26 April Friday

അശാസ്ത്രീയ പ്രചരണം നടത്തരുത്‌; വിഷാദരോഗത്തിനും ശാസ്ത്രീയമായ ചികിത്സയുണ്ട്; കാരശേരിക്ക് മറുപടി

വെബ് ഡെസ്‌ക്‌Updated: Friday May 14, 2021

എം എന്‍ കാരശേരി, ഡോ. ജിനേഷ് പി എസ്

വിഷാദരോഗത്തെ സംബന്ധിച്ച് അശാസ്ത്രീയ പ്രചരണം നടത്തിയ എം എന്‍ കാരശേരിക്ക് മറുപടിയുമായി ഇന്‍ഫോ ക്ലിനിക്ക് കൂട്ടായ്മയുടെ ഭാഗമായ ഡോ. ജിനേഷ് പി എസ്. ലോകത്ത് നടക്കുന്ന ആത്മഹത്യകളുടെ പ്രധാനകാരണമാ ഡിപ്രഷനെ (വിഷാദം) ലളിതവത്കരിക്കുന്നത് അപകടകരമാണെന്ന് ജിനേഷ് പറഞ്ഞു. സംഗീതം ആസ്വദിക്കുന്നതും സിനിമ കാണുന്നതും കൂട്ടുകാരോട് സംസാരിക്കുന്നതും സാഹിത്യവും ഒക്കെയാണ് വിഷാദത്തിനു മരുന്ന് എന്നുള്ള കാരശേരിയുടെ പ്രസ്താവന തികച്ചും നിരുത്തരവാദപരമാണ്. വിഷാദത്തിന് മരുന്ന് കഴിക്കുകയല്ല വേണ്ടത് എന്നുള്ള പ്രസ്താവന അത്യന്തം അപകടകരമാണ്. വിഷാദരോഗത്തിനും ശാസ്ത്രീയമായ ചികിത്സയുണ്ട്, മരുന്നുകളും തെറാപ്പികളും ഒക്കെ അടങ്ങിയ ചികിത്സ. വ്യക്തി അനുഭവസാക്ഷ്യങ്ങളില്‍ ഊന്നിയ അശാസ്ത്രീയമായ പ്രചരണങ്ങള്‍ നടത്താതിരിക്കാന്‍ ഉള്ള പക്വത ഓരോരുത്തരും കാണിക്കേണ്ടതുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ തെറ്റ് മനസ്സിലാക്കാനും തിരുത്താനും എം എന്‍ കാരശ്ശേരി തയ്യാറാവണമെന്നും ജിനേഷ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഡോ.പി എസ് ജിനേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

വിഷാദം സംബന്ധിച്ച് എം എന്‍ കാരശ്ശേരിയുടെ അഭിപ്രായത്തോട് ശക്തമായി വിയോജിക്കുന്നു. അദ്ദേഹം തന്റെ വീഡിയോയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അശാസ്ത്രീയമാണ്.

ലോകത്താകെ ഒരു വര്‍ഷം എട്ടു ലക്ഷത്തോളം ആത്മഹത്യകള്‍ നടക്കുന്നു എന്നാണ് കണക്ക്. ആത്മഹത്യകളുടെ ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന് വിഷാദം അഥവാ ഡിപ്രഷന്‍ ആണ്. അത് ഒരു ലളിതമായ സംഭവമല്ല. അതിനെ ലളിതവല്‍ക്കരിക്കുന്നത് അപകടകരമാണ്.

സംഗീതം ആസ്വദിക്കുന്നതും സിനിമ കാണുന്നതും കൂട്ടുകാരോട് സംസാരിക്കുന്നതും സാഹിത്യവും ഒക്കെയാണ് വിഷാദത്തിനു മരുന്ന് എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന തികച്ചും നിരുത്തരവാദപരമാണ്. വിഷാദത്തിന് മരുന്ന് കഴിക്കുകയല്ല വേണ്ടത് എന്നുള്ള പ്രസ്താവന അത്യന്തം അപകടകരമാണ്. ഇത് ജനങ്ങളെ തെറ്റായ രീതിയില്‍ സ്വാധീനിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

പ്രമേഹവും ഇന്‍സുലിനും തമ്മിലുള്ള ബന്ധം നമുക്ക് ഇപ്പോള്‍ അറിയാം. അതേ രീതിയില്‍ താരതമ്യം ചെയ്താല്‍ തലച്ചോറിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനം വിഷാദത്തെ സ്വാധീനിക്കുന്നു എന്ന് ലളിതമായി പറയാം. പ്രമേഹത്തിന് കൃത്യമായ ചികിത്സയുണ്ട്. അതുപോലെതന്നെ വിഷാദരോഗത്തിനും ശാസ്ത്രീയമായ ചികിത്സയുണ്ട്, മരുന്നുകളും തെറാപ്പികളും ഒക്കെ അടങ്ങിയ ചികിത്സ. ഇതിനെക്കുറിച്ച് ആഴത്തില്‍ പഠിച്ച സൈക്യാട്രി വിഭാഗം സ്‌പെഷലിസ്റ്റുകളും നിലവിലുണ്ട്.

വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം സോഷ്യല്‍ സ്റ്റിഗ്മ ആണ്. ആ ഒരു കാരണം ശാസ്ത്രീയമായ ചികിത്സ സ്വീകരിക്കുന്നതില്‍ നിന്ന് പലരെയും തടയുന്നു. അത്തരമൊരു സാഹചര്യത്തില്‍, വിഷാദത്തിന് മരുന്നല്ല വേണ്ടത് സംഗീതവും സിനിമയും പോലുള്ള കാര്യങ്ങള്‍ മതി എന്നൊക്കെ ഒരു പ്രശസ്ത സാഹിത്യകാരനും അധ്യാപകനും ആയ ഒരു വ്യക്തി പറയുന്നത് തികച്ചും അനഭിലഷണീയമാണ്.

വിഷാദത്തെ കുറിച്ച് ഡോക്ടര്‍മാര്‍ മാത്രമേ അഭിപ്രായം പറയാവൂ എന്നൊന്നുമല്ല പറയുന്നത്. ശാസ്ത്രീയമായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഏവര്‍ക്കും അവകാശവും കടമയും ഉണ്ട് എന്ന് തന്നെയാണ് കരുതുന്നത്. പക്ഷേ വ്യക്തി അനുഭവസാക്ഷ്യങ്ങളില്‍ ഊന്നിയ അശാസ്ത്രീയമായ പ്രചരണങ്ങള്‍ നടത്താതിരിക്കാന്‍ ഉള്ള പക്വത ഓരോരുത്തരും കാണിക്കേണ്ടതുണ്ട്.

ഇത്തരം ഒരു സാഹചര്യത്തില്‍ വീഡിയോ വിലയിരുത്തി, തെറ്റ് മനസ്സിലാക്കാനും തിരുത്താനും എം എന്‍ കാരശ്ശേരി തയ്യാറാവണം. ഇതൊരു അഭ്യര്‍ത്ഥനയാണ്, ജനങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ള താങ്കളെപ്പോലുള്ളവര്‍ വിപരീതദിശയില്‍ സഞ്ചരിക്കരുത് എന്ന ആഗ്രഹം കൊണ്ടുള്ള അഭ്യര്‍ത്ഥന. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top