത് കൊണ്ടാണ് പറയുന്നത്.കഴിഞ്ഞ മാസം ഒരു പത്ത് ദിവസം ഞാനും ജിന്‍സിലും ഹിമാചല്‍ യാത്രയിലായിരുന്നു . ഒരുപാട് യാത്ര ചെയ്തിട്ടുള്ള ആളല്ലാത്തത് കൊണ്ടും അങ്ങനെ ഒരു യാത്ര വൈബ് ഇല്ലാത്തത് കൊണ്ടും തല്‍കാലം ഒരു യാത്ര വിവരണമൊന്നും എഴുതാന്‍ മുതിരുന്നില്ല.

എന്നാല്‍ വന്ന ദിവസം മുതല്‍ ഇതിവിടെ പറയണമെന്ന് കരുതിയിരുന്നതാണ്. ഇത് പറയാതെ പോകുന്നത് ശരികേടാണെന്ന് തോന്നുന്നു.

ഭക്ഷണത്തിലും കാലാവസ്ഥയിലുമൊക്കെ നേരിയ വ്യത്യാസമുണ്ടാകുമ്പോഴേക്കും അസുഖങ്ങള്‍ വരുന്നയാളാണ് ഞാന്‍. അത് കൊണ്ട് തന്നെ അസുഖങ്ങളൊക്കെ പ്രതീക്ഷിക്കുകയും പ്രധാനപ്പെട്ട മരുന്നുകളൊക്കെ മറക്കാതെ തന്നെ യാത്രയില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു.

ആദ്യത്തെ രണ്ട് ദിവസം ധരംശാലയിലും മക്ലോഡ്ഗഞ്ചിലും കറങ്ങി , രണ്ടാം ദിവസം രാത്രി ചമ്പയ്ക്ക് ബസ് കേറുന്നിടത്താണ് പറയാനുള്ള കഥ തുടങ്ങുന്നത്.

മണിക്കൂറുകള്‍ എടുക്കുന്ന ബസ് യാത്ര ആലോചിച്ചിട്ട് രണ്ട് ദിവസം മുന്നേ തന്നെ ഞാന്‍ അസ്വസ്ഥയായിരുന്നു. സെമി സ്ലീപ്പര്‍ ആയിരിക്കും ഉറങ്ങാന്‍ കഴിയുമെന്നൊക്കെ പറഞ്ഞ് ഒരു വിധമാണ് മൈന്‍ഡ് ഒന്ന് സെറ്റ് ആക്കിയത്. സെമി സ്ലീപ്പറിന് പകരം അന്ന് വന്നത് ഒരു ലോക്കല്‍ ബസ്സും, പോരാത്തതിന് ബസ് നിറയെ ആള്‍ക്കാരും. കിട്ടിയ ഒരു സീറ്റില്‍ പകുതി പുറത്തെന്ന പോലെ ഇരുന്നാണ് യാത്ര ചെയ്തത്.

8 ഡിഗ്രിയില്‍ നിന്നും 2 ഡിഗ്രിയിലേക്ക് തണുപ്പ് കൂടുന്നതിനോടൊപ്പം ചെറിയ ശരീര വേദനയും ഒരു തളര്‍ച്ചയും എനിക്കുണ്ടായിരുന്നു.പേരിന് പോലും ഉറങ്ങാനാവാതെ ആ രാത്രി മുഴുവന്‍ ആ ഇരിപ്പ് ഇരിക്കുന്നതോര്‍ത്തപ്പോള്‍ ഉണ്ടായിരുന്ന അസ്വസ്ഥതകളൊക്കെ കൂടുന്നതായി തോന്നി. തണുപ്പിന് പുറമെ വിറയല്‍ തുടങ്ങി .രാത്രി കഴിച്ച ചോറും രാജ്മയും ഏത് നിമിഷവും പുറത്തേക്ക് കൊട്ടാനും കൊട്ടാതിരിക്കാനുമുള്ള സാധ്യതയുണ്ടെന്ന് മനസിലായി. കാര്യങ്ങള്‍ കൈവിട്ട് തുടങ്ങിയെന്ന് ജിന്‍സിലിനും മനസ്സിലായത് കൊണ്ട് ചമ്പയില്‍ ഇറങ്ങാന്‍ നിന്ന ഞങ്ങള്‍ ബന്‍കേതില്‍ ബസ് ഇറങ്ങി തൊട്ടടുത്തുള്ള ഒരു ഹോട്ടലില്‍ മുറി എടുത്തു.

ബസില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് ഉള്ളിലുള്ള പനിയുടെ ശക്തി ഞാന്‍ തിരിച്ചറിഞ്ഞത്. തുള്ളല്‍ പനി എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. നല്ല മുട്ടന്‍ പണിയാണ് കിട്ടിയതെന്ന് മനസിലായപ്പോള്‍ റിട്ടേണ്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിനെ പറ്റി വരെ ഞാന്‍ ആലോചിച്ചു. റൂമെത്തി , ഒരു പാരസിറ്റമോള്‍ കഴിച്ച് ഒന്ന് ഉറങ്ങി വരുമ്പോഴേക്കും രാജ്മയും ചോറും ഇനി വൈകിക്കേണ്ട എന്ന ടോണില്‍ പുറത്ത് വന്നു. തീര്‍ന്നില്ല, പിന്നെ വയറിളക്കമായി അത് തുടര്‍ന്നു.

ജിന്‍സിലും സുഹൃത്ത് അംകുശും രാവിലെ തന്നെ എണീറ്റ് ഡോക്ടറെ അന്വേഷിച്ച് ഇറങ്ങുകയും ഒരു ക്ലിനിക് കണ്ടുപിടിക്കുകയും ചെയ്തു. ഞങ്ങള്‍ മൂന്ന് പേരും കൂടി അങ്ങോട്ട് പോയി.

ഇവിടെയാണ് ട്വിസ്റ്റ് !

500 മീറ്റര്‍ ദൂരമേ ഞങ്ങള്‍ താമസിക്കുന്നിടത്ത് നിന്നും ആശുപത്രിയിലേക്ക് ഉണ്ടായിരുന്നുള്ളു.. 'വന്ദന ക്ലിനിക്‌സ് ' എന്നെഴുതിയ ഒരു കുഞ്ഞ് മുറി ആയിരുന്നു അത്.കയറി ചെന്നപ്പോള്‍ തന്നെ നല്ല ബേക്കറിയുടെ മണമാണ് ഞങ്ങള്‍ക്ക് കിട്ടിയത്.നിറയെ പൊടി പിടിച്ച് കിടക്കുന്ന , എല്ലാം ഡിസോര്‍ഡര്‍ ആയി കിടന്ന അത് ക്ലിനിക്ക് തന്നെയാണോ എന്ന സംശയമുണ്ടായിരുന്നു.

എന്നാലും ഡോക്ടര്‍ ഒരു സ്ത്രീ ആയതിനാല്‍ എനിക്ക് കുറച്ച് സന്തോഷം തോന്നി. നന്നായിട്ട് ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു വനിതാ ഡോക്ടര്‍.
ഞാന്‍ എന്റെ രോഗം വിവരിച്ചു. അവരിപ്പോള്‍ സ്റ്റെതെസ്‌കോപ് വെച്ച് പരിശോധിക്കുമെന്ന് കരുതി തയ്യാറായ എനിക്ക് പിന്നീട് ജിന്‍സില്‍ പറഞ്ഞപ്പോഴാണ് അവരുടെ കയ്യില്‍ സ്റ്റെത് പോലും ഇല്ലെന്ന് മനസിലായത്

അധികം മരുന്നൊന്നും കഴിക്കേണ്ടതില്ല , 'limca ' പാനി കുടിച്ചോളൂ എന്ന് പറഞ്ഞ് ഒരു 4 ഇഞ്ചക്ഷന്റെ പേരും 5-6 മരുന്നിന്റെ പേരും അവരുടെ ടേബിളില്‍ വിരിച്ച 'ന്യൂസ് പേപ്പറിന്റെ' മൂലക്ക് ഒരാള്‍ക്കും വായിച്ചാല്‍ മനസിലാവരുതെന്ന പോലെ എഴുതി. ശേഷം അവരെന്ന ഇന്‍ജെക്ഷന്‍ വെക്കാനുള്ള സ്ഥലത്തേക്ക് കൊണ്ട് പോയ് ..

'ജാങ്കോ നമ്മള്‍ പെട്ടു 'എന്ന മട്ടില്‍ ഞാനും ജിന്‍സിലും പരസ്പരം നോക്കി.. അവര്‍ കര്‍ട്ടന്‍ വലിച്ചിട്ട് ഉള്ളിലെ അലമാരയില്‍ നിന്നും പൊടി പിടിച്ചു കിടന്ന ഒരു മെഡിസിന്‍ ബോക്‌സ് എടുത്ത് മരുന്നുകളും സിറിഞ്ചുമെല്ലാം മേശയില്‍ നിരത്തി. വലിയ രണ്ട് സിറിഞ്ചെടുത്ത് ബമ്മില്‍ 4 ഇന്‍ജെക്ഷനുകള്‍ ഒറ്റയടിക്കെടുത്തു. ഇതിന്റെയൊക്കെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞതാകുമോ എന്ന് ചോദിക്കണമെന്ന് എനിക്ക് തോന്നി. സ്റ്റെതസ്‌കോപ് ഇല്ലെന്ന് മാത്രമല്ല, അവിടെനേഴ്‌സും കാഷ്യറും എല്ലാം ഇവര്‍ തന്നെയായിരുന്നു എന്നതും ഞങ്ങള്‍ക്ക് ആശങ്കയായി.

മരുന്നുകളെല്ലാം അവര്‍ ഞങ്ങളെ ഏല്‍പിച്ചു.0 പ്രസ്‌ക്രിപ്ഷന്‍ ഇല്ലെന്നത് പോട്ടെ, ഏതൊക്കെ എപ്പോഴൊക്കെ കഴിക്കണമെന്ന് ഒന്ന് എഴുതി തരാന്‍ പോലും അവര്‍ കൂട്ടാക്കിയില്ല .

ഫീസടക്കം പരമാവധി ഞങ്ങള്‍ ഒരു 500 രൂപ പ്രതീക്ഷിച്ചിരുന്നിടത്ത് അവര്‍ 1200 രൂപ ആണെന്ന് ഞങ്ങളോട് പറഞ്ഞു. ഞാനും ജിന്‍സിലും വീണ്ടും ഒന്ന് ഞെട്ടി.മെഡിക്കല്‍ reimbursement ഉള്ളത് കൊണ്ട് ഞങ്ങള്‍ അവരോട് ബില്ല് ചോദിച്ചു. മരുന്നിന്റെയൊന്നും വില എഴുതിയില്ലെന്ന് മാത്രമല്ല , പേരുകള്‍ മാത്രമെഴുതി തന്ന കടലാസിന്റെ അറ്റത്ത് BHMS എന്ന് എഴുതിയിരിക്കുന്നത് ജിന്‍സില്‍ ശ്രദ്ധിച്ചു.

ഗൂഗിള്‍ പേ ചെയ്യാമെന്ന് പറഞ്ഞ് ഞങ്ങള്‍ അവരോട് നമ്പര്‍ വാങ്ങിച്ചു . ' ബേക്കേഴ്സ് ഡിലൈറ്റ് 'എന്ന പേര് തന്നെയാണോ എന്ന് ഒന്നൂടെ ചോദിച്ചു ഉറപ്പ് വരുത്തി ഞങ്ങള്‍ പണമടച്ച് , ആദ്യം വന്നപ്പോള്‍ കിട്ടിയ ബേക്കറിയുടെ മണം ഒന്നൂടെ സ്മരിച്ച് ഇറങ്ങി.

റൂമിലെത്തിയ ഉടനെ ജിന്‍സില്‍ അവന്റെ ഡോക്ടറായ സുഹൃത്തിനു മരുന്നുകളുടെ പേരുകളൊക്കെ അയച്ചു കൊടുത്ത് കാര്യങ്ങള്‍ വിവരിച്ചു. തത്കാലം മരുന്നിനോ എടുത്ത ഇന്‍ജെക്ഷനോ കുഴപ്പമില്ലെന്നും എന്നാല്‍ അവിടെ നടന്നത് മുഴുവന്‍ ഇല്ലീഗലും ഹൈ റിസ്‌ക്കും ആണെന്ന് സുഹൃത്ത് പറഞ്ഞു.

സുഹൃത്തിന്റെ മറുപടി കിട്ടിയ ശേഷം ജിന്‍സില്‍ ആ ഡോക്ടറെ വിളിച്ച് ഒന്ന് ഗുണദോഷിച്ചിട്ടുണ്ട് . ഞാന്‍ ബി ഫാം കഴിഞ്ഞതാണ്. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ഈ ജോലി ചെയ്ത് വരികയാണ് ഇവിടെ ഒരു കുഴപ്പവുമില്ലെന്നാണ് അവര്‍ മറുപടിയായി പറഞ്ഞത്,അടിപൊളി
 
ഇരുപതു വര്‍ഷമായി രോഗികളെ ഇതുപോലെ പ്രസ്‌ക്രിപിഷന്‍ പോലുമില്ലാതെ പരിശോധിച്ച് മരുന്ന് നല്‍കുന്ന വ്യാജ ഡോക്ടര്‍.ആദ്യമായി വന്ന അങ്ങനൊരു ഫോണ്‍ കോളില്‍ അവര് ഒന്ന് പതറിയിട്ടുണ്ടെന്ന് തോന്നി.

ഹോമിയോ ഡോക്ടര്‍ ആണെങ്കില്‍ ഹോമിയോ മരുന്ന് നല്‍കാം .. അല്ലാതെ മോഡേണ്‍ മെഡിസിന്‍ മരുന്ന് തരുന്നത് എവിടുത്തെ ഏര്‍പ്പാടാണ് ? ഫാര്‍മസിസ്റ്റ് ആണെങ്കില്‍ എം.ബി.ബി. എസ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകള്‍ എടുത്ത് തരാം . പ്രൊഫെഷണല്‍ എത്തിക്‌സ് എന്നൊക്കെ ഇല്ലേ. ആ ബി.എച്.എം.എസ് സര്‍ട്ടിഫിക്കറ്റ് പോലും വ്യാജമാകുമെന്നും, മെഡിസിന്‍ പാസാകാതെ സ്വയം ചികിത്സ തുടങ്ങിയതാകാനേ തരമുള്ളൂ എന്നും പിന്നീട് സുഹൃത്തുക്കള്‍ പറഞ്ഞു.

അന്ന് വെച്ച ഇഞ്ചക്ഷന്റെ പവര്‍ കാരണം ട്രിപ്പ് കഴിയും വരെ എനിക്ക് ശോദനയെ പറ്റി ആലോചിക്കുക കൂടി വേണ്ടി വന്നിട്ടില്ലായിരുന്നു എന്നതാണ് സത്യം. എത്രമാത്രം അപകടവും ജീവന്‍ കൈയ്യില്‍ പിടിച്ചു റിസ്‌ക്കെടുത്തുമാണ് ഇത്തരം പ്രദേശങ്ങളില്‍ ആശുപത്രികളില്‍ പോകേണ്ടത്.. ഇനി രോഗിക്ക് വല്ലതും സംഭവിച്ചാല്‍ പോലും യാതൊരു ചോദ്യമോ ഉത്തരമോ ഇല്ലാതെ അതങ്ങനെ അവസാനിക്കും.

കേരളത്തെ കുറ്റപ്പെടുത്താന്‍ പല കാരണങ്ങളും കാണുമായിരിക്കും. പക്ഷേ കേരളം വിട്ടാലേ കേരളത്തിന്റെ വില മനസ്സിലാവൂ എന്ന് ഒന്നൂടെ ഉറപ്പിച്ചു പറയാന്‍ സാധിക്കും. നമ്മുടെ നാട്ടിന്‍ പുറത്തെ PHC കളിലൊക്കെ ലഭിക്കുന്ന സര്‍വീസ് എത്ര കിടുവാണ്. ഏതൊരു ചെറിയ സര്‍ക്കാര്‍ ആശുപത്രിയില്‍ പോലും നമുക്ക് അത്യാവശ്യം ചികിത്സ ലഭ്യമാകും എന്ന് മാത്രമല്ല അവിടെ നടക്കുന്ന ഓരോ കാര്യങ്ങളും മാദ്ധ്യമങ്ങളിലൂടെയും പൊതു ജനങ്ങള്‍ക്കും അറിയാന്‍ സാധിക്കും. ഇതുപോലൊരു സ്വകാര്യ ക്ലിനിക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നറിഞ്ഞാലുള്ള പുകില്‍ എന്തായിരിക്കുമെന്ന് ഞാന്‍ തിരിച്ചുള്ള യാത്രയില്‍ വെറുതെ ഒന്ന് ആലോചിച്ചു.

കേരളത്തെ പോലെ രാജ്യത്ത് കേരളം മാത്രമേയുള്ളൂ എന്ന് തോന്നുന്നു. അത് ഓരോ തവണയും കേരളം വിട്ടാലാണ് കൂടുതല്‍ മനസിലാകുന്നത്.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top