29 March Friday

"പുസ്‌തകം വായിച്ചാലോ സിനിമ കണ്ടാലോ മാറുന്ന ഒന്നാണോ ഡിപ്രഷൻ'

വെബ് ഡെസ്‌ക്‌Updated: Monday Jun 15, 2020

ഡിപ്രഷനും ഡിപ്രഷൻ മൂലമുള്ള ആത്മഹത്യകളും ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. പലപ്പോഴും വിഷമം/സങ്കടം എന്നീ മാനസികാവസ്ഥകൾ പോലും ഡിപ്രഷനായി പലരും അവതരിപ്പിക്കുന്നുണ്ട്.
മാനസികാരോഗ്യ വിദഗ്ധയായ അഞ്ജു മിനേഷ് എഴുതുന്നു.


രാവിലെ ഫെയിസ് ബുക്ക് തുറന്നപ്പോൾ സ്ട്രീം മുഴുവൻ ഡിപ്രഷൻ പോസ്റ്റുകൾ. ചില കാര്യങ്ങളിൽ ഒരു വ്യക്തത വരുത്തണമെന്ന് കരുതി ചിലത് എഴുതുന്നു

1. ഡിപ്രഷനെ അറിയാം

പലരും ഡിപ്രഷനായ് അനലൈസ് ചെയ്യുന്ന അവസ്ഥ പലപ്പോഴും ഡിപ്രഷൻ അല്ല. അതു സങ്കടമെന്നോ വിഷമമെന്നോ പറയാവുന്ന ഒരു വികാരം മാത്രമാണ്. ഡിസ്തൈമിയ, ഡിപ്രഷൻ, മൂഡ് ഡിസോർഡർ എന്നിവയൊക്കെ കൃത്യമായ ഡയഗ്‌നോസിസ് വേണ്ടുന്ന രോഗാവസ്ഥകളാണ്. അതിനാണ് പലപ്പോഴും പ്രൊഫഷണൽ ഹെല്പ് തന്നെ തേടണമെന്ന് ആവശ്യപ്പെടുന്നത്

2. 'ഒരു സിനിമ കാണൂ, ഒരു പുസ്തകം വായിക്കൂ, മൂഡ് മാറട്ടെ!'

ഇന്നലെ മുതൽ പലയിടത്തായി കാണുന്ന വരികളാണിത്. പുസ്തകം വായിച്ചത് കൊണ്ടോ സിനിമ കണ്ടത് കൊണ്ടോ ഡിപ്രഷൻ ഒഴിഞ്ഞു പോവില്ല. പിന്നെ പല സൈക്കോളജിസ്റ്റുകളും കൗൺസലിംഗിന്റെ ഭാഗമായി ഇത്തരം കാര്യങ്ങൾ സജസ്റ്റ് ചെയ്യാറുണ്ട്. ഡിപ്രഷനിലേക്ക് എത്തുന്ന ഒരാളെ ചിന്ത തിരിച്ചു വിടാനാണ് പലപ്പോഴും ഇത്തരം കാര്യങ്ങൾ ഉപയോഗിക്കാറ്. എന്നാൽ അതു പോലും ആളെ നന്നായി അനലൈസ് ചെയ്താണ് സിനിമയുടെ ഒക്കെ ഴോണർ വരെ തീരുമാനിക്കുന്നത്.

3. 'ഇപ്പോൾ എന്തിന്റെ കുറവുണ്ടായിട്ടാണ് ഈ വിഷമം? '

പലവിധ മാരക പ്രശ്‌നങ്ങളെയും ജീവിതത്തിൽ അഭിമുഖീകരിച്ചവർ അവരുടെ ഏറ്റവും നല്ല കാലത്ത് തളർന്നു പോകുന്നത് കാണാറുണ്ട്. 'ഇതിനൊക്കെ എന്തിന്റെ കേടാ, എന്തിന്റെ കുറവാ' എന്നൊക്കെ മട്ടിലുള്ള കുറ്റപ്പെടുത്തലും കണ്ടിട്ടുണ്ട്. പറയാൻ ഒന്നേയുള്ളൂ, ജീവിതം ഏറ്റവും ശാന്തമായി ഒഴുകുന്ന സമയത്താണ് തളർന്നു പോകാൻ ഏറ്റവും സാധ്യത കൂടുതൽ.

4. ഡിപ്രഷനിൽ ജീവിക്കുന്ന, ആത്മഹത്യയിലേക്ക് പോകുന്നവരെ എങ്ങനെ തിരിച്ചറിയാം

'ഡിപ്രഷനിലാണ്, ഡിപ്രഷൻ അനുഭവിച്ചിരുന്നു' എന്നൊക്കെ പോസ്റ്റ് ഇടുന്നവർക്ക് 'ഞാനൊപ്പമുണ്ട്', 'ഞാനില്ലേ' എന്നൊക്കെ പലരും കമന്റ് ഇടുന്നത് ശ്രദ്ധയിൽ പെടാറുണ്ട്. എന്നാൽ പുറമെ ചിരിച്ചു കളിച്ചു നടക്കുന്ന കൂളായി കാര്യങ്ങൾ ഹാൻഡിൽ ചെയ്യുന്ന എത്രയോ പേർ ഉള്ളിൽ തീവ്രമായ ഇത്തരം ഫീലിംഗുകളുമായി നടക്കുന്നത് നമ്മൾ അറിയുന്നില്ല. ഇയാൾ വിഷാദത്തിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്, ശ്രദ്ധിക്കണം എന്ന് കൂടെ വരുന്നയാളോട് പറയുമ്പോൾ 'അയാൾ അങ്ങനെ ഒരാളല്ല, ഒന്നിനെയും കാര്യമാക്കി എടുക്കില്ല, ഭയങ്കര ബോൾഡാണ് ' എന്നൊക്കെ പറഞ്ഞു തർക്കിക്കുന്ന പങ്കാളിയെയും പാരന്റ്‌സിനെയും കൂട്ടുകാരെയും കണ്ടിട്ടുണ്ട്.

5. സുഹൃത്തുക്കൾക്ക് സഹായിക്കാൻ പറ്റില്ലേ?

സുഹൃത്തുക്കൾ ഒരിക്കലും ഒരു മെന്റൽ ഹെൽത്ത് പ്രൊഫഷണലിനു പകരമാവില്ല. വിഷമിച്ചിരിക്കുന്ന ഒരാൾക്ക് ഒരാളുടെ സാമീപ്യം ചിലപ്പോഴൊക്കെ അസ്വസ്ഥതയും ഉണ്ടാക്കാറുണ്ട്. അങ്ങോട്ട് കോൾ ചെയ്യാൻ പോയിട്ട് ഇങ്ങോട്ട് വരുന്ന കോൾ അറ്റൻഡ് ചെയ്യാൻ പോലും തോന്നാത്ത അവസ്ഥയാണ് സാധാരണ ഡിപ്രഷൻ സൃഷ്ടിക്കാറ്. നമ്മൾ ചെയ്യേണ്ടത് നമുക്ക് ചുറ്റുമുള്ളവരോട് ഒരു കരുതൽ എപ്പോഴും കാത്തുവെയ്ക്കുക എന്നത് മാത്രമാണ്. ഇടയ്ക്ക് മെസേജ് അയക്കാം സ്റ്റാറ്റസുകൾ കണ്ടില്ലെന്ന് നടിക്കാതെ കമന്റ് ഇടാം, ലൈക്കടിക്കാം, എഫ് ബി സ്റ്റോറികൾക്കും വാട്‌സപ്പ് സ്റ്റാറ്റസുകൾക്കും ഇമോജികൾ അയച്ച് നമ്മൾ കൂടെയുണ്ടെന്ന് ഓർമ്മപ്പെടുത്താം

6. സ്റ്റിഗ്മയെ ഭയക്കണോ

സ്റ്റിഗ്മയെ ഭയക്കേണ്ട എന്നൊന്നും പറയുന്നില്ല. കാരണം നമ്മുടെ നാട് ഇപ്പോഴും മാനസിക പ്രശ്‌നങ്ങളെ പക്വതയോടെ കാണുന്ന അവസ്ഥയിൽ എത്തിയിട്ടില്ല. സ്റ്റിഗ്മയെ ഭയന്നോളു പക്ഷെ ഒരേ ഒരു കാര്യം ചിന്തിച്ചാൽ മതി. നിങ്ങൾ ഒരു മെന്റൽ ഹെൽത്ത് പ്രൊഫഷണലിനെ കണ്ടാൽ അയാൾ പറഞ്ഞു നിങ്ങളവിടെ പോയ കാര്യം ഈ ലോകം അറിയില്ല.

7. എന്ത് കൊണ്ട് മെന്റൽ ഹെൽത്ത് പ്രൊഫഷണൽ

സിംപിൾ ഉത്തരം, ഫോൺ കേടായാൽ നന്നാക്കാൻ പ്ലംബറുടെ അടുത്ത് പോവാറില്ലല്ലോ വീടിന്റെ പ്ലാൻ വരച്ചു പണിയിക്കാൻ എന്തിനാണ് ഒരു സിവിൽ എൻജിനീയർ നമുക്ക് തന്നെ അങ്ങു ചെയ്താൽ പോരെ...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top