25 April Thursday

'വാക്‌‌സിനേഷന്‍ എടുത്തിട്ടില്ലേയെന്ന് ചോദിച്ചു; ഇല്ല, ഭര്‍ത്താവിന്റെ വീട്ടുകാര്‍ സമ്മതിച്ചില്ല എന്നാണ് അവന്റെ ഉമ്മ പറഞ്ഞത്'

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

കൊച്ചി > വാക്‌സിനേഷന്‍ എടുക്കാത്തതുമൂലം മലപ്പുറത്ത് ഡിഫ്‌തീരിയ ബാധിച്ച് ആറുവയസുകാരന്‍ മരണത്തിന് കീഴടക്കിയത് ഞെട്ടലോടെയാണ് കേരളം കേട്ടത്. എന്നാല്‍ വാക്‌സിന്‍ എടുക്കാന്‍ തയ്യാറാകാത്തവര്‍ ചെറുതല്ല എന്ന് ചൂണ്ടിക്കാട്ടുകയാണ് കോഴിക്കോട് സ്വദേശിനി നേഹ ശശികുമാര്‍. ഡിഫ്ത്തീരിയയുടെ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കിടന്നപ്പോഴുള്ള അനുഭവമാണ് നേഹ ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തുന്നത്.

നേഹയുടെ ഫേസ്‌ബുക്ക് പോസ്റ്റ്


ഇക്കഴിഞ്ഞ മാസമാണ്. ഒരാഴ്‌ചയോളമുള്ള തൊണ്ടവേദനയുമായി ഡോക്ടറെ കണ്ടപ്പോള്‍ ഡിഫ്ത്തീരിയയുടെ ലക്ഷണമാണ്, ഉടന്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ആവണം എന്ന് പറഞ്ഞു. അന്നുതന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായി. എല്ലാ രോഗലക്ഷണങ്ങളോടും കൂടെ ആശുപത്രിയില്‍ എത്തുമ്പോള്‍ ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചു ചോദിച്ചത് വാക്സിനേഷന്‍ എടുത്തിട്ടില്ലേ എന്നാണ്. എടുത്തിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍, അപ്പൊ പേടിക്കാനൊന്നുമില്ല ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് തന്നെയാവും തത്കാലം ലക്ഷണങ്ങളൊക്കെ ഉള്ളത് കൊണ്ട് ഇവിടെ അഡ്മിറ്റാവണമെന്നും ക്ലിനിക്കലി ഡയഗ്‌നോസ്ഡ് ആണെന്നതിനാല്‍ ഒരാഴ്ച്ച ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്കേണ്ടി വരുമെന്നും അറിയിച്ചു.

ഐസൊലേഷന്‍ വാര്‍ഡില്‍ കിടന്നപ്പോളുണ്ടായ ഒരനുഭവമുണ്ട്. ഞങ്ങളെത്തി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു ഡിഫ്ത്തീരിയ പേഷ്യന്റ് കൂടെ വന്നിരുന്നു. ഡിഫ്ത്തീരിയ പോസിറ്റീവും, രോഗം മൂര്‍ച്ഛിച്ച നിലയിലുമായിരുന്ന ആ പതിനെട്ടു വയസ്സുകാരന്റെ അവസ്ഥ കണ്ട് ഭയന്നു. വാക്സിനേഷന്‍ എടുത്തിട്ടില്ലേ എന്ന ചോദ്യത്തിന് ഇല്ല, ഭര്‍ത്താവിന്റെ വീട്ടുകാര്‍ സമ്മതിച്ചില്ല എന്നാണ് അവന്റെ ഉമ്മ പറഞ്ഞത്. ഇത് വരെ ഒന്നും എടുത്തിട്ടില്ലേന്ന് തിരക്കിയപ്പോള്‍ അവരറിയാതെ ഇടക്ക് എടുത്തിട്ടുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.

അവരുടെ കൂടെ ആ പയ്യന്റെ അനിയത്തിയും ഉണ്ടായിരുന്നു. ഏഴോ എട്ടോ വയസ്സ് കാണും. ഐസൊലേഷന്‍ വാര്‍ഡാണ് കുട്ടികളെ നിര്‍ത്തുന്നത് പ്രശ്‌നമാവും എന്ന് പറഞ്ഞപ്പോള്‍ അവന്റെ ഉമ്മ പറഞ്ഞത് ഇവള്‍ക്കിനി എല്ലാ കുത്തിവെപ്പും എടുക്കും, മതിയായി, ഇനി ഇങ്ങനൊന്നും വരാണ്ടിരിക്കട്ടെ എന്നാണ്.

ഇപ്പോഴും വിളിച്ച് രോഗവിവരം അന്വേഷിക്കാറുണ്ട്. ഇടയ്‌ക്ക് നില വളരെ വഷളായെന്നും ഇപ്പോ വലിയ കുഴപ്പമൊന്നുമില്ലെന്നും പറഞ്ഞു.

വാക്‌സിനേഷന്റെ പ്രാധാന്യം ഇത്രത്തോളം മനസിലാക്കിയ മറ്റൊരു സന്ദര്‍ഭമുണ്ടായിട്ടില്ല. തൊണ്ടയിലൊരിറ്റ് വെള്ളമിറക്കാന്‍ പറ്റാതെ വേദന സഹിച്ച് കിടക്കുമ്പോഴും ഇതതൊന്നുമല്ല എന്ന് ചിന്തിക്കാന്‍, ആശ്വസിക്കാന്‍ ധൈര്യം തന്നതും ഞാന്‍ വാക്‌സിനേഷനെടുത്തിട്ടുണ്ടല്ലോ എന്ന ഒരുറപ്പാണ്.

ഇന്ന് രാവിലെ ഡിഫ്ത്തീരിയ ബാധിച്ചു ആറുവയസ്സുകാരി മരിച്ച വാര്‍ത്തയറിഞ്ഞു, വാക്‌സിനേഷന്‍ എടുക്കാത്തതിനാലാണ് എന്നതും വായിച്ചു. മേല്‍പറഞ്ഞത് പോലെ രോഗം വന്നാലേ പഠിക്കൂ എന്ന അവസ്ഥയിലുള്ള ഒരാളെങ്കിലുമുണ്ടാവല്‍ ഏറെ മുന്നിലെന്ന് കരുതുന്ന ഒരു സമൂഹത്തിന് ഭൂഷണമല്ല. അങ്ങനൊരു വിഭാഗം കൂട്ടരുടെ അന്ധവിശ്വാസത്തില്‍ നഷ്ടപെടുത്താന്‍ നമുക്ക് ജീവനുകളുമില്ല.

രോഗങ്ങളെ തുടച്ചു നീക്കാന്‍, ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്താന്‍ ആളുകളുടെ സഹകരണത്തോടെ ബോധവല്‍ക്കരണം നടത്തുകയും സ്‌കൂള്‍ പ്രവേശനത്തിന് ദേശീയ പ്രതിരോധ പദ്ധതിയുടെ ഭാഗമായ വാക്സിനുകള്‍ നിര്‍ബന്ധമാക്കുകയും ചെയ്യണം. തൊണ്ടയില്‍ പാട കെട്ടി, കഴുത്ത് വിങ്ങി, വെള്ളമിറങ്ങാതെ ജീവന്‍ പോകുന്ന കാലം കടന്ന് നാം പോവുകയും വേണം....

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top