23 April Tuesday

33 കുടുംബങ്ങൾക്ക്‌ വീടുവെയ്‌ക്കാൻ 5 സെന്റ്‌ വീതം; നാടിന്റെ കൈയടി നേടി ജനകീയ ഡോക്‌ടർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 6, 2018

ദേശമംഗലം(തൃശൂര്‍) > പള്ളം കൊറ്റംപത്തൂര്‍ കോളനിയിലെ ഉരുള്‍പൊട്ടലിനിരയായ 33 കുടുംബങ്ങള്‍ക്ക്‌ 5 സെന്റ് വീതം നല്‍കി സഹജീവിസ്‌നേഹത്തിന്റെ മാതൃക കാട്ടുകയാണ്‌ ഡോ എം രാമകൃഷ്ണന്‍. സിപിഐ എം ദേശമംഗലം ലോക്കല്‍ കമ്മിറ്റി മുഖേനയാണ്‌ ഭൂമി കൈമാറുക.

പാലക്കാട് ജില്ലയിലെ കൂറ്റനാട് ഉഷസ്സിലെ, പരേതനായ പടവത്ത് രാമന്‍നായരുടെ മകന്‍ ഡോ എം രാമകൃഷ്ണനാണ് കോടികളുടെ ആസ്തി സൗജന്യമായി വിട്ടുകൊടുക്കാനുള്ള സന്നദ്ധനായത്‌. ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കൊറ്റംപത്തൂര്‍ കോളനിക്കാരുടെ അവസ്ഥ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണന്‍, യു ആര്‍ പ്രദീപ് എംഎല്‍എ, സിപിഐഎം ഏരിയ സെക്രട്ടറി കെ കെ മുരളീധരന്‍ എന്നിവര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടർന്നാണ്‌ ഭൂമി വിട്ടുകൊടുക്കാൻ തയ്യാറായി അദ്ദേഹം മുന്നോട്ട്‌ വന്നത്‌.

സിപിഐ എം അംഗമായ രാമകൃഷ്ണന്‍ അദ്ദേഹത്തിന്റെ പേരിലുള്ള ദേശമംഗലത്തെ 1.75 ഏക്കറോളം വരുന്ന എസ്‌റ്റേറ്റാണ് 5 സെന്റ് വീതമായി തിരിച്ച്‌ വീടുവെയ്ക്കാനായി വിട്ടുനല്‍കുക. 1.65 കോടി മതിപ്പുവില വരുന്നതാണ്‌ ഈ സ്ഥലം.  അധികം വൈകാതെ സിപിഐ എം സംഘടിപ്പിക്കുന്ന പൊതുചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് സമ്മതപത്രം കൈമാറും.

എഴുപതുകാരനായ രാമകൃഷ്ണന്‍ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത് ഇതാദ്യമല്ല. 3 കുടുംബങ്ങള്‍ക്ക് വര്‍ഷങ്ങളായി മാസംതോറും നിശ്ചിത തുക നല്‍കിവരുന്നുണ്ട്. കൂടാതെ പാലിയേറ്റ് കെയറുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. കൂറ്റനാടുള്ള മോഡേണ്‍ ഹോസ്പിറ്റലിന്റെയും ഒറ്റപ്പാലത്തെ വള്ളുവനാട് ഹോസ്പിറ്റലിന്റെയും ചെയര്‍മാനാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ശേഷം ആര്‍മി ഡോക്ടറായി 5 വര്‍ഷം സേവനമനുഷ്ഠിച്ച ശേഷം കൂറ്റനാട് സ്വകാര്യ പ്രാക്ടീസ് തുടങ്ങി.

തുടര്‍ന്ന്‌ 1983ലാണ്‌ മോഡേണ്‍ ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നത്. 2007ല്‍ വള്ളുവനാട് ഹോസ്പിറ്റലും ഏറ്റെടുത്തു. കേരള സര്‍ക്കാറിന്റെ കാരുണ്യ പദ്ധതി ഏറ്റവും മികച്ച രീതിയില്‍ നടത്തിയ സ്വകാര്യ ആശുപത്രിക്കുള്ള അവാര്‍ഡ് 2015ല്‍ സ്വന്തമാക്കിയ ഹോസ്പിറ്റലാണ് വള്ളുവനാട്. ഭാര്യ ഡോ. ഉഷ ഗൈനക്കോളജിസ്റ്റാണ്‌. മക്കളായ അനുപമയും അരവിന്ദും ഓഫീസ് നിര്‍വ്വഹണജോലികളില്‍ അച്ഛനെ സഹായിക്കാനുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top